Tuesday, June 19, 2018

ഒരു മധുരസ്വപ്നം


fb
                                                                                 വീടിനു തൊട്ടടുത്തായിരുന്നു നാഗമ്മാമിയുടെ വീട്. ആദ്യകാലങ്ങളില്‍ ജാതിയുടെ ഏറ്റക്കുറച്ചിലും ഭ്രഷ്ടും കാരണം അവിടെ പോവാന്‍ കഴിയുമായിരുന്നില്ല. പിന്നെ പതുക്കെപ്പതുക്കെ പോവാമെന്നു വന്നു.

പുസ്തകങ്ങള്‍ ഏറ്റവും വലിയ ബന്ധുക്കളായിത്തീര്‍ന്ന കൌമാരകാലമായിരുന്നു അത്. പതിനെട്ട് വയസ്സ് തികയുന്നതിനു മുന്‍പുള്ള കാലം. മുട്ടൊപ്പം നീണ്ട കരിനീലത്തലമുടിയുമായി ഞാന്‍ ഒരു സുന്ദരീപ്പട്ടത്തില്‍ തിളങ്ങിയിരുന്ന കാലം.

ആ വീട്ടിലെ തുളസിത്തറയായിരുന്നു എന്റെ ഏറ്റവും വലിയ ആകര്‍ഷണം. അതൊരു തറയായിരുന്നില്ല, ഉയരമുള്ള ഒരു കൂവളവും സദാ പൂക്കള്‍ വര്‍ഷിക്കുന്ന ഒരു പവിഴമല്ലിയും അവിടെ ഉണ്ടായിരുന്നു. അവയുടെ ചുറ്റിലുമായിരുന്നു കൃഷ്ണത്തുളസിയും രാമത്തുളസിയും കര്‍പ്പൂരത്തുളസിയും നിന്നിരുന്നത്. തറയ്ക്കിപ്പുറത്തായി ഇരുവശങ്ങളിലും പിച്ചകവും ഇരുകാക്ഷി എന്ന ഇരട്ടമുല്ലയും കോളാമ്പിയുടെ മധുരമഞ്ഞപ്പൂക്കളും ഗന്ധരാജനും ആര്‍ത്തു നിന്നിരുന്നു.

തറനിരപ്പില്‍ നിന്ന് കഷ്ടിച്ച് അരയടി പൊക്കത്തില്‍ വെട്ടുകല്ലു പാവി മൃദുലമായ ചെമ്മണ്ണു പൂശി കരിയും ചാണകവും മെഴുകിയതായിരുന്നു ആ തുളസിത്തറ. നാഗമ്മാമി നിത്യവും ആ തറയില്‍ അരിപ്പൊടി കൊണ്ട് അതിമനോഹരമായ കോലങ്ങള്‍ വരച്ചിടും. പ്രഭാതസൂര്യന്‍ തന്റെ തങ്കരശ്മികളാല്‍ അവയില്‍ പവന്‍ നിറങ്ങളെഴുതി മിനുക്കുമായിരുന്നു.

തുളസിത്തറയുടെ ചുറ്റും വിരിച്ചിരുന്ന മണലില്‍ എപ്പോഴും പൂക്കളുടെ മെത്തയുണ്ടാകുമായിരുന്നു. ലോകക്ലാസ്സിക്കുകള്‍ വായിച്ച് ആഹ്ലാദിക്കുവാന്‍ ഞാന്‍ എപ്പോഴും അവിടെ പോയി. ചിലപ്പോള്‍ ആ മണലില്‍, വായിക്കുന്ന പുസ്തകം നെഞ്ചില്‍ കമഴ്ത്തിവെച്ച് ഭയലേശമെന്യേ ഉറങ്ങി. അന്നേരം എന്റെ കണ്ണുകളില്‍ സുഗന്ധികളായ പൂക്കള്‍ അരുമയോടെ ഉമ്മവെച്ചു.... കരിനീലത്തലമുടിയെ അവര്‍ ഞാന്‍ ഞാനെന്ന് ഉന്മാദസുഗന്ധിയാക്കി..

എന്നെങ്കിലും ഒരു വീടുണ്ടാക്കിയാല്‍ … ഈ മധുര സ്വപ്നത്തെ തിരിച്ചു വിളിക്കുമെന്ന് ഞാനിന്നും കരുതും..

എന്താല്ലേ … മൊട്ടത്തലയുള്ള എന്റെ കിനാവുകള്‍

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നെങ്കിലും ഒരു വീടുണ്ടാക്കിയാല്‍ …
ഈ മധുര സ്വപ്നത്തെ തിരിച്ചു വിളിക്കുമെന്ന്
ഞാനിന്നും കരുതും..

എന്താല്ലേ … മൊട്ടത്തലയുള്ള എന്റെ കിനാവുകള്‍..!