Tuesday, October 27, 2020
അയ്യപ്പ നന്മയുടെ അപ്പോസ്തലന്മാർ
24/10/2020
കവി അയ്യപ്പൻറെ ചരമവാർഷികം ആയിരുന്നല്ലോ. അപ്പോൾ എന്നോടും എനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറൽ ഇതെല്ലാം എൻറെ പഴയ പോസ്റ്റ് എടുത്തും ആത്മകഥയിലെ ഭാഗങ്ങൾ പോസ്റ്റ് ചെയ്തും യൂ ട്യൂബ് ലിങ്ക് ഇട്ടും ഒക്കെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.
വളരെ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന ആണഹന്തയുടെ എടുപ്പുകുതിരകളേയും ലിംഗമാണ് തലച്ചോറ് എന്ന് പ്രഖ്യാപിച്ചു വിജൃംഭിതരാകുന്ന മനുഷ്യ രൂപം ധരിച്ചവരേയും കണ്ടു.
വിശദീകരണങ്ങൾ അവർക്ക് മനസ്സിലാവില്ല.
ചികിത്സയില്ലാത്ത ലിംഗരോഗബാധിതരാണവർ. അയ്യപ്പൻ എന്നെ ഉപദ്രവിച്ചതിന് തെളിവ് വേണമത്രെ...ചില ജഡ്ജിമാരുടെ തീട്ടൂരമാണ്. തെളിവ് വഴിയേ പോകുന്നവരുടെ മുന്നിൽ വെയിലത്തുണക്കാനുള്ളതല്ലല്ലോ.
ഞാൻ ആദരിക്കുന്ന പല സ്ത്രീകളും ഈ ലിംഗരോഗബാധിതരുടെ പുലഭ്യം കേൾക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്.
പക്ഷേ,
ഇതുകൊണ്ടൊന്നും അയ്യപ്പൻ എന്നോടും ആ പത്തുവയസ്സുള്ള വാവയോടും ചെയ്തതൊന്നും ഇല്ലാതാവുകയില്ല. അത് മാറ്റിപ്പറയപ്പെടുകയില്ല. അത് ഉണങ്ങാമുറിവാണ്. അതിന് ചൂട്ടുപിടിച്ചവരും ആ ഉണങ്ങാമുറിവിൻറെ ദുസ്വപ്നമാണ്.
അയ്യപ്പൻ മരിച്ചതുകൊണ്ടോ കവിതകൾ എഴുതിയതുകൊണ്ടോ എന്നോടും ആ വാവയോടും ചെയ്ത ഹീനപ്രവൃത്തി അനുഭവിച്ച ഞങ്ങളാൽ മാപ്പാക്കപ്പെടുകയില്ല.
ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം.. അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം..
എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത്....
Subscribe to:
Post Comments (Atom)
1 comment:
ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം..
അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം..
Post a Comment