Sunday, June 10, 2018

തീയില്‍ പൊള്ളിയുയരുന്ന ചില ജീവിതമുദ്രകള്‍

         (15-11-2015 ലെ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)

മോഷണം  മഹാമോശമാണ്. എല്ലാ മാതാപിതാക്കളും സ്വന്തം കുട്ടികളോട് എപ്പോഴും പറഞ്ഞുകൊടുക്കുന്നതും ഏതൊരു സാഹചര്യത്തിലും ഒരിക്കലും മോഷ്ടിക്കരുതെന്നാണ്. എങ്കിലും മനുഷ്യര്‍ പലരും പലപ്പോഴും മോഷ്ടിച്ചു പോകുന്നു. ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നുണ്ടല്ലോ, പാപം ചെയ്യരുതെന്ന് അറിയാമെങ്കിലും ചെയ്യാനിഷ്ടമില്ലെങ്കിലും ആരോ നിര്‍ബന്ധിച്ചിട്ടെന്നപോലെ മനുഷ്യന്‍ പാപം  ചെയ്തുപോകുന്നതെന്തുകൊണ്ടെന്ന്...

'അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ
അനിച്ഛന്നപി വാര്‍ഷ്‌ണേയാ ബലാദിവാ നിയോജിതാ'


അമ്മീമ്മ, ജായ്ക്കാള്‍ എന്ന്  വിളിക്കുന്ന അമ്മീമ്മയുടെ ഏറ്റവും മൂത്ത ജ്യേഷ്ഠത്തിയായിരുന്ന ജാനകിയമ്മാള്‍ ചെയ്ത ഒരു മോഷണത്തെപ്പറ്റി ഓര്‍ക്കുമ്പോഴാണ് ഞാന്‍ ഗീതാശ്ലോകത്തെ നിനച്ചു പോയത്.

അമ്മീമ്മയും അമ്മയും പറഞ്ഞു കേള്‍പ്പിച്ച പരിചയമേ എനിക്കവരുമായിട്ടുള്ളൂ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാനവരെ കണ്ടിട്ടുമുള്ളൂ. അതും അമ്പലത്തിലെ ഉത്സവപ്പറമ്പില്‍. സിമന്റ് നിറത്തില്‍ ചുവന്ന കസവില്‍ വെട്ടിത്തിളങ്ങുന്ന കോശാപ്പുടവ ധരിച്ചിരുന്ന അവര്‍ക്ക് അമ്മീമ്മ ഞങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത്  ഒരു പുഞ്ചിരി പോലും തെളിഞ്ഞില്ല. കുട്ടികളായ ഞങ്ങളുടെ താടിക്ക്  ഒന്നു പിടിക്കുകയോ കവിളിലൊരുമ്മ തരികയോ ചെയ്തില്ല. അഞ്ചെട്ട് വയസ്സുണ്ടാവണം ഞങ്ങള്‍ക്കപ്പോള്‍. അമ്മീമ്മയോട്  അല്‍പനേരം സംസാരിച്ചിട്ട് അമ്പലത്തിനടുത്തുള്ള സ്വന്തം മകളുടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് അവര്‍ നെടുംകുത്തനെ നടന്നുപോയി. അമ്മീമ്മ നീര്‍വഴിയുന്ന മിഴികളോടെ സ്വന്തം ചേച്ചിയെ നോക്കി ഏറെനേരം നിന്നു. തീര്‍ത്തും നിസ്സഹായമായ ആ നില്‍പ്പിനേയും പശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്ന ആ പഞ്ചവാദ്യത്തേയും തണുപ്പൂറുന്ന ആ ധനുമാസസന്ധ്യയേയും ഞാനിന്നും മറന്നിട്ടില്ല.

അവര്‍ ഞങ്ങളെ തൊടാത്തതിലും കൊഞ്ചിക്കാത്തതിലും അന്നും ഞങ്ങള്‍ക്ക് സങ്കടമൊന്നുമുണ്ടായില്ല. ഞങ്ങള്‍ ബന്ധുക്കളില്ലാത്തവരും അങ്ങനെ കൊഞ്ചിക്കപ്പെടാന്‍ യോഗ്യതയുള്ളവരുമല്ലെന്ന് കുട്ടികളാണെങ്കിലും അതിനോടകം ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നുവല്ലോ.


അവരുടെ പാചക നൈപുണ്യത്തേയും ഗൃഹഭരണകൌശല്യത്തേയും പറ്റി അമ്മീമ്മയ്ക്കും അമ്മയ്ക്കും ഒത്തിരി പുകഴ്ത്തിപ്പറയാനുണ്ടായിരുന്നു. അവരുണ്ടാക്കുന്ന അച്ചാറുകളേയും മധുരപലഹാരങ്ങളേയും കുറിച്ചൊക്കെ ഞങ്ങള്‍ ധാരാളം കേട്ടറിഞ്ഞിട്ടുണ്ട്. അവര്‍ സമ്മാനിച്ച വെണ്ണനിറവും നീലക്കരയുമുള്ള ഒരു പട്ടുസാരിയെപ്പറ്റിയും അതിന്റെ സൌന്ദര്യത്തേപ്പറ്റിയും അമ്മീമ്മ എപ്പോഴും പറയുമായിരുന്നു. സ്വന്തം അപ്പാവിന്റെ മഠത്തില്‍ നിന്ന് പൊടുന്നനെ ഒരുദിവസം പുറത്താക്കപ്പെട്ടതുകൊണ്ട് ആ സാരിയൊക്കെ അമ്മീമ്മയ്ക്ക് നഷ്ടമായിപ്പോയിരുന്നുവല്ലോ. നഷ്ടങ്ങളൊക്കെയും ഏറ്റവും പ്രിയതരമാക്കുന്നതാണല്ലോ മനുഷ്യമനസ്സിന്റെ ഒരു സ്വഭാവം. എങ്കിലും അമ്മീമ്മ അങ്ങനെ വിലപിച്ചിരുന്നൊന്നുമില്ല ഒരുകാലത്തും. അതുകൊണ്ട് തന്നെ വളരെ അപൂര്‍വമായി അവരുടെ മിഴികളില്‍ നീര്‍ നിറയുമ്പോള്‍ കരള്‍ പറിയുന്ന വേദന ഞങ്ങള്‍ക്ക് എക്കാലവും അനുഭവപ്പെട്ടുകൊണ്ടിരുന്നു.


1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂനയബില്ല് പാസ്സാക്കുമെന്നോ അത് നടപ്പിലാകുമെന്നോ തമിഴ് ബ്രാഹ്മണ ജന്മിമാരില്‍ അധികംപേരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതിലും അധികം വേഗത്തില്‍ അവതാളമാകുമെന്ന് മനസ്സിലാക്കിയ ചിലരൊക്കെ സ്വന്തം സ്വത്തുക്കള്‍ കുടിയാന്മാര്‍ക്ക് കുറച്ചെന്തെങ്കിലുമൊക്കെ കൊടുത്ത് ഭംഗിയായി ഒഴിപ്പിച്ചു വില്‍ക്കുകയും കാശാക്കി മാറ്റുകയും മറ്റും ചെയ്തു. അമ്മീമ്മയുടെ നഗരനിവാസികളായ സഹോദരന്മാര്‍ക്ക് അക്കാലം ഗ്രാമത്തോട് സ്‌നേഹമോ അടുപ്പമോ ഉണ്ടായിരുന്നില്ല. അവര്‍ കടുത്ത പരിഷ്‌ക്കാരികളെന്ന് സ്വയം ഭാവിച്ചിരുന്ന നാഗരികരായിരുന്നു. കേരളമെന്ന കോണകം പോലത്തെ അതീവ അപരിഷ്‌കൃതമായ ഈ ഭൂമിയിടത്തില്‍ വലിയ മാറ്റങ്ങളുടേതായ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന പ്രതീക്ഷ പോലും അവരില്‍ ഇല്ലായിരുന്നു. പിന്നെ അപ്പാവിന്റെ സ്വത്തുക്കളെക്കുറിച്ചോ അത് സമ്പാദിക്കാന്‍ അദ്ദേഹം ചെയ്ത കഠിനാദ്ധ്വാനത്തെക്കുറിച്ചോ അവര്‍ക്ക് അങ്ങനെ ബഹുമാനമോ കരുതലോ ഒന്നുമില്ലായിരുന്നുതാനും.

നിയമം അങ്ങനെ പാസ്സായെങ്കിലും കുറെക്കാലത്തേക്ക്, അതായത് അമ്മീമ്മയുടെ അപ്പാ മരിച്ച് അമ്മീമ്മയുടെ അമ്മയെ തല മുണ്ഡനം ചെയ്യിച്ച് ഗോതമ്പ് നിറമുള്ള കോശാപ്പുടവയും ചുറ്റിച്ച്  മുതിര്‍ന്ന ആണ്‍മക്കള്‍ തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ മഹാനഗരങ്ങളിലേക്ക് കൊണ്ടുപോകും വരെ കുടിയാന്മാര്‍ കൃത്യമായി പാട്ടം അളന്നിരുന്നു. അതാണ് യഥാര്‍ഥത്തില്‍ അമ്മീമ്മയുടെ അമ്മ സ്വന്തം ആണ്മക്കളാല്‍ നാടു കടത്തപ്പെടാനുള്ള കാരണമായി മാറിയത്. അമ്മയുടെ കൈയില്‍ നെല്ലും മറ്റ് വിളവുകളും വന്നുചേര്‍ന്നാല്‍ അമ്മ അത് പെണ്‍മക്കള്‍ക്ക് കൈമാറുമോ എന്ന ഉത്ക്കണ്ഠയും അമ്മീമ്മയും എന്റെ അമ്മയും സ്വന്തം അമ്മയുമായി ബന്ധപ്പെടുമോ എന്ന ആധിയും അതൊരിക്കലും സംഭവിക്കരുതെന്ന വാശിയും ആണ്‍മക്കള്‍ക്കുണ്ടായിരുന്നു. അപ്പാവിന്റെ മരണശേഷം തറവാട്ടുമഠത്തില്‍ സ്വയം അധികാരിയായി താമസമാക്കിയ അമ്മീമ്മയുടെ ഒരു സഹോദരന്‍ കരുതിയത് മണ്ടരായ കുടിയാന്മാരിനിയും ഇങ്ങനെ പാട്ടം തരുമെന്ന് തന്നെയായിരുന്നു. എന്നാല്‍ അമ്മീമ്മയുടെ അമ്മയെ മഠത്തില്‍നിന്നു കൊണ്ടുപോയതോടെ പാട്ടവരവ് എന്നേയ്ക്കുമായി നിലച്ചു. കുടിയാന്മാര്‍ പിന്നെ ഒരുമണി നെല്ലു പോലും കൊടുക്കാന്‍ തയാറായില്ല. പെണ്‍മക്കളുമായി അമ്മ ഒരിയ്ക്കലും ബന്ധപ്പെടരുതെന്ന് കരുതിയാണ് അമ്മീമ്മയുടെ അമ്മയെ ആണ്മക്കള്‍ വന്‍നഗരങ്ങളില്‍ നിന്ന് വന്‍നഗരങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരുന്നത്. അമ്മീമ്മയുടെ വൃദ്ധയായ അമ്മ തന്റെ ബാക്കിജീവിതം ഇന്ത്യയിലെ കോസ്‌മോപോളിറ്റന്‍ നഗരങ്ങളില്‍, വിവിധ ഫ്‌ലാറ്റുകളിലായി അനുഭവിച്ചുതീര്‍ത്തു.
 

അമ്മീമ്മയുടെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ഭാഗംവെച്ചു കിട്ടിയ പണം സ്വന്തം ആണ്‍മക്കള്‍ക്കായി മാത്രം ചെലവഴിച്ച കുറ്റബോധം അമ്മീമ്മയുടെ അപ്പാവിനു സ്വന്തം ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ വല്ലാതെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്തതിനു ശേഷം. അതുകൊണ്ട് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച ആ പണത്തിന്റെ ഇരട്ടിത്തുക അദ്ദേഹം അമ്മീമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതറിയാനിടയായ സഹോദരന്മാര്‍ അമ്മീമ്മയോട് വളരെ ക്രൂരമായി, ശാരീരികമായിത്തന്നെ കലഹിക്കുകയും ചെക്ക് ഒപ്പിട്ട് വാങ്ങി ആ പണം എടുക്കുകയും ചെയ്തു. അതിനുശേഷമാണ് തറവാട്ടില്‍ താമസമാക്കിയ സഹോദരന്‍ അമ്മീമ്മയെ കഴുത്തിനുപിടിച്ചു തള്ളി വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്.

അപ്പോള്‍ ജായ്ക്കാളും അമ്മീമ്മയുടെ അമ്മയും അനുജത്തിയുമൊക്കെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ക്ക് അമ്മ, മൂത്തചേച്ചി, അപ്പച്ചി, അനുജത്തി എന്നൊക്കെയുള്ള ചില വിളിപ്പേരുകള്‍ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും അങ്ങനെ വലിയ സ്ഥാനമോ അധികാരമോ ഇല്ലെന്നത് കലഹമുള്ള കുടുംബങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന, അതുകൊണ്ടു തന്നെ സ്വര്‍ഗീയമായ കുടുംബബന്ധങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത പരമസത്യങ്ങളില്‍ ഒന്നാണല്ലോ. പിന്നീട് അമ്മീമ്മയുടെ ജാതകം, അവര്‍ വീട്ടില്‍ ധരിച്ചിരുന്ന ഉടുപുടവകള്‍, ദശവര്‍ഷക്കാലത്തെ തുച്ഛശമ്പളമുപയോഗിച്ച് അവരുണ്ടാക്കിയ സ്വന്തം പുസ്തകശേഖരം, അവരെഴുതിയ കുറിപ്പുകള്‍, അവരുടെ സ്വത്തുവിവരങ്ങളുടെ രേഖകള്‍, കൌതുക വസ്തുക്കള്‍, കുപ്പിവളകള്‍... അങ്ങനെ അമ്മീമ്മയുടെ സ്പര്‍ശമേറ്റ എല്ലാം ചുട്ടെരിക്കപ്പെട്ടു. മനുഷ്യരിലെ ചില കാടത്തങ്ങള്‍ ബ്രാഹ്മണരായി ജനിച്ചതുകൊണ്ടോ യജ്ഞോപവീതം ധരിച്ചതുകൊണ്ടോ വലിയ പദവിയുള്ള ഉദ്യോഗങ്ങള്‍ വഹിച്ചതുകൊണ്ടോ മാഞ്ഞുപോവുകയില്ലെന്ന് ആ സഹോദരന്മാര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.


അപ്പോഴാണ് അമ്മീമ്മയുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും ടി ടി സി സര്‍ട്ടിഫിക്കറ്റും ജായ്ക്കാള്‍ മോഷ്ടിച്ചത്. കണ്ണിരിയ്ക്കുമ്പോള്‍ കൃഷ്ണമണി കക്കുന്ന ഒരു പരിചയസമ്പന്നയായ മോഷ്ടാവിന്റെ കൈയടക്കത്തോടെയായിരുന്നു തീയീടാന്‍ കൂട്ടിയിട്ട സാധനങ്ങളില്‍ നിന്ന് അത് രണ്ടും അവര്‍ അടിച്ചുമാറ്റിയത്. എന്നിട്ട് കോശാപ്പുടവയുടെ മടിശ്ശാറില്‍ (മടിത്താര്‍) അതും തിരുകി അവര്‍ സ്വന്തം മകളുടെ ഭര്‍തൃഗൃഹത്തിലേക്ക് പോയി. മകളുടെ ഭര്‍തൃമാതാവിനെ ഈ കടലാസ്സുകള്‍ ഏല്‍പ്പിച്ച് എല്ലാ വിവരവും അവര്‍ തുറന്നുപറഞ്ഞു. ജാതകവും സ്വത്തുവകകളുടെ രേഖകളും അമ്മീമ്മയുടെ പുസ്തകങ്ങളും രക്ഷപെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും മിഴിയടുപ്പുകളില്‍ തിളച്ചുതൂവുന്ന കണ്ണീരോടെ അവര്‍ അറിയിക്കാതിരുന്നില്ല. 

വക്കീലും ചാര്‍ട്ടേഡ് അക്കൌണ്ടന്റും ജേര്‍ണലിസ്റ്റും ഫിനാന്‍സ് ഓഫീസറും മറ്റുമായ സഹോദരന്‍മാര്‍ അത്ര മണ്ടന്മാരൊന്നും ആവാന്‍ സാധ്യതയില്ലല്ലോ. ഒന്നു രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ജായ്ക്കാള്‍ പെട്ടെന്ന് അപ്രത്യക്ഷയായതും ഒന്നിലും ഒരു ബന്ധവുമില്ലാത്തവളെന്നപോലെ ഉദാസീനയായിരിക്കുന്നതും സഹോദരന്മാരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. എന്തായാലും ആ സര്‍ട്ടിഫിക്കറ്റുകള്‍ അവരുദ്ദേശിച്ചതുപോലെ എരിഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സഹോദരന്‍മാര്‍ക്ക് അധികം വൈകാതെ സാധിച്ചു. കോപംകൊണ്ട് മതിമറന്നു പോയ അവര്‍ ജായ്ക്കാളെ എങ്ങനെ ശിക്ഷിക്കണമെന്നറിയാതെ പുകഞ്ഞു.

ആ മഠത്തിലെ പത്തുമക്കളില്‍ മൂത്തവളായിരുന്നു ജായ്ക്കാള്‍. ആ തൊടിയിലും മുറ്റത്തും ആദ്യം പിച്ചവെച്ചവള്‍, ഓടിക്കളിച്ചു വളര്‍ന്നവള്‍. അവര്‍ക്ക് ശേഷമാണ് ബാക്കിയെല്ലാവരും ആ മഠത്തിന്റെ അവകാശികളാകുന്നത്. അമ്മയെപ്പോലെ ബഹുമാന്യയാകേണ്ട മുതിര്‍ന്ന ചേച്ചി. എല്ലാവര്‍ക്കും വാല്‍സല്യവും സ്‌നേഹവും അനവധി മധുരപലഹാരങ്ങളായും വിവിധതരം ശുശ്രൂഷകളായും വിളമ്പിയവള്‍. പക്ഷെ, ധനാര്‍ത്തിയും ജാതിലിംഗചിന്തകളും കൊണ്ട് ആന്ധ്യം ബാധിക്കുന്നതില്‍ പരസ്പരം മല്‍സരിക്കുകയായിരുന്ന സഹോദരന്മാര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ജായ്ക്കാളേയും ആ മഠത്തില്‍നിന്ന് അമ്മീമ്മയെ പുറത്താക്കിയതു പോലെ കഴുത്തു പിടിച്ചുന്തി വെളിയിലിറക്കിവിട്ടു.


പത്തുമക്കളെ പ്രസവിച്ച അമ്മീമ്മയുടെ അമ്മ... ആ വയര്‍, ആ മുലകള്‍, ആ നെഞ്ച് എല്ലാം പൊട്ടിപ്പിളര്‍ന്നിട്ടുണ്ടാവില്ലേ... പിന്നീടുള്ള ജീവിതകാലമത്രയും സ്വന്തം ആണ്മക്കള്‍ക്കൊപ്പം മാത്രം ജീവിക്കേണ്ടിവന്ന ആ അമ്മയുടെ മനസ് താന്‍ പെറ്റിട്ട പെണ്‍കുഞ്ഞുങ്ങളെ അന്നേ കൊന്നുകളയാതിരുന്നതില്‍ സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ടാവില്ലേ... അവരെങ്ങനെയാവും അവരുടെ നീണ്ടുനീണ്ട് വിരസമായ ജീവിതം അനുഭവിച്ചു തീര്‍ത്തിട്ടുണ്ടാവുക? ശരശയ്യകള്‍ ഭീഷ്മര്‍ക്ക് മാത്രമായി സംവരണം ചെയ്ത് മഹത്വം പ്രഖ്യാപിക്കുമ്പോള്‍ കുന്തിയുടേയും ഗാന്ധാരിയുടേയും നിത്യമായ കാണാശരശയ്യകളെ നമ്മള്‍ മറന്നു പോകുന്നു... എപ്പോഴും എവിടേയും എന്തിനും...

അമ്മീമ്മയെപ്പോലെ ഏകാകിനിയായിരുന്നില്ല ജായ്ക്കാള്‍. അവര്‍ക്ക് ഭര്‍ത്താവും മകളും പൌത്രീ പൌത്രരും ദൌഹിത്രനുമുണ്ടായിരുന്നു. അവരുടെ പൌത്രിയും എന്റെ അമ്മയും ഏകദേശം സമവയസ്‌ക്കരുമായിരുന്നു. എങ്കിലും ആ നിമിഷത്തില്‍ ജായ്ക്കാളും അതീവ നിസ്സഹായമായ സ്ത്രീത്വത്തിന്റെ ഏകാന്തരൂപമായി മാറി. അവര്‍ പൊരിയുന്ന നെഞ്ചോടെ, എല്ലാ ശാപങ്ങളും ഒതുക്കിയമര്‍ത്തി, തീത്തുള്ളികള്‍ പോലെയുള്ള കണ്ണീരുമൊലിപ്പിച്ച് സ്വന്തം മകളുടെ ഭര്‍തൃഗൃഹത്തെ അഭയം പ്രാപിച്ചു. പിന്നീടൊരിക്കലും അവര്‍ അപ്പാവിന്റെ മഠത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ ഒരുപക്ഷേ, വിധവയായതിനുശേഷവും അവര്‍ തഞ്ചാവൂരില്‍ തന്നെ കഴിഞ്ഞു. ശാരീരികമായി തീരെ ദുര്‍ബലയായ അവസാനദിനങ്ങള്‍ മാത്രമാണ് ആ അഭിമാനിനി സ്വന്തം മകള്‍ക്ക് ഒപ്പം ബോംബെ മഹാനഗരത്തില്‍ ചെലവിട്ടത്.

ജായ്ക്കാളുടെ ദാമ്പത്യം അത്ര സ്വര്‍ഗ്ഗീയമൊന്നുമായിരുന്നില്ല. എങ്കിലും അവര്‍ അതില്‍ മുഴുവന്‍ കാലവും പൊരുതിത്തന്നെ പിടിച്ചു നിന്നു. വല്ലപ്പോഴും അമ്മീമ്മയ്ക്ക് അവര്‍ എഴുതിയിരുന്ന കത്തുകളില്‍ ആ നീറുന്ന നെഞ്ചകം വെളിപ്പെട്ടിരുന്നു. ചെറിയ മോഹങ്ങളും ആഗ്രഹങ്ങളും കത്തിച്ചാമ്പലാകുന്ന വേദന തെളിഞ്ഞിരുന്നു. കത്ത് വായിച്ച് ആ ദിവസം അമ്മീമ്മ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളോട് പങ്കുവെച്ച് ചിലപ്പോഴൊക്കെ വല്ലാതെ സങ്കടപ്പെടുമായിരുന്നു. ചക്ക വറുത്തതും കായ് വറുത്തതും മാമ്പഴത്തെരയുമൊക്കെ ജായ്ക്കാള്‍ക്ക് പാര്‍സലയച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മീമ്മ അതിരറ്റ് ആനന്ദിച്ചിരുന്നു. ഇടയ്ക്ക് വളരെ വല്ലപ്പോഴും അവര്‍ ഒരു പട്ടുസാരിയോ മറ്റോ അമ്മീമ്മയ്ക്ക് അയച്ചും കൊടുത്തിരുന്നു. 


അവരുടെ മകളുടെ ഭര്‍തൃമാതാവിനെ അമ്മീമ്മയുടെ സഹോദരന്മാര്‍ മോഷണമുതല്‍ കൈവശം വെച്ചാല്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് ഭയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ലവലേശം പോലും ഭയന്നില്ല. വിധവയായിരുന്ന അവര്‍ തനിയെ താമസിക്കുകയായിരുന്നു. അവരുടെ ആണ്മക്കള്‍ അക്കാലത്തെ, വിദ്യാഭ്യാസം നേടിയ ഭുരിപക്ഷം തമിഴ് ബ്രാഹ്മണപ്പുരുഷന്മാരെയും പോലെ ബോംബെ നിവാസികളായിരുന്നു. അഗ്രഹാരത്തിന്റെ ചുവരുകള്‍ കിടുങ്ങുമാറ് അവര്‍ പച്ചത്തെറികള്‍ അലറിയപ്പോള്‍ ഭയപ്പെടുത്താന്‍ ചെന്ന പുരുഷന്മാര്‍ ചിതറിപ്പോയി. തെറി തീര്‍ച്ചയായും ചിലപ്പോഴൊക്കെ ഒരു സമരായുധമാണ്. അതേതു ഭാഷയിലാണെങ്കിലും, ഏതു ലിംഗത്തിലാണെങ്കിലും...

അപ്പാവിന്റെ ശവസംസ്‌ക്കാരത്തിനും ചടങ്ങുകള്‍ക്കുമായി ഗ്രാമത്തിലെ കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടിയ കാലത്താണ് ഈ പുറത്താക്കലുകള്‍ നടന്നത്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അമ്മീമ്മയുടെ അനുജത്തിയും അന്നേരം തറവാട്ടു മഠത്തില്‍ ഉണ്ടായിരുന്നു. അവരെ ജായ്ക്കാളുടെ മകളുടെ ഭര്‍തൃമാതാവ് തന്റെ മഠത്തിലേയ്ക്ക് വിളിച്ചു വരുത്തി - അതീവ രഹസ്യമായിട്ടായിരുന്നു ഈ ഓപ്പറേഷന്‍ - സര്‍ട്ടിഫിക്കറ്റുകള്‍ ആ അനുജത്തിയുടെ ശ്വശ്രുവിന്റെ സഹോദരിയെ ഏല്‍പിക്കാന്‍ നിര്‍ദ്ദേശിച്ചു. അമ്മീമ്മയുടെ അനുജത്തി ആ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുകയും ആ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നു രണ്ട് വര്‍ഷത്തിനു ശേഷം അമ്മീമ്മയുടെ പക്കല്‍ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു. അതും ഒരു വലിയ കഥയാണ്...

ചില സര്‍ട്ടിഫിക്കറ്റുകളില്‍ ജീവിതം അഗ്‌നിയില്‍ വിരചിതമാകുമെന്ന് ദൈവം ഇങ്ങനെ കനല്‍ ചുടുന്ന മുദ്ര ചാര്‍ത്തുന്നു...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ചില സര്‍ട്ടിഫിക്കറ്റുകളില്‍ ജീവിതം
അഗ്‌നിയില്‍ വിരചിതമാകുമെന്ന് ദൈവം
ഇങ്ങനെ കനല്‍ ചുടുന്ന മുദ്ര ചാര്‍ത്തുന്നു...