Sunday, October 11, 2020

ചൊക്ളി 39

 05/10/2020

രണ്ട് മൂന്നായിച്ച കയിഞ്ഞപ്പളാണ് ചൊക്ളി അത് കണ് ടത്. വായക്ക് തടം കോര്മ്പോ…
ദിനേസസാമി ജക്കൂൻറെ കൈയില് എന്തിറ്റൊ കൊട്ക്കണ്. ജാനൂനോട് നല്ല ഇളിച്ചോണ്ട് മിണ്ടണൂണ്ട്..
സാദാരണ സാമിമാരടെ മക്കളൊന്നും മറ്റൂള്ളോരേ, മൻഷേമ്മാരാന്ന് ന്നെ വിജാരിക്കാറ്ല്ല.കാണാത്ത പോല്യാ പോവ്വാ.. അമ്യാര് കുട്ട്യോളും സാമി കുട്ട്യോളും അങ്ങനേണ്.. പടിത്തണ്ടെങ്കേലും അങ്ങന്യാ...ആകെ ഇച്ചിരെ മൻഷപ്പററ് ഇള്ളത് ആ വെങ്ങിട്ടു സാമി ഡോക്കിട്ടർക്കാ..ചിരിക്കും..വിചേഴം ചോയിക്കും.. തോളത്ത് തട്ടും.. ചെലപ്പൊ അഞ്ചോ പത്ത് രൂപേം തരും. ജക്കൂൻറെ പെറന്നാള്ന് നൂറിൻറെ അഞ്ചു നോട്ടും ഒര് ഒറ്റ ഉറുപ്യ കാശും തന്നു വെങ്ങിട്ടു ഡോക്കിട്ടറ് സാമി.
വെല്യ അട്ക്കളേല് സകായിക്കാൻ നിക്കണ മുത്താച്ചീം കാണച്ച്ലെ തന്യേണ് ല്ലോ ദിനേസ സാമീടേം ജാനൂൻറേം കളീം ചിറീം.
അട്ക്കുളക്കാരി മുത്താച്ചി ഇപ്പോ ചോയിച്ചൊട്ങ്ങും..
എന്തിറ്റാട്യേ തന്ന്ത് തമ്പ് രാൻ?
ചൊക്ളി അങ്ങ്ട് കാലും വലിച്ചേന്തി നടന്നു. അപ്പ ദിനേസസാമിണ്ട് ഇങ്ങട് വരണ്ണൂ..
'ഞാൻ കണ്ടില്ല.. അതാണ് ജാനുൻറെ അടുത്ത് കൊടുത്തത്.. ചൊക്ളി നല്ല ഒരു മനുഷ്യനാണ്. സാധാരണ നല്ല മനുഷ്യര് ഈ ലോകത്തില് ഇപ്പോ കുറവായിട്ടാണ് വരണത്. '
സാമി ചൊക്ളീടെ തോളത്ത് തട്ടി.. എന്നാൽ പോട്ടേന്ന് പറഞ്ഞ് പോവേം ചീതു.
ജാനൂൻറെ മോത്ത് ആകനെ ഒരു തെളിച്ചം.. എൽട്രീക്ക് വെളക്ക് കത്തിച്ചോണം ...എന്താ ജാന്വോന്ന് ചോയിച്ചപ്പോ അവള് വാഴക്കാട്ടിൻറുള്ളിൽക്ക് വന്നു. കൈ തൊറന്ന് കാണിച്ച്.
ആയിരത്തൊന്നുറുപ്യ..
ഞൂറിൻറെ പത്ത് നോട്ടോള്.. പിന്നോര് ഒറ്ററുപ്പിയേം..
ജക്കൂന് എന്തേലും വേടിച്ച് കൊട്ക്കാൻ.. ചൊക്ളി പരോശായിപ്പോയി. ആരും തന്ന്ട്ട്ല്ല മഡത്തീന്ന് ഇത്തരേം കാശ്...ഏവിടുന്നും ആരും തന്ന്ട്ട്ല്ല.
ജാനു മടീല് കാശ് തിര്കി ജക്കൂനേം കൊണ്ട് വല്യ അട്ക്കളേല്ക്ക് ന്നെ പോയി.
പൊറം നാട്ട്ലൊക്കെ പോയി പടിച്ചാ ഇബടത്തെ ചെറ്റശ്ശീലങ്ങള് പൂവ്വേരിക്കും …
അതേരിക്കും..
ചൊക്ളിക്ക് ന്തായാലും സന്തോഷം വന്നു. ജാനൂനോ ജക്കൂനോ എന്തേലും വാങ്ങാലോ..
ജാനൂന് ഇപ്പ്യപ്പായി പുത്യോരു സിനേകണ്ട്. ചെലീസം വെല്യട്ക്കള്ള് പാല് ബാക്കിള്ളത് കൊണ്ടന്ന് കുട്പ്പിക്കല്..
ഇനിക്ക് വേണ്ട്റീയേ നീ കുടിച്ചാന്ന് പറ്ഞ്ഞാല് അവള് സമ്മേയ്ക്കില്ല. എളം ചൂട് പാല് പഞ്ചാരേട്ട് അവള് തന്നാ അന്ന് ഒറങ്ങാനന്നേ ഒര് സുഗാ…
എന്നൂം കിട്ട്ല്യാ.. ഇള്ള ദൂസല്ലേ കൊണ്ട് രാൻ പറ്റ്വോ..അവള് ചെൽപ്പോ ജക്കൂനെ കൊഞ്ചിക്കണന്തിയാ കൊഞ്ചിക്കാ… അപ്പോ ആ പാലൊക്കെയങ്ങട് കുടിക്കന്നെ..
അതും ഒര് സന്തോഷന്നെ.
ദൂസങ്ങള് പൂവ്വുമ്പളാണ് അട്ത്ത കാര്യം വന്നത്…
ദിനേസ സാമി ഡോക്കിട്ടറ് ടെ കല്യാണം തീർശ്ശാക്കല്. അദ് ഒര് ഉൽസോം ആരുന്നു.. പടക്കം പൊട്ടിക്കല്ണ്ടായ്ല്ല.. ആനേം വന്ന്ല്യ.. ബാക്കി ഒക്കെണ്ടാര്ന്ന്. നിശ്ശേം ഇങ്ങന്യാച്ചാ … കല്യാണം ത് ര്ശ്ശൂര് പൂരന്നെ ആവുന്ന് പ്രാഞ്ചീസ് പറ്ഞ്ഞു.
കല്യാണത്ത്ന് ജക്കൂന് വെല കൂടിയ ഉട്പ്പാര്ന്ന് വിശ്ശൊനാദസ്സാമീരേ വക. ചൊക്ളിക്ക് സില്ക്കിൻറെ മുണ്ടും സർട്ടും. ജാനൂനും അമ്മയ്ക്കും പളപള തെള്ങ്ങ്ണ പട്ട് സാരി..
ആരക്കും ഒന്നിനും നേരല്യാ… എല്ലര്ക്കും തെര്ക്കന്നെ.. കല്യാണോം കയിഞ്ഞ് അടുത്തൂസം ഒര് പാറ്ട്ടി ഇണ്ട്… അതും കൂടി കയിഞ്ഞാലാ സാസം വിടാൻ പറ്റുള്ളോന്നാ എല്ലരും പറ്ഞ്ഞേ…
പലകാരങ്ങളും പൂക്കളും ഇണ്ടാക്കലും കൊണ്ടരലും മഡങ്ങള് ഒക്കെ നന്നാക്കലും കാറോള് മാറ്റി വേടിക്കലും എല്ലാ മരത്ത്മ്മ്ലും വൈന്നാരം വൈന്നാരം എൽട്രീക്ക് വെളക്ക് മാല ഇടലും..എമ്പിടി പൂജോളും മന് തര്ങ്ങളും.. വാദ് യാരും സന്യാസിയോളും..
ജാനൂന് ഏത് നേരോം പണി… ചൊക്ളിക്കും പണിയന്നെ. എല്ലര്ക്കും തെരക്കും പണീം...
എന്തിറ്റായാലും ആ പാറ്ട്ടി കയിഞ്ഞേൻറെ പിറ്റേസം കാൽത്ത് ചൊക്ളീനേ ഏൻപ്പിച്ചതേ പോല്ലീസ്കാരാണ്.

No comments: