Tuesday, October 20, 2020

എച്മുവിന്‍റെ പെണ്ണുങ്ങള്‍ – വെട്ടിമാറ്റലുകളുടെ ബാക്കിപത്രങ്ങള്‍….


നവമലയാളി26/05/2016
                          


സ്വാതന്ത്ര്യലബ്ധിയോടടുപ്പിച്ചുണ്ടായ വിഭജനത്തിന്‍റെയും അഭയാര്‍ഥി പ്രവാഹത്തിന്‍റെയും മുറിവുകള്‍ ഉത്തരേന്ത്യയിലിന്നും സജീവമാണ്. റെഫ്യൂജി കോളനികളെന്ന് പേരു കേട്ട ദില്ലിയിലെ ലജ്പത് നഗര്‍, കരോള്‍ബാഗ്, രാജീന്ദര്‍ നഗര്‍,ജോര്‍ബാഗ്.. എന്ന് വേണ്ട എല്ലായിടത്തും ഒളിപ്പിച്ചു വെച്ച സങ്കടവും വേദനയും അമര്‍ഷവും പ്രതിഷേധവും പുകയുന്ന അനവധി മിഴികള്‍ ദൃശ്യമാവും..

പിന്നെയും ഉണ്ടായല്ലോ മറ്റൊരു അഭയാര്‍ഥി പ്രവാഹം… ഇന്ത്യയുടെ നടുംപുറത്തു സ്വാതന്ത്ര്യലബ്ധിയോടെ നീറിപ്പിടിച്ച ഉണങ്ങാവ്രണത്തിനു പുറമേ വയറ്റത്തുണ്ടായ പുണ്ണു മാതിരി ബംഗ്ലാദേശില്‍ നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം..

അവര്‍ക്ക് തീരെ കഴിയാന്‍ വകയുണ്ടായിരുന്നില്ല. ദാരിദ്ര്യപ്പേക്കോലങ്ങളായിരുന്നു അധികം പേരും. ആ അഭയാര്‍ഥികളില്‍ കുറേപ്പേര്‍ കല്‍ക്കത്തക്കാരായ ബംഗാളികളായി. അവരുടെ അടുത്ത തലമുറയിലുള്ളവര്‍ ഇപ്പോള്‍ ഇന്ത്യ മുഴുവനുമുണ്ട്… കേരളത്തില്‍ ജോലിക്കു വരുന്ന ബംഗാളികളില്‍ അധിക ഭാഗവും ഈ പാവപ്പെട്ടവരുടെ അനന്തര തലമുറകളാണ്… ദില്ലിയിലും അനുബന്ധ പട്ടണങ്ങളിലും വീട്ടു ജോലിക്ക് വരുന്ന സ്ത്രീകളധികവും ആ പട്ടികയിലുള്ളവര്‍ തന്നെ. കുറച്ചു കൂടി ധനശേഷിയും ഗമയും പൊങ്ങച്ചവുമുള്ള പടിഞ്ഞാറന്‍ ബംഗാളി പെണ്ണുങ്ങളെ അനുകരിയ്ക്കാന്‍ അവര്‍ ബോധപൂര്‍വം പരിശ്രമിക്കുന്നതും കാണാം.. ‘ഹൊം കല്‍ക്കത്താബാസി’ എന്ന് പരിചയപ്പെടുത്തുന്നതില്‍ തന്നെ ഉണ്ട് ബോധിപ്പിക്കുന്ന ഉറപ്പുകളുടെ ആ വേരുകളില്ലായ്മ.

മൊഞ്ജു എന്ന മഞ്ജു അങ്ങനെ ബംഗ്ലാദേശ് വിട്ട് വന്ന അമ്മയുടെ മകളാണ്. വലിയൊരു ചേരിയില്‍ താമസിക്കുന്നു. അവള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്.. സൈക്കിള്‍ ഉണ്ട്.പതിനെട്ട് വയസ്സേ ഉള്ളുവെങ്കിലും ഭര്‍ത്താവും ഒരു കുഞ്ഞുമുണ്ട്.. ഒരു കോളണിയിലെ പല ഫ്ലാറ്റുകളില്‍ വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്നു.

അടുത്ത കുഞ്ഞ് വയറ്റിലിരുപ്പുണ്ട്… കുഞ്ഞ് എന്നല്ല കുഞ്ഞുങ്ങള്‍ എന്നാണ് മഞ്ജുവിന്‍റെ വിചാരം. ഇരട്ടക്കുട്ടികള്‍ മഞ്ജുവിന്‍റെ ഒരു തീരാക്കൌതുകമാണ്.

അവളുടെ അമ്മ ഇരട്ടക്കുട്ടിയായിരുന്നുവത്രേ. അപ്പോള്‍ മോഷിമായും അമ്മയും ഒരു പോലെ ഇരിക്കുമോ എന്ന് ഞാന്‍ ചോദിച്ചു.

മഞ്ജുവിന്‍റെ മുഖം ഇരുണ്ടു… പിന്നെ അവള്‍ക്ക് സങ്കടമായി…

നമുക്ക് പരിചയമില്ലല്ലോ അത്തരം നഷ്ടപ്പെടലുകള്‍.. വാസ്തുഹാര എന്ന സിനിമ മാത്രമാണ് കിഴക്കന്‍ ബംഗാളിന്‍റെ കഷ്ടങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് ഓര്‍മ്മയില്‍ വരിക..

മോഷിമായെ ലഹളക്കാര്‍ പിടിച്ചുകൊണ്ടു പോയി.. അമ്മ രക്ഷപ്പെട്ടു. അമ്മയുടെ അമ്മ നഷ്ടപ്പെട്ടു പോയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ തുടുത്തു ചുവന്ന ഒരു കനലായി നെഞ്ചില്‍ ആവാഹിച്ച് ഒടുവില്‍ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും കരയുകയും ചിരിക്കുകയും ചെയ്തു. വസ്ത്രങ്ങള്‍ അവര്‍ക്ക് ഭാരമായി. വൃത്തി അവര്‍ക്ക് അനാവശ്യമായി.. ഭക്ഷണം എത്ര കഴിച്ചാലും പോരാതായി.

അതുകൊണ്ട് മഞ്ജുവിന്‍റെ കഠിനമനസ്ക്കനായ അച്ഛന്‍ ആ അമ്മൂമ്മയെ വീട്ടില്‍ കയറ്റാതായി. തന്നെയുമല്ല, സ്വന്തം സഹോദരിയെ മുസ്ലിമുകള്‍ പിടിച്ചുകൊണ്ടു പോയെന്ന് പറയുകയോ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് അച്ഛന്‍ കല്‍പിച്ചു. അച്ഛന്‍റെ ഉദ്ധൃത ഹിന്ദുത്വത്തിനു ആ ഓര്‍മ്മയും ആ കണ്ണീരും മഹാ അപമാനമായി തോന്നി. അതുകൊണ്ട് അമ്മ ഓര്‍മ്മയേയൂം കണ്ണീരിനേയും ചവച്ചു തിന്നുമായിരുന്നു. എങ്കിലും അതൊരിക്കലും ദഹിച്ചില്ല…

വീട്ടില്‍ നിന്നിറക്കി വിടപ്പെട്ട അമ്മൂമ്മയാകട്ടെ അമ്മയുടേയും മഞ്ജുവിന്‍റെയും സഹോദരങ്ങളുടെയും മുന്നിലൂടെ അങ്ങനെ അലഞ്ഞു നടന്നു മരിച്ചു..

വളരെ ശാന്തമായ സ്ഥലങ്ങളില്‍ ജനിച്ച് ജീവിച്ച് മരിക്കുന്നവര്‍ക്കൊന്നും ഇമ്മാതിരി വ്യസനങ്ങളും നിസ്സഹായതയും മനസ്സിലാവില്ലെന്ന് മഞ്ജു എന്നെ തുറിച്ചു നോക്കി.

മഞ്ജുവിന്‍റെ അമ്മയ്ക്ക് അത്യാവശ്യം പഠിപ്പൊക്കെയുണ്ട്… ബംഗ്ലാദേശില്‍ സ്ക്കൂളില്‍ പഠിക്കുകയായിരുന്നു. അമ്മ ഇപ്പോഴും ബോര്‍ഡറില്‍ കാവല്‍ നില്‍ക്കുന്ന അതിര്‍ത്തി രക്ഷാ സേനയിലെ ഭടന്മാര്‍ക്ക് അഞ്ഞൂറു രൂപ കൈമടക്കീട്ട് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ ബംഗ്ലാദേശില്‍ പോയി വരും. അവിടെ തന്നെ പിടിച്ചു നില്‍ക്കുന്ന ചില ബന്ധുക്കളൊക്കെയുണ്ട്. അവരെ കാണുമ്പോഴും ആ ഭൂമിയെ സ്പര്‍ശിക്കുമ്പോഴും അമ്മയ്ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ഒരു ആകാംക്ഷയുണ്ട്. ആ അലച്ചിലുകളില്‍ എന്നെങ്കിലും തന്‍റെ സഹോദരിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കുമെന്ന ആശയുണ്ടായിരുന്നിരിക്കാം. ഭൂപടങ്ങള്‍ മാറ്റി വരയ്ക്കുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല. …

മുജിബുര്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ നടന്ന മുക്തിബാഹിനി എന്ന പോരാട്ടമാണല്ലോ ബംഗ്ലാദേശിനെ സൃഷ്ടിച്ചത്. അതിനിടയില്‍ ഒരുപാട് മനുഷ്യ ജീവിതങ്ങള്‍ ഇങ്ങനെ അലഞ്ഞു നടന്ന് നരകിച്ച് അവസാനിച്ചു.. രാജ്യങ്ങള്‍ ഉണ്ടാവുമ്പോഴും ഇല്ലാതാവുമ്പോഴും ഭ്രാന്തു പിടിയ്ക്കുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ഒക്കെ ചെയ്യുന്ന ജീവിതങ്ങള്‍ ഒരു കണക്കിലും പെടാറില്ല.

വെട്ടിമാറ്റലുകളുടെ ബാക്കി പത്രങ്ങള്‍ മാത്രമാണവ.

മഞ്ജുവിന് ഇരട്ടക്കുട്ടികള്‍ പിറക്കട്ടെ ..

No comments: