ഇപ്പോള്‍ ഞാന്‍ ചില സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാം..
അവ രാത്രിയുടെ കരിമ്പടത്തിലേറി എന്നെ കാണുവാന്‍ വരുന്നു. എന്നെ അസ്വസ്ഥയാക്കുന്നു.
ഇടയില്‍ കുലുക്കിയുണര്‍ത്തുന്നു.
അവയിലൊരെണ്ണം ഞാന്നൊരു കുറ്റവാളിയാണെന്ന് വിശദീകരിക്കുന്നു.ഞാന്‍ ഓടുന്നു. പല ഇടങ്ങളില്‍ അഭയം
തേടുന്നു. കട്ടിലിനടിയില്‍ , ചാണകക്കുഴികളില്‍ ... തുണികള്‍ക്കിടയില്‍, ചീഞ്ഞ പച്ചക്കറികള്‍ക്കിടയില്‍, മരത്തിന്റെ മുകളില്‍... ഒടുവില്‍ പറക്കാനാവാത്ത വിമാനങ്ങളില്‍ .. അപ്പോഴെല്ലാം ഞാന്‍ നിരന്തരമായി തുരത്തപ്പെടുന്നു.
എന്റെ താമസസ്ഥലത്തിനു മുന്നില്‍ ഒരു വലിയ കടല്‍ നേര്‍ത്ത പ്ലാസ്റ്റിക് തൊലിയില്‍ തടയപ്പെട്ട് നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും
ആര്‍ത്തലച്ചു വരാമെന്ന മട്ടില്‍. ... പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദം എപ്പോഴും മുഴങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ ചെയ്ത കുറ്റം എന്താണ് ? ഞാനെങ്ങനെ ഒരു പരമദ്രോഹിയാകുന്നു.?
നീതി വേണം എല്ലാവര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു.
ജനങ്ങളാവണം അവര്‍ മാത്രമാവണം പരമാധികാരികള്‍ എന്ന് ഞാന്‍ പറഞ്ഞു.പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയെ ഞാന്‍ നിഷേധിച്ചു...
ഞാന്‍ മറ്റെന്തെങ്കിലും പറഞ്ഞുവോ?
സ്വപ്നം എന്നെ എപ്പോള്‍ വേണമെങ്കിലും കാലു തെന്നി വീഴാവുന്ന അത്യുന്നതങ്ങളില്‍ നടത്തി.താഴെ അപ്പോള്‍ അഗാധതകള്‍ ഭീതിപ്പെടുത്തുമാറ് പല്ലിളിച്ചു.
എനിക്ക് അറിയാവുന്നവരും എന്നാല്‍ പേരോര്‍ക്കാന്‍ പറ്റാത്തവരും .
നാണമില്ലാതെ ഗുഹ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പെണ്ണേ, പെണ്ണേ എന്നാര്‍ത്തു.
ഞാന്‍ തളര്‍ന്നപ്പോള്‍ അവര്‍ എന്റെ മുഖത്ത് ആസിഡ് പുരട്ടി.
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞയാള്‍ പോലും പാന്റിന്റെ സിബ്ബഴിച്ചപ്പോള്‍ എന്റെ കാലുകള്‍ക്കിടയിലൂടെ രക്തവും ഒരുപാട് കുഞ്ഞുങ്ങളും വാര്‍ന്നൊഴുകി.
കാരണം എത്രയായാലും ഞാനൊരു പെണ്ണാണ്. ആരുടെ ബീജത്തേയും വയറ്റില്‍ വഹിച്ച് പെറാന്‍ കഴിയുന്നവള്‍ .
അപ്പോള്‍ എന്നെ കരുണയോടെ നോക്കിയവന്റെ ദേഹമാകെയും സിഗരറ്റ് കുത്തിക്കെടുത്തിയ കനല്‍പ്പാടുകള്‍ കരിഞ്ഞു നിന്നു. അവന്‍ കരയുന്നില്ലെന്ന് കണ്ടുവെങ്കിലും ... എനിക്ക് പേടി ഉണ്ടായിരുന്നു.
ആ ഭയത്തില്‍ ഞാന്‍ ഓടിക്കയറിയ ഒരു.
വിമാനം ഭൂപടം പോലെ വിസ്തൃതമായ നെല്‍പ്പാടത്തിനു നടുവിലൂടെ ഓട്ടോറിക്ഷയേക്കാള്‍ മെല്ലെ ഓടുമ്പോള്‍
ആ സ്വര്‍ണ കതിരെല്ലാം കരിഞ്ഞുണങ്ങുകയായിരുന്നു.
എന്നാല്‍ എത്ര വേഗത്തില്‍ അതില്‍ നിന്ന് ഇറങ്ങീട്ടും കിതപ്പോടെ വലിഞ്ഞു നടന്നിട്ടും എന്റെ വീടിനെയാകട്ടെ എവിടേയും കാണാനുണ്ടായിരുന്നില്ല. അറബിക്കഥയിലെ നായകനെപ്പോലെ എവിടെപ്പോയി എന്റെ വീടെന്നന്വേഷിച്ചു നടക്കുമ്പോള്‍
ജനനേതാവായ ഒരാളെ ഞാന്‍ കണ്ടുമുട്ടി.
അദ്ദേഹത്തോട് നാട്ടിലെ ഒരു വക്കീലിനെയും നാട്ടിലെ നിയമത്തേയും രാജ്യത്തിലെ കോടതികളേയും പറ്റി ചോദിച്ചു. എന്നാല്‍ വക്കീലിന്റെ പ്രണയങ്ങളെപ്പറ്റി മാത്രമേ അദ്ദേഹം എന്നോട് സംസാരിച്ചുള്ളൂ.
എന്റെ നിര്‍ബന്ധം മൂത്തപ്പോള്‍ അദ്ദേഹം എന്റെ വാചകങ്ങളിലെ സൌന്ദര്യക്കുറവിനെ പിന്നെയും പിന്നെയും ചൂണ്ടിക്കാട്ടി.
പരിചയമില്ലാത്ത മുഖങ്ങളുമായി വന്ന്
എന്നോട് കോപിക്കാന്‍ തുടങ്ങിയവരെ ശ്രദ്ധിച്ചപ്പോഴാണ് ഞാനറിഞ്ഞത് എനിക്ക് അവരുടെ
ഭാഷപോലും മനസ്സിലാകുന്നില്ലെന്ന്...
സ്വപ്നങ്ങളും ഉറക്കവും ഭക്ഷണവും പോലും ഭയപ്പെടുത്തുന്ന ദുരിതകാലങ്ങളെ പ്രസംഗം കൊണ്ടും
ഉമ്മകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും കീഴ്‌പ്പെടുത്താമെന്ന് എന്നോട്
വിളിച്ചു പറഞ്ഞത് ആരാണെന്നും ഏതു ഭാഷയിലാണെന്നും എനിക്ക് ഒട്ടും ഓര്‍മ്മ വരുന്നില്ല.
ആര്‍ക്കെങ്കിലും ഓര്‍മ്മ വരുന്നുവെങ്കില്‍ എന്നോട് പറയണം.
ഫോണ്‍ നമ്പറും ഈ മെയില്‍ ഐ ഡിയും ഒക്കെ മാഞ്ഞു മാഞ്ഞു പോകുന്നുവെങ്കിലും നമുക്കൊന്നു കൂട്ടായി ശ്രമിച്ചു നോക്കാമല്ലോ അല്ലേ...
1 comment:
കിനാവിൽ ഓടിക്കയറുന്ന ദുസ്വപ്നങ്ങൾ ...
Post a Comment