Monday, October 26, 2020

ചൊക്ളി 45

24/10/2020

അന്തോണി മാപ്പിള കടമുറി മൊയ്തീൻ ക്കക്ക് കൊട്ത്തു. എന്ന്ട്ട് മൊയ്തീൻ ക്കേടേ ബീക്കറീല് പണിക്കാരനായി. അത് പ്രാഞ്ചീസ് ന് അത്തറ ഇഷ്ടായില്ല. ഇന്നാലും അപ്പൻ വീട്ട്ല് വെറ്തേ ഇരിക്കണ്ടല്ലോന്ന് വെച്ച് പ്രാഞ്ചീസ് പോട്ടേന്നാ വച്ച്.
കുപ്പി പാട്ട തകരം പഴേത് പുത്യേത് ഒക്കെ വിളിച്ച് നടക്കുമ്പോ ചെട്ടിച്ചിത്തള്ളേണ് പ്ർദാന മന്ത് രീടെ പോളിച്ച പറേണത്. അവരെ നാട്ട്കാരനാന്ന്. പത്ത് പയിനാറ് ബാഷ പറേന്ന്. ഒര് കഷണ്ടിത്തലേനാ..അത് കടലാസ്സീക്കണ്ട്. ആ രാമേന്ദരസാമി ഡോക്കിട്ടറടെ മോറാണ് നോക്കുമ്പേ.. ചെട്ടിച്ചിത്തള്ളേരേ ബന്തുവാണാവോ ഇഞ്ഞി പ്ർദാന മന്ത് രി. ആവില്ല്യ… ആണെങ്ങ്യേ തള്ള ഇബ്ടെ വന്ന് തെണ്ടിത്തിര്ഞ്ഞ് നട്ക്ക്ല്ലാല്ലോ.
പോളീം ദേവസ്സിം കാശയച്ച് തൊടങ്ങീപ്പന്നെ അന്തോണിമാപ്പ്ള സെലീനക്ക് കല്യാണം നോക്കിയൊടങ്ങി. പതിനെട്ടായിട്ടേള്ളൂന്നും വല്ല കമ്പൂട്ടറ് പടിച്ചാ നല്ലതാന്നും ബില്ലടിക്കാന്നും ഒക്കെ പ്രാഞ്ചീസ് പറഞ്ഞോക്കി. ത് ര് ശ്ശൂര് വി ന്നാ പി ന്നാ അങ്ങ്നെ പടിപ്പിക്കണ സലണ്ട്ന്നൊക്കെ പറഞ്ഞാലും മാപ്പിള ഒന്നും കേട്ട്ല്ല.
ചെറ്മൻ ചെക്കൂൻറെ കുടീരട്ത്ത് ഇഷ്ടിയപ്പാടത്ത് പണിട്ക്കണ ജേമ്സ് ന്ന് പേര്ള്ള ഒര് ചെക്കൻണ്ട്. അവനെക്കൊണ്ടാ കെട്ടിച്ച് സെലീനേനെ..
പോത്തെറച്ചീം കപ്പേം ചോറും മീനച്ചാറും ആര്ന്ന് ഉച്ചയ്ക്ക് തിന്നാൻ. സെലീനേം ചെക്കനേം പ്രാഞ്ചീസ് ഓട്ടർഷേല് കൊണ്ടോയി. പിന്നിള്ളോര് ഇഷ്ടിയപ്പാടത്തൂടെ നടന്ന് പോയി..ജേമ്സിൻറെ വീട്ട്ല്ക്ക്..
ചൊക്ളി പോയില്ല. കല്യാണത്ത്ലാകെ ഇഷ്ടം ചോറ് ത് ന്നാനാണ്. ഇഷ്ടിയപ്പാടത്തൂടെ നട്ക്കാൻ വല്ല പ്രാന്ത് ണ്ടാ.ചൊക്ളി വന്നകാലത്ത് ആ പാടം ഇങ്ങ്നെ പച്ചച്ച് കെട്ക്കാര്ന്ന്. മറിയപ്പാറേരേ മോളീക്കേറി നോക്ക്യാലും കാണേര്ന്ന്. നല്ല പച്ചപ്പാര്ന്ന് . പാടത്തൂടെ നടന്ന് ന്നെ തൃശ് ശൂര് വരെ പുവ്വാന്നൊക്കെ ഗോപാലേട്ടനും ദേവുവമ്മേം പറയാറ്ണ്ടാരുന്നു.
ഇപ്പോ പാടല്ല… പച്ചേല്ല.. ഇഷ്ടികപ്പാടാണ്. എന്തോരം ആണങ്ങളും പെണ്ണങ്ങളും ഇണ്ട് പാടത്ത് വെല്യ വെല്യ കുയ്യോളും കുയിച്ച് ഇഷ്ടികേണ്ടാക്കി ചൂള വെക്കണോര്. പെലച്യാമ്പളക്കും ഒര് ഒച്ചീം വിളീണ്.
വീടോളും എന്തൊരാ കൂടീത്..പേർഷേലാ ദൂഭേലാ പോയൊരോക്കിം വീട് പുതീതാക്കി..അദികം കാശ്ള്ളോര് പുത്യേ വീടന്നെ ഇണ്ടാക്കി…
അയിൻറെടക്കീണ് സന്യാസിയോള് വന്ന് പാറോൾടെ മോളില് ഒര് വിരിപ്പൊക്കെ ഇട്ട് ഇര്പ്പായത്. ബാലേന്ദരൻ, സുകുമാഷ്, വാറോട്ട് മനേലെ വല്യതമ്പ്രാൻ, രാമേന്ദരസാമി ഡോക്കിട്ടറ്, തുന്നക്കാരൻ ശങ്കരൻ… എല്ലാരുണ്ട് ഇടയ്ക്ക്ടെ മിണ്ടലാണ് ...പാട്ടാണ്.. പാർത്തിക്കലാണ്. ആളോള് പറഞ്ഞനേരം കൊണ്ട് കൂടി വര്ണ്ടാര്ന്നു. നോക്കീപ്പോ എല്ലാ ഇന്തുക്കളും ഇണ്ട്.
അയ്യപ്പൻ കുന്ന്, അല്ലെങ്കി വാറോട്ട് മനക്കുന്ന് എന്നന്നെ പറേണം മറിയപ്പാറേടെ പേര് ന്ന് എല്ലരും പറഞ്ഞു. അവടെ ചെറ്യൊര് അയ്യപ്പൻറമ്പലം വേണന്നും തീർച്ചേയി. പിന്നെങ്ങ്ന്യാ മറിയപ്പാറാന്ന് വിളിക്കാ..
ഇപ്പ ആ വഴീക്കോടേ വണ്ടിയോള്ല് പാഞ്ഞു പോണോരക്ക് ഒന്നറീല്ല, അവിടെ അയ്യപ്പൻകുന്ന് ആയീതും കുന്നിൻറെ ചുറ്റാടും മേത്തമ്മാര് ടെ വീടോളും കൊർച്ച് അകലന്ന്യായിട്ട് മേത്തമ്മാര് ടെ വെളുവെളാ തെളങ്ങണ പള്ളി വന്നതും ഇങ്ങ്നേണ്ന്ന്.
അയ്യപ്പൻറെ അമ്പലം.അയ്യപ്പൻ കുന്ന് നാലും കൂട്യ വഴീല്. ഇത്തിരി നീങ്ങീട്ട് വെള്ത്ത വല്യ മേത്തൻ പള്ളി… മറിയപ്പാറേല്.
ബസ്സില് പോമ്പ്ളാണ് ചെലോര് ഇന്തുക്കള് അയ്യപ്പൻ കുന്നി എറങ്ങുമ്പോ മേത്തമ്മാര് മറിയപ്പാറേരേ അവടെ എറങ്ങും. ക്രിസ്ത്യാനിയോള് അയ് വേൻറപ്പറത്ത് പിന്നെ മൊളച്ച് വന്ന കന്യാശ്രീ മടത്തിൻറെ പേരും പറഞ്ഞ് എറങ്ങും.
പ്രാഞ്ചീസ് പറേണതാണ് തീട്ടം, അപ്പി, കണ്ടി ന്ന് മാറിമാറിപ്പറഞ്ഞാലും കുണ്ടീന്ന് വരണ സാനം ഒന്നന്നേല്ലന്ന്.
ഇന്തുക്കള്ടെ ആ വല്യ മേളം കയിഞ്ഞപ്പളാണ് അറിഞ്ഞേ കൊറെപ്പേര് പോണ്ട്ന്ന് ആ രാമൻ ജനിച്ചോടത്തക്ക്. ആ പഴേ രതം അവടേ വര്ണ്ട്ന്നാ പറേണ്ണ്. അവ്ടെ രാമമ്പലം വെക്കാണ്ട് പറ്റ്ല്ല. അയിന് എല്ലാ വീടോളീന്നും ഇഷ്ടിയേം കൊണ്ടോണ്ട്ന്ന്.
ചൊക്ളി ഒന്നും കൊടത്ത്ല്ല. സുകുമാഷ് വിടോ...പിടിച്ച പിടിക്ക് നൂറുറുപ്പിയ എട്ത്ത്.
പിന്നെ ചൊക്ളി വിജാരിച്ച്.. ആ പോട്ടേ.. രാമമ്പലത്ത്നല്ലേ. ജക്കുമോന് രാമമ്പലത്ത്ൻറെ അനിഗ്രേം കിട്ടട്ടേന്നും...

No comments: