കണ്ണൻറെ ഡിസൈൻ ആണ്..
കോട്ടയം കോസ്റ്റ്ഫോർഡിൻറെ അദ്ധ്വാനമാണ്..
ഞങ്ങളുടെ സുഹൃത്ത് Biju Abraham ബിജു എബ്രഹാമിൻറെ കെട്ടിടമാണ്..
വാർദ്ധക്യത്തിനൊരു പിന്തുണ..ആശ്വാസം..
ഒപ്പം കൂടുതൽ സേവനങ്ങളോടെ സഞ്ചാരികൾക്കുള്ള ഹോംസ്റ്റേ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്നു..
Preetha GP 02/09/19
കുറച്ച് കാലമായി ഈ സ്ഥലത്തെപ്പറ്റി കേള്‍ക്കുന്നു.
ഞാന്‍ പോയിക്കണ്ടു.. അബ്രഹാമിന്റെ സ്ഥലം എന്ന ഊര്. കാര്യം അതൊരു ബൈബിള്‍ പ്പേരാണെങ്കിലും പുറപ്പാട് എന്നാണതിന്റെ അര്‍ഥമെങ്കിലും ആ സ്ഥലം തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളിയിലാണ്. അബ്രഹാം എന്ന ബിജു അല്ലെങ്കില്‍ ബിജു എന്ന അബ്രഹാം എന്റെ സുഹൃത്താണ്... ഭാര്യ എല്‍സിയും മക്കളായ പീയൂഷും പ്രണവും എന്റെ കൂട്ടുകാരാണ്.. ഒരുപാട് കാലത്തെ പഴക്കമുള്ള സൌഹൃദം ... എനിക്ക് ഒന്നുമൊന്നുമില്ലാതിരുന്ന അതീവ ദരിദ്ര കാലം മുതലെയുള്ള സൌഹൃദം...
ആ സ്ഥലത്ത് ഒരു അമ്മയച്ഛന്‍ വീട് ഉയരുകയാണ്. അത് അബ്രഹാമിന്റെ സ്വപ്നമാണ്. സ്വപ്നത്തെ വാസ്തുശില്‍പിയായ എന്റെ കൂട്ടുകാരന്‍ ആവുന്നതു പോലെ വരകളിലെഴുതി. കോട്ടയം കോസ്റ്റ്‌ഫോര്‍ഡിന്റെ സാരഥിയായ ബിജുവും കൂട്ടുകാരായ മറ്റ് എന്‍ജിനീയര്‍മാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജോലിക്കാരും ചേര്‍ന്ന് അതിനെ ഒരു യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു.
പണി തുടങ്ങും മുന്‍പ് ഒരു സൈറ്റ് കാണുന്നത് അമ്മയാവാന്‍ പോകുന്ന ഒരു സ്ത്രീയെ കാണും പോലെയാണ്. അവിടെ ഉയരാവുന്ന കെട്ടിടത്തിന്റെ മാതൃകകള്‍ ഉടമസ്ഥന്റെ മനസ്സില്‍ നിന്ന് അനവധി ഡിസൈനുകളില്‍ ഏതു വേണം ഏതു വേണമെന്ന് അല്‍പം വിഭ്രാന്തമാകുന്ന, ആര്‍ക്കിടെക്ട് എന്ന കലാകാരന്റെ മനസ്സിലൂടെ, അയാളുടെ വിരലിലൂടെ എന്‍ജിനീയര്‍മാരുടെ സൂക്ഷ്മമായ മേല്‍നോട്ടത്തിലൂടെ പണിക്കാരുടെ ഇറ്റിറ്റു വീഴുന്ന വിയര്‍പ്പിലൂടെ ആ ഭൂമിയില്‍ ഉടലെടുക്കും. ഞാന്‍ വിവിധതരം കെട്ടിട നിര്‍മ്മാണഭൂമികളെ തൊട്ടും മണത്തും രുചിച്ചും സംസാരിച്ചും അറിഞ്ഞിട്ടുണ്ട്. മണ്ണിനെയും അതിന്റെ മണത്തേയും ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് പണി തുടങ്ങും മുമ്പുള്ള പണിസ്ഥലങ്ങളെ അഗാധമായ വാല്‍സല്യത്തോടെ ഞാന്‍ നെഞ്ചോടു ചേര്‍ക്കും.. അവിടെ ഓരോ ഇഷ്ടികയും ഓരോ മണ്ണടരും ഓരോ തൂണും ഓരോ മേല്‍പ്പുരയും ഉയരുന്നത് ഒരു കുഞ്ഞിന്റെ വളര്‍ച്ചയായി ഞാന്‍ അറിയും... മുലകള്‍ ചുരക്കുമായിരുന്നെങ്കില്‍ എന്റെ കൂട്ടുകാരന്‍ ചെയ്ത കെട്ടിടങ്ങള്‍ക്കെല്ലാം, ഞാന്‍ പാലൂട്ടുമായിരുന്നു.
പാലില്ലാത്തതുകൊണ്ട് ഞാന്‍ വിയര്‍പ്പ് ഊട്ടാറുണ്ട്... രാത്രികള്‍ ഉറക്കമൊഴിയ്ക്കാറുണ്ട്... എത്ര ബുദ്ധിമുട്ടിയും യാത്രകള്‍ ചെയ്യാറുണ്ട്... ഒരു പരാതിയുമില്ലാതെ കൂട്ടുകാരന്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ആ ഇഷ്ടത്തിനു ജീവിയ്ക്കാന്‍ തനിച്ചു വിടാറുണ്ട്, ഒന്നും ആവശ്യപ്പെടാതെ ജീവിയ്ക്കാന്‍ അന്നേരമെല്ലാം എനിയ്ക്കാവാറുണ്ട്, കാരണം ഓരോ കെട്ടിടവും കുറെക്കാലത്തേക്കെങ്കിലും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്. അവരുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും എന്നേയ്ക്കുമുള്ള നന്മയ്ക്കും ഞാനും അധ്വാനിക്കേണ്ടതുണ്ട്. അതൊക്കെയാണ് കൂട്ടുകാരനോടുള്ള
എന്റെ പൂര്‍ണ സമര്‍പ്പണവും പ്രേമവും....
അബ്രഹാമിന്റെ സ്ഥലം കുറെ അമ്മയച്ഛന്മാര്‍ക്കു പാര്‍ക്കാനുള്ളതാണ്. മല്ലപ്പള്ളിയിലും പരിസരങ്ങളിലും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയച്ഛന്മാര്‍ക്ക് കൈത്താങ്ങാവാനുള്ളതാണ്. അവര്‍ക്ക് വീട്ടിലെത്തുന്ന മൊബൈല്‍ മാര്‍ക്കറ്റായും മൊബൈല്‍ മരുന്നുകടയായും മൊബൈല്‍ ഡോക്ടറായും ആംബുലന്‍സായും മാറാനുള്ള സ്ഥലമാണത്. വീടു വൃത്തിയാക്കാനും കുളിപ്പിച്ചു കൊടുക്കാനും ബാങ്കില്‍ പോകാനും ഫോണ്‍ ചാര്‍ജ് ചെയ്യാനും ഇലക്ട്രീഷനും പ്ലംബറുമായി ചെന്ന് ജോലികള്‍ ചെയ്തുകൊടുക്കാനും ഒക്കെ ഊരിനു പദ്ധതിയുണ്ട്. കഴിയുന്നത്ര അമ്മയച്ഛന്മാര്‍ അവരുടെ വീടുകളില്‍ തന്നെ സന്തോഷമായി കഴിയട്ടെ.. അബ്രഹാമിന്റെ സ്ഥലം അവര്‍ക്ക് ഒരു പിന്തുണാലയമായിരിക്കും. തീരെ നിവൃത്തിയില്ലാത്ത അമ്മയച്ഛന്മാര്‍ക്ക് ഊര് എന്ന സ്ഥലത്തേയ്ക്ക് വരാം. മനുഷ്യാന്തസ്സ് അതിന്റെ ഏറ്റവും ഔന്നത്യത്തോടെ അവരില്‍ പരിഗണനയായും സ്‌നേഹപരിചരണങ്ങളായും ഊരിലുണ്ടാവും...
ഊര് എന്ന ആ വീട് പണിയുന്നത് പൊളിച്ചു കളഞ്ഞ പല വീടുകളേയും ദേവാലയങ്ങളേയും കൂട്ടിയുറപ്പിച്ചുകൊണ്ടാണ്. ഹരിതവര്‍ണത്തിനു പ്രകൃതി ഒരുക്കിയ ധാരാളിത്തത്തിന്റെ തൊട്ടിലാണ് ആ സ്ഥലം. ആയിരം വിന്യാസങ്ങളില്‍ ഹരിതവര്‍ണം അവിടെ ഇളം കാറ്റായും ഇലകളുടെ മൃദുമര്‍മ്മരമായും നൃത്തം ചെയ്യുന്നു. ഒരിയ്ക്കല്‍ ഉപയോഗിച്ച നിര്‍മ്മാണപദാര്‍ഥങ്ങളാണ് കെട്ടിടത്തിലുള്ളത് . എഴുപതും എണ്‍പതും വയസ്സുള്ള വെട്ടുകല്ലുകളും ഇഷ്ടികകളും കരിങ്കല്ലുകളും ജനലുകളും വാതിലുകളുമാണ് അതെല്ലാം . അവയെ ഭംഗിയായി ഉപയോഗിച്ചാല്‍ അവ മനോഹരമായ പ്രകടനങ്ങള്‍ ഇനിയും അനവധി കാലം കാഴ്ച വെയ്ക്കുമെന്നതും വലിയ ഒരു സന്ദേശമാണ്. നമ്മുടെ അമ്മയച്ഛന്മാരെ പോലെ ....
(അകത്തെ ഒരു കാഴ്ച)
വ്യക്തിപരമായി ഞാന്‍ ഇമ്മാതിരി വീടുകള്‍ക്ക് ഒട്ടും എതിരല്ല. കാരണം മനുഷ്യാന്തസ്സിനു നിരക്കാത്ത വിധത്തില്‍ വാര്‍ദ്ധക്യത്തെ തൊഴുത്തിലും പട്ടിക്കൂട്ടിലും തെരുവിലും ഉപേക്ഷിക്കുന്നതിനേക്കാള്‍, അവഗണിച്ചും നിസ്സാരമാക്കിയും ചീത്തപ്പേരുകള്‍ വിളിച്ചും ശല്യമാണെന്ന് ചൂണ്ടിക്കാട്ടിയും പട്ടിണിക്കിട്ടും വേദനിപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് അബ്രഹാമിന്റെ വീട്ടുസ്ഥലത്ത് ആ വാര്‍ദ്ധക്യത്തെ ജീവിയ്ക്കാന്‍ അനുവദിക്കുന്നതാണ്. നിയതവും അനിയതവും ആയ പല കാരണങ്ങളാല്‍ അമ്മമാരും അച്ഛന്മാരും ഒഴിവാക്കപ്പെടേണ്ടവര്‍ ആകുന്നുണ്ടല്ലോ. ശരീരം കൊണ്ടുള്ള ബന്ധങ്ങള്‍ , അമ്മയാവലും അച്ഛനാവലും സഹോദരങ്ങളും മക്കളുമാവലും ഒന്നും മനസ്സു കൊണ്ടുള്ള ബന്ധങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അരികേ പോലും വരികയില്ല.... മനുഷ്യ ജീവിതം എന്നും ഇക്കാര്യം വ്യക്തമായി തെളിയിച്ചിട്ടുണ്ട്. മനസ്സാണ് എല്ലാം... രക്തവും ശരീരവുമല്ല തന്നെ .
ഇന്നലെ ഊരിനെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പ്രോജക്ട് ലോഞ്ചിംഗും ഓഫീസ് ഉദ്ഘാടനവും വെബ് സൈറ്റ് ആരംഭവുമെല്ലാം ആയിരുന്നു പ്രധാന കാര്യപരിപാടികള്‍. അബ്രഹാമിന്റെ സുഹൃത്ത് എന്ന നിലയില്‍ ഞാനും അല്‍പനേരം സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. മറ്റു പ്രാസംഗികര്‍ അവരവരുടെ മേഖലകളില്‍ അതിപ്രഗല്‍ഭരായിരുന്നതുകൊണ്ട് എന്റെ സാന്നിധ്യത്തിനു ആ ഒരു ന്യായം മാത്രമേ എനിക്കു ഇപ്പോഴും തോന്നുന്നുള്ളൂ.
ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്ത, അഡ്വക്കേറ്റ് മാത്യു ടി തോമസ് എം എല്‍ എ, വെരി റെവ. ജോര്‍ജ് സക്കറിയാ, റെവ. ജോര്‍ജ് മാത്യു, റെവ. ബ്ലൈസു വര്‍ഗ്ഗീസ്, പത്തനം തിട്ട കാതോലിക്കേറ്റ് കോളേജ് പ്രൊഫസര്‍ ഡോ. എം എസ് സുനില്‍, എന്റെ കൂട്ടുകാരന്‍, ശ്രീ അബി കോശി ഉമ്മന്‍, അബ്രഹാം, അബ്രഹാമിന്റെ മകന്‍ പീയൂഷ് ... ഇത്രയും പേര്‍ അതിമനോഹരമായി സംസാരിച്ച് ധന്യമാക്കിയ ആ ചടങ്ങില്‍ സംബന്ധിയ്ക്കാന്‍ മല്ലപ്പള്ളിക്കാരായ നാട്ടുകാരേവരും വന്നിരുന്നു.
തലയില്‍ കോണ്‍ക്രീറ്റ് നിറച്ചതാണു നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പ്രധാന കാരണമെന്നും നമ്മുടെ മണ്ണത്തം തിരികെ പിടിയ്ക്കണമെന്നും യേശുദേവന്‍ തുപ്പലില്‍ മണ്ണു കുഴച്ച് അതു പുരട്ടിക്കൊടുത്ത് കണ്ണു കഴുകി വരാന്‍ അന്ധനോട് ആവശ്യപ്പെട്ട കഥ ഉദ്ധരിച്ചുകൊണ്ട് മെത്രോപ്പോലീത്ത വളരെ രസകരമായും വിജ്ഞാനപ്രദമായും സംസാരിച്ചു. നമുക്ക് മണ്ണിനെ പുച്ഛമാണെന്നും അതുകൊണ്ടാണ് മണ്ടന്‍ എന്ന അര്‍ഥത്തില്‍ നമ്മള്‍ ആ അവന്റെ തലേലു കളിമണ്ണാണെന്ന് തട്ടിമൂളിയ്ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്ക് തന്നെ നീ മടങ്ങുകയും ചെയ്യുമെന്ന വേദവാക്യം നമ്മള്‍ സൌകര്യപൂര്‍വം മറന്നു കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ സാധനങ്ങള്‍ ശേഖരിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ ആക്രിക്കാരന്‍ എന്ന പേരു പതിഞ്ഞിട്ടുണ്ട് അബ്രഹാമിനെന്ന് പുരോഹിതരില്‍ ചിലര്‍ പുഞ്ചിരിയോടെ ഓര്‍മ്മിപ്പിക്കാതിരുന്നില്ല. വീടില്ലാത്തവര്‍ക്കായി അന്‍പത്താറു വീടുകള്‍ നിര്‍മ്മിച്ചു കൊടുത്ത ഡോ.എം എസ് . സുനില്‍ തന്റെ കെട്ടിട നിര്‍മ്മാണ അനുഭവങ്ങളില്‍ വാര്‍ദ്ധക്യം എപ്രകാരമെല്ലാം വ്രണിതമാവുകയും അപമാനപ്പെടുകയും ചെയ്യുന്നുവെന്ന് പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ സദസ്സ് തരിച്ചിരുന്നു.
എന്റെ കൂട്ടുകാരന്‍ ലാറിബേക്കര്‍ എന്ന ഗുരുവിനെ അനുസ്മരിച്ചു... അദ്ദേഹം പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളേക്കുറിച്ചും ജീവിതപദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. അബ്രഹാം വടക്കെ ഇന്ത്യയിലെ ജോലി അനുഭവങ്ങള്‍ എപ്രകാരമെല്ലാം തന്നെ ഇത്തരമൊരു ശുശ്രൂഷാദൌത്യത്തിലേയ്ക്ക് പരുവപ്പെടുത്തിയെന്ന് പറഞ്ഞു കേള്‍പ്പിച്ചു. മലയാളവും ഇംഗ്ലീഷും കലര്‍ത്തി ന്യൂജെന്‍ ഭാഷയില്‍ പീയൂഷ് നടത്തിയ നന്ദി പ്രകടനം സദസ്യരുടെ വാല്‍സല്യം പിടിച്ചു പറ്റി. ....
പിന്നെ ചായയും ലഘുഭക്ഷണവും ഉണ്ടായിരുന്നു.
തിരുവല്ലയില്‍ നിന്ന് ജനുവരി മാസത്തിന്റെ പാതിരാത്തണുപ്പിലൂടെ തിരുവനന്തപുരത്തേയ്ക്കുള്ള കെ എസ് ആര്‍ ടി സി ബസ്സിലെ യാത്രയും തികച്ചും ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. വടക്കേ ഇന്ത്യയുടെ വരണ്ട തണുപ്പല്ലല്ലോ ഇവിടെ. പാലപ്പൂക്കളുടെ തീക്ഷ്ണസുഗന്ധത്തില്‍ മയങ്ങി ' സുഹാനി രാത് ഡല്‍ ചുകീ.. നാ ജാനേ തും കബ് ആവ്ഗി' എന്ന് എന്റെ വിരലുകള്‍ കോര്‍ത്തു പിടിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കൂട്ടുകാരന്‍ പാടി...
നക്ഷത്രങ്ങളും പാതിയായ ചന്ദ്രനും ഇളം കാറ്റും കുസൃതിയോടെ മന്ദഹസിച്ചു.
2 comments:
എന്താണ്, ബ്ലോഗുകള്‍ ആര്‍ക്കും വേണ്ടാത്ത ഒന്നായിപ്പോയോ? എച്ച്മുവിനെ പോലൊരാളുടെ ബ്ലോഗില്‍ പോലും ആരും വരുന്നില്ല. ഫേസ് ബുക്കിന്‍റെ ഈ കാലം ഇനി എത്ര നാള്‍ കൂടി?
ഫേസ് ബുക്ക് എഴുത്തുകൾ നിലനിൽക്കില്ല
ബ്ലോഗുകളിൽ കുറിച്ചിടുന്നത് നാം ഇല്ലാതായാലും
നിലനിൽക്കും കേട്ടോ വെട്ടത്താൻ സർ
Post a Comment