Saturday, June 9, 2018

എതിര്‍വരയറിയാത്ത മസ്തിഷ്‌ക്കമച്ചികള്‍ ....

https://www.facebook.com/echmu.kutty/posts/496250333887599
 (2015 ഒക്ടോബര്‍ 25 ന് പത്തനം തിട്ട ടൌണ്‍ ഹാളില്‍ വെച്ച് സുനില്‍ മാലൂരിന്റെ മസ്തിഷ്‌കമച്ചി എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ആ അവസരത്തിലെടുത്ത ഫോട്ടോയാണിത്.....)

പുസ്തകങ്ങളിലെല്ലാം സാധാരണമായി കണ്ടു വരാറുള്ള പ്രൌഢമായ അവതാരികകളോ അവ രചിക്കുന്ന പണ്ഡിതരും തലയെടുപ്പുള്ളവരുമായ എഴുത്തുകാരോ ഒന്നും ഈ പുസ്തകത്തിലില്ല. കുറച്ചു ജീവിതാനുഭവങ്ങളും അവ നല്‍കിയ ചെറിയ വിവരവുമല്ലാതെ യാതൊന്നും കൈമുതലായില്ലാത്ത ഒരു വീട്ടമ്മയും ഒരു ബ്ലോഗറുമായ ഞാന്‍ എഴുതുന്നത് അതുകൊണ്ടു തന്നെ ഒരു അവതാരികയുമല്ല. പലപ്പോഴായി ഈ കവിതകളിലൂടെ കടന്നുപോയ ഒരു വായനക്കാരിയുടെ മനസ്സിന്റെ സ്പന്ദനങ്ങള്‍ മാത്രമാണ് തുടര്‍ന്നുള്ള വരികളില്‍ കാണാന്‍ കഴിയുക. ഈ കവിതകളെ വായിക്കുകയും ഹൃദയംഗമമായി ഇഷ്ടപ്പെടുകയും ചെയ്തു എന്ന ഉറപ്പില്‍ നിന്നു കൊണ്ടാണ് വായനക്കാരെ ഞാന്‍ പുസ്തകത്തിലേക്ക് ക്ഷണിക്കുന്നത്.
മലയാള ഭാഷയില്‍ എഴുതപ്പെടുന്ന കുറെ ബ്ലോഗുകളുണ്ട്. അവയിലെ രചനകള്‍ അങ്ങനെ മലയാളത്തിന്റെ ചെറിയ അച്ചടി മാധ്യമ ലോകത്തിലേക്ക് അധികം കടന്ന് വരാറില്ല. ബ്ലോഗുകള്‍ വെറും മൂന്നാംകിട എഴുത്തുകാരെക്കൊണ്ടും അവരുടെ നിസ്സാര രചനകളെക്കൊണ്ടും നിറഞ്ഞിരിക്കുന്നുവെന്ന് അച്ചടി മാധ്യമങ്ങളും അവയില്‍ നിറഞ്ഞാടുന്ന സ്ഥിരം എഴുത്തുകാരും ഉറച്ചു വിശ്വസിക്കുന്നു. സാധിക്കുന്ന അവസരങ്ങളിലെല്ലാം അവര്‍ അത് കഴിയുന്നത്ര വ്യക്തമായും ശക്തമായും വെളിപ്പെടുത്താറുമുണ്ട്. ഈ – ! ലോകത്തിന്റെ തിന്മകളെക്കുറിച്ചു മാത്രം പറ്റാവുന്നത്ര വാചാലമാകുന്നതാണ് എല്ലാവരുടേയും ഒരു രീതി. അക്ഷരമറിയുന്നവര്‍ക്കു മാത്രമേ അച്ചടിച്ചത് വായിക്കാനാവൂ എന്ന പോലെ ഈ –ലിറ്ററേറ്റുകള്‍ക്ക് മാത്രമേ ബ്ലോഗുകള്‍ വായിക്കാനാവൂ എന്നത് ബ്ലോഗുകളുടെ പരിമിതിയാണ്. മലയാള ഭാഷയുടെ അക്ഷരമറിഞ്ഞാല്‍ സാക്ഷരരായി എന്നിടത്ത് നമ്മുടെ സാക്ഷരത പരിപൂര്‍ണമാകുന്നതുകൊണ്ട് ഈ – അജ്ഞത നമ്മുടെ സാക്ഷരതാ മികവില്‍ ഒരു പ്രശ്‌നമാകുന്നില്ല. ബ്ലോഗുകള്‍ ജനകീയമാകാത്തതിനു ഈ – അജ്ഞതയും അതീവസാധാരണക്കാരില്‍ നിന്നുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ കൈയെത്താദൂരവും കാരണമാകുന്നുണ്ട്.
അച്ചടി മാധ്യമങ്ങളിലെ സര്‍വശക്തനായ എഡിറ്ററെ ബ്ലോഗ് ലോകത്തില്‍ നമുക്ക് കാണാനാവില്ല. എഴുതുന്ന ബ്ലോഗര്‍ മാത്രമാണ് ബ്ലോഗിലെ പരമാധികാരി.കുത്തും കോമയും ഉള്‍പ്പടെ എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയാണ് ബ്ലോഗുകള്‍ ഒരു ബ്ലോഗറുടെ സുവ്യക്തമായ പരിചയപത്രമായി മാറുന്നത്. സുനിലിന്റെ എതിരവരെയെന്ന ബ്ലോഗിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്ക് അറിയാം ആ ബ്ലോഗ് സ്വാതന്ത്ര്യമാണ്, സ്‌നേഹവും, പ്രണയവും, അനുതാപവുമാണ്. എല്ലാ കാലത്തും പല രീതികളില്‍ അളവു കുറഞ്ഞുകൊണ്ടേയിരുന്ന എന്നാല്‍ അവശ്യം വേണ്ടുന്നതുമായിരുന്ന മനുഷ്യത്വത്തെപ്പറ്റി പറയുന്നതുകൊണ്ട് അങ്ങേയറ്റം അപകടകരവുമാണ്. ഒരുപക്ഷെ, മനുഷ്യത്വത്തിന്റെ സത്യകഥനങ്ങളാല്‍ തീപ്പൊള്ളലുകളേല്‍പ്പിച്ചുകൊണ്ട് കാപട്യത്തിന്റെ ശിരച്ഛേദം ഒട്ടും കരുണയില്ലാതെ നടപ്പാക്കപ്പെടുന്നത്രയും അപകടകരം.
എതിര്‍വര എന്ന ബ്ലോഗ് കണ്ണില്‍പ്പെട്ടവരെല്ലാം മറ്റുള്ള അനവധി വരകള്‍ക്ക് എങ്ങനെയാണ് ഒരാള്‍ വ്യത്യസ്തമായ എതിര്‍വര വരയ്ക്കുന്നതെന്ന് ഒരു നിമിഷം ആലോചിക്കാതിരിക്കില്ല. മൌലികമായ ഒരു മനസ്സില്‍ നിന്നു മാത്രമേ എതിര്‍വരക്കുള്ള ത്വര ജനിക്കുകയുള്ളൂ. കാരണം എതിര്‍വര ഒട്ടും എളുപ്പമല്ല. അത് സുരക്ഷിതമായി കൂട്ടത്തില്‍ നില്‍ക്കുക എന്ന ഭീരുത്വത്തിനെതിരെയാണ്. അത് നമ്മെ തനിച്ചാക്കുന്നു. തനിച്ചാകുവാന്‍ കടലോളം ആഴമുള്ളതും, പര്‍വതത്തോളം ഔന്നത്യമുള്ളതുമായ ധൈര്യം ആവശ്യമുണ്ട്. അപാരമായ ആ ധൈര്യം നേടുന്നത്, ഒട്ടും തളരാതെ അത് നിലനിറുത്തുന്നത് അതൊന്നും ഒട്ടും എളുപ്പമല്ല. തനിച്ചു നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കാനും പൊരുതാനുമുള്ള ധൈര്യവും ബോധ്യവും ആര്‍ജ്ജവവും ഇല്ലാത്തതുകൊണ്ടാണ് തികഞ്ഞ അനുസരണയോടെയും വിധേയത്വത്തോടെയും കൂട്ടമായി ചേര്‍ന്നു നില്‍ക്കുന്നതിനെ ഒരുമ ഒരുമ എന്ന് നമ്മള്‍ ആവേശപൂര്‍വം കൊണ്ടാടുന്നത്. അലോസരപ്പെടുത്തുന്ന സത്യങ്ങള്‍ പറയുകയും ചൂണ്ടിക്കാണിക്കുകയും അവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവരെ നമ്മള്‍ കഴിവതും കണ്ടില്ല എന്നു നടിക്കുന്നത്. അവരെക്കുറിച്ചും അവരുന്നയിക്കുന്ന ആ ചോദ്യങ്ങളെക്കുറിച്ചും നിരന്തരമായി പറ്റുന്നിടത്തൊക്കെയും പലരീതിയില്‍ അപവദിക്കുന്നത്.
ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. അവയുടെ ഉത്തരങ്ങള്‍ നമ്മെ ചുട്ടു പൊള്ളിക്കുകയോ ധൂളിയായി തെറിപ്പിച്ചു കളയുകയോ ചെയ്യുമെന്നതുകൊണ്ട് അമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്കറിയുകയേ ഇല്ലെന്ന് നാം ഭാവിക്കുന്നു. നിര്‍ഭയമായി ആ ഉത്തരങ്ങളെ നേരിടാന്‍ കെല്‍പ്പുള്ളവര്‍ മാത്രം ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, പല കാരണങ്ങളാല്‍ നിര്‍ഭയരാവാന്‍ കെല്‍പ്പില്ലാത്തവരായി മാറിയവരെ ഞെട്ടിച്ചു കളയുന്ന ആ ഉത്തരങ്ങളാണ് എതിര്‍വര എന്ന ബ്ലോഗില്‍ നിന്ന് മസ്തിഷ്‌ക്കമച്ചി എന്ന ഈ കവിതാപുസ്തകത്തിന്റെ പേജുകളില്‍ തന്റേടത്തോടെ നിവര്‍ന്നു നില്‍ക്കുന്നത്.
മസ്തിഷ്‌ക്കം വന്ധ്യംകരിക്കപ്പെട്ടവരുടെ തലമുറയെ പറ്റിയല്ല മസ്തിഷ്‌ക്കത്തിനു പ്രത്യുല്‍പ്പാദനമേ സാധ്യമല്ലാത്ത ഒരു തലമൂറയെപ്പറ്റിയാണ് മസ്തിഷ്‌ക്കമച്ചി സംസാരിക്കുന്നത്. ഉള്ളതിനെ ഇല്ലാതാക്കാം.. വന്ധ്യംകരിക്കാം.. അതിനു അംഗീകരിക്കപ്പെട്ട പല ശാസ്ത്രീയ വിദ്യകളുണ്ട്. ഇല്ലാത്തതിനെ അല്ലെങ്കില്‍ ജനിക്കാത്തതിനെ എന്തുചെയ്യും? മച്ചിയെ എങ്ങനെ ഉര്‍വ്വരയാക്കും?
എല്ലാമെല്ലാം വേണ്ട പോലെ നിലനിറുത്താനും ആവശ്യമുള്ളതിനെയെല്ലാം വേണ്ടപ്പോള്‍ പുതുക്കിപ്പണിയാനും കഴിവുള്ള ഈ പ്രപഞ്ചത്തിനൊപ്പം തന്നെ വിസ്മയകരമായ ഒന്നാണ് മനുഷ്യമസ്തിഷ്‌ക്കം.അതിനു പ്രത്യുല്‍പ്പാദനം സാധിക്കാതെ വരുമ്പോള്‍, വ്യത്യസ്തങ്ങളായ ചിന്തകളും ആശയങ്ങളും ഉണ്ടാവാതെ വരുമ്പോള്‍, കെട്ടിക്കിടക്കുന്ന എന്തിലുമെന്ന പോലെ ദുര്‍ഗന്ധം പരിസരമാകെ വ്യാപിക്കുന്നു. മസ്തിഷ്‌ക്കം പ്രവര്‍ത്തിക്കാതാകുമ്പോള്‍ കാഴ്ചയും കേള്‍വിയും ചലനവും എന്നപോലെ ഘ്രാണവും ഇല്ലാതാകുന്നതുകൊണ്ട് ഒരു ദുര്‍ഗന്ധവും അറിയാന്‍ കഴിയുകയില്ല. താക്കോല്‍ കൊടുക്കുമ്പോള്‍ ചലിക്കുന്ന, എന്നാല്‍ മസ്തിഷ്‌ക്കമില്ലാത്ത പാവകളെയാണ് എല്ലാത്തരം അധികാരവും എന്നും കാംക്ഷിച്ചിട്ടുള്ളത്. പലതരം അധികാരങ്ങള്‍ക്ക് തല പണയത്തിലാക്കി, നടു വളച്ച് കീഴ്‌പ്പെട്ടവരെ മസ്തിഷ്‌ക്കമച്ചികള്‍ എന്ന് അതിപ്രഹരശേഷിയോടെ വിളിക്കാനാകുന്നതു ഭാഷയില്‍ ഇങ്ങനെ ഒരു വാക്ക് സംഭാവന ചെയ്തുകൊണ്ടു മാത്രമല്ല അവരുടെ പരിതസ്ഥിതികളെ തിരിച്ചറിഞ്ഞുകൊണ്ടു കൂടിയാണ്.

പഠിപ്പില്ലാത്തവര്‍ക്കു വായിക്കാന്‍ പറ്റുന്ന കവിതകള്‍

കവിതകള്‍ ആര്‍ക്കാണ് വായിക്കാന്‍ കഴിയുക? എഴുതുന്ന കവിക്കെന്ന പോലെ വായിക്കുന്ന വായനക്കാര്‍ക്കും കവിത്വത്തോളമെത്തുന്നതല്ലെങ്കിലും അല്‍പം സഹൃദയത്വം നിര്‍ബന്ധമാണെന്ന് കാവ്യസദ്യ വിളമ്പുന്ന ഓരോരുത്തരും ഉള്ളില്‍ കരുതാറുണ്ട്. ചിലരൊക്കെ ഒരു പ്രത്യേകതരം വിനയം കൊണ്ട് അത് പ്രദര്‍ശിപ്പിക്കാറില്ല. ചിലര്‍ അത്തരമൊരു നിലപാടില്‍ ഉറച്ചു നില്‍ക്കുകയും പറ്റുമ്പോഴെല്ലാം ഞാന്‍ എന്ന കവിയും എന്റെ കവിതകളും അവയെല്ലാം മനസ്സിലാക്കാനും വേണം ഒരു മിടുക്ക് എന്ന് പ്രഖ്യാപിക്കുകയും ചെയ്യും. വായനക്കാരന്‍ കവിതയിലെ നിലപാടുകളെ ചോദ്യം ചെയ്താല്‍, വിനയം പ്രദര്‍ശിപ്പിക്കുന്നവരിലുള്‍പ്പടെ എല്ലാ കവികളിലും അന്തര്‍ലീനമായിരിക്കുന്ന ഈ ഞാന്‍ എണീറ്റു വരുന്നത് രസകരമായ ഒരു കാഴ്ചയാണ്. കവിത മനസ്സിലാക്കാനുള്ള ഒരു പഠിപ്പ് ഇല്ലല്ലോ എന്ന് സഹതാപപൂര്‍ണമെന്ന മട്ടില്‍ പരിഹസിക്കുന്നതും ആ എണീറ്റു വരുന്ന ഞാനില്‍ കാണാറുണ്ട്.
ഇവിടെയും മസ്തിഷ്‌ക്കമച്ചി വ്യത്യസ്തമാകുന്നു.
കാരണം പഠിപ്പില്ലാത്തവര്‍ക്കും വായിക്കാനാകുന്ന ആസ്വദിക്കാനാകുന്ന കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഈ കവിതകള്‍ ഒരു നിയമത്തിന്റെ വലകളിലും കുരുങ്ങിയിട്ടില്ല. കുരുങ്ങുമ്പോഴാണല്ലോ രക്ഷപ്പെടുവാന്‍ ആവശ്യമായ വക്കീലുമാരും പറ്റിയ ന്യായവാദങ്ങളും തേടേണ്ടി വരിക. ഈ കവിതകളില്‍ ഓരോ വരിയുടെ അരികിലും ജീവിതം പറ്റിപ്പിടിച്ചിട്ടുണ്ട്. തീക്ഷ്ണ പരിഹാസവും പ്രത്യേകമായ നര്‍മ്മബോധവും മിക്കവാറും എല്ലാ കവിതകളുടേയും മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഓരോ സാധാരണമനുഷ്യരും ഞാന്‍ ആലോചിച്ചതാണല്ലോ, ഞാനറിഞ്ഞതാണല്ലോ, ഞാനനുഭവിച്ചതാണല്ലോ എന്ന സ്വന്തപ്പെടലോടെ ഭൂരിഭാഗം കവിതകളേയും വായിക്കും..
എന്റെ വീട്ടിലൊണ്ടൊരു
അടിപൊളി വാഷിംഗ് മെഷീന്‍..
മുഷിഞ്ഞ തുണി
അലക്കി തേച്ചുണങ്ങി
മടക്കി വെടിപ്പാക്കി
പാറ്റാഗുളികയിട്ടു
അടുക്കിവെക്കും.
വാങ്ങിയപ്പോ കൂടെ കിട്ടി
ഒരു മാരുതിക്കാറും
പത്തുപവനും ലക്ഷങ്ങളും..
എന്നൊക്കെ ഉടഞ്ഞഘടികാരങ്ങളില്‍ കവി എഴുതുമ്പോള്‍ എന്നിലെ വീട്ടമ്മ ആ തീക്ഷ്ണപരിഹാസത്തോട് ഐക്യപ്പെടാതിരിക്കുന്നതെങ്ങനെ. ?
പെണ്ണിടങ്ങള്‍ എന്ന കവിതയിലെ പെണ്ണത്തം പോലെ പെണ്ണവസ്ഥകളെ അധികമാരും അടയാളപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. കവിത എപ്പോഴും ഒരു നിരീക്ഷകന്റെ ആറ്റിക്കുറുക്കിയ സര്‍ഗ്ഗവൈഭവമാണ്. പെണ്ണിടങ്ങള്‍ വായിക്കുമ്പോള്‍ കാലത്തിലൂടെ കടന്നു പോകുന്നുവെങ്കിലും തലമുറകള്‍ നിശ്ചലമായിരിക്കുന്നത് കാണാന്‍ കഴിയും. സ്ത്രീജന്മമെന്ന പുണ്യജന്മത്തെ തൊട്ടറിയാനാവും. ആണറിയാത്ത പെണ്ണുടലുകള്‍ മുമ്പില്‍ നിരന്നു നില്‍ക്കും.
പുട്ടിലും പെണ്‍ ദുരിതമാണ് വിഷയം. അമ്മയില്‍ നിന്നും പലതരം പുട്ടുണ്ടാക്കാന്‍ പഠിച്ചവള്‍ തന്നത്താന്‍ പുട്ടായി തീന്മേശയില്‍ വിളമ്പപ്പെടുന്ന ദുരിതമാണ് ആ കൊച്ചു കവിത. വരികളില്‍ കണ്ണുടക്കുമ്പോള്‍ അമ്മയായും ചേച്ചിയായും അമ്മായിയായും മറ്റും വിളമ്പപ്പെട്ട പുട്ടുകളെയെല്ലാം നമ്മള്‍ ഒരു നിമിഷം ഓര്‍ക്കും.
മറ്റൊരു പെണ്‍ കവിതയാണ് പര്‍ദ്ദ.
ഒരു പര്‍ദ്ദയില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ..
പര്‍ദ്ദ
വേണം
വേണ്ട
വേണ്ട
വേണം
പര്‍ദ്ദ കാറ്റുകടക്കാത്ത
തടങ്കല്‍പ്പാളയമാണ്
പര്‍ദ്ദ നീച നോട്ടങ്ങളില്‍ നിന്നുള്ള
കവചമാണ്
ഖുറാനില്‍ പര്‍ദ്ദയുണ്ട്
പര്‍ദ്ദയില്‍ ഖുറാനുണ്ട്
പര്‍ദ്ദയില്‍ സ്വാതന്ത്ര്യമുണ്ട്
പര്‍ദ്ദ പറുദീസയാണ്..
ഇതൊക്കെ ഞാനും നിങ്ങളുമടക്കമുള്ള ലോകമാണ് പറയുന്നത്. നമ്മളാണ് ഇതൊക്കെ ഘോരഘോരം പറ്റാവുന്ന വേദികളിലെല്ലാം ചാടിക്കയറിയും കസേരകളില്‍ കുത്തിയിരുന്നും മൈക്കിലൂടെ ഉഗ്രമായലറിയും ഡിസ്‌കസ്സ് ചെയ്യുന്നവര്‍. എന്നാല്‍ കവിയോ ? പര്‍ദ്ദയ്ക്കുള്ളില്‍ ഒരു സ്ത്രീയുണ്ടെന്ന് കവി ഇടിവെട്ടുമ്പോള്‍ നമ്മളിലാര്‍ക്കും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലാതാകുന്നു. നമ്മള്‍ പറയേണ്ടിയിരുന്നത് അതായിരുന്നു, അതു മാത്രമായിരുന്നുവെന്ന് നാണം കൊണ്ട് കുനിഞ്ഞ തലയോടെ സമ്മതിക്കേണ്ടി വരുന്നു... സ്വകാര്യമായെങ്കിലും.
സ്വന്തം ഭാവിയിലേക്ക് പറന്നു പോകാത്ത കൈനോട്ടക്കാരന്റെ തത്തയെപ്പോലെയാണ് ചില ഫെമിനിസ്റ്റുകളെന്ന് കവി തത്ത എന്ന കവിതയില്‍ എഴുതുമ്പോള്‍ പരിചയമുള്ള പല മുഖങ്ങളും നമ്മുടെ മനസ്സിലുയരും. കവിത നമ്മിലുണര്‍ത്തിയ പുഞ്ചിരിയോടെ പിന്നെ അതി തീവ്രമായി സമത്വമെന്നും കമ്യൂണിസമെന്നും മറ്റും പറയുന്നവരെല്ലാം എപ്പോഴും സമത്വവാദികളല്ലല്ലോ കമ്യൂണിസ്റ്റുകളല്ലല്ലോ എന്നും ഓര്‍ക്കും.... സ്വയം സമാധാനിക്കും..

കവിതകളുടെ മാരകമായ ഗര്‍ജ്ജനം.
ലോലലോലമായി മൃദുല പദങ്ങള്‍ നിരത്തിവെച്ച് മാധുര്യത്തോടെ സുഖിപ്പിക്കുന്നതല്ല മസ്തിഷ്‌ക്കമച്ചിയിലെ കവിതകള്‍. സുഖകരമായ അജ്ഞതയുടെയോ അല്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കലിന്റേയോ ശീതളിമയില്‍ കുളിര്‍ന്നു പോയവര്‍ക്ക് ഈ കവിതകള്‍ മാരകമായ ഒരു ഗര്‍ജ്ജനമായി അനുഭവപ്പെടും. ഈ കവിതകള്‍ വായിക്കുന്നത് എയര്‍ കണ്ടീഷന്‍ഡ് ജാഡ്യത്തില്‍ നിന്നു ഞെട്ടിയുണരാന്‍ വേണ്ടിയാണ്.
ശിക്ഷ എന്ന കവിത വായിക്കു ...
പോലീസിനേയും കോടതിയേയും ഇതിലും നിശിതമായി വിചാരണ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അധികം പരത്തിപ്പറയുന്ന യാതൊന്നുമില്ല. വെളിച്ചെണ്ണയില്‍ കിടന്നു മൂത്ത കടുക് പൊട്ടുന്നതു പോലെ കുറച്ചു വരികള്‍ ..
അതീവ ജാഗ്രതയോടെ
കുറ്റവാളിയുടെ വീടുവളഞ്ഞ്
കസ്റ്റഡിയില്‍ എടുക്കുന്നതോടൊപ്പം
അവന്റെ ഭാര്യയേയും മക്കളേയും
ഞങ്ങള്‍ കൈകാര്യം ചെയ്യും
പ്രതിക്ക് തോക്കിന്റെ പാത്തികൊണ്ട്
രണ്ടിടി
പൊന്നീച്ച പറക്കുന്ന തല്ല്
നാഭിക്കുത്തിന് നാലു തൊഴി
അതോടെ ബോധം കെടും
പിന്നീട് നാളുകള്‍ക്ക് ശേഷം
ഞങ്ങളുടെ ബഹുമാനപ്പെട്ട കോടതി
മേപ്പടി കുറ്റവാളിയെ
മാതൃകാപരമായി ശിക്ഷിക്കും...
എന്തിനാണ് ഇതിലധികം പറയുന്നത്? ഇത്രയും പോരേ പോലീസിനേയും കോടതിയേയും പരിചയപ്പെടുത്താന്‍.. ...ലോകമെമ്പാടുമുള്ള എല്ലാത്തരം മര്‍ദ്ദകരേയും മറ്റുള്ളവരെയെല്ലാം മര്‍ദ്ദിക്കാനുപയോഗിക്കുന്ന അവരുടെ വിചിത്ര ന്യായങ്ങളേയും വിശദീകരിക്കാന്‍...
കവി പറയുന്നു ' ഫോട്ടൊഷോപ്പൊരു സവര്‍ണ സോഫ്റ്റ് വെയറാണ്. ' എത്ര ശരിയായ നിരീക്ഷണം. വെളുക്കാനും തിളങ്ങാനും ചെത്തിക്കോരി വെടിപ്പാക്കാനും നിര്‍ബന്ധിക്കപ്പെടുന്ന കമ്പോളത്തിന്റെ, നീരാളിയെപ്പോലെ ചുറ്റിപ്പിണയ്ക്കുന്ന ആശ... എന്നിട്ടും ഒടുവില്‍ കറുത്ത കുഞ്ഞുണ്ടാവുന്ന ജനിതകരഹസ്യം.. അവരവരെ മറന്നുള്ള ഈ പളപളപ്പിന്റെ കെട്ടുകാഴ്ചകളെ ഇതിലധികം വിവര്‍ണമാക്കി വെളിപ്പെടുത്തേണ്ടതില്ല.
മരോട്ടിപ്പിണ്ണാക്കില്‍ കാപട്യത്തിന്റെ മുഖത്തേക്ക് നീട്ടിത്തുപ്പുകയാണ് കവി .
നഗരങ്ങളില്‍
കണ്ണാടി വാതിലുകള്‍ പിടിപ്പിച്ച
ഫ്രീസറുകളിലിരുന്നു
ലോകത്തെ ഒലത്തുന്നവരോട്
അമര്‍ഷത്തോടെ കവി സംസാരിക്കുന്നു. ലോകത്തെ ഒലത്തുന്നവര്‍ എണ്ണയെടുത്ത മരോട്ടിപ്പിണ്ണാക്കാണെന്ന് പറയുന്നു. അതിന്റെ കാരണങ്ങളെ ചൂണ്ടിക്കാട്ടുമ്പോള്‍ കവിയുടെ വിരല്‍ തൊടുന്നത് ആഗോളീകരണ കാലത്തിലെ കേരള മണ്ണിനെയാണ്. ഞങ്ങള്‍ കേമരായ മലയാളികളെ ന്ന് പൊങ്ങച്ചപ്പെടുന്നവരുടെ മുഖത്താണ് ആ നീട്ടിത്തുപ്പ് . ഈ കവിതയുടെ പൂര്‍ത്തീകരണമാകുന്ന വരികളാണ് ബംഗാളി എന്ന കവിത. കുത്തിക്കയറാന്‍ ബാക്കിയൊന്നുമില്ലാത്തവിധം ബംഗാളിയില്‍ സത്യങ്ങള്‍ മുന കൂര്‍പ്പിച്ച് നില്‍ക്കുന്നു. സത്യമേല്‍പ്പിക്കുന്ന പരിഹാസത്തെ അഭിമുഖീകരിക്കാന്‍ കള്ളങ്ങളില്‍ വാക്കുകള്‍ മുക്കിയെടുക്കുകയും കാപട്യത്തില്‍ ശരീരം അലങ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് സാധിക്കുകയില്ല. തുറന്നു പറച്ചിലിലെ ഈ നഗ്‌നതയാണ് പലപ്പോഴും മസ്തിഷ്‌ക്കമച്ചി ഏല്‍പ്പിക്കുന്ന വൈദ്യുതാഘാതം.
സത്യം നീതി എന്നൊക്കെ നിലവിളിക്കുന്നവനെ എന്തു ചെയ്യണമെന്ന് വിവരിക്കുന്ന വരികള്‍ വായിക്കുമ്പോള്‍ ചരിത്രം വലിയ വായില്‍ കരഞ്ഞുകൊണ്ട് നമുക്കു മുന്നില്‍ പിടയും. ഞടുക്കമുണ്ടാവുന്ന ആഘാതത്തോടെയല്ലാതെ വിവിധ കാലങ്ങളുടെയും ദേശങ്ങളുടേയും അധികാരം നടപ്പിലാക്കുന്ന മര്‍ദ്ദനമുറകളെ പരിചയപ്പെടുക വയ്യ.
ഒറ്റ അടിക്ക് കൊല്ലരുത്
ഇഞ്ചിഞ്ചായി പറ്റുമെങ്കില്‍
ലിംഗത്തില്‍ പഴുത്ത കമ്പി കയറ്റി
................
....................
ഇവന്റെ മുറിവുകളില്‍
മുളക് വെക്കണം
.................
................
ഇവന്റെ പെമ്പിറന്നോരെ
മതിയാകുവോളം
ഭോഗിക്കണം..

ഭയം കൊണ്ട് വായനക്കാരുടെ രോമങ്ങള്‍ എഴുന്നു നിന്നു പോകുന്നു. ഭൂതവും വര്‍ത്തമാനവുമായ പീഡിത മനുഷ്യ ജീവിതം ശ്വാസം മുട്ടിക്കുന്ന സത്യസന്ധതയോടെ അവരെ ചെന്നു തൊടുന്നു. അതിന്റെ മുന്നില്‍ ചുളിവില്ലാതെ നിവര്‍ന്നു നില്‍ക്കുവാന്‍ പ്രയാസമുണ്ടെന്ന് അവര്‍ അറിയുന്നു. ഒരു നിമിഷ നേരത്തേക്കെങ്കിലുമുള്ള ചുട്ടുപൊള്ളിക്കുന്ന ഈ അറിവാണ് കവിതയുടെ വിജയം.

സാമൂഹിക വിമര്‍ശനം അമ്പുകളായി.. അമ്ലമായി പെയ്തു നിറയുന്നു.

തെരുവിലുറങ്ങുന്ന അനാഥരുടെ മക്കളെ വായ് പൊത്തിയെടുക്കുന്ന കെട്ട കാലത്തിന്റെ ദൈവം കൌശലക്കാരന്‍ മാത്രമല്ല ഭീരുവും കൂടിയാണെന്ന് കവി വിളിച്ചു പറയുമ്പോള്‍ ഭക്തിയുടെ വര്‍ണാഭവും ആഡംബരപൂര്‍ണവുമായ പല തരം കെട്ടുകാഴ്ചകള്‍ നമ്മുടെ മുന്നിലൂടെ ഘോഷയാത്രയായി കടന്നു പോകുന്നുണ്ട്. തന്നെയുമല്ല അത്തരം പല ഘോഷയാത്രകളിലും തരാതരം പോലെ നമ്മള്‍ പങ്കെടുക്കുന്നുമുണ്ട്. അപ്പോഴാണ് ഉറങ്ങുന്ന കുഞ്ഞുങ്ങളൂടെ വായ് പൊത്തപ്പെടുന്നത്.. അപ്പോഴാണ് ദൈവം അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പരക്കെ ഘോഷിക്കപ്പെടുന്നത്.
ശവം തീനി ഉറുമ്പുകള്‍ എന്ന കവിത നമ്മുടെ പരിമിത ജനാധിപത്യത്തെ അതിനിശിതമായി വിചാരണ ചെയ്യുന്നു. ചോദ്യം ചെയ്യലുകളൂടെ കഴുത്തറുത്ത് രണ്ടു പോരു കോഴികളുടെ പക്ഷത്ത് നിറുത്തപ്പെടുന്ന ജനതയെ കവി ചൂണ്ടിക്കാണിക്കുകയാണ്. ജനത എങ്ങനെ പരസ്പരം പോരടിക്കുന്നുവെന്നും എങ്ങനെയെല്ലാം കൌശലപൂര്‍വം ഉന്മൂലനം ചെയ്യപ്പെടുന്നുവെന്നും കണ്‍മിഴിച്ചു നോക്കുന്നവര്‍ക്ക് സമകാലിക ലോകം തന്നെ കാണിച്ചു കൊടുക്കുന്നുണ്ട്.

ഉന്നം തെറ്റിയ ശരങ്ങള്‍ എന്ന് പറയുമ്പോഴും കൂകിപ്പായുന്ന തീവണ്ടിയിലെ ശിരസ്സ് പിളര്‍ന്നാലും പ്രാപിക്കപ്പെടുന്ന കാമം എരിയുന്ന വേദനയായി വായിക്കുന്നവരുടെ കണ്ണുകളെ നനയിക്കുന്നു. സൌമ്യ മാത്രമല്ല, അങ്ങനെ അവസാനിച്ചു പോകുന്ന അനവധി ജീവിതങ്ങള്‍ നിത്യക്കാഴ്ചയാണല്ലോ.

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്ന് വിശ്വസിക്കുന്നവരുടെ മുഖത്ത് ഗ്രാമമെന്ന അപൂര്‍വ സത്യസന്ധതയുള്ള കവിത , എന്റെ വീട്ടിലെ വാറ്റുകലത്തിന്റെ ചോട്ടിലെ തീയാണ് ഗ്രാമത്തിലെ ഏക വെളിച്ചം അതോടെ പുരുഷഗ്രാമം തലവഴി മുണ്ടിടുമെന്ന് അവസാനിക്കുന്നു.

ഇന്റര്‍ നെറ്റ് ലോകത്തില്‍ പ്രവാസികള്‍ പലപ്പോഴും ഗൃഹാതുരതയുടെ സുഖസങ്കല്‍പങ്ങളില്‍ മുഴുകി മഴയെപ്പറ്റിയും നിലാവിനെപ്പറ്റിയും ഒക്കെ വളരെയധികം എഴുതിക്കൂട്ടാറുണ്ട്. ശരിക്കും പറഞ്ഞാല്‍ മഴ ഇന്റര്‍നെറ്റ് ലോകത്തില്‍ മാത്രമല്ല, അച്ചടി ലോകത്തിലും ഒരു പ്രധാന ഗൃഹാതുരതയാണ്. പലപ്പോഴും ചെടിപ്പിന്റെ വക്കോളമെത്തുന്ന ഈ മഴസ്സാഹിത്യത്തിനുള്ള, പൊള്ളുന്ന സത്യസന്ധതയുടെ മറുപടിയാണ് എന്റെ മഴ എന്ന കണ്ണീര്‍ കോരിച്ചൊരിയുന്ന കവിത. ഈ വരികള്‍ നമ്മുടെ പ്രചാരമുള്ള സാഹിത്യലോകത്ത് അങ്ങനെ പ്രത്യക്ഷപ്പെടുകയില്ല. കാരണം അവ നമ്മെ കുത്തി പരിക്കേല്‍പ്പിക്കും. കനിവേതുമില്ലാത്ത പെരുമഴയില്‍ കുതിര്‍ന്ന് ഇല്ലാതായ ജീവിതങ്ങളെ മുന്നില്‍ നിരത്തി നിറുത്തിയിട്ട് കവി പറയുകയാണ്...

മുടിഞ്ഞു പോകും നിങ്ങടെ –
അരാഷ്ട്രീയ ബുദ്ധി ജീവികളുടെ
മഴക്കൊയ്ത്തും മഴപ്പാട്ടും
ഇന്നും അറിയാമെനിക്കു
മഴപെയ്താല്‍
പട്ടിണി പെയ്യുന്ന കൂരകളെ
അരിക്കലത്തില്‍
വല നെയ്യുന്ന ചിലന്തിയെ .. ..

ഈ കുത്തിക്കൊള്ളല്‍ താങ്ങുക അത്ര എളുപ്പമൊന്നുമല്ല. കാരണം തികഞ്ഞ അരാഷ്ട്രീയതയും അനുതാപമേ ഇല്ലാത്ത സ്വാര്‍ഥതയും മിക്കവാറും പേരുടെ പുറം മുദ്രയല്ലെങ്കിലും അകം മുദ്രയാണ്. ആ അകംമുദ്രയാണെങ്കിലോ അരക്കിട്ടുറപ്പിച്ചതുമാണ്. ഇളക്കാന്‍ പരിശ്രമിക്കുന്തോറും രക്തവും മാംസവും മാത്രമല്ല എല്ലുകള്‍ കൂടിയും ചിതറിപ്പോകും. അതുകൊണ്ട് ആ അകം മുദ്രയെ ആരും സ്പര്‍ശിക്കാന്‍ പോലും ധൈര്യപ്പെടുകയില്ല.

പൊതുവേ മതം പലപ്പോഴും ഇത്ര എണ്ണം എന്ന കണക്കില്‍ വിവിധ തരം കല്‍പനകളെപ്പറ്റി ഓര്‍മ്മിപ്പിക്കാറുണ്ട്. ആ രീതിയില്‍ അഞ്ചു കല്‍പനകളെക്കുറിച്ച് പറയുകയാണ് കവി. മൊബൈല്‍ ഫോണ്‍ എന്ന പുതിയ കാലത്തിന്റെ സര്‍വശക്തനായ ദൈവത്തെ തൊട്ടുകാണിക്കുകയാണ്. തീക്ഷ്ണപരിഹാസത്തില്‍ ചാലിച്ച കുറച്ചു വരികളിലൂടെ..

ജാതി ചോദിക്കരുത് .. പറയരുത്..
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കരുത്
അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്..
.........
..........
പകരം
മൊബൈല്‍ നമ്പര്‍ ചോദിക്കുക
എല്ലാം നടക്കും.


പ്രണയത്തെക്കുറിച്ച്

അത്ര പ്രണയലോലമായ വരികള്‍ ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഈ പ്രപഞ്ചത്തിലെ അസമത്വങ്ങളും അനീതികളും നിര്‍മ്മിച്ചിട്ടുള്ള ഉണങ്ങാത്ത മുറിവുകള്‍ക്കിടയില്‍ പ്രണയം തുളുമ്പുന്ന ലോലമായ വരികള്‍ അത്രയധികമൊന്നും കുറിക്കാന്‍ കഴിയാഞ്ഞതാവാം. എത്രവേണമെങ്കിലും കൊടുത്തുകൊടുത്തു മുടിയേണ്ടുന്നതായ മനുഷ്യസ്‌നേഹവും എത്രപേരെ ചേര്‍ത്തു പിടിച്ചാലും ചെടുക്കാത്ത മനുഷ്യപ്പറ്റും ആവശ്യത്തിലധികം കൈമുതലായവര്‍ക്ക് സ്വകാര്യ പ്രണയ നിമിഷങ്ങളെ അത്രയേറേ താലോലിക്കാന്‍ കഴിയില്ലെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ഈ കവിതകളിലൂടെ കടന്നു പോകുമ്പോഴും ഞാന്‍ അങ്ങനെ ഓര്‍ക്കുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ടതെന്തും സംഘടിതമായ രീതിയില്‍ അപകടകരവും സദാചാരവിരുദ്ധവും ആയിത്തീരുന്ന വിശേഷകാലത്തിലാണ് നാമിപ്പോള്‍ കഴിഞ്ഞു കൂടുന്നത്. ജാതിയുടേയും മതത്തിന്റേയും ധനത്തിന്റേയും ആചാരവിശ്വാസങ്ങളുടേയും പദവീപ്രൌഡികളുടേയും രാജ്യാതിര്‍ത്തികളുടേയുമെല്ലാം കനത്ത ഇരുമ്പ് വേലികള്‍ക്കുള്ളില്‍ പ്രണയം ശ്വാസം മുട്ടി തന്നെത്താന്‍ കുത്തി മരിക്കുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് പ്രണയത്തെ ആയുധമാക്കാതെ പ്രണയത്തിന്റെ ശക്തമായ അടിയൊഴുക്കില്ലാതെ ഒരു സാധാരണ സമരം പോലും ചെയ്യുകയെന്നത് ഇപ്പോള്‍ തികച്ചും പ്രയാസകരമാകുന്നു.

പി ടി എ യുടെ മധ്യസ്ഥതയില്‍ തീര്‍ന്ന പ്രണയകഥ വായിക്കുമ്പോള്‍ സമകാലിക ജീവിതത്തെ പരിഹാസ്യമായ പുഞ്ചിരിയോടെ അവതരിപ്പിക്കുന്ന കവിയെ നമുക്ക് കാണാം. ലക്ഷ്മീവിലാസം ഹൈസ്‌കൂളിനു മുകളില്‍ ഇരുണ്ട് നില്‍ക്കുന്ന പ്രണയകരിമേഘത്തെ അറിയുമ്പോള്‍ നമുക്കും കവിയുടെ ആ പുഞ്ചിരിയുണ്ടാവും.

കുരുക്കെന്ന പ്രണയക്കുരുക്കും
ചരക്കുവണ്ടികളിലെ പ്രണയക്കച്ചവടവും കടന്ന് കവി പ്രണയ നോവിനെ ഇങ്ങനെ ക്രൂരമായി അടയാളപ്പെടുത്തുന്നു.
ആകാശത്ത്
കല്ല് പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം.
........................
...........................
..........................
സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ
പേറ്റുനോവ് കാണണം.

പ്രണയകാലം ഇതില്‍ക്കൂടുതല്‍ പൊള്ളലേല്‍പ്പിക്കാനുണ്ടോ?

എന്തിനാണ് സൈബര്‍ മാധ്യമങ്ങളെന്നതിന്റെ നേരുത്തരം കൂടിയാണ് മസ്തിഷ്‌ക്കമച്ചിയിലെ മിക്കവാറും കവിതകള്‍. ഇവയിലെ വരികള്‍ അമ്ലമായി പൊള്ളുന്നതുകൊണ്ട് അച്ചടിമാധ്യമങ്ങള്‍ പലപ്പോഴും അറച്ചു നിന്നേക്കും. അങ്ങനെ ഒരുപാട് കാര്യങ്ങളും വാര്‍ത്തകളും ജീവിത സത്യങ്ങളും കലാരൂപങ്ങളുമുണ്ടല്ലോ തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമായി... നെല്‍പ്പാടം നികത്തി മാളികകളും വില്ലകളും പണിയുന്നവരെക്കുറിച്ച് അച്ചടി മാധ്യമങ്ങള്‍ എഴുതും..അവയില്‍ കൊതിയൂറിക്കുന്ന വര്‍ണാഭമായ പരസ്യങ്ങളും സാഹിത്യനിര്‍ഭരമായ ഉശിരന്‍ വാചകങ്ങളും കാണും... എന്നാല്‍ അവര്‍ക്കെതിരേ സമരം ചെയ്യുന്നവരെക്കുറിച്ച് ഒറ്റയക്ഷരം സംസാരിക്കുകയില്ല. അവരെ നമ്മള്‍ കാണുന്നത് ഈ സൈബര്‍ മാധ്യമങ്ങളിലാണ്.. അവരെ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്‍പ്പെട്ട മുഖ്യധാരകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ, പൊതുജീവിതത്തിന്റെ അരികുകളില്‍ ഒറ്റക്കെയ്യാല്‍ തൂങ്ങിയാടുന്നവരെ ഒക്കെ കാണണമെങ്കില്‍ നമ്മള്‍ സൈബര്‍ മാധ്യമങ്ങളെ തേടേണ്ടിയിരിക്കുന്നു, പലപ്പോഴും.

കവി പറയുന്നതു പോലെ
ചൂണ്ടുവിരലുകള്‍
പര്‍വതങ്ങള്‍ക്കു നേരെ ഗര്‍ജ്ജിക്കട്ടെ....

ലോകത്തിലെ എല്ലാ ഭരണകൂടങ്ങളും അധികാരവും ചൂണ്ടുവിരലുകളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ. വ്യത്യസ്തമായതെന്തിനേയും അവര്‍ കീഴ്‌പ്പെടുത്തുവാന്‍ ശ്രദ്ധിക്കും. അതുകൊണ്ടാണ് അധികാരം എന്നും വിലക്കുകളെ ആഗ്രഹിക്കുന്നത്... അധികാരികള്‍ വിലക്കുകളെ ആഘോഷിക്കുന്നത്. സൈബര്‍ മാധ്യമങ്ങള്‍ക്ക് വിലക്കുകള്‍ മാലയായി സമ്മാനിക്കാന്‍ വെമ്പുന്നത്.

കവിത ഇങ്ങനെയാണ്... കവിതയില്‍ ഇതൊക്കെ വേണം... ഇതൊന്നും പാടില്ല. ഇങ്ങനെ വ്യവച്ഛേദിച്ച് കൃത്യമായി പറയാന്‍ അറിവുള്ള ഒരാളല്ല , ഞാന്‍. കവിതകള്‍ വായിക്കാറുണ്ട്... പഴയതും പുതിയതുമായ കവിതകള്‍, പ്രാചീനവും അത്യന്താധുനികവുമായ കവിതകള്‍… മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കവിതകള്‍... ചിലപ്പോള്‍ അവ ആഹ്ലാദിപ്പിക്കും.. ചിലപ്പോള്‍ കണ്ണില്‍ നീര്‍ പൊടിയിക്കും... ഇനിയും ചിലപ്പോള്‍ അവ എന്നെ കൊഞ്ഞനം കുത്തും.. അല്ലെങ്കില്‍ അതിശക്തമായി പിടിച്ചുകുലുക്കും...

മസ്തിഷ്‌ക്കമച്ചി ഇതെല്ലാം ചെയ്യുന്നുണ്ട്.. ഈ കവിതകളെ തൊടുന്നവരിലെല്ലാം മനുഷ്യപ്പറ്റിന്റെ ഉന്മാദം നിറയട്ടെ.. ഭൂപടങ്ങളില്‍ ഇടമില്ലാത്തവരുടെ സംഗീതവും തൂക്കിലേറ്റപ്പെട്ടവരുടെ ശ്വാസവും അവര്‍ക്കെല്ലാം കേള്‍ക്കാനാവട്ടെ.. അതിരുകളില്ലാത്ത സ്‌നേഹവും അനുതാപവും അവരെപ്പോലും മൂടിക്കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകട്ടെ..

3 comments:

വിനുവേട്ടന്‍ said...

ഇതിലും മനോഹരമായ ഒരു അവതാരിക ഇനിയെന്തിന് എച്ച്മൂ...?

Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര മനോഹരമീ പരിചയപ്പെടുത്തൽ ...
ഇവിടെയും മസ്തിഷ്‌ക്കമച്ചി വ്യത്യസ്തമാകുന്നു.
കാരണം പഠിപ്പില്ലാത്തവര്‍ക്കും വായിക്കാനാകുന്ന
ആസ്വദിക്കാനാകുന്ന കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.
ഈ കവിതകള്‍ ഒരു നിയമത്തിന്റെ വലകളിലും കുരുങ്ങിയിട്ടില്ല.
കുരുങ്ങുമ്പോഴാണല്ലോ രക്ഷപ്പെടുവാന്‍ ആവശ്യമായ വക്കീലുമാരും
പറ്റിയ ന്യായവാദങ്ങളും തേടേണ്ടി വരിക. ഈ കവിതകളില്‍ ഓരോ വരിയുടെ
അരികിലും ജീവിതം പറ്റിപ്പിടിച്ചിട്ടുണ്ട്. തീക്ഷ്ണ പരിഹാസവും പ്രത്യേകമായ നര്‍മ്മബോധവും
മിക്കവാറും എല്ലാ കവിതകളുടേയും മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഓരോ സാധാരണമനുഷ്യരും
ഞാന്‍ ആലോചിച്ചതാണല്ലോ, ഞാനറിഞ്ഞതാണല്ലോ, ഞാനനുഭവിച്ചതാണല്ലോ എന്ന സ്വന്തപ്പെടലോടെ
ഭൂരിഭാഗം കവിതകളേയും വായിക്കും..

പട്ടേപ്പാടം റാംജി said...

അവതാരിക കേമമായിരിക്കുന്നല്ലോ. ഇതും ഉണ്ടല്ലേ. അഭിനന്ദനങ്ങള്‍.