Wednesday, October 21, 2020

എൻറെ കുഞ്ഞേ... സീതക്കുട്ടീ


 14/10/2020

എൻറെ കുഞ്ഞേ... സീതക്കുട്ടീ Sita Mary Thomas
Echmu Kuttyയുടെ 'ഇതെന്റെ രക്‌തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക'
ഈ പുസ്തകം ഇറങ്ങിയ അന്ന് മുതൽ എഴുതാനിരുന്നതാണിത്. ഒടുവിലിപ്പോൾ ഓഡിയോ പുസ്തകത്തോടൊപ്പം ചേർത്തു വെയ്ക്കാനായിരുന്നിരിക്കാം നിയോഗം.
എച്ച്മു. പണ്ടെന്നോ എല്ലാവരുടെയും (കുട്ടിയായ എന്റെയും) ഓർമ്മകളിൽ നിന്ന് ഓടിപ്പോയൊരാൾ. അല്ല 'ഒളിച്ചോടി'പ്പോയൊരാൾ. മുപ്പതു വർഷങ്ങൾ കഴിഞ്ഞ് എച്ച്മു എന്ന പേരിൽ തിരിച്ചു വന്ന് ഓർമ്മകുറിപ്പുകൾ എഴുതിത്തുടങ്ങിയപ്പോൾ കോളിളക്കങ്ങൾ ഒരുപാടുണ്ടായി.
പണ്ട്, ആ നാട്ടിലന്ന് അപൂർവ്വവസ്തുവായിരുന്ന ചുരിദാറിട്ട്, ആ വലിയ ഇഷ്ടികവീട്ടിൽ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന അവരെ കൺനിറയെ നോക്കി അദ്‌ഭുതത്തോടെ ഒരു കൊച്ചുസീത നിന്നിരുന്നു. പിന്നീടിപ്പോൾ അതിനേക്കാളേറെ അദ്‌ഭുതത്തോടെയാണ് അവരുടെ രണ്ടാം വരവും അതിനു ശേഷമുള്ള സംഭവങ്ങളും നോക്കി നിൽക്കുന്നത്.
അവർ ശാന്തമായി, നിർഭയമായി ഒരു കോണിലുരുന്ന് എഴുതി. എല്ലാവരും അവരെ മറന്നു തുടങ്ങിയിരുന്നെങ്കിലും അവർ ആരെയും മറന്നിരുന്നില്ല.അവരുടെ ഓർമ്മകൾക്ക് നല്ല തെളിച്ചമായിരുന്നു. ഒരുപാട് ആഴമുണ്ടായിരുന്നു ആ അമ്മയ്ക്കും കുഞ്ഞിനുമേറ്റ മുറിവുകൾക്ക്. എച്ച്മു തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ആ മുറിവുകളിൽ ലേപനമാവാൻ ആർക്കും സാധിക്കില്ല.
ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത്, കൃത്യമായ ഡീറ്റെയിലിങ്ങോടെ അവർ സോഷ്യൽ മീഡിയയുടെ താളുകളിൽ കുറിച്ചിട്ടു. അവരുടെ അനുഭവങ്ങളുടെ മൂർച്ചയിൽ പലർക്കും സാരമായി പരിക്ക് പറ്റി. ജനമനസ്സുകളിലെ ഒരുപാട് വിഗ്രഹങ്ങൾ ഉടഞ്ഞു. പലരും അലർച്ചയും ബഹളവും ഭീഷണിയുമായി പ്രതിഷേധം രേഖപ്പെടുത്തി. ഒരുപക്ഷെ ഇങ്ങനെയൊരു തുറന്നെഴുത്ത് അവരിൽ പലരും പണ്ട് സ്വപ്നം പോലും കണ്ടിരിക്കില്ല. അങ്ങനെയൊരു നേരിയ തോന്നലെങ്കിലും അന്നവർക്ക് ഉണ്ടായിരുന്നെങ്കിൽ ചിലരെങ്കിലും ചിലതെല്ലാം ചെയ്യാതിരുന്നേനെ. (അന്ന് എഴുതിയത്: shorturl.at/imLQ4)
എച്ച്മുവിന്റെ ഇന്റർവ്യൂകൾക്കായി മാധ്യമങ്ങൾ മത്സരിച്ചു. പല ചോദ്യങ്ങൾക്കും മുന്നിൽ എങ്ങനെയിത്ര സമചിത്തതയോടെ അവർ ഇരുന്നു എന്ന് അദ്‌ഭുതപ്പെട്ടു. അവർക്കു നേരെ വന്ന ഭീഷണികൾ അവരെ എങ്ങനെ ബാധിക്കും എന്നോർത്തെനിക്ക്‌ ആധി തോന്നി. കാരണം എന്റെ കുഞ്ഞോർമ്മയിലെ ചേച്ചി കലപില കൂട്ടി നടക്കാൻ മാത്രം അറിയാവുന്ന ഒരു സാധുജന്മമായിരുന്നു. ഒരു കുഞ്ഞ് അടയ്ക്കാകുരുവി. പക്ഷേ ദുരനുഭവങ്ങളുടെ അഗ്നിപരീക്ഷ തരണം ചെയ്തൊരാളുടെ മനോബലമാണ് ഞാൻ തീരെ കുറച്ചു കണ്ടത്. കൊടുങ്കാറ്റും പേമാരിയുമൊന്നും അവരെ തൊട്ടതേയില്ല. അവർ എന്നും ശാന്തതയോടെ, സ്ഥൈര്യത്തോടെ നില കൊണ്ടു.
ഇതൊരു പുസ്തകമായി മാറാനും കടമ്പകൾ ഏറെയുണ്ടായിരുന്നു. അത് കഴിഞ്ഞ് പുസ്തകപ്രകാശനച്ചടങ്ങ് സംഘടിപ്പിക്കാൻ പോലും പ്രതിബന്ധങ്ങൾ ധാരാളമുണ്ടായി. ഒടുവിൽ എല്ലാം തരണം ചെയ്ത് പുസ്തകം ഇറങ്ങുകയും പുസ്തകശാലകളിലെ ബെസ്റ്റ്സെല്ലർ പട്ടികകളിൽ ഇടം നേടുകയും ചെയ്തു. പക്ഷെ അപ്പോഴും പല പുസ്തകമേളകളിലെയും ചർച്ചകളിൽ അവർക്കൊരിരിപ്പിടം ഉണ്ടായില്ല. അതൊന്നും അവരെ ബാധിച്ചതേയില്ല. ഒരിക്കലും ബാധിക്കുകയുമില്ല. ഇതിനേക്കാൾ ഭീകരമായതെല്ലാം നേരിട്ടിട്ടുള്ളവളാണ്. അവളെയാണ് ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത്. ഇതൊക്കെ അസത്യമായിരിക്കുമെന്നും ഇങ്ങനെയൊന്നും നടക്കാൻ സാധ്യതയില്ലെന്നൊക്കെ ഇന്നും പറയുന്നവർക്കുള്ള മറുപടി ക്ളീഷേ ആയി മാറിയ ഈ വാചകം തന്നെയാണ്:
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം -നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്."
-ആടുജീവിതം, ബെന്യാമിൻ
അവർ ഇന്നിത് എഴുതിയില്ലായിരുന്നെങ്കിൽ അവരെ 'വീടു പണിയാൻ വന്ന ആർക്കിടെക്റ്റിന്റെ കൂടെ ഒളിച്ചോടിപ്പോയ ചീത്ത സ്ത്രീ' ആയി ഒരുപാട് പേർ എന്നും കരുതിപ്പോന്നേനെ. ഒരുപാട് വാതിലുകൾ, എന്റേതുൾപ്പടെ, അവരുടെ മുന്നിൽ എന്നും അടഞ്ഞു കിടന്നേനെ. അവരെയും വാവയെയും കട്ടോണ്ടു പോയ കണ്ണന് നല്ല ഇടി കൊടുക്കണം എന്നൊക്കെ കുട്ടിക്കാലത്ത് ഈ നരന്ത് പോലത്തെ ഞാൻ ഭയങ്കര തീരുമാനമൊക്കെ എടുത്തിരുന്നു. പക്ഷെ ഇന്നറിയാം, ചെറുതോ വലുതോ ആയ ഒരു പ്രഹരത്തിനും തകർക്കാനാവാത്തത്ര ഉറപ്പോടെയാണ് അദ്ദേഹം അവരെ രണ്ടുപേരെയും ചേർത്തു നിർത്തിയതെന്ന്. വളമായും ജലമായുമാണ് എന്നുമെന്നും കൂടെ നിൽക്കുന്നത് എന്ന്.
Storytel മലയാളം ൽ കേൾക്കാം ഈ പുസ്തകം:
https://www.storytel.com/.../1837146-Ithente...
[Storytel എന്ന ആപ്പ് App storeഇൽ (iPhone/iPad) നിന്നോ Google Play storeഇൽ (Android) നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. Subscription: Rs. 299/ month. Unlimited ആണ്. എത്ര പുസ്തകങ്ങൾ വേണമെങ്കിലും കേൾക്കാം.]
https://www.facebook.com/sitamarythomas/posts/3631290063583055

No comments: