Wednesday, October 21, 2020

ബാബു


17/10/2020

ബാബു, ആരാന്നാ?
രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.
തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ…..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി.
കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്….അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.
ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്…..അസുകം സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ തൊട്ങ്ങാ…അതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ ചില്ലറ നേരമ്പോക്കിന് പൂതി…ഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്…. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“
സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല.
“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാ‍ണ് ബാബു.
ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല….
രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്!
അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം……ആ തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരും… നായയ്ക്ക് നായേടെ ജീവിതാ‍ണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല…..
അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽ‌പ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട് രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.
ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാ…ആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച് പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം…..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ല…വേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്….അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?
ബാബു മര്യാദക്കാരനാ…..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി. പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങി… ഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്….. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….
നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല…..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു….അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്. വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?
ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .
ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം…..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ….അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്?
ങ്ങള് ആ കൂട്ടാൻ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ….ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.
ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ….അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും ….അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.
ങ്ങള് ചിറിയ്ക്കണ്ടാ…..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്. ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്.
ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ…..
ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലും…അമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേ…അച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്…
സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?
അപ്പോ ത്തിരി നേരം…..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ…
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട് അകത്തേയ്ക്ക് പൊക്കോളോന്നേയ്…

No comments: