Monday, October 19, 2020
ഭാര്യയുടെ ജോലി
01/10/2020
ഭാര്യയുടെ ജോലി,ആ ജോലിയിൽ അവർക്കുള്ള കഴിവ്, അതിൽ അവർ അംഗീകരിക്കപ്പെടുമ്പോൾ ഭർത്താവിന് തോന്നുന്ന അഭിമാനം, സന്തോഷം, എൻറെ ഭാര്യ ഒന്നാന്തരം ആർക്കിടെക്ട് ആണ് അല്ലെങ്കിൽ ബെസ്റ്റ് ഡോക്ടർ ആണ് എന്നൊക്കെ പറയാൻ കഴിയുന്ന മനസ്സ് അവയെല്ലാം നല്ലോണമുള്ള പുരുഷന്മാർ ഈ പോസ്റ്റ് വായിക്കേണ്ടതില്ല.
ജോലിയുള്ള ഭാര്യാ ഭർത്താക്കന്മാരുടെ ഇടയിലെ ഒരു പൊതു അസുഖത്തെപ്പറിയുള്ള എന്ററെ ചില തോന്നലുകൾ എഴുതുകയാണ് ഞാൻ. കേട്ടും കണ്ടും മടുക്കുമ്പോൾ എനിക്ക് മാത്രമാണോ ഈ തോന്നലെന്നറിയാനാണ് ഈ പോസ്റ്റ്. ജോലിയുള്ള സ്ത്രീകൾ മറുപടി പറയുമെന്ന് വിചാരിക്കുന്നു.
വീട്ടമ്മ ഭാര്യയെ ജോലിയില്ലാത്തവൾ എന്നേ ആരും പറയാറുള്ളൂ. വീട്ടിൽ ചെയ്യുന്നത് ജോലി അല്ല, കടമ, ചുമതല എന്നിവ മാത്രം. കടമക്കും ചുമതലക്കും വിലയിടാമോ?.. ഛേ! മ്ളേച്ഛതയല്ലേ അത്...
ഭാര്യ ജോലിക്ക് പോകുന്നതുകൊണ്ടുള്ള അസൗകര്യങ്ങളെപ്പറ്റി എല്ലാവരും പറയുന്നത് കേൾക്കാം. എന്നാൽ അതുകൊണ്ടുള്ള സൗകര്യത്തെപ്പറ്റി ആരും മിണ്ടിയോ പറഞ്ഞോ എഴുതിയോ കേട്ടിട്ടില്ല.
പുരുഷന് ജോലിയാണ് മുഖ്യം. ആ ജോലിയുടെ വളർച്ചയിലൂടെയാണ് അവൻ കേമൻ, കെങ്കേമൻ എന്നൊക്കെ അറിയപ്പെടാറ്. അതുകൊണ്ട് ഓഫീസിൽ ബോസ് നല്കുന്ന എല്ലാ ജോലികളും ആണിന് നേരവും കാലവും നോക്കാതെ ചെയ്തു തീർക്കാനുണ്ട്. ബോസ് ഈസ് ഓൾവേസ് റൈറ്റ് എന്ന് പറയുകയല്ലാതെ അയാളോട് ബഹളമുണ്ടാക്കാൻ പുരുഷൻ ധൈര്യപ്പെടാറുണ്ടോ?
എന്നാൽ ജോലിക്ക് പോകുന്ന സ്ത്രീക്ക് ഇങ്ങനെയൊരു സൗകര്യം ഇല്ല. ജോലി ആദ്യം ബാക്കിയെല്ലാം പിന്നെ എന്ന് വെക്കാവുന്ന സ്വാതന്ത്ര്യം. പുരുഷൻറെ സഹായം അഭ്യർത്ഥിക്കുമ്പോൾ, 'നീ ബോസിനെ പറഞ്ഞു മനസ്സിലാക്കണം, തൻറേടമായി അയാളോട് കാര്യം പറഞ്ഞ് കുഞ്ഞിൻറെയും വീടിൻറേയും അവസ്ഥ ശരിയാക്കണം. ആ ഓർഡർ മാറ്റാൻ പറയണം. നിന്നെ എന്തിനു കൊള്ളാം? വെറുതെ ജോലിക്ക് പോയാൽ പോരാ, അവിടുള്ളവരെ കാര്യം പറഞ്ഞു മനസ്സിലാക്കി നമ്മുടെ വഴിക്കാക്കണം...
എനിക്ക് ലീവ് എടുക്കാൻ പറ്റില്ല.. നിൻറെ പോലത്തെ ജോലിയല്ല എൻറെ ജോലി..'
ജോലിക്കാരായ സ്ത്രീകൾക്ക് ഈ അനുഭവമുണ്ടോ..
അതോ ഞാൻ മാത്രം മനസ്സിലാക്കിയ അപൂർവകാഴ്ചയാണോ?.. അപൂർവ കേൾവിയാണോ?
Labels:
കുറിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment