അനവധി പെണ്‍കുട്ടികളെ നിഷ്‌ക്കളങ്കമായ പ്രേമം നടിച്ച് കൂടെ കൊണ്ടു നടക്കുകയും ഹോട്ടലുകളില്‍ കൂട്ടിക്കൊണ്ടു പോവുകയും സ്വന്തം സുഹൃത്തുക്കളുടേയും അയാളുടേയും താല്‍പര്യം തീരുമ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒരു വിടനായിരുന്നു അയാള്‍. അയാളെ സൂക്ഷിക്കണമെന്ന് എല്ലാവരും കാതോരം പിറുപിറുക്കുമായിരുന്നുവെങ്കിലും ആരും അങ്ങനെ പ്രത്യേകമായി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടാവണം എന്നും എപ്പോഴും അയാള്‍ക്കാവശ്യം പോലെ ഉപയോഗിക്കാന്‍ സ്ത്രീകളെ ലഭിച്ചിരുന്നു. അതിനാവശ്യമായ മെയ്യൊതുക്കവും വാക് വഴക്കവും അയാളില്‍ നിര്‍ലോഭവുമായിരുന്നു.
എന്തായാലും അയാളുടെ തറവാട്ടുകാര്‍ക്ക് ഈ ദു:ശീലം പൊറുക്കാനാവുമായിരുന്നില്ല. അവര്‍ അയാളെ കല്യാണം കഴിപ്പിച്ചു. അതാണല്ലോ സ്വയംവരവും ഗാന്ധര്‍വവും ഒക്കെ പോലെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പേരു കേട്ട ഒരു കല്യാണ രീതി.. മാതാപിതാക്കള്‍ക്കും മറ്റു സന്തുബന്ധുക്കള്‍ക്കും ഗുരുനാഥര്‍ക്കും ഒന്നും നന്നാക്കാനാവാത്ത ചീത്തശീലങ്ങളെ മാറ്റാന്‍ വേറേ ഏതോ നാട്ടില്‍ അത്രയും കാലം തികച്ചും അപരിചിതയായി സ്വന്തം സ്വപ്നങ്ങളില്‍ മുഴുകി ജീവിച്ചു പോന്ന ഒരു പെണ്‍കുട്ടിയ്ക്ക് സാധിക്കുമെന്ന് വിചാരിക്കുന്ന ഒരു രീതി ..
അങ്ങനെ കല്യാണം കഴിഞ്ഞു. അത് പെട്ടെന്നായിരുന്നു. അധികം ആളുകളെ ക്ഷണിക്കാതെ.. എടുപിടീന്ന്... ആരും വന്ന് ബഹളം വെച്ച് മുടക്കരുതെന്ന മുന്‍ കരുതലില്‍.. കുറെയൊക്കെ രഹസ്യമായി...
കല്യാണം കഴിഞ്ഞ് മധുവിധുവിനു പോയപ്പോഴാണ് കാര്യങ്ങള്‍ പ്രയാസമായത്. അയാളുടെ സുഹൃത്തുക്കള്‍ കൂടെയുള്ളത് ഭാര്യയാണെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.. അയാള്‍ക്ക് ഇത് തന്റെ ഭാര്യ തന്നെയാണെന്ന് കൂട്ടുകാരെ വേണ്ടത്ര വിശ്വസനീയമായി ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല....
അപ്പോള്‍ പിന്നെ ആ ഭാര്യ ഒരു പെണ്‍ ശരീരം മാത്രമായി. അതങ്ങനെയാണല്ലോ ആവേണ്ടത്. െ്രെകം നെവര്‍ പെയ് സ് എന്നല്ലേ?
എന്നിട്ട് ?
അയാള്‍ ആ പെണ്ണിനെ ഉപേക്ഷിച്ചു.. എനിക്കീ കഥ പറഞ്ഞു തന്ന സ്ത്രീ അവിടെ നിറുത്തീരുന്നെങ്കില്‍ ഞാന്‍ ഇത്ര സങ്കടപ്പെടുമായിരുന്നില്ല..
' അയ്യോ! ആ പെണ്‍ കുട്ടി എന്തു കുറ്റം ചെയ്തു? അയാള്‍ക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു' എന്ന അമ്പരപ്പിനോട് ഒന്ന് പുച്ഛത്തില്‍ കാര്‍ക്കിച്ചു തുപ്പിയിട്ട് അവര്‍ എന്നെ അതിക്രൂരമായി ആണിയടിച്ച് ഇങ്ങനെ മുറിവേല്‍പ്പിച്ചു.
' അയാള്‍ക്ക് അറയ്ക്കില്ലേ ഇനി അതിന്റെ കൂടെ അന്തിയുറങ്ങാന്‍... ഉപേക്ഷിക്കല്ലാതെ എന്താ ചെയ്യാ... അയാള്‍ക്കിനീം കിട്ടും നല്ല തറവാടിത്തമുള്ള കിളി പോലത്തെ കുട്ടികളെ..'
എന്റെ മൊഴി മുട്ടി.
സ്ത്രീകള്‍ ഇങ്ങനെ കൊടും ക്രൂരമായി സംസാരിക്കുമ്പോള്‍ … നിങ്ങളൂടെ മകളാണ് ആ സ്ഥാനത്തെങ്കില്‍ എന്ന് നമ്മള്‍ ചോദിച്ചാലൊന്നും അവര്‍ കുലുങ്ങുകയില്ല.. ചൂഷകസമൂഹത്തിന്റെ നല്ല സ്ത്രീകളാവുകയാണ് വേണ്ടെതെന്ന തെറ്റിദ്ധാരണയില്‍ പുലരുന്ന അവര്‍ അപ്പോള്‍ തത്തകളെപ്പോലെ മൊഴിയും.. . 'ഞാന്‍ എന്റെ മോളെ നല്ല അടക്കത്തിലുമൊതുക്കത്തിലുമാ വളര്‍ത്തുന്നത് . അവള്‍ക്ക് അങ്ങനെ ഒന്നും വരില്ല. അവളെ ദൈവം കാക്കും.. '
നിര്‍ഭാഗ്യവതികളായ സ്ത്രീകളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പൊതു സമൂഹത്തിന്റെ തിന്മകള്‍ക്കൊപ്പം ഇവരും തോളോടു തോള്‍ ചേരും.
പെണ്ണിന്റെ ശത്രു പെണ്ണാണെന്ന ലിംഗമേധാവിത്ത സമൂഹത്തിന്റെ എക്കാലത്തേയും വചനം ഉറപ്പിക്കുന്നതിലും ഇമ്മാതിരി സ്ത്രീകള്‍ അങ്ങനെ മുഖ്യ പങ്ക് വഹിക്കും. …
ആണ്‍ മേധാവിത്തം ശരിയാണെന്ന് വാദിക്കുന്ന പുരുഷന്മാരെപ്പോലെയോ അതിലും എത്രയോ മേലേയൊ അപകടകാരികളാണ് ആണ്‍മേധാവിത്ത മൂല്യങ്ങള്‍ ഒരു രണ്ടാം തൊലി പോലെ സ്വാംശീകരിച്ചിട്ടുള്ള പെണ്‍ശരീരങ്ങള്‍ ... അവര്‍ക്ക് ഈ സമൂഹത്തിന്റെ എന്തു വൃത്തികെട്ട തെറ്റിനും കൊടും ക്രൂരതയ്ക്കും എത്ര വലിയ കുറ്റത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കഴിയും... അപൂര്‍വ ന്യായങ്ങള്‍ ഉറക്കെ ഉറക്കെ പറയാന്‍ കഴിയും.. അവരെ ചൂണ്ടിക്കാട്ടി ' ഇതാ ഇവര്‍ പറയുന്നത് കേള്‍ക്കു .. ഇങ്ങനെയാണ് സ്ത്രീകള്‍ ജീവിയ്‌ക്കേണ്ടത് ' എന്ന് ആണ്‍ കോയ്മയുടെ പരുഷ വക്താക്കള്‍ ഉദ്‌ഘോഷിക്കും. അപ്പോള്‍ ചൂഷകരുടെ നല്ല പെണ്‍ ശരീരങ്ങളായ ഇവര്‍ പൊതുസമൂഹം പുലര്‍ത്തുന്ന അറുപിന്തിരിപ്പന്‍ രീതികളുടെ കൊടിക്കൂറകള്‍ ആവുന്നത്ര ഉയരത്തില്‍ പറപ്പിക്കും..
നിര്‍ലജ്ജം.... നിസ്സങ്കോചം ..
കല്യാണമെന്ന ഒരു തെറ്റില്‍ സ്വയമറിയാതെ അകപ്പെട്ടു പോയി ഇത്രയേറെ പീഡനവും അപമാനവും നിന്ദയും നിരാകരണവും സഹിക്കേണ്ടി വന്ന ആ പാവം പെണ്‍കുട്ടി ഇന്നും കണ്ണീര്‍മിഴികളോടെ … വേദനയോടെ എന്റെ മുന്നില്‍...
No comments:
Post a Comment