Tuesday, October 20, 2020

കള്ളിമുള്ളുകൾ പൂവിടും കാലം (സ്വാമി അഗ്നിവേശ്), സ്വാമി അഗ്നിവേശ് എന്നോട് പറഞ്ഞുദില്ലിയിലെ ജീവിതകാലത്ത് ഏറെ പ്രാവശ്യം കണ്ടിട്ടുള്ള, അങ്ങനെ പരിചിതമായിത്തീർന്ന ഒരു മുഖമാണ് സ്വാമി അഗ്നിവേശിൻറെ. ഒരുപാട് ജനങ്ങളുള്ള സമരങ്ങളിലല്ല, മിക്കവാറും ചെറിയ ആൾക്കൂട്ടത്തിലാവും അദ്ദേഹത്തിന്റെ സ്പെഷ്യൽ തലപ്പാവ് കാണാറ്..
ചെറിയ ആൾക്കൂട്ട സമരങ്ങളെ ആരും അധികം അങ്ങനെ ശ്രദ്ധയിലെടുക്കാറില്ല. ആളു കൂടാത്ത സമരങ്ങൾ നടത്താൻ അസാമാന്യമായ ബോധ്യം വേണം. താൻ ചെയ്യുന്നത് അത്രമേൽ ശരിയാണെന്ന ഉറപ്പ് വേണം.
1987 ൽ രൂപ്കൺവർ സതി അനുഷ്ഠിച്ചപ്പോൾ സ്വാമി അഗ്നിവേശ് രാജസ്ഥാനിലേക്ക് പദയാത്ര നടത്തി. സതി അത്യന്തം മനുഷ്യത്വരഹിതമായ ഒരു ക്രിമിനൽ കുറ്റമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വലിയ പിന്തുണ യൊന്നും അന്നും ആ സമരത്തിന് കിട്ടിയില്ല. രാജസ്ഥാനിൽ സ്ത്രീകളെ നിരത്തി നിറുത്തിച്ച് ഞങ്ങൾക്ക് സതി അനുഷ്ഠിക്കണം എന്ന് വിളിച്ചു പറയിക്കാൻ ധർമ്മസഭ ഉണ്ടായിരുന്നു. ഹിന്ദു മത ആചാരങ്ങളുടെ സംരക്ഷകരായിരുന്നു അവർ. സ്വാമി അഗ്നിവേശിനെ അവർ കായികമായി നല്ല രീതിയിൽ കൈകാര്യം ചെയ്തു.
അടി കിട്ടിയതുകൊണ്ടൊന്നും അദ്ദേഹം സതിയെ അനുകൂലിച്ചില്ല. അത് കടുത്ത ക്രിമിനൽ കുറ്റമാണെന്നും ഭരണഘടനക്ക് എതിരാണെന്നും തന്നെയായിരുന്നു നിയമബിരുദധാരിയായ അദ്ദേഹം ജീവിതകാലം മുഴുവൻ ഉറച്ചു വിശ്വസിച്ചത്. 1987 ലെ കമ്മീഷൻ ഓഫ് സതി പ്രിവൻഷൻ ആക്ടിന് ഒരു പ്രധാനകാരണമായത് സ്വാമി അഗ്നിവേശിൻറെ നിതാന്ത പരിശ്രമമായിരുന്നു.
ആര്യസമാജത്തിൻറെ ആധാരശിലകളിൽ നിന്നുകൊണ്ട് ആര്യസഭ എന്നൊരു രാഷ്ട്രീയ പാർട്ടി അദ്ദേഹം ഉണ്ടാക്കിയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഇന്ദിരാവിരുദ്ധതരംഗത്തിൽ അദ്ദേഹം ഹര്യാനയിൽ എം എൽ എ ആവുകയും വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. ആ സമയത്താണ് ഇന്ത്യയിൽ വ്യാപകമായി അടിമവേല നടക്കുന്നകാര്യം സ്വാമി അഗ്നിവേശ് തിരിച്ചറിയുന്നത്. അടിമപ്പണി നിറുത്തൽ ചെയ്യിക്കാനും അടിമകളായി ജോലി എടുത്തിരുന്ന കുട്ടികളെ മോചിപ്പിക്കാനും അദ്ദേഹം വിട്ടുവീഴ്ച യില്ലാതെ സമരം ചെയ്തു. ക്വാറികളിൽ നിന്നും തുണിമില്ലുകളിൽ നിന്നും പലഹാരനിർമ്മാണയൂണിറ്റുകളിൽ നിന്നും എന്നു വേണ്ട പറ്റാവുന്ന ഇടത്തു നിന്നെല്ലാം അദ്ദേഹം കുഞ്ഞുങ്ങളെ മോചിപ്പിച്ചു.
ഇത് എളുപ്പത്തിൽ നടക്കുന്ന ഒര് കാര്യമായിരുന്നില്ല. തന്നേയുമല്ല ഇതിൻറെ പ്രത്യാഘാതം കാശുള്ള മുതലാളിമാർക്ക് സ്വാമി അഗ്നിവേശ് ചതുർത്ഥി ചന്ദ്രനായി എന്നതുമാണ്. മന്ത്രിയായിരിക്കലൊക്കെ വേഗം അവസാനിച്ചു കിട്ടി.
കൊലപാതകം ചെയ്തുവെന്നും നിയമം ലംഘിച്ചു എന്നുമുള്ള ആരോപണമാണ് തുടർന്ന് വന്നത്. അടിമ വേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് നിർബാധം തുടരും. അത് ചെയ്യിക്കുന്നവരെ പുറത്ത് കൊണ്ട് വരുന്നതും ആ അടിമവേലക്കാരായ കുട്ടികളെ രക്ഷപ്പെടുത്തുന്നതും ഇന്ത്യയിൽ നിയമലംഘനമാണ്. പോലീസ് കേസ് വരും. അതിന് രണ്ട് അറസ്റ്റും ഒന്നരക്കൊല്ലത്തെ ജയിൽവാസവും കിട്ടി സ്വാമി അഗ്നിവേശിന്. ഒടുവിൽ കോടതി കുറ്റവാളിയല്ലെന്ന് കണ്ടു വെറുതേ വിട്ടു.
എനിക്ക് ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ഞാൻ മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങളിലൊന്നിലാണ് സ്വാമി അഗ്നിവേശിനെ ആദ്യമായി തൊട്ടരികേ കാണുന്നത്. അന്ന് അങ്ങനെ പരിചയമേയില്ല. അറിയാം ...കേട്ടുകേൾവി ഉണ്ട്. വ്യത്യസ്തനായ ഒര് ആക്ടിവിസ്റ്റാണ്. അവിടെ തീർന്നു എൻറെ അറിവ്.
അദ്ദേഹം ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു എനിക്കെന്താണസുഖമെന്ന്...എല്ലാം കേട്ടിട്ട് എന്നെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അദ്ദേഹം പറഞ്ഞു… 'നതിംഗ് ടു വറി. യൂ വിൽ ബി ഓൾറൈറ്റ്.'
ഖേൽഗാവ് മാർഗിലും തിഹാർ ജയിലിലും ഒക്കെ ചെറിയ ചെറിയ ലാറിബേക്കർ നിർമ്മിതികൾ ചെയ്തു തുടങ്ങിതിനു ശേഷമാണ് സ്വാമി അഗ്നിവേശ് 'വേറീസ് പത്മ' എന്ന ചോദ്യത്തോടെ ഞങ്ങളുടെ വീട്ടിലേക്ക് ഫോൺ ചെയ്തു തുടങ്ങിയത്. പത്മകുമാർ എന്ന എൻറെ ഭർത്താവിന്റെ പേരിനെ ഉത്തരേന്ത്യക്കാർ പൊതുവെ പദ്മ എന്നും പദം എന്നുമാണ് വിളിക്കാറ്.
സ്വാമി അഗ്നിവേശിന് അങ്ങനെ വലിയ നിർമ്മാണാവശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ലാത്തി മുളകൊണ്ട് ഒരു കട്ടിലോ മണ്ണുകൊണ്ടുള്ള ഒരു ലിപായിയോ ( മെഴുകൽ ) അങ്ങനെ അതീവ നിസ്സാരമായ കാര്യങ്ങളേ വേണ്ടിയിരുന്നുള്ളൂ. എന്നാലും ഇടയ്ക്ക് വിളിക്കും.
പ്രത്യേകിച്ച് വലിയ കാര്യം ഒന്നുമുണ്ടാവില്ല. എൻറെ ഭർത്താവ് പറയും. 'അദ്ദേഹം തെറ്റിവിളിക്കുന്നതാണ്. വിളിച്ച സ്ഥിതിക്ക് കുശലം ചോദിക്കുന്നതാണ്. '
മാവോയിസ്റ്റുകളും നക്സലൈറ്റുകളും ഉണ്ടാവുന്നത് നമ്മുടെ അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയോടുള്ള പരമദരിദ്രരുടെ ഏറ്റവും അവസാനത്തെ പ്രതിഷേധമെന്ന നിലയ്ക്കാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നാണ് എൻറെ ധാരണ. മാവോയിസ്റ്റുകളുമായി സംസാരിച്ചു പോലീസുകാരെ വിടുവിക്കാൻ ശ്രമിച്ചതു പോലെ പോലീസുകാർ മാവോയിസ്റ്റ് ഗ്രാമങ്ങളെന്ന പേരിൽ തല്ലിത്തകർത്ത ഇടങ്ങളിൽ ചെന്ന് ഗ്രാമീണരെ ആശ്വസിപ്പിക്കാനും സഹായിക്കാനും അദ്ദേഹം മുതിർന്നത് നമ്മുടെ പോലീസിനോ ഭരണകൂടങ്ങൾക്കോ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവിടേയും അദ്ദേഹം തല്ലു കൊള്ളേണ്ടി വന്നു. ഞങ്ങളുടെ ഒപ്പമല്ലെങ്കിൽ പിന്നെ അവരുടെ ഒപ്പമാണ് എന്നതാണല്ലോ ലോകവ്യാപകമായി അമേരിക്ക പഠിപ്പിച്ചിട്ടുള്ളത്. അത് എല്ലാ ഭരണകൂടങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ ഒപ്പമാണെങ്കിൽ കണ്ണും പൂട്ടി ഞങ്ങളെ അനുസരിച്ചുകൊള്ളണം.
സ്വാമി അഗ്നിവേശിന് ഒരിക്കലും സാധിക്കാതെ പോയതും അതായിരുന്നു.
ആര്യസമാജത്തിൻറെ സന്യാസി ആയിട്ടു പോലും സമാജത്തിന് അദ്ദേഹത്തിന്റെ ആക്ടിവിസം പൊറുക്കാൻ പറ്റിയില്ല. അവർ അദ്ദേഹത്തെ പുറത്താക്കി.
സാധാരണ സുരക്ഷിത ആക്ടിവിസ്റ്റുകളുടെ പാത ആയിരുന്നില്ല അദ്ദേഹത്തിൻറേത്. ആളുകൾക്ക് അദ്ദേഹം പറയുന്ന പുരോഗമന ആശയങ്ങളെ മനസ്സിലാക്കാനും പ്രയാസമായിരുന്നു. കാരണം സമൂലമായ മാറ്റങ്ങൾ പല മേഖലകളിലും അദ്ദേഹം ആഗ്രഹിക്കുകയും അതിനായി സമരം ചെയ്യുകയും ചെയ്തു.
ആം ആദ്മി പാർട്ടിയുടെ ആൻറി കറപ്ഷൻ മൂവ്മെൻറിൽ ആദ്യം സഹകരിച്ചെങ്കിലും അതിൻറെ ഉൾച്ചിത്രം വ്യക്തമായതോടെ അദ്ദേഹം അതിൽ നിന്ന് പിൻവാങ്ങി. ഇപ്പോൾ അഡ്വ. പ്രശാന്ത് ഭൂഷൺ എല്ലാം തുറന്ന് പറയുകയും ചെയ്തിരിക്കുന്നു.
പെൺഭ്രൂണഹത്യയ്ക്കെതിരെ, അടിമ ജോലിക്കെതിരേ, സതിക്കെതിരേ, മാവോയിസ്റ്റുകളേം നക്സലൈറ്റുകളേയും കണ്ടാൽ ഉടനെ വെടിവെച്ചുകൊല്ലണമെന്ന പൊതുബോധത്തിനെതിരേ, കുറച്ച് മുസ്ലീമുകൾ ടെററിസത്തിൽ വിശ്വസിക്കുന്നുവെച്ച് ലോകത്തുള്ള മുസ്‌ലിമുകളെല്ലാം തീവ്രവാദികളാണെന്ന തീർപ്പാക്കലുകൾക്കെതിരേ, കാശ്മീരി പണ്ഡിറ്റുകൾക്ക് പാർക്കാൻ പ്രത്യേക ഇടം നല്കണമെന്ന ബ്രാഹ്മണ വാദത്തിനെതിരേ എല്ലാം സ്വാമി അഗ്നിവേശ് നിരന്തരം സമരം ചെയ്തു.
മുസ്‌ലിമുകൾക്ക് വന്ദേമാതരം ചൊല്ലാൻ ഇഷ്ടമില്ലെങ്കിൽ അവരെ അതിനു നിർബന്ധിക്കേണ്ട എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ലോകം മുഴുവൻ മനുഷ്യർക്ക് പാസ്പോർട്ടും വിസയും ഇല്ലാതെ സന്ദർശിക്കാൻ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേശിൻറെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹം ഒരു രാജ്ഭവൻ മാർച്ച് നടത്തി.
എന്നും ദരിദ്രർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും ഒപ്പമായിരുന്നു സ്വാമി അഗ്നിവേശ്. അതുകൊണ്ടാണ് എഴുപത്തേഴു വയസ്സിലൊക്കെ അദ്ദേഹം പലവട്ടം കായികമായി ആക്രമിക്കപ്പെട്ടത്. പുരി ജഗന്നാഥക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് പറയുക, സ്ത്രീകൾക്ക് വിലക്കപ്പെട്ട ഒരു ആരാധനാലയവും ഇന്ത്യയിലുണ്ടാവരുതെന്ന് ആവശ്യപ്പെടുക, അമർനാഥ് ഗുഹയിലെ അൽഭുതശിവലിംഗം കൊടും തണുപ്പിൽ രൂപപ്പെടുന്ന ഐസ്ആകൃതി ആണെന്ന് വാദിക്കുക, ഇന്ത്യൻ സുപ്രീം കോടതിക്കു പോലും ഇത്തരം വാദങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല. സൂക്ഷിച്ചു സംസാരിക്കണമെന്ന് കോടതി സ്വാമി അഗ്നിവേശിന് താക്കീതു നല്കി.
ഹിന്ദുത്വ വാദികൾക്ക് അത്തവും ചതുർത്ഥിയുമായിരുന്നു സ്വാമി അഗ്നിവേശ്. കിട്ടുന്നേടത്തെല്ലാം അവർ ആ സന്യാസിയെ മൃഗീയമായി അടിച്ചു. തുണി വലിച്ചു കീറി. അദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടു. ആ അടികളാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയത്.
എന്നും ദരിദ്രർക്കും അനാഥർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും ഒപ്പം കഴിഞ്ഞ് അവരെ സ്വന്തം അവകാശങ്ങളെ പറഞ്ഞു പഠിപ്പിച്ചു സമരസജ്ജരാക്കിയതാവും ഭരണകൂടങ്ങൾ വലിയ അവാർഡുകളൊന്നും സ്വാമി അഗ്നിവേശിന് നല്കിയില്ല…
മരിച്ചപ്പോഴും അദ്ദേഹം വിമോചിപ്പിച്ചെടുത്ത അടിമകളായിരുന്ന കുട്ടികളും അത്തരം സാധാരണ ഇന്ത്യ ക്കാരും മാത്രമേ സങ്കടപ്പെടാൻ ഉണ്ടായുള്ളൂ. അദ്ദേഹം ഏറ്റുവാങ്ങിയ മർദ്ദനങ്ങളെപ്പറ്റി അന്വേഷിക്കാൻ കോടതി പോലും തയാറായില്ല. അദ്ദേഹത്തിന്റെ ആ അപേക്ഷ പോലും നിരസിക്കപ്പെട്ടു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് അദ്ദേഹം വിചാരിച്ചിരുന്നു.
ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹം എന്നെ ആശ്വസിപ്പിച്ച വാക്കുകൾ ഞാൻ വീണ്ടും ഓർക്കട്ടെ
'നതിംഗ് ടു വറി… യൂ വിൽ ബി ഓൾറൈറ്റ്…'

 

കലാ, വേറീസ് പത്മ?

ഞാൻ പലവട്ടം ഫോണിൽ ഉത്തരം പറഞ്ഞിട്ടുണ്ട്.
ജസ്റ്റ് എ മോമെൻറ്.. ഹിയീസ് കമിംഗ്...
ക്ഷയം പിടിച്ചു ചാകാൻ കിടക്കുന്ന കാലത്ത് സ്വാമി അഗ്നിവേശ് എന്നോട് പറഞ്ഞു.
നതിംഗ് ടു വറി. യൂ വിൽ ബി ഓൾറൈറ്റ്.
ആശുപത്രിയിലെ വരാന്തയിൽ വെച്ചായിരുന്നു അത്.
അദ്ദേഹം ഏറെ അപമാനിക്കപ്പെട്ടു. തുണി പോലും വലിച്ചുരിയപ്പെട്ടു. അടിച്ചു..വലിച്ചിഴച്ചു...
ആർഷഭാരത സംസ്ക്കാരം സ്വാമി അഗ്നി വേശ് എന്ന വൃദ്ധനോട് അവസാന കാലത്ത് പെരുമാറിയതങ്ങനെയാണ്...
അദ്ദേഹം ഒടുവിൽ യാത്രയായിരിക്കുന്നു...

No comments: