Friday, June 29, 2018

എച്മുവിന്റെ പെണ്ണുങ്ങള്‍-നീലിച്ചു കറുത്ത നിശീഥിനികളുടെ ഉറ്റ തോഴി

https://www.facebook.com/echmu.kutty/posts/543299619182670
                       
                20-03-2016നു നവമലയാളിയില്‍ വന്ന പോസ്റ്റ്)
http://navamalayali.com/2016/03/20/echmu-column-m16/

സ്ത്രീകള്‍ രാത്രികളില്‍ മാരത്തോണ്‍ ഓടുന്നു, നഗരങ്ങളില്‍ ഒറ്റയ്ക്ക് വഴി നടക്കുന്നു, രാത്രികള്‍ സ്വന്തമായി കിട്ടിയാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന ലേഖന മല്‍സരങ്ങളില്‍ ഉഷാറായി പങ്കെടുക്കുന്നു.നല്ല കാര്യം... സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതു തന്നെയാണ് പകല്‍ പോലെ രാത്രികളും. അക്കാര്യത്തില്‍ എനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. രാത്രിയിലെന്നല്ല പകലായാലും സ്ത്രീയെ ഒറ്റയ്ക്ക് കിട്ടിയാല്‍ ബലാല്‍സംഗം ചെയ്ത് ശരിപ്പെടുത്തിക്കളയുമെന്നും അതുകൊണ്ട് സ്ത്രീകള്‍ കട്ടിത്തുണികൊണ്ട് മൂടിമറച്ച്, ആണ്‍തുണയില്ലാതെ മുറ്റത്തിറങ്ങിയാല്‍ മാനം പോകുമെന്ന് സദാ പേടിച്ച് വിറച്ച് വീടുകളില്‍ കുത്തിയിരിക്കണമെന്നുമുള്ള സാമൂഹിക അഹന്തയെയും അതിനു ചൂട്ടു പിടിക്കുന്ന സകല മതാചാരങ്ങളേയും നിയമസംഹിതകളേയും രാഷ്ട്രീയാഭിപ്രായങ്ങളേയും സാംസ്‌ക്കാരികാല്‍പത്തങ്ങളേയും നിരത്തി നിറുത്തി വെടിവെച്ചു കൊല്ലുക തന്നെ വേണം .

ഇത്തരം വികല സങ്കല്‍പങ്ങളെയാണ് മുച്ചൂടും എതിര്‍ക്കേണ്ടത്. തീയിട്ട് കത്തിച്ചു കളയേണ്ടത്. അല്ലാതെ ഒരു ഫാഷന്‍ എന്ന നിലയ്‌ക്കോ ഒരു ചടങ്ങ് എന്ന നിലയ്‌ക്കോ ഒരു മല്‍സരം എന്ന നിലയ്‌ക്കോ പെണ്ണുങ്ങള്‍ രാത്രികളെ സ്വന്തമാക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു സ്ത്രീ രാത്രിയില്‍ ഇറങ്ങി നടന്നപ്പോള്‍, അതുമല്ലെങ്കില്‍ കുറച്ച് സ്ത്രീകള്‍ രാത്രിയില്‍ ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍ പോയി കാപ്പി കുടിച്ചപ്പോള്‍ എന്ന നിലയ്‌ക്കോ മാത്രം കണ്ട് ഒതുക്കിക്കളയേണ്ട വിഷയമല്ല ഇത്. അത് നിരന്തരമായ വിട്ടു വീഴ്ചകളില്ലാത്ത സമരമായിരിക്കണം.' യ്യോ! എനിക്ക് പേട്യാവും' എന്ന കൊഞ്ചും പെണ്‍ ചൊല്ല് കേട്ടാല്‍ ഒരു പുരുഷനും സംരക്ഷകനെന്ന രോമാഞ്ചത്തിന്റെ കുളിരു കോരരുത്. ആ വാചകം പറയുന്നത് സ്വന്തം പെണ്ണത്തത്തിനു കൊടിയ അപമാനമാണെന്ന് സ്ത്രീകള്‍ സ്വയം മനസ്സിലാക്കുകയും വേണം.

പേടിയേ ആവാത്ത പേടി എന്ന വികാരമെന്തെന്നറിയാത്ത ഒരു പെണ്ണായിരുന്നു, മാതു. അവള്‍ നിശീഥിനികളുടെ കൂട്ടുകാരിയായിരുന്നു. ആദരവോടേയും ബഹുമാനത്തോടെയും മാത്രമേ എനിക്ക് മാതുവിനെപ്പറ്റി ഓര്‍ക്കാന്‍ കഴിയൂ .... എഴുതാന്‍ കഴിയൂ.

മാതു ഇപ്പോഴുമുണ്ട്. ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നു. വലിയ ഉദ്യോഗമൊന്നുമല്ല, പാത്രം കഴുകല്‍, അംഗനവാടിയില്‍ കഞ്ഞീം കൂട്ടാനും വെയ്ക്കല്‍ … അത്രൊക്കെയെ ഉള്ളൂ ഉദ്യോഗപ്പവര്‍ ഒരു തല്ലിപ്പൊളി മൊബൈല്‍ ഫോണ്‍ ഉണ്ട്. മൊബൈല്‍ ഇറങ്ങിയ കാലത്ത് ആരോ കൊടുത്തതാവണം. ദോഷം പറയരുതല്ലോ, ആ ഫോണിനിപ്പോഴും യാതൊരു കേടുമില്ല. മാതു അതിനെ പൊന്നു പോലെ സംരക്ഷിക്കുന്നു. അതില്‍ ഒരു കോറലോ ഒട്ടിച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക് കവറിനൊരു മങ്ങലോ പറ്റിയിട്ടില്ല. ഫോണ്‍ മാതുവിന്റെ മുണ്ടിന്‍ മടിക്കുത്തില്‍ എപ്പോഴും ഭദ്രമായുണ്ടാവും. എപ്പോള്‍ വിളിച്ചാലും ' ആരാ ഇത്? എന്നോട് കലാക്കുട്ടിയല്ലവോ ' എന്ന് ചോദിക്കും.

അമ്മീമ്മ താമസിച്ചിരുന്ന ബ്രാഹ്മണ ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ മാതു, ബ്രാഹ്മണഗൃഹങ്ങളില്‍ അടിച്ചു വാരിത്തുടച്ച് പാത്രം കഴുകി തുണിയലക്കി അങ്ങനെ ജീവിച്ചു പോന്നു. ഒരു പത്തു വയസ്സു മുതല്‍. മാതുവിന്റെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും കുറച്ചു കഴിഞ്ഞപ്പോള്‍ മാതുവിനെ വിട്ടു മരണത്തിനു കീഴടങ്ങി. ഇടിഞ്ഞു പൊളിഞ്ഞതാണെങ്കിലും മാതുവിനൊരു വീടുണ്ടായിരുന്നു. അതുകൊണ്ട് കിടക്കാനിടമില്ലാത്ത ദുരിതം അവള്‍ക്ക് വന്നതേയില്ല. പിന്നെ മത്തയും കുമ്പളവും പടവലവും മുരിങ്ങയും കയ്പയ്ക്കയും കപ്പയും ചക്കയും കറിവേപ്പുമൊക്കെ ആ പറമ്പിലുണ്ടായിരുന്നു. അതുകൊണ്ട് ഒന്നോ രണ്ടോ നേരം ഇതൊക്കെയും പിന്നെ തഴുതാമയും തകരയും വേവിച്ചു തിന്നും മറ്റും മാതു അങ്ങ് കഴിഞ്ഞു കൂടി.

പക്ഷെ, ആലോചിച്ചു നോക്കു...വെറും പത്തു വയസ്സ്. ഇടിഞ്ഞു പൊളിഞ്ഞ വീട്. ബ്രാഹ്മണഗൃഹങ്ങളില്‍ അടിച്ചു തളി... ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് ജീവിയ്ക്കാന്‍ ഇതു മതിയോ?

എന്തായാലും കുട്ടി മാതു ജീവിച്ചു.

രാവിലെ ആറരയാവുമ്പോഴേക്കും വീട്ടില്‍ നിന്നിറങ്ങി വൈകീട്ട് നാലഞ്ചു മണിയാവുമ്പോഴേക്കും വീട്ടില്‍ മടങ്ങി എത്തും.

മാതു വളര്‍ന്നു തുടങ്ങി... പിന്നെ തിരണ്ടു. നെഞ്ചില്‍ മുലമൊട്ടുകള്‍ കൂമ്പി. തലമുടി ഇരുണ്ട് കനത്തു. കവിളിനു മിനുസവും തിളക്കവും കൈവന്നു. ഒന്നരമുണ്ടിനടിയിലെ പിന്‍ ഭാഗവും തുടകളും ആണുങ്ങളെ തീവ്രമായി അസ്വസ്ഥരാക്കാനാരംഭിച്ചു.

അങ്ങനെയാണ് പൂണൂലിട്ട തികഞ്ഞ ശുദ്ധബ്രാഹ്മണരുടെ വീട്ടില്‍ മാത്രം പണിയെടുത്തിരുന്ന മാതുവിനെ ആലിംഗനം ചെയ്യാനും കീഴ്‌പ്പെടുത്താനും ഒരു അയ്യര്‍ ഭര്‍ത്താവിനു മോഹമുദിച്ചത്, മാതു കുതറി, അയാളുടെ കൈയില്‍ നിലവിളക്കു കൊണ്ട് ഒരടി കൊടുത്തിട്ട് ഓടി രക്ഷപ്പെട്ടു. പൊണ്ടാട്ടിയായ അമ്മ്യാര്‍ക്ക് ഭര്‍ത്താവ് വഴുക്കി വീണപ്പോള്‍ കൈ ഒടിഞ്ഞതാണെന്ന് പറഞ്ഞു നടക്കേണ്ട ബാധ്യതയുണ്ടായി... അതു പിന്നെ അങ്ങനെയാണല്ലോ. ഭര്‍ത്താവിന്റെ പേരില്‍ ആരോപണം വന്നാലോ വരാന്‍ ചാന്‍സുണ്ടായാലോ ഭാര്യമാര്‍ കരഞ്ഞുകൊണ്ടും ഗദ്ഗദപ്പെട്ടുകൊണ്ടും ഒക്കെ അങ്ങനെ അദ്ദേഹത്തിനെ രക്ഷപ്പെടുത്തുന്നതും ഒരു പത്‌നീ ധര്‍മ്മമാണല്ലോ. ഇക്കാലത്തേയും എല്ലാ പെണ്‍പീഡന കേസുകളിലും നമ്മള്‍ ഇത് സ്ഥിരം കാണുന്നതല്ലേ ?

അപ്പോഴാണ് രക്ഷകനായി ഒരു രാമന്‍ നായരെ മാതുവിന്റെ അകന്ന ബന്ധത്തിലുള്ള ചില അമ്മാവന്മാരും അമ്മായിമാരും കൂടി അവള്‍ക്ക് ഭര്‍ത്താവായി കണ്ടു പിടിച്ചു കൊണ്ടു വന്നത്. രാമന്‍ നായര്‍ക്ക് സ്ഥിരം ജോലിയൊന്നുമുണ്ടായിരുന്നില്ല. പറമ്പ് കിളയ്ക്കലും വേലി കെട്ടലും റോഡിലിരുന്ന് ബീഡി വലിയ്ക്കലും താന്‍ വലിയ കേമനും തറവാടിയും ആണെന്ന് പൊങ്ങച്ചം പറയലുമാണ് പ്രധാന ജോലി.

മാതു പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മോളെ പ്രസവിച്ചു. അതിനുശേഷമാണ് അമ്മീമ്മയുടെ വീട്ടില്‍ പുറം പണിയ്ക്ക് വന്നു തുടങ്ങിയത് . അതുവരെ മാതുവിനു അവിടെ ജോലിക്കു വന്നാല്‍ മറ്റ് ബ്രാഹ്മണഗൃഹങ്ങളിലെ ജോലി നഷ്ടപ്പെടുമോ എന്ന ഭീതി ഉണ്ടായിരുന്നു. ദാരിദ്ര്യം മുഴുത്തു മുഴുത്തു വന്നപ്പോള്‍ ഭ്രഷ്ടിനെപ്പറ്റിയുള്ള ഭയം അവളില്‍ നിന്നകന്നു പോയി.

അടുത്ത പത്താം മാസത്തില്‍ തന്നെ മാതു ഒരു മോനെ പെറ്റു.

അപ്പോഴേക്കും രാമന്‍ നായര്‍ക്കു ദാരിദ്ര്യവും പേറും മൂത്തകൊച്ചിന്റെ അവസാനിയ്ക്കാത്ത തൊള്ള കീറലും മാറാത്ത കരപ്പനും ഒടുങ്ങാത്ത പ്രാരാബ്ധവും ഒക്കെ മടുത്ത് കഴിഞ്ഞിരുന്നു. മാതു രണ്ടാമത് പെറും വരെ രാമന്‍ നായര്‍ നാട്ടില്‍ നിന്നില്ല. അയാള്‍ നാടു വിട്ട് പോയി. എന്നു വെച്ച് പ്രസവ വേദന വരാതിരിയ്ക്കുമോ ? പെറാതെ പറ്റുമോ? ഇല്ല. മാതു അങ്ങനെ രണ്ടാമതും അമ്മയായി.

രണ്ട് മക്കള്‍ … മാതു , ജീവിതം കഴിയേണ്ടേ?

രണ്ടാമത്തെ പ്രസവത്തോടെ ആര്‍ത്തവം വരുന്നില്ലെന്ന് മാതു നാട്ടില്‍ എല്ലാവരോടും പറഞ്ഞു. അങ്ങനെ മാസത്തില്‍ മുപ്പതു ദിവസവും എല്ലാ മഠങ്ങളിലും അവള്‍ ജോലി ചെയ്തു, പൂജാ മുറി തുടയ്ക്കാനും വിളക്ക് തേയ്ക്കാനും ഒന്നും ഒരു മടിയും ഇല്ലാതെ...ശിവനും വിഷ്ണുവും ദേവിയുമായ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവങ്ങള്‍ ആരും തന്നെ മാതുവിനെ ഒറ്റിക്കൊടുത്തില്ല. ഒരു കാലത്തും.

കിട്ടുന്ന ജോലിയെല്ലാം മാതു ചെയ്യും. പാല്‍ സൊസൈറ്റിയിലെ വലിയ വലിയ പാല്‍ പാത്രങ്ങള്‍ കഴുകാന്‍ പോകും. അംഗനവാടിയില്‍ കുറുക്കും ഉപ്പുമാവും ഉണ്ടാക്കാന്‍ പോകും. അഞ്ചെട്ട് വീടുകളിലെ വീട്ടു ജോലികള്‍ ചെയ്യും. ഏതു പണി ആരെവിടെ ചെയ്യാനുണ്ടെന്ന് പറഞ്ഞാലും മാതു ചെയ്യും. ആ സമയത്തെല്ലാം കുട്ടികള്‍ അതതിടങ്ങളില്‍ മണ്ണിലിഴഞ്ഞ് കളിച്ചു കൊണ്ടിരിക്കും. മഴയത്തും വെയിലത്തും മഞ്ഞത്തും ഒക്കെ ഒരേ മാതിരി. മാതു തരം പോലെ കുട്ടികള്‍ക്ക് മുല കൊടുക്കുകയും കുറുക്കും ഉപ്പുമാവും ചോറും മറ്റും കൊടുക്കുകയും സ്വയം തിന്നുകയും ചെയ്യൂം.
ആ കുട്ടികള്‍ക്കും ഭയങ്കര വിശപ്പായിരുന്നു . എന്തു കിട്ടിയാലും ഗപ് ഗപ് എന്ന് ഉടനെ തിന്നും.

രാമന്‍ നായര്‍ ഇടയ്ക്ക് മാതുവിനു കത്തയയ്ക്കും. കത്ത് വായിയ്ക്കുന്നത് അമ്മീമ്മയാണ്. മാതുവിനു പഠിപ്പ് ഇല്ലല്ലോ.

' എന്റെ മാതു നീ നമ്മുടെ മക്കളെ നന്നായി നോക്കണം. പറ്റുമ്പോള്‍ ഞാന്‍ അങ്ങോട്ട് വരാം.' എന്നാണ് കത്തിലുണ്ടാവുക.

മക്കളെ വെറുതേ കണ്ണ് ഉരുട്ടി മിഴിച്ച് നോക്കിയാല്‍ പോരല്ലോ.

അതുകൊണ്ട് മാതു രണ്ട് പിള്ളേരെയും ഒക്കത്തെടുത്ത് ഈ വീടുകളില്‍ നിന്നു കിട്ടുന്നതെല്ലാം ഒരു വട്ടക്കുട്ടയില്‍ നിറച്ച് തലയില്‍ വെച്ച് അമ്മീമ്മ കൊടുത്ത വലിയൊരു ഒരു ടോര്‍ച്ചും മിന്നിച്ച് ഗ്രാമത്തിലെ ബ്രാഹ്മണച്ചുടലയുടെ നടുവിലൂടെ നടന്ന് രാത്രി ഒമ്പതു മണിയ്ക്കും പത്തുമണിയ്ക്കും ഒക്കെ സ്വന്തം വീട്ടിലേക്ക് പോകും...

ഒരു പ്രേതവും മാതുവിനെ തൊട്ടില്ല. ഒരു പാമ്പും പത്തി വിതുര്‍ത്ത് കാണിച്ചില്ല. എന്നാല്‍ ആണ്‍തുണയില്‍ അഹങ്കരിച്ചിരുന്ന ഗ്രാമത്തിലെ പേടിക്കാരി പെണ്ണുങ്ങളും മാതുവിനെ തൊടാന്‍ കിട്ടാത്ത ആണുങ്ങളും രഹസ്യമായി പേയ്, പിശാച്, വേശ്യ എന്നൊക്കെ അവളെ വിളിച്ചിരുന്നു.

കുട്ടികള്‍ക്ക് അഞ്ചും നാലും വയസ്സായപ്പോള്‍ ഒരു അല്‍ഭുതം സംഭവിച്ചു. രാമന്‍ നായര്‍ മടങ്ങി വന്നു.

അടിച്ചതിനകത്ത് കയറരുതെന്ന് മാതു ഒരു ഭദ്രകാളിയായി. അവളുടെ അതി തീവ്രമായ സങ്കടം ആ തൊണ്ടയും കരളും കുത്തിപ്പറിച്ചെടുത്തു. അവള്‍ ഒരു യക്ഷിയെപ്പോലെ അലറി... ഒടുവില്‍ തളര്‍ന്ന് ബോധം കെട്ട് വീണു.

അപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഇടപെട്ടു.

' എന്തായാലും രാമന്‍ നായര്‍ നിന്റെ ഭര്‍ത്താവാണ്. അയാളെ അങ്ങനെ ആട്ടിക്കളയുന്നത് ശരിയല്ല. അയാള്‍ പുറപ്പെട്ട് പോയത് തെറ്റ് തന്നെ . പക്ഷെ, അയാളിപ്പോ മടങ്ങി വന്നില്ലേ. അയാളിനി നന്നായി കുടുംബം നോക്കും. നീ അയാളെ വീട്ടില്‍ കയറ്റി താമസിപ്പിക്കണം. ഒരു തെറ്റൊക്കെ പറ്റാത്ത മനുഷ്യരുണ്ടോ മാത്വോ '

അങ്ങനെ രാമന്‍ നായര്‍ വീണ്ടും മാതുവിന്റെ കുടുംബനാഥനായി.
അപ്പോള്‍ ചില കാര്യങ്ങള്‍ ഒക്കെ അതതിന്റെ മുറ പോലെ സംഭവിക്കുമല്ലോ. അങ്ങനെ അതും സംഭവിച്ചു.

മാതുവിനു പിന്നെയും ഗര്‍ഭമുണ്ടായി. ഇത്തവണ പൊടി പൂരമായിരുന്നു കാര്യങ്ങള്‍. അവളുടെ മേലാസകലം നീരു വന്നു വീര്‍ത്തു. വലിയ വയറ്... അതും താങ്ങി നടക്കുന്നതു തന്നെ ദയനീയമായ ഒരു ചിത്രമായിരുന്നു. എന്ന് വെച്ച് പണിയ്ക്ക് പോകാതെ പറ്റുമോ? രാമന്‍ നായര്‍ക്ക് വല്ലപ്പോഴുമല്ലേ പണി കിട്ടൂ. പിന്നെ മാതുവിന്റെ പറമ്പില്‍ വല്ലതും കൊത്തിക്കിളച്ചുണ്ടാക്കുന്നത് രാമന്‍ നായരുടെ ആണത്തത്തിനു ഇത്തിരി ചേപ്രയായി തോന്നി. അതുകൊണ്ട് അയാള്‍ കുത്തീരുന്നു ബീഡി പുകച്ചുകൊണ്ടിരുന്നു, പഴയ പൊങ്ങച്ചങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

എട്ടുമാസമായപ്പോള്‍ മാതു കിടന്നു പോയി... അവള്‍ക്ക് പണിയെടുക്കാന്‍ വയ്യ. കാലില്‍ നീരു കാരണം നടക്കാന്‍ വയ്യ. വിശപ്പില്ല....മാതു ചത്തു പോകുമെന്ന് നാട്ടിലെ പ്രധാന മിഡ് വൈഫായ അമ്മിണിയമ്മ ആരോടെല്ലാമോ സങ്കടം പറഞ്ഞു.

ഒരാഴ്ച രാമന്‍ നായര്‍ പിടിച്ചു നിന്നു.

പിന്നെ അയാള്‍ അപ്രത്യക്ഷനായി.

ഒടുവില്‍ നാട്ടുകാരെല്ലാവരും കൂടി മാതുവിനെ ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോയി കിടത്തി. എന്റെ അച്ഛനുണ്ടായിരുന്നുവല്ലോ അക്കാലം ആശുപത്രിയില്‍. ഗൈനക്കോളജിസ്റ്റുമാരോട് പ്രത്യേകം ചട്ടം കെട്ടി മാതുവിനു സ്‌പെഷ്യല്‍ പരിചരണം അച്ഛന്‍ ഏര്‍പ്പാടാക്കി.

മാതു പ്രസവിച്ചത് രണ്ട് ആണ്‍കുട്ടികളെയായിരുന്നു. പ്രസവം നിറുത്തിത്തരണമെന്ന് അവള്‍ ഗൈനക്കോളജിസ്റ്റിന്റെ കൈ പിടിച്ച് കെഞ്ചി .

അവര്‍ അത് ചെയ്തുകൊടുത്തു.

പെറ്റിട്ട് രണ്ട് ചോരക്കുഞ്ഞുങ്ങളേയും മുതിര്‍ന്ന രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് മാതു അമ്മീമ്മയുടെ അടുത്തേയ്ക്കാണ് നേരെ വന്നത്. അത്ര ചെറിയ മനുഷ്യക്കുട്ടികളെ ഞാനും അനിയത്തിയും ജീവിതത്തിലാദ്യമായി കാണുകയായിരുന്നു. എലിയുടെ അത്രയേ ഉള്ളൂ. ചുവന്ന ആ കുഞ്ഞുങ്ങള്‍ . മാതു ' കഞ്ഞി തരുമോ' എന്ന് ചോദിക്കുമ്പോള്‍ അവള്‍ക്ക് ഒരു പിച്ചക്കാരിയുടെ മുഖഭാവമായിരുന്നു. കഞ്ഞി കുടിച്ചിട്ട് 'അല്‍പം വിഷം വേണം' എന്നവള്‍ പറഞ്ഞപ്പോള്‍ അമ്മീമ്മ അവളെ ദേഷ്യപ്പെട്ടു . ' നിന്റെ മക്കള്‍ നിനക്ക് ഈ ലോകം നേടിത്തരുമെടീ' എന്ന് സമാധാനിപ്പിച്ചു.

അങ്ങനെ പെറ്റിട്ട് പത്തു ദിവസത്തിനുള്ളില്‍ മാതു പഴയപോലെ ജോലികള്‍ ചെയ്തു തുടങ്ങി . ഒക്കത്ത് ഇരട്ടക്കുട്ടികളെ നോര്‍ത്ത് ഈസ്‌റ്റേണ്‍ നാടുകളിലെ അമ്മമാരെപ്പോലെ മുണ്ടിട്ട് കെട്ടിവെച്ചും തലയില്‍ ആ വട്ടക്കുട്ട ഏറ്റിയും മുതിര്‍ന്ന പിള്ളേരുടെ കൈപിടിച്ചും ടോര്‍ച്ച് മിന്നിച്ചു കൊണ്ട് അവള്‍ ബ്രാഹ്മണച്ചുടലയുടെ നടുവിലൂടെ, വഴിവിളക്കുകളില്ലാത്ത ഏതുനിമിഷവും ഉരുണ്ടു വീഴാവുന്ന കുണ്ടനിടവഴികളിലൂടെ , സ്വന്തം വീട്ടിലേക്കുള്ള നടപ്പ് പുനരാരംഭിച്ചു.

ചുടലയ്ക്കുള്ളിലെ കൂറ്റന്‍ വൃക്ഷങ്ങള്‍ മാതുവിലെ അമ്മയെ കണ്ട് തലയും കുമ്പിട്ട് നിന്നു. യക്ഷി, മാടന്‍, മറുത, ഭൂതഗണങ്ങള്‍, ബ്രഹ്മരക്ഷസ്സ് അങ്ങനെയുള്ള ആരും മാതുവിലെ അമ്മയെ തൊടാന്‍ ധൈര്യപ്പെട്ടില്ല.
പതുക്കെപ്പതുക്കെ കുട്ടികള്‍ വലുതായി.. അവര്‍ പച്ചയും ക്രീമും യൂണിഫോമിനും ഉച്ചക്കഞ്ഞിയ്ക്കുമായി മാത്രം സ്‌കൂളില്‍ പോയി. കാര്യമായി ഒന്നും പഠിച്ചിരുന്നില്ല. ജീവിതത്തിനേക്കാള്‍ വലിയ പഠിപ്പ് സ്‌കൂളുകള്‍ക്കൊന്നും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല എന്ന് വിചാരിച്ചാല്‍ മതി.

കാലം കടന്നു പോകെ ചേച്ചിയും അനുജന്മാരും വീട്ടിലിരിക്കുകയും മാതുവിനെ രാത്രി ടോര്‍ച്ച് മിന്നിച്ച് കൊണ്ടു പോകാന്‍ മുതിര്‍ന്ന മകന്‍ അമ്മീമ്മയുടെ വീട്ടില്‍ വരുന്നിടത്തോളമെങ്കിലും അവളുടെ ജീവിതം സുരക്ഷിതമാവുകയും ചെയ്തു.

കുട്ടികളെ പഠിപ്പിച്ച് വലിയ പാസ്സുകാരാക്കാമെന്നൊന്നും മാതു ഒരിയ്ക്കലും കരുതിയിരുന്നില്ല. മകളെ വല്ലവിധേനയും പതിനെട്ട് വയസ്സായപ്പോള്‍ വില്ലേജ് ഓഫീസിലെ ഒരു പ്യൂണിനു കല്യാണം കഴിച്ചു കൊടുത്തു. അതുവരെ ആ കുട്ടി അമ്പലക്കുന്നിന്റെ താഴ്വാരത്തിലുള്ള ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍ പോയിരുന്നു. കല്യാണം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ കണ്ണൂരിലേക്ക് യാത്രയായി.

ആണ്മക്കള്‍ ഓട്ടു കമ്പനികളിലും ഇഷ്ടികക്കളത്തിലും പറമ്പ് കിളയ്ക്കാനും മറ്റുമുള്ള ജോലികള്‍ക്ക് പോയി. പതുക്കെപ്പതുക്കെ ഓട്ടോ റിക്ഷ െ്രെഡവര്‍മാരായി . വണ്ടികള്‍ സ്വന്തമാക്കി . പിന്നെ കല്യാണം കഴിച്ചു.

അങ്ങനെ തലമുടി നരച്ച് പല്ലുകള്‍ കൊഴിഞ്ഞ് ദേഹം ശോഷിച്ച മാതു ഒരു വിധം സമാധാനമായി കഴിഞ്ഞു വരുമ്പോഴാണ് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം രാമന്‍ നായര്‍ മടങ്ങി വന്നത്. രാമന്‍ നായര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നു . ആണ്‍കുട്ടികള്‍ കര്‍ക്കശക്കാരായി. വീട്ടിനകത്ത് കയറിപ്പോകരുതെന്ന് അച്ഛനെ വിലക്കി. അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമായിരുന്നു അച്ഛനോട്...
മകളാണെങ്കില്‍ വിവരമറിഞ്ഞതായി പോലും ഭാവിച്ചില്ല.

രോഗിയായ രാമന്‍ നായരെ റോഡില്‍ അലയാന്‍ വിടരുതെന്ന് മാതു മക്കളോട് അപേക്ഷിച്ചു. എന്നാല്‍ മൂന്ന് ആണ്മക്കളും മാതുവിനെ എതിര്‍ത്തു. തന്നെയുമല്ല, അമ്മ വേണമെങ്കില്‍ അച്ഛനേയും കൊണ്ട് വല്ല ആസ്പത്രീലും പൊക്കോളൂ ഈ വീട്ടില്‍ കയറിപ്പോകരുതെന്ന് അവര്‍ ദുശ്ശാസനന്മാരായി.

മാതു ഒരു മുറി വാടകയ്ക്ക് എടുത്ത് രാമന്‍ നായരെ കിടത്തി ശുശ്രൂഷിച്ചു. പറ്റാവുന്ന മരുന്നുകള്‍ വാങ്ങിക്കൊടുത്തു. എന്നാല്‍ അതിനായിക്കൂടി മാതു കൂടുതല്‍ അദ്ധ്വാനിച്ചു എന്നല്ലാതെ പ്രത്യേകിച്ചു പ്രയോജനം ഒന്നുമുണ്ടായില്ല. രാമന്‍ നായരുടെ നില വഷളാവുക തന്നെയായിരുന്നു. മാതുവിന്റെ ശുശ്രൂഷയില്‍ കിടന്ന് മരിയ്ക്കാനുള്ള ഭാഗ്യം എന്തായാലും രാമന്‍ നായര്‍ക്കുണ്ടായി..

ക്ഷമിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനു ഇനി ഈ അവസാനകാലത്ത് ആരോടാണ് വൈരാഗ്യം എന്ന് മാതു ഉത്തരം പറഞ്ഞു. കേട്ടിരുന്ന ആര്‍ക്കും ഒരു മറുപടിയും ഉണ്ടായില്ല.

മാതു ഇപ്പോഴും ആ വാടക മുറിയിലാണ് പാര്‍ക്കുന്നത്. വിദേശപ്പണവും അതിന്റെ ശീലങ്ങളും മാറ്റിക്കളഞ്ഞ പുതിയ ഗ്രാമത്തിലൂടേയും രാത്രികളില്‍ വഴി നടക്കാന്‍ മാതു ഇന്നും ഇഷ്ടപ്പെടുന്നു. രാത്രിയുടെ നിശ്ശബ്ദത, രാപ്പാടികളുടെ കൂജനം, നിശാപുഷ്പങ്ങള്‍ വിരിയുന്നതിന്റെ സൌരഭ്യം, മഞ്ഞുതുള്ളികള്‍ പൊഴിയുന്ന ശബ്ദം, ആയിരമായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്ന ആകാശം, പൌര്‍ണമി ചന്ദ്രന്റെ സുന്ദര മുഖം...നിലാവില്‍ കുളിച്ചു കിടക്കുന്ന പുഴയെപ്പറ്റി പറയുമ്പോള്‍ മാതുവിന്റെ ഒച്ചയില്‍ തൊട്ടെടുക്കാവുന്ന ആഹ്ലാദം ദൃശ്യമാവും.. രാത്രിയുടെ ഭംഗി കാണേണ്ടതാണെന്ന് ചുമ്മാ കണ്ണടച്ച് ഉറങ്ങിയാല്‍പ്പോരെന്ന് പല്ലുകള്‍ കൊഴിഞ്ഞു പോയ വായുമായി മാതു ചിരിക്കും.

മാതു ഇപ്പോള്‍ എല്ലാറ്റിനേയും സ്‌നേഹിക്കുന്നു.

സ്‌നേഹത്തേക്കാള്‍ സൌന്ദര്യം എന്തിനാണുള്ളത്?

No comments: