Wednesday, June 20, 2018

അപൂര്‍വം ചിലര്‍


അതി മനോഹരമായ പേരു പോലെ അപൂര്‍വം ചിലരുടെ കഥയാണിത്..

പിന്നെയും അപൂര്‍വതകളുണ്ട് ഈ പുസ്തകത്തിനു. ഇത് വാട്ട്‌സാപ്പിലൂടെ എഴുതപ്പെട്ട ഒരു കൃതിയാണ്. പണ്ട് അരുന്ധതീ റോയ് ഗോഡ് ഓഫ് സ്മാള്‍ തിംങ്‌സ് കമ്പ്യൂട്ടറില്‍ നിന്ന് വാര്‍ന്നു വീണ ഒരു നോവലാണെന്ന് പറഞ്ഞപ്പോള്‍ എഴുത്തുകാരുടെ ലോകത്തിന് ശരിക്കും ഒരു ഞടുക്കം അനുഭവപ്പെട്ടു. ഇന്ന് റ്റെക്‌നോളജി പിന്നെയും മാറുകയും വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാമായി നോവലുകളും കഥകളും ലേഖനങ്ങളും പിറന്നു വീഴുകയും ചെയ്യുന്നു. നവമാധ്യമങ്ങളുടെ കുഴപ്പങ്ങളെ കുറിച്ച് മാത്രം വാചാലരാകുന്നവര്‍ കാണേണ്ട എന്ന് തീരുമാനിച്ചിട്ടുള്ള ഒരു പ്രധാന പോയിന്റാണിത്. കണ്ണുള്ളവര്‍ കാണ്മിന്‍ കാതുള്ളവര്‍ കേള്‍പ്പിന്‍ എന്നാണല്ലോ ..

സ്‌കിസോഫ്രീനിയ എന്ന മാനസികാസ്വാസ്ഥ്യം ബാധിച്ച രണ്ട് പ്രധാന കഥാപാത്രങ്ങള്‍, ഐ ടി അനുബന്ധമേഖലയായ മെഡിക്കല്‍ ട്രാന്‍ സ് ക്രിപ്ഷന്റെ പ്രത്യേകതയുള്ള ലോകം, വ്യക്തിത്വമുള്ളവരും ചുണക്കുട്ടികളുമായ സ്ത്രീ കഥാപാത്രങ്ങള്‍, കോയമ്പത്തൂരിന്റെയും ബാംഗ്ലൂരിന്റെയും വ്യത്യസ്തയുള്ള ഐ ടി ലോകം, സാമാന്യവല്‍ക്കരണങ്ങളില്ലാത്ത രചനാകൌശലം, നനുത്ത നര്‍മ്മം നല്‍കുന്ന പുഞ്ചിരി, ക്ലിഷ്ടമല്ലാത്ത ഭാഷ ഇതെല്ലാം ഈ പുസ്തകത്തെ തികച്ചും ആകര്‍ഷമാക്കുന്നു.

തീര്‍ച്ചയായും ഒന്നാം വായനയും ഉറപ്പായും രണ്ടാം വായനയും ഈ പുസ്തകം നമ്മില്‍ നിന്ന് പിടിച്ചു പറ്റാതിരിയ്ക്കില്ല.

പ്രകാശ് ഇനിയും പുസ്തകങ്ങള്‍ എഴുതുകയും അവ വായിക്കാനുള്ള ഭാഗ്യം നമുക്കുണ്ടാവുകയും ചെയ്യട്ടെ. പ്രകാശിന്റെ പുസ്തകങ്ങളെ മലയാള ഭാഷ ഏറ്റെടുക്കട്ടെ..

എഴുതാന്‍ അല്‍പം താല്‍പര്യവും വായിക്കാന്‍ കൂടുതല്‍ ഇഷ്ടവുമുള്ള വലിയ ജോലിയോ വരുമാനമോ ഇല്ലാത്ത ഒരു സാധാരണക്കാരിയായ ഞാന്‍ ചെയ്ത പുസ്തപരിചയത്തില്‍ നിന്ന് കുറച്ചു ഭാഗം....

ബാക്കി എല്ലാവരും പുസ്തകം വായിച്ച് ഇതിലും കാമ്പുറ്റ നല്ല പരിചയങ്ങള്‍ എഴുതുക

റെഡ് ചെറി പുസ്തകത്തെ മനോഹരമാക്കി അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റമ്പതു രൂപയാണ് ഈ പുസ്തകത്തിന്റെ വില .

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ ..

© Mubi said...

വായിക്കാം എച്മു..