മദ്യത്തിന്റെ സൌന്ദര്യം ഞാന്‍ കണ്ടിട്ടുണ്ട് … അനവധി തവണ . . അതി മനോഹരമായ പാക്കറ്റുകളില്‍ സാറ്റിന്‍ റിബണ്‍ കൊണ്ട് ബോ കെട്ടി … ശില്‍പസൌന്ദര്യം തുളുമ്പുന്ന കുപ്പികളില്‍ മോഹിപ്പിക്കുന്ന അപൂര്‍വ നിറങ്ങളില്‍ മദ്യം രാജകീയ പ്രൌഢിയോടെ കടന്നു വരുമായിരുന്നു. അച്ഛന്റെ ഡോക്ടര്‍മാരായ സുഹൃത്തുക്കളില്‍ അനവധി പേര്‍ വിദേശങ്ങളില്‍ ജോലി ചെയ്തിരുന്നു. അവര്‍ വരുമ്പോള്‍ വില കൂടിയ മദ്യക്കുപ്പികള്‍ സമ്മാനമായി കൊണ്ടു വരും. അവര്‍ നടത്തിയ ഗംഭീരമായ സര്‍ജറികളെയും ഗവേഷണങ്ങളെയും പ്രോജക്ടറിലിട്ട് കാണിക്കും. ഡിസ്‌കവറി ചാനലില്‍ ഇതെല്ലാം കാണിച്ചു തുടങ്ങും മുമ്പേ ഞങ്ങള്‍ വീട്ടിന്റെ വെള്ളച്ചായമടിച്ച ചുവരില്‍ സങ്കീര്‍ണമായ പല ശസ്ത്രക്രിയകളും അന്വേഷണങ്ങളും കണ്ടിരുന്നു. വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ സൌകര്യങ്ങള്‍ കണ്ട് വായും പിളര്‍ന്നു നില്‍ക്കുമായിരുന്നു.
അതിനെല്ലാം സ്വര്‍ണവര്‍ണമുള്ള, കട്ടന്‍ കാപ്പി നിറമുള്ള, നിറമേതുമില്ലാത്ത മദ്യരുചികളുടെ കൂട്ടുണ്ടാവും. സുഗന്ധമുള്ള മദ്യവും അതിലുണ്ടാവാറുണ്ട്. വെറ്റില നീരിന്റെ സുഗന്ധം, ചെറുനാരങ്ങയുടെ പുതുമയുള്ള സുഗന്ധം... അങ്ങനെ കൊതിപ്പിക്കുന്ന സുഗന്ധങ്ങള്‍...
ഇംഗ്ലണ്ടിന്റെ ഷി വാസ് റീഗലും ഇറ്റലിയുടെ വെര്‍മുത്ത് ചേര്‍ന്ന മാര്‍ട്ടിനിയും സ്‌പെയിനിന്റെ ഷെറിയും ഫ്രാന്‍സിന്റെ ഷാമ്പെയിനും മെക്‌സിക്കോയുടെ റ്റെക്വീലയും സ്‌കോട്ട് ലന്‍ഡിന്റെ സ്‌കോച്ചുവിസ്‌കിയും എല്ലാം അച്ഛന്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. വളരെ അല്‍പം മാത്രം. അതിന്റെ രുചി മനസ്സിലാക്കാന്‍ മാത്രം. അന്നേരത്തെല്ലാം അമ്മയുടെ മുഖം കടന്നല്‍ കുത്തിയതു പോലെ വീര്‍ക്കുമായിരുന്നെങ്കിലും അച്ഛന്റെ ആ പങ്കു വെയ്ക്കലിനെ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. മദ്യത്തെക്കുറിച്ച്, വില കൂടിയ ബ്രാന്‍ഡുകളെക്കുറിച്ച്, മദ്യം വാറ്റുക എന്ന വലിയ വ്യവസായത്തെക്കുറിച്ച്, അരാക് അഥവാ അരക് എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ ദേശീയ പാനീയമായി മദ്യമുണ്ടെന്നതിനെക്കുറിച്ച്, മദ്യപിക്കുക എന്ന കലയെക്കുറിച്ച് ഒക്കെ അച്ഛന്‍ ഞങ്ങളോട് ഒത്തിരി സംസാരിച്ചിട്ടുണ്ട്. അതൊക്കെ ഞങ്ങള്‍ അതിശയത്തോടെ കേട്ടിരിക്കുമായിരുന്നു. മദ്യപിച്ച് നിലതെറ്റുന്നതും അതൊരു പൊതുശല്യമാവുന്നതും മോശമാണെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു.
അപൂര്‍വ നിറങ്ങളിലും ആകൃതികളിലുമുള്ള അതിസുന്ദരമായ മദ്യക്കുപ്പികള്‍ ഞങ്ങള്‍ ഭദ്രമായി സൂക്ഷിച്ചു. പഞ്ചസാര കാരമലൈസ് ചെയ്ത് വെള്ളത്തില്‍ കലര്‍ത്തി അവയില്‍ മദ്യം നിറഞ്ഞിരിക്കുന്നുവെന്ന പ്രതീതി എപ്പോഴും ഉണ്ടാക്കി. ചിറക് വിരുത്തിയിരിക്കുന്ന കഴുകന്റേയും നീണ്ടകാലുള്ള സുന്ദരിപ്പെണ്ണിന്റെയും ഉരുണ്ട ആപ്പിളിന്റെയും മനോഹരമായ ഒരു ഫ്‌ലവര്‍ വേസു പോലെയുള്ള സിലിന്‍ഡറിന്റെയും ആകൃതിയിലുള്ള കുപ്പികള്‍ ഞങ്ങളുടെ ശേഖരത്തിലുണ്ടായിരുന്നു.
അല്‍പമായി മദ്യപിക്കുമ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് ഹിന്ദി സിനിമകളെക്കുറിച്ച് പറഞ്ഞു തന്നു. സൈഗാളും അശോക് കുമാറും ദിലീപ് കുമാറും അജോയ് മുഖര്‍ജിയും പ്രദീപ് കുമാറും ജൂബിലി കുമാറും ഒക്കെ ഞങ്ങളുടെ അടുത്ത പരിചയക്കാരായി. പഴയകാല നടിമാരായ നൂര്‍ജഹാനെയും സുരയ്യയേയും ജയന്തി സാവന്തിനേയും ഉഷാ കിരണിനേയും എല്ലാം തിരിച്ചറിയാനും സൈഗാളിനേയും പങ്കജ് മല്ലിക്കിനേയും ഹേമന്ത് കുമാറിനേയും പോലെയുള്ള ഗായകരുടെ ശബ്ദങ്ങള്‍ വേറിട്ട് മനസ്സിലാക്കാനും ഈ ചെറിയ മദ്യരുചികളുടെ അകമ്പടിയില്‍ അച്ഛന്‍ ഞങ്ങളെ സഹായിച്ചിരുന്നു. ഞങ്ങള്‍ ആ സംഗീതാനുഭൂതികളെയും ഹിന്ദി ഗാനങ്ങളുടെ രചനാസൌകുമാര്യത്തേയും ഗായകരുടെ ആലാപന മാധുര്യത്തേയും നടീനടന്മാരുടെ അഭിനയവ്യത്യസ്തതകളേയും ആഹ്ലാദത്തോടെ മനസ്സിലേറ്റുകയും ചെയ്തു .
അമ്മയുമച്ഛനും തമ്മിലുള്ള അതിരൂക്ഷമായ ശാരീരിക കലഹങ്ങളില്‍ മദ്യവുമൊരു കാരണമാവുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ മനോഹരമായ കുപ്പികള്‍ ശേഖരിയ്ക്കുന്നതിലേയ്ക്കായി മാത്രം ഞങ്ങളുടെ കൌതുകം ഒതുങ്ങി. അരിക്കലവും കൂട്ടാന്‍ പാത്രങ്ങളും തെങ്ങിന്‍കുഴികളില്‍ ഒളിച്ചു കളിക്കാന്‍ പോകുമെന്നും വളരുന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് വീട്ടിലെ മദ്യസാന്നിധ്യം ജീവിത സുരക്ഷിതത്വത്തെ ആകമാനം നശിപ്പിച്ചു കളയുമെന്നും നീറുന്ന സത്യമായി ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കി.
മദ്യം മനുഷ്യരെ ഭ്രാന്തരാക്കുവാന്‍ സഹായിക്കുന്നത് ഞങ്ങള്‍ കണ്ടു.
മദ്യം മനുഷ്യരെ കോമാളികളാക്കുവാന്‍ സഹായിക്കുന്നത് ഞങ്ങള്‍ കണ്ടു.
മദ്യം മനുഷ്യരെ വാക്കു പാലിയ്ക്കാത്തവരും ആര്‍ത്തിക്കാരും വഞ്ചകരും ചതിയരുമാക്കുവാന്‍ കൂട്ടുനില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു.
ജീവിതത്തിലെ അതി തീവ്രമായ നൊമ്പരങ്ങളും ഒരിയ്ക്കലും നികത്താനാവാത്ത നഷ്ടങ്ങളുമായിരുന്നു അതെല്ലാം.
ഇക്കകഴിഞ്ഞ ദിവസം രാവിലെ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാന്‍ വെച്ചിരുന്ന കാശുമായി മദ്യപിയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു അച്ഛനേയും അയാളുടെ കാലു പിടിച്ച് കരയുന്ന ഒരു അമ്മയേയും പല്ലു കടിച്ച് അമര്‍ഷത്തോടെ നില്‍ക്കുന്ന ഒരു പതിനഞ്ചുകാരനേയും എനിക്ക് കാണേണ്ടി വന്നു.
അവന്റെ കണ്ണുകളില്‍ ആളുന്ന അഗ്‌നിയ്ക്ക് എന്തിനെയെല്ലാം ചാമ്പലാക്കാനാവുമെന്ന ചിന്ത എന്നെ അപ്പോള്‍ വല്ലാതെ ഭയപ്പെടുത്തുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്തു.
2 comments:
മദ്യം എത്ര അപകടമാണ് എന്നെനിയ്ക്കറിയാം.
മദ്യം മനുഷ്യരെ ഭ്രാന്തരാക്കുവാന്‍ സഹായിക്കുന്നത് ഞങ്ങള്‍ കണ്ടു.
മദ്യം മനുഷ്യരെ കോമാളികളാക്കുവാന്‍ സഹായിക്കുന്നത് ഞങ്ങള്‍ കണ്ടു.
മദ്യം മനുഷ്യരെ വാക്കു പാലിയ്ക്കാത്തവരും ആര്‍ത്തിക്കാരും വഞ്ചകരും ചതിയരുമാക്കുവാന്‍ കൂട്ടുനില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു.
ജീവിതത്തിലെ അതി തീവ്രമായ നൊമ്പരങ്ങളും ഒരിയ്ക്കലും നികത്താനാവാത്ത നഷ്ടങ്ങളുമായിരുന്നു അതെല്ലാം.
Post a Comment