Tuesday, October 20, 2020

എച്മുവിന്‍റെ പെണ്ണുങ്ങള്‍ – ഉയിര്‍പ്പിച്ചൈ മട്ടും…


നവമലയാളി 17/01/2016
                        


ശരവണന്‍റെ അച്ഛന്‍, കണ്ണന്‍റെ ജീവിതം എങ്ങനെയായിരുന്നു … ?

അതിങ്ങനെയായിരുന്നു. മദ്യപാനിയായ അച്ഛന്‍റെ എല്ലാ അക്രമങ്ങളും അടിയും തൊഴിയും ഭക്ഷണം ചവുട്ടി അരയ്ക്കലും തലപിടിച്ച് ചുമരിലിടിയ്ക്കലും കരണത്തടിയ്ക്കലും നിത്യവും സഹിച്ച് കണ്ണന്‍ വളര്‍ന്നു. തമിഴ് നാടിന്‍റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍.. പേത്തണ്ണി നിത്യം കുടിച്ചാല്‍ മനിതനുക്ക് ശരിയാന പേയ് പിടിയ്ക്കുമെന്ന് കണ്ണനറിയുമ്പോള്‍ അവന് പത്തു വയസ്സേയുള്ളൂ.കാരണം അന്നാണ് അമ്മ അവനെ വിട്ടിട്ട് പോയത്.. അമ്മ അച്ഛന്‍റെ അടി കൊണ്ടും പട്ടിണി കിടന്നും ഒരു മുഴു ഭ്രാന്തിയെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ലോകത്തേയ്ക്ക് പോകാന്‍ അവര്‍ ഒരു പുടവക്കഷണം മാത്രമേ ചെലവാക്കിയുള്ളൂ. കണ്ണന്‍ ‘അമ്മാ,അമ്മാ‘ എന്ന് നെഞ്ചു പൊട്ടി വിളിച്ചിട്ടും അമ്മ കണ്ണു തുറന്നില്ല.

കണ്ണന്‍ ഒരു അനാഥപ്പയലായി.. ഭാര്യ ഇല്ലാതായപ്പോഴും അവന്‍റെ അച്ഛന് മദ്യത്തെപ്പറ്റി മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. അയാള്‍ ഒരു മദ്യരോഗി ആയിക്കഴിഞ്ഞിരുന്നുവല്ലോ.

എത്രനാള്‍ തെണ്ടിത്തിന്നും കണ്ണന്‍? എത്രനാള്‍ ആള്‍ക്കാര്‍ അവനു വെറുതേ വല്ലതും കൊടുക്കും?എല്ലാറ്റിനും പരിധികളുണ്ടല്ലോ. അവന്‍ പതുക്കെപ്പതുക്കെ ജോലികള്‍ ചെയ്യാന്‍ ആരംഭിച്ചു…ചെറിയ തീറ്റക്കടകളില്‍ മലക്കറി നുറുക്കുക, ഗ്ലാസ് കഴുകുക, ഇല തുടയ്ക്കുക.. അരി അരയ്ക്കുക,അങ്ങനെ ചെയ്യാത്ത ജോലികളില്ല. ഒരു അനാഥപ്പയലിനു ചെയ്യാന്‍ പാടില്ലാത്ത ജോലിയെന്താണ് ഈ ഭൂമിയില്‍ ഉള്ളത്?

അങ്ങനെയിരിക്കെയാണ് തീറ്റക്കട നടത്തുന്ന പാട്ടിയുടെ കൊച്ചു മോളുടെ അഡ്ഡിയല്‍ കാണാതെ പോകുന്നത്…

ആ കൊഴന്തയ്ക്കൊപ്പം നേരം കിട്ടുമ്പോഴൊക്കെ വിളയാടാറുള്ളത് കണ്ണനാണ്. അവനല്ലാതെ ആരെടുത്തിരിക്കും അത്? അവനല്ലേ അനാഥ ദരിദ്രപ്പയല്‍? മോഷണവും ആര്‍ത്തിയുമൊക്കെ തമിഴ് നാട്ടിലെന്നല്ല, ഈ ഭൂമിയിലാകമാനം ദരിദ്രനും അനാഥനും മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതെ .. അപ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ …

ഗ്രാമീണരുടെ അടികൊണ്ട് പൊറുതി മുട്ടിയ കണ്ണന്‍ എല്ലാം സമ്മതിച്ചു… അഡ്ഡിയല്‍ എടുത്തു തരാമെന്ന് വാഗ്ദാനം ചെയ്ത് ഏതെല്ലാമോ ഗ്രാമവഴികളിലൂടെ ഓടിയ കണ്ണന്‍ എങ്ങനെയോ ഒരു ട്രെയിനില്‍ പൊത്തിപ്പിടിച്ചു കയറി..

ഏതോ കമ്പാര്‍ട്ട്മെന്‍റിന്‍റെ ഏതോ സീറ്റിനടിയില്‍ കിടന്ന് കിതപ്പടക്കിത്തളര്‍ന്നു തെരുവു പട്ടിയെപ്പോലെ കുഴഞ്ഞ, ആ പത്തു വയസ്സുകാരന്‍ ഉറങ്ങിപ്പോയി… ഗ്രാമീണര്‍ക്ക് ട്രെയിനിനൊപ്പം ഓടിയെത്താനായില്ല.

നാട്ടിന്‍ പുറം അങ്ങനെ നന്മകളാല്‍ സമൃദ്ധമൊന്നുമല്ല, അതൊക്കെ വല്ല നാടന്‍ പാട്ടിലും പഴഞ്ചൊല്ലിലും പറഞ്ഞു രസിക്കാമെന്നേയുള്ളൂ … സുഖമായി ജീവിച്ചവര്‍ക്ക് പറഞ്ഞുണ്ടാക്കാവുന്ന കഥയിലെ വരികളെന്ന് മാത്രമേയുള്ളൂ.

ആ ട്രെയിന്‍ ചെന്നു നിന്നത് ദില്ലി മഹാനഗരത്തിലായിരുന്നു.

ഞാന്‍ കണ്ണനെ കാണുമ്പോള്‍ കണ്ണന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ ഐ എ എസ് കാരുടെ കോളനികളില്‍ അടിച്ചു വാരാനും തുടയ്ക്കാനും റൊട്ടിയും സബ്ജിയുമുണ്ടാക്കാനും പോകും. കവിളത്തും പാദങ്ങളിലുമെല്ലാം മഞ്ഞള്‍ പൂശി, ശകലം മുല്ലപ്പൂവും ചൂടിയിരിക്കുമെങ്കിലും ആഹാര ദാരിദ്ര്യത്താല്‍ മെലിഞ്ഞ ഒരു സ്ത്രീയായിരുന്നു അവര്‍ . തണുപ്പ് കാലത്ത് അവര്‍ സ്വറ്ററുകള്‍ നിര്‍മ്മിച്ചു വിറ്റു. ചൂടുകാലത്ത് മണ്‍ കലത്തില്‍ പലതരം പച്ചിലകള്‍ അരച്ച് കലക്കി ഐസും ചേര്‍ത്ത് ദാഹശമനി ഉണ്ടാക്കി വിറ്റു. വടയും ദോശയും ചട്ണിയും സാമ്പാറും എന്നും എപ്പോഴും അവരുടെ പക്കല്‍ ലഭ്യമായിരുന്നു.

കണ്ണന്‍ തന്‍റെ അതിഭീകരമായ ബാല്യ കാലത്തെ വല്ലപ്പോഴുമൊക്കെ ഓര്‍മ്മിച്ചിരുന്നു..അതു പോലെ ദില്ലിയിലെ കഠിന ദുരിതകാലത്തെയും .. ഗുരുദ്വാരകളിലെ ലങ്കറുകളില്‍ ഭക്ഷണം കഴിച്ചിരുന്നതിനെ …ഒരു മുസ്ലിമായി അഭിനയിച്ച് നോമ്പ് തുറകളില്‍ ചെന്ന് കൂടുന്നതിനെ,കീറസ്സഞ്ചിയിലും പോക്കറ്റിലും ആഹാരം വാരി നിറച്ച് പിടിയ്ക്കപ്പെടുമ്പോള്‍ പ്രാണന്‍ പിടച്ച് ഓടി വല്ല പൈപ്പുകളിലും കേറി ഒളിച്ചിരിയ്ക്കുന്നതിനെ, എവിടെ സൌജന്യഭക്ഷണമുണ്ടെങ്കിലും അവിടെ ചെന്നു നിന്നിരുന്നതിനെ, റോഡുകളില്‍ അന്തിയുറങ്ങിയിരുന്നതിനെ.. സര്‍ദാര്‍ജിമാര്‍ തരുന്ന കമ്പിളിപ്പുതപ്പ് ഇരന്നു വാങ്ങിയിരുന്നതിനെ , പോലീസുകാര്‍ ശാരീരികമായും മാനസികമായും ദ്രോഹിച്ചിരുന്നതിനെ.. ഒരു സ്ത്രീയുടേ പിമ്പായതിനെ… സെപ്റ്റിക് ടാങ്കുകള്‍ വെടിപ്പാക്കുന്നതിനെ …ആ ദുരിതമൊക്കെ കേള്‍ക്കുമ്പോള്‍ നക്സലിസവും തീവ്രവാദവും തീര്‍ച്ചയായും ശരിയാണെന്നും പലരുടേയും തലകള്‍ വെട്ടുന്നത് ആവശ്യമാണെന്നും ഒക്കെ നമുക്ക് തോന്നിപ്പോകും..

ഒടുവില്‍ ഒരു പത്തിരുപത്തിരണ്ട് വയസ്സായപ്പോള്‍ കണ്ണന് ഒരു ജോലി കിട്ടി …സ്ഥിരം ജോലി.ഭാര്യയും മക്കളും അമേരിയ്ക്കയില്‍ താമസിക്കുന്ന ഒരു പാഴ്സി വൃദ്ധന്‍റെ കുക്കുദ്യോഗം.വൃദ്ധനാണെങ്കിലും പാഴ്സി അസാധാരണമായ, അപാരമായ കഴിവുകളുടെ ഉടമയായിരുന്നു.ഇന്ത്യയില്‍ കണ്‍സള്‍ട്ടന്‍സി എന്ന പ്രസ്ഥാനം ആരംഭിച്ചത് അദ്ദേഹമായിരുന്നു. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏകദേശം തൊണ്ണൂറ്റിനാലു വയസ്സില്‍ മരിയ്ക്കും വരെ ആ പ്രസ്ഥാനം അദ്ദേഹം വിജയകരമായി ലാഭകരമായി മുന്നോട്ട് കൊണ്ടു പോയി. ഇന്ത്യയിലെ പേരുകേട്ട പല കണ്‍സള്‍ട്ടന്‍റുമാരും അദ്ദേഹത്തിന്‍റെ അരുമ ശിഷ്യരാണ്.

കണ്ണന്‍ അവിടെ കുക്കു മാത്രമായിരുന്നില്ല.

ഫോട്ടോകോപ്പി എടുക്കുന്ന ആളായി… ബാങ്കില്‍ പോകുന്നവനായി… .. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവനായി.. ഇലക്ട്രിസിറ്റി ബില്ലും ഫോണ്‍ ബില്ലും അടയ്കുന്നവനായി… അവിടെ അടിച്ചു വാരിത്തുടച്ചിരുന്ന പാത്രങ്ങള്‍ കഴുകിയിരുന്ന അലമേലു എന്ന അനാഥപ്പെണ്ണിനു കണ്ണന്‍ എല്ലാമെല്ലായി…

കണ്ണനേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചിരുന്നവളായിരുന്നു അലമേലു.അതങ്ങനെയായിരിക്കുമല്ലോ. അക്കാവുടെ ഭര്‍ത്താവില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ അലമേലു പകല്‍ മുഴുവന്‍ പല വീടുകളില്‍ അടിച്ചു വാരി, പാത്രം കഴുകി. എന്നാലും രാത്രി അക്കാവുടെ വീട്ടില്‍ തന്നെ പോയി താമസിക്കാനേ അവള്‍ക്ക് പറ്റുമായിരുന്നുള്ളൂ. അപ്പോള്‍ അയാള്‍ അവളെ പലപ്പോഴും കീഴ്പ്പെടുത്തി. അക്കാവിനേയും മക്കളേയും ഓര്‍ത്ത് അലമേലു കണ്ണീരിലുരുകിത്തീര്‍ന്നു. അതുകൊണ്ടു തന്നെ അലമേലുവിന്‍റെയും കണ്ണന്‍റേയും കല്യാണത്തിനു ആ ഓഫീസിലെ ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഇരുവര്‍ക്കും വീട്ടുകാരുണ്ടായിരുന്നില്ല.

പാഴ്സി മുതലാളി കൈയയച്ചു സഹായിച്ചു.സമ്പന്നരുടെ ആ കോളനിയില്‍ മുതലാളിയുടെ ഔട്ട് ഹൌസില്‍ കണ്ണനും അലമേലുവിനും പാര്‍ക്കാന്‍ അദ്ദേഹം അനുമതി കൊടുത്തു.

ദില്ലിയിലെ അതിസമ്പന്നരുടെ ആ കോളനിയില്‍ ധനികരായ പെണ്ണുങ്ങള്‍ നടത്തുന്ന കിറ്റിപാര്‍ട്ടികള്‍ സുലഭമായിരുന്നു. കണ്ണനും ഭാര്യ അലമേലുവും കൂടി പാര്‍ട്ടികളുടെ പറ്റാവുന്നത്ര ഓര്‍ഡറുകള്‍ പിടിയ്ക്കും.. വിഭവങ്ങള്‍ ഉണ്ടാക്കി എത്തിയ്ക്കും..

ഏതുകാലത്തു കാണുമ്പോഴും തണുപ്പു കാലമായാലും ചൂടുകാലമായാലും കണ്ണന്‍റെ മുഖത്തും ഭാര്യയുടെ മുഖത്തും കഴുത്തിലുമെല്ലാം വലിയ വലിയ ചൂടുകുരുക്കള്‍ പൊന്തിയിരിക്കും.. സദാ എരിയുന്ന അടുപ്പിനരികേ നിന്നു നിന്ന് കിട്ടുന്ന സമ്പാദ്യമാണ്..

എപ്പോള്‍ വീട്ടില്‍ ചെന്നാലും കണ്ണന്‍ ദോശ ചുട്ടു തരും… വടയും ചട്ണിയും തരും..കുംഭകോണം ഡിഗിരിക്കാപ്പി തരും. അവരുണ്ടാക്കി വിളമ്പിയ ദോശയുടേയും വടയുടെയും വെറൈറ്റി റൈസിന്‍റെയും ഒന്നും സ്വാദ് മരിച്ചാലും എനിക്കോ അനിയത്തിക്കോ മറക്കാന്‍ കഴിയില്ല. അവിടെ കത്തിച്ചിരുന്ന ചന്ദനത്തിരിയുടെ സുഗന്ധം, പുള്ളൈയാര്‍ സ്വാമിയുടെയും കാര്‍ത്തികേയന്‍റെയും വിഗ്രഹം… മുല്ലമാലയുടെയും ജമന്തിപ്പൂക്കളുടേയും പുതുമ സാമ്പാറിന്‍റെ രുചികരമായ സ്വാദ്… ഡിഗിരിക്കാപ്പിയുടെ നറുമണം..

ഒരേയൊരു മകനായ ശരവണനെ നന്നായി പഠിപ്പിക്കുക …കണ്‍സള്‍ട്ടന്‍റുമാരുടെ ഇംഗ്ലീഷും അവരുടെ ഗമയും പരിഷ്ക്കരിച്ച വിലയേറിയ കുപ്പായങ്ങളും ബൈക്കുകളും കാറുകളും എല്ലാം കണ്ണനെ ആത്മാര്‍ഥമായും കൊതിപ്പിച്ചിരുന്നു. ശരവണന്‍ അങ്ങനെ ആയിത്തീരണം എന്നതായിരുന്നു ആ ദമ്പതിമാരുടെ ഒരേ ഒരു കനവ്.

മകന്‍ മിടുക്കനായി പഠിച്ചു,.. അവനു തമിഴന്‍റെ ഇംഗ്ലീഷോ ഹിന്ദിയോ ഭാഷാച്ചുവകള്‍ ഉണ്ടായിരുന്നില്ല. അവന്‍ ഒരു തനി വടക്കേ ഇന്ത്യക്കാരന്‍ യുവാവായി തന്നെ വളര്‍ന്നു.

ദില്ലി എന്‍ജിനീയറിംഗ് കോളേജില്‍ അവനു സീറ്റ് കിട്ടിയ ദിവസം കണ്ണന്‍ സമനില തെറ്റിയവനെപ്പോലെ കാണുന്നവരുടെ മുന്നിലെല്ലാം പൊട്ടിക്കരഞ്ഞു.അലമേലു എന്ന അമ്മ കരഞ്ഞില്ല. ‘ പഠിച്ചു വരട്ടും അഴഹാ … ‘ എന്ന് മാത്രം പറഞ്ഞ് അവര്‍ ഒരു സ്ഥിതപ്രജ്ഞയെപ്പോലിരുന്നു. എന്‍റെ അനിയത്തിയോട് അവള്‍ ജോലി ചെയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ശരവണനെ ജോലിയ്ക്കെടുക്കണമെന്ന് അലമേലു മുന്‍കൂര്‍ വാഗ്ദാനം മേടിച്ചു.

അവന്‍ മിടുക്കനായിരുന്നു പഠിയ്ക്കാന്‍… കാണാനും കോമളനായിരുന്നു. അല്‍പം ഇരുണ്ട നിറത്തില്‍ അവനൊരു സുന്ദരനായ ശ്രീകൃഷ്ണവിഗ്രഹത്തിന്‍റെ ആകര്‍ഷണീയതയുണ്ടായിരുന്നു.അവന്‍ മധുരമധുരമായി തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. തെറ്റില്ലാത്ത ഉച്ചാരണത്തോടെ ഹിന്ദി ഗാനങ്ങള്‍ പാടി. ആര്‍ കെ പുരത്തെ മലൈയ് മന്ദിറില്‍ ഭക്തിയോടെ പ്രാര്‍ഥനകള്‍ ഉരുവിട്ടു.

നന്നായി പഠിച്ചിരുന്ന ശരവണന്‍റെ ജീവിതത്തിലേയ്ക്ക് അതിസുന്ദരിയായ ഒരു പഞ്ചാബിത്തരുണി കടന്നു വന്നത് കോളേജില്‍ പഠിയ്കുമ്പോഴാണ്. അവള്‍ വെളുത്തു ചുവന്ന മിടുമിടുക്കിയായിരുന്നു.ഇംഗ്ലീഷില്‍ അനര്‍ഗളമായി അവള്‍ സംസാരിച്ചു. അവളുടെ ഷാമ്പൂ തേച്ച് ഉലര്‍ന്ന മുടിയുടെ മോഹിപ്പിക്കുന്ന സുഗന്ധം ശരവണനെ മത്തു പിടിപ്പിക്കാതിരുന്നില്ല. ബദാംഹല്‍വയും പഞ്ചാബി പുലാവുമെല്ലാം അവള്‍ അവനെക്കൊണ്ട് കഴിപ്പിച്ചു. കര്‍വാ ചൌത്തും ഭായിദൂജും ലോഡിയുമെല്ലാം അവനു പരിചയമായി..

കാര്യങ്ങള്‍ അങ്ങനെ തന്നെയാണ് നീങ്ങിയത്.

അവര്‍ അഗാധമായ പ്രണയത്തിലായി. വിവരങ്ങളറിഞ്ഞ കണ്ണന്‍ ശരിയ്ക്കും ഭയന്ന് വിറച്ച് പോയി. പഞ്ചാബികളെന്നാല്‍ മഹാ ഭയങ്കരന്മാരാണെന്ന ധാരണയും വിശ്വാസവും ആ അച്ഛനുണ്ടായിരുന്നു. ‘ വേണ്ടപ്പനേ, നമുക്ക് ഇതെല്ലാം ശരി വരാത്…’ എന്നദ്ദേഹം പലപാട് പറഞ്ഞു … ചിലപ്പോള്‍ കോപാകുലനായി പിന്നെയും ചിലപ്പോള്‍ സങ്കടപ്പെട്ടു.

ശരവണന്‍ കുലുങ്ങിയില്ല. പൂനത്തിനപ്പുറം ഈ ഭൂമിയിലൊന്നുമില്ല എന്ന് അവന്‍ ഉറച്ചു നിന്നു.

പൂനത്തിന്‍റെ വീട്ടുകാര്‍ക്ക് സഹിയ്ക്കാനാവുന്ന കാര്യമായിരുന്നില്ല. എങ്കിലും ഒരേയൊരു മകള്‍…മകളുടെ ഇഷ്ടം എന്ന നിലയില്‍ തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുക എന്ന നിയമപ്രകാരം അവര്‍ ഒടുവില്‍ അതിനു വഴങ്ങി.

നല്ല നിലയില്‍ വിവാഹനിശ്ചയം നടന്നു. കണ്ണന്‍റെയും അലമേലുവിന്‍റെയും കണ്ണുകളില്‍ സന്തോഷവും പരിഭ്രമവും ഭയവും ഉല്‍ക്കണ്ഠയും എല്ലാം ചേര്‍ന്ന സമ്മിശ്ര വികാരങ്ങളാണുണ്ടായിരുന്നത്. ശരവണന്‍റെ ഭാവി വധുവായ പൂനം ഒരു അപ്സരകന്യകയെപ്പോലെ മനോഹരവസ്ത്രങ്ങളില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. അവളില്‍ ലജ്ജയും പ്രേമവുമല്ലാതെ, അഹങ്കാരമോ ധാര്‍ഷ്ട്യമോ പുച്ഛമോ ഒന്നും ലേശം പോലും കാണാനുണ്ടായിരുന്നില്ല.

ഞാനും അനിയത്തിയും കണ്ണന്‍റെ ഭാര്യയെ സമാധാനിപ്പിച്ചു. ‘ പൂനം നല്ല മാട്ടുപൊണ്ണായിരുപ്പള്‍ … കവലപ്പെടാതുങ്കോ ‘

അതു കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ശരവണനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ കുറ്റമൊന്നുമായിരുന്നില്ല. പൂനത്തിനെ ബലാല്‍സംഗം ചെയ്തുവെന്ന് അവള്‍ നല്‍കിയ പരാതിയുടെ പേരിലാണ് പോലീസ് ശരവണനെ അറസ്റ്റ് ചെയ്തത്.

കണ്ണന്‍ തകര്‍ന്നു പോയി.. അവനങ്ങനെ ചെയ്യില്ല എന്ന് കരുതുമ്പോഴും ചെയ്തിരിക്കുമോ എന്ന സംശയം കണ്ണനെ അലട്ടി.

അലമേലുവിനു സ്വബോധം നഷ്ടപ്പെട്ടുവോ എന്ന് എല്ലാവരും ഭയന്നു. അത്രമാത്രം സങ്കടമായിരുന്നു അവര്‍ക്ക്. മകനില്‍ താനൊരിയ്ക്കലും അറിയാതിരുന്ന ഒരു മൃഗമുറങ്ങിയിരുന്നുവോ എന്നോര്‍ക്കുമ്പോഴൊക്കെ അലമേലു കക്ക നീറും പോലെ ആവിയില്‍ വെന്തു .

പൂനം ഇങ്ങനെ ഒരു കള്ളം പറയേണ്ട കാര്യമില്ലല്ലോ എന്ന് അവര്‍ വിലപിച്ചു. ശരവണന്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും അവര്‍ ഒപ്പം വിലപിയ്ക്കാതിരുന്നില്ല.

ശരിയാണ്. ഒരമ്മയ്ക്ക് മക്കള്‍ എന്നും കൈയില്‍ കിടന്നു കളിച്ചവരാണ്. മുല കുടിച്ചവരാണ്. ഒരു തുണിയുമുടുക്കാതെ മലര്‍ന്നു കിടന്നുറങ്ങിയവരാണ്. മൂത്രത്തിലും അപ്പിയിലും നിന്ന് അവരെ കോരിയെടുത്ത് കഴുകിച്ച് തുടച്ച് പൌഡറിട്ട് ആയിരം ഉമ്മകള്‍ കൊടുത്ത് കാക്കേ പൂച്ചേ എന്ന് പറഞ്ഞ് മാമു കൊടുത്തവരാണ്. മക്കളുടെ മംഗിണിയിലും ചന്തിയിലും തെരുതെരെ ഉമ്മവെയ്ക്കാത്ത ഒരമ്മയും ഈ ഭൂമുഖത്തുണ്ടാവില്ല. മക്കളുടെ മംഗിണിയില്‍ ചൊറിയന്‍ പുഴു കടിച്ചതും ട്രൌസറിന്‍റെ സിബ്ബ് കുടുങ്ങിയതും ക്രീം പുരട്ടി ഊതി ഉമ്മവെച്ചതും എല്ലാം അമ്മമാരുടെ മനസ്സിലുണ്ടാകും. അവരെ നെഞ്ചത്ത് കമിഴ്ത്തിക്കിടത്തി ചന്തിയില്‍ തട്ടി ഉറക്കാത്ത ഒരു ദിവസം പോലും അമ്മമാര്‍ക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അവരെ ഇരു കൈയിലും കോരിയെടുത്ത് മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ആ ചോരിവായില്‍ നിന്നു വഴിയുന്ന തുപ്പല്‍ തേന്‍ പോലെ ആസ്വദിക്കുന്നവരാണ് അമ്മമാര്‍. മക്കളുടെ പ്രൈവറ്റ് പാര്‍ട്സ് എന്ന സ്വകാര്യഭാഗങ്ങള്‍ മറ്റൊരാളെ വേദനിപ്പിക്കാന്‍ പ്രാപ്തമാകും എന്നൊക്കെ ഒരമ്മയുടെ തലയില്‍ വളരെ പതുക്കെ മാത്രമേ രേഖപ്പെടുകയുള്ളൂ. കാരണം അമ്മയാവുന്നത് അങ്ങനെ ഒരു പതിനായിരക്കണക്കിനു ശാരീരികവും മാനസികവും ആത്മീയവുമായ പ്രക്രിയകളിലൂടെയാണ്.തന്നില്‍ നിന്ന് വേര്‍പെട്ട ഒരു ശരീരമാണ് തന്‍റെ കുഞ്ഞ് എന്ന ബോധത്തിലേയ്ക്ക് ഒരമ്മ വളരുന്നത് അനവധി അനവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അലമേലുവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

പോലീസ് കണ്ണന്‍റെ കൈയിലുണ്ടായിരുന്ന പണമെല്ലാം പിഴിഞ്ഞു രക്തമൂറ്റിക്കുടിച്ചു. ശരവണനെ കേടുപാടുകള്‍ ഇല്ലാതെ പുറത്തിറക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം പൂനം പരാതി പിന്‍വലിക്കാന്‍ തയാറായിരുന്നില്ല.

അവര്‍ക്കിടയില്‍ എന്തു സംഭവിച്ചു എന്ന് കണ്ണനോ അലമേലുവിനോ മനസ്സിലായില്ല. എങ്കിലും അവസാന പരിശ്രമമെന്ന നിലയില്‍ അലമേലു എന്ന അമ്മ പൂനത്തിനെ കാണാന്‍ പോയി.താണു വീണു കേണപേക്ഷിച്ചിട്ടേ അവര്‍ക്ക് അവളെ കാണാനായുള്ളൂ.

അവളും തകര്‍ന്നു പോയിരുന്നുവെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. അവര്‍ക്ക് അധികമൊന്നും അവളോട് അപേക്ഷിക്കാനുണ്ടായിരുന്നില്ല. അവളുടെ മുന്നില്‍ മുട്ടുകാലില്‍ നിന്ന് മകന്‍റെ ‘ ഉയിര്‍ പിച്ചൈ‘ മാത്രം അവര്‍ ചോദിച്ചു.

അവളും പൊട്ടിക്കരഞ്ഞു പോയി.

അതുവരെയുള്ള അവരുടെ എല്ലാ സമ്പാദ്യവും ആ പെണ്‍കുട്ടിയ്ക്ക് കാഴ്ചവെച്ച് കണ്ണനും അലമേലുവും എന്നേയ്ക്കുമായി ദില്ലി വിട്ടു.

ഇന്നവര്‍ തമിഴ് നാട്ടിലാണ്. ആരുമറിയാത്ത ഒരു ഇടത്ത് ദോശയും വടയും പൊങ്കലും ഉണ്ടാക്കി വിറ്റ് ഒരു കുടിലില്‍ അന്തിയുറങ്ങുന്നു. പരസ്പരം മുഖത്തോടു മുഖം നോക്കാതെ ഒരക്ഷരം തമ്മില്‍ ഉരിയാടാതെ… കണ്ണന്‍ ഇപ്പോള്‍ നിത്യവും പേത്തണ്ണി ശാപ്പിടുന്നുണ്ട്. അലമേലുവിനും ശാപ്പിടണമെന്നുണ്ട്. ചിലപ്പോള്‍ വൈകാതെ അലമേലുവും ശാപ്പിട്ടു തുടങ്ങുമായിരിക്കും.

ശരവണനും എവിടേയോ ജോലി ചെയ്യുന്നുണ്ട്.

No comments: