Thursday, May 16, 2019

Roopa Dinkar Pai.


                                                            
04/04/19
Feel honored to meet and spend some time with the blogger/writer/novelist Echmukutty.

ഏറ്റവും ബഹുമാനിക്കുന്ന എഴുത്തുകാരിൽ ഒരാളാണ് എച്ച്മുക്കുട്ടി. അതവരുടെ എഴുത്തിനോടു മാത്രമല്ല, നിലപാടുകളോടും ആ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ആർജവമുള്ള വ്യക്തിത്വം എന്നതിനോടും കൂടിയാണ്. അപകടകരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആ സത്യസന്ധതയും ആത്മാർത്ഥതയും ധൈര്യവും ഉള്ളതിനാലാണ് 'എൻറെ രക്തവും മാംസവും നിങ്ങൾക്കായി.....' എന്ന അവരുടെ അനുഭവക്കുറിപ്പുകൾ ഫേസ്ബുക്ക് പോസ്റ്റുകളായി വന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, അതുവരെ അവരെ അറിയാത്തവർ പോലും അതു വായിച്ചുകൊണ്ടിരിക്കുമ്പോൾ പോലും, ചില ആനുകാലിക സംഭവങ്ങളിൽ, അർത്ഥശങ്കക്കിടയില്ലാത്തവിധം തന്റെ നിലപാട് അവർ വ്യക്തമാക്കിയത്. തന്റെ അനുഭവങ്ങൾ വായിക്കാൻ ആളുകൾ കൂടട്ടെ എന്ന് വിചാരിച്ച് മറ്റൊന്നിലും ആ സമയത്ത് തലയിടേണ്ടതില്ല എന്നതായിരുന്നില്ല അവരുടെ തീരുമാനം. അതു തന്നെയാണ് പല എഴുത്തുകാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നതും.

ഒന്ന് നേരിൽ കാണുക, മുൻപ് വായിച്ച, അവർ ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെക്കുറിച്ചെഴുതിയ 'വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ' എന്ന പുസ്തകത്തിൽ അവരുടെ കയ്യൊപ്പ് വാങ്ങുക - അങ്ങിനെ രണ്ടുദ്ദേശങ്ങൾ മാത്രമായിരുന്നു മനസ്സിൽ. എന്നാൽ, സത്യത്തിൽ അമ്പരപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ആ കൂടിക്കാഴ്ച. അറിയപ്പെടുന്ന ഒരു എഴുത്തുകാരി, വെറും ഒരു വായനക്കാരനും അയാളുടെ കുടുംബത്തിനും വേണ്ടി ഒരുപാട് സമയം ചിലവഴിക്കുക, താൻ കടന്നുവന്ന കനൽവഴികളിലെ ചില ഏടുകളെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച്, പുതിയ നോവലിനെക്കുറിച്ച്, ജീവിതാനുഭവങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുക - അതെല്ലാം എന്റെ ധാരണകൾക്കപ്പുറമായിരുന്നു. ഒരു അപരിചിതത്വവും തോന്നാത്ത രീതിയിൽ, ഒരുപാടുനാളുകളായി അറിയാവുന്ന ഒരു സുഹൃത്തിനെപ്പോലെയുള്ള പെരുമാറ്റം.

ഇടർച്ചയോ പതർച്ചയോ ഇല്ലാത്ത, പതിഞ്ഞ രീതിയിലുള്ള സംഭാഷണം. ഔപചാരികത ഒന്നുമില്ല, ഇടക്ക് നർമം കടന്നു വരുന്നുമുണ്ട്. ആ വാക്കുകൾ ശ്രദ്ധിച്ചുകഴിയുമ്പോഴറിയാംകുറച്ചുനാളുകൾ മുൻപ് സൈബർ ലിഞ്ചിങ്ങിന്റെ ഇരയായപ്പോൾ പോലും ശാന്തമായി അതെല്ലാം കൈകാര്യം ചെയ്ത അവരുടെ മനസിന്റെ കരുത്ത്. ഗൗരവമുള്ള കാര്യങ്ങൾ പറയുമ്പോൾ ഇടയിൽ കയറുന്ന എന്റെ മോളെ ലാളിക്കുന്നു, അവളെയും എടുത്തുകൊണ്ട് ഫോട്ടോക്ക് നിൽക്കുന്നു, അവളോട് സംസാരിക്കുന്നു.

മൂന്നര വയസുള്ളപ്പോൾ അവരിൽ നിന്നും പറിച്ചു മാറ്റപ്പെട്ട്, കുറച്ചു വർഷങ്ങൾക്കു ശേഷം കുട്ടിത്തം പൂർണമായി നഷ്ടപ്പെട്ട, ആരോ പറഞ്ഞുപഠിപ്പിച്ച നിബന്ധനകൾ മുന്നോട്ടു വെച്ചു സംസാരിച്ച, അവരുടെ മകളുടെ കഥ. പിന്നീട് വർഷങ്ങളെടുത്ത്, കഠിനപരിശ്രമത്താൽ അവളെ പഴയനിലയിലാക്കിയത് ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ രൂപ ചോദിച്ചതിതാണ് - ഒരു ദിവസം പോയിട്ട്, കുറച്ചു മണിക്കൂറുകൾ പോലും മോളെ പിരിഞ്ഞിരിക്കാനാവുന്നില്ല പലപ്പോഴും. അപ്പോൾ മാനസികനില തെറ്റിപ്പോവാതെ, ഒരു ഭ്രാന്തിയാവാതെ പിടിച്ചുനിന്ന അവരുടെ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല.

മോൾക്ക് വല്ലാതെ ബോറടിച്ചുകാണും, നമുക്കിനി പിരിയാം, പിന്നീടു കാണാം എന്ന് പറഞ്ഞ് അവർ നടന്നു നീങ്ങിയപ്പോൾ, ബാഗിൽ നിന്നും അവർ ഒപ്പിട്ടു നൽകിയ പുസ്തകം പുറത്തെടുത്ത് ഒന്ന് കൂടി നോക്കി. ആ കൂടിക്കാഴ്ച ഒരു യാഥാർഥ്യമായിരുന്നു എന്നുറപ്പുവരുത്താൻ. കാണാൻ സാധിച്ചതിൽ, സംസാരിച്ചതിൽ - ഒരുപാട് ഒരുപാട് സന്തോഷം. കാരണക്കാരിയായ ജയചേച്ചിക്ക് - Jaya Mohan - ഒത്തിരി നന്ദിയും.

— with Echmu Kutty and Roopa Dinkar Pai.




1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അറിയപ്പെടുന്ന ഒരു എഴുത്തുകാരി, വെറും ഒരു വായനക്കാരനും അയാളുടെ കുടുംബത്തിനും വേണ്ടി ഒരുപാട് സമയം ചിലവഴിക്കുക, താൻ കടന്നുവന്ന കനൽവഴികളിലെ ചില ഏടുകളെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച്, പുതിയ നോവലിനെക്കുറിച്ച്, ജീവിതാനുഭവങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുക - അതെല്ലാം എന്റെ ധാരണകൾക്കപ്പുറമായിരുന്നു. ഒരു അപരിചിതത്വവും തോന്നാത്ത രീതിയിൽ, ഒരുപാടുനാളുകളായി അറിയാവുന്ന ഒരു സുഹൃത്തിനെപ്പോലെയുള്ള പെരുമാറ്റം.