Thursday, June 28, 2018

ചിക്കന്‍ കറി എന്ന സ്‌നേഹം ...

https://www.facebook.com/echmu.kutty/posts/538981822947783?pnref=story

അച്ഛന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അതുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല... കഴിക്കാന്‍ ഒട്ടും പറ്റിയിരുന്നില്ല. അമ്മ വറുത്തതും കറി വെച്ചതുമായ മീന്‍ കഷണങ്ങള്‍ വായിലിട്ട് പരീക്ഷിച്ച് നോക്കാന്‍ തയാറായി... പക്ഷെ, അമ്മ അതി ഭയങ്കരമായി ഓക്കാനിക്കുകയും അമ്മയെ അത് കഴിപ്പിക്കാന്‍ ശ്രമിച്ചവര്‍ പാവം തോന്നി പിന്മാറുകയും ആയിരുന്നു. കടലില്‍ പോയി മീന്‍ പിടിക്കാന്‍ പറ്റിയ കൂറ്റന്‍ ബോട്ടുകളുള്ള ഒരു കുടുംബമായിരുന്നു തിരുവനന്തപുരത്ത് അമ്മയുടെയും അച്ഛന്റെയും അയല്‍പ്പക്കം. അവരുമായുള്ള അമ്മയുടെ സൌഹൃദത്തിനു എന്നോളം പ്രായമുണ്ട്. അവിടത്തെ ആന്റിയാണ് ഒരു തനി തമിഴ് ബ്രാഹ്മണപ്പെണ്ണായ അമ്മയെ മീനിലേക്കും മാംസത്തിലേക്കും ജാതി മാറ്റാന്‍ പ്രയത്‌നിച്ചത്... എന്നാല്‍ അമ്മയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍.. അവര്‍ക്ക് ശരിയ്ക്കും വലിയ സങ്കടമായി..

മരിയ്ക്കുന്നതിനു മുന്‍പ് ആന്റിയെ കണ്ടപ്പോള്‍ പോലും അവര്‍ ഇക്കാര്യം ഓര്‍മ്മിച്ചു. 'നിന്റെ അമ്മയെ ഞാനന്ന് വല്ലാതെ കഷ്ടപ്പെടുത്തി'യെന്ന് സങ്കടപ്പെട്ടു.

അമ്മയ്ക്ക് വെള്ളുള്ളി, ചുവന്നുള്ളി, സവാള ഒന്നും ഇഷ്ടമായിരുന്നില്ല. ഇപ്പോഴും അത്ര ഇഷ്ടമൊന്നുമല്ല. അതിനൊക്കെ വല്ലാത്ത നാറ്റമാണ് എന്ന് അമ്മയ്ക്ക് തോന്നിയിരുന്നു. എന്നാലും ഞങ്ങള്‍ മുതിരുന്ന കാലമായപ്പോഴേക്കും അമ്മ അവയെ സ്വീകരിച്ചു.. അമ്മയ്ക്ക് സ്വന്തം മഠത്തില്‍ വര്‍ജ്യമായിരുന്ന പപ്പായയും കപ്പയും ഉരുളക്കിഴങ്ങുമെല്ലാം ഞങ്ങളുടെ വീട്ടില്‍ ആഢ്യരായിരുന്നു.

അച്ഛനു വായ്ക്ക് രുചിയുള്ള ഭക്ഷണം അമ്മ ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ടാണ് അവര്‍ തമ്മില്‍ വഴക്കുണ്ടാകുന്നതെന്ന് കേട്ടാണ് , ഞങ്ങള്‍ നന്നേ ചെറുപ്പം മുതല്‍ വളര്‍ന്നത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഭക്ഷണം എന്ന പേരിനര്‍ഹമായതെന്നായിരുന്നു ഞങ്ങളെ മിക്കവാറും എല്ലാവരും തന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ പുല്ലും വൈക്കോലും തിന്നുകയും അച്ഛനു അത് കൊടുക്കുകയും ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുത്തി തരുമായിരുന്നു പലരും. അച്ഛനോടുള്ള സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കാനും അമ്മയെ ഒരു ശീത സമരത്തിന്റെ ഭാഗമെന്ന നിലയില്‍ വെല്ലുവിളിയ്ക്കാനും അദ്ദേഹത്തിന്റെ സ്‌നേഹിതമാരും ബന്ധുക്കളുമെല്ലാം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെയാണ് കൂട്ടു പിടിച്ചിരുന്നത്.

ഞങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണകാര്യങ്ങളില്‍ ഒട്ടും വാശിയോ വഴക്കോ ഇല്ലാതായത് അങ്ങനെയാണ്. കഴിയ്ക്കണമെന്ന് ഒട്ടും മനസ്സില്‍ തോന്നാത്തത് മുഖത്തെ ഒരു മാംസപേശി പോലും ചലിപ്പിയ്ക്കാതെ ഞങ്ങള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കും.. കഴിയ്ക്കാന്‍ അതീവ ആഗ്രഹമുള്ള ഭക്ഷണം വേണ്ട എന്ന് വെയ്ക്കാനാകട്ടെ ഞങ്ങള്‍ക്ക് ഒരു സെക്കന്‍ ഡിന്റെ ആലോചന പോലും ആവശ്യമില്ല താനും.

ആഹാരത്തിന്റേതായ സമസ്ത പ്രലോഭനങ്ങളേയും ഞാനും എന്റെ അനിയത്തിമാരും വളരെ ചെറുപ്പത്തിലേ അതിജീവിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴാണെങ്കില്‍ പിന്നെ ഈ ആത്മാവ് കൂട്ടില്‍ കിടക്കാന്‍ വേണ്ട അത്രയും ആഹാരമേ ആവശ്യമുള്ളൂ.

അതുകൊണ്ടൊക്കെയാണ് ബോണ്‍ ലെസ് ചിക്കനെ സംഘടിപ്പിക്കാന്‍ നഗരത്തിന്റെ മധ്യത്തില്‍ കാണുന്ന ലാല്‍ഡോറകളിലേക്ക് പോവാന്‍ എനിക്ക് ഒരു വിഷമവുമില്ലാതിരിക്കുന്നത്. എന്റെ മുന്നില്‍ ഒരു കോഴി ജീവനും തൂവലും എല്ലുമെല്ലാം വെടിഞ്ഞ് , ജീവന്റെ അവസാന ബാക്കിയായ ചെറു ചൂടോടെ ഒരു സഞ്ചിയില്‍ കയറി കൂടെ വരുമ്പോള്‍ ... കറി കഴിയ്ക്കുമെന്ന ഉറപ്പില്‍... ഒരു മുഖം സന്തോഷഭരിതമാകുന്നത് മാത്രം ആലോചിയ്ക്കാന്‍ കഴിയുന്നത്..

എന്നിട്ട് തക്കാളിയും സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലക്കൂട്ടുകളും ഒക്കെ ചേര്‍ത്ത് ചിക്കന്‍ കറിയുണ്ടാക്കി കാത്തിരിക്കുന്നത്...

ഒടുവില്‍ 'ഈ യക്ഷിയുണ്ടാക്കിയ കറി കഴിയ്ക്കാന്‍ എന്നെ കിട്ടില്ല' എന്ന് കേള്‍ക്കുമ്പോള്‍ ... ഒരു പാത്രം കറിയും ഒരു പാത്രം ചോറുമായി മഹാനഗരത്തിലെ ഒരു ട്രാഫിക് ഐലന്‍ഡിലേയ്ക്ക് തിരക്കിട്ട് നടക്കുന്നത്..

എത്രയോ കുട്ടികള്‍... ചോദിയ്ക്കാനും പറയാനും ആരുമില്ലാത്ത അനാഥ കുട്ടികള്‍ ... കീറിപ്പറിഞ്ഞ ഉടുപ്പുകള്‍ ധരിച്ചവര്‍.. എപ്പോഴും വിശക്കുന്നവര്‍... ഉത്തരേന്ത്യയുടെ കൊടും തണുപ്പില്‍ ചൂളിക്കുനിഞ്ഞിരിക്കുന്ന ആ കുട്ടികള്‍ അവരുടെ ചെളി പിടിച്ച കൈകള്‍ കൊണ്ട് ചിക്കന്‍ കറിയും ചോറും വാരി വാരി ഉണ്ണുന്നത് കണ്ടുകൊണ്ടിരിക്കുന്നത്..

ചിക്കന്‍ കറിയായി വിളമ്പപ്പെടുന്ന എന്റെ സ്‌നേഹം.. അത് ഇന്നയിടത്തു തന്നെ വേണമെന്നു ഞാന്‍ വാശി പിടിയ്ക്കരുത്.. ഇന്ന ആള്‍ തന്നെ കഴിയ്ക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിയ്ക്കരുത്..

എനിയ്ക്ക് ഇനിയും പ്രലോഭനങ്ങളെ അതിജീവിയ്ക്കാനുണ്ട്..

അതെ..

No comments: