Tuesday, June 19, 2018

പുടവത്തുമ്പുകളില്‍ ഒതുക്കിവെച്ച വിപ്ലവങ്ങള്‍


https://www.facebook.com/949639658437735/photos/a.1029124500489250/1045287688872931/?type=3&theater



അമ്മീമ്മ ഒരു തികഞ്ഞ ഗാന്ധിജി അനുഭാവിയായിരുന്നു. കഴിയുന്നത്ര കാര്യങ്ങളില്‍ വ്യക്തികള്‍ സ്വയം പര്യാപ്തരാകാന്‍ പരിശ്രമിക്കണമെന്ന ജീവിത വിശ്വാസം, മാനുഷികതയുടെ നന്മകളിലുള്ള അചഞ്ചലമായ ഉറപ്പ്, പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാത്ത, സാധ്യമാകുന്നതില്‍ ഏറ്റവും കുറഞ്ഞ തരത്തിലുള്ള ചൂഷണം…. ഇതൊക്കെ ഗാന്ധിജിയില്‍ നിന്നു മനസ്സിലാക്കിയേ പറ്റൂ എന്ന് ഉപദേശിക്കുമ്പോഴും ഗാന്ധിജിയുടെ ജീവിതം രാഷ്ട്രീയപരവും വ്യക്തിപരവുമായ ചില രീതികളില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അമ്മീമ്മ വിലയിരുത്താറുണ്ടായിരുന്നു. അങ്ങനെയാകുമ്പോള്‍ പോലും തികഞ്ഞ ബഹുമാനത്തോടെ മാത്രമേ ആ ജീവിതത്തെ കാണാവൂ എന്നും അവര്‍ താക്കീതു തന്നിരുന്നു.


ഈ അനുഭാവം കൊണ്ടാണ് ഗാന്ധിസാഹിത്യവും നെഹ്രു സാഹിത്യവും വിവേകാനന്ദ സാഹിത്യവും എല്ലാം ചെറുപ്പത്തിലേ ഞാന്‍ വായിക്കാനിടയായത്. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും മതേതരചിന്തയും ചേരിചേരാനയവുമെല്ലാം വളരെ ഗംഭീരമായ കാര്യങ്ങളാണെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. നെഹ്രുവിന്റെ മകള്‍, ജീവിതത്തില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീ, മനോഹരമായ സാരികള്‍ മനോഹരമായി ധരിക്കുന്ന സുന്ദരി എന്ന നിലയിലും തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയുള്ള സ്ത്രീ എന്ന നിലയിലും ഇന്ദിരാഗാന്ധിയും അമ്മീമ്മയ്ക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു. ഒരിയ്ക്കല്‍ എന്റെ അച്ഛന്‍ കൊണ്ടുവന്ന ഒരു ഇലസ്‌ട്രേറ്റഡ് വീക്കിലിയില്‍ സാല്‍വാര്‍ കമ്മീസ് ധരിച്ചു നില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ ഫോട്ടോ കണ്ടപ്പോള്‍ അമ്മീമ്മയുടെ മുഖം അപ്രസന്നമായി. അവര്‍ പിറുപിറുത്തത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ' സാരിയോളം അഴകില്ലൈ'

ശ്രീരംഗനാഥാനന്ദജിയുമായുള്ള അമ്മീമ്മയുടെ വ്യക്തിപരമായ അടുപ്പവും ബഹുമാനാദരവുമാണ് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങളിലേക്കും വിവേകാനന്ദ സാഹിത്യത്തിലേക്കുമുള്ള വഴി തുറന്നിട്ടത്. അതുകൊണ്ട് അവയും സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ എനിക്ക് പരിചിതങ്ങളായി.

മാര്‍ക്‌സിന്റെ ദരിദ്ര ജീവിതത്തെപ്പറ്റിയും ജെന്നിയുടേയും മാര്‍ക്‌സിന്റെയും പ്രണയത്തെപ്പറ്റിയും എംഗല്‍സും മാര്‍ക്‌സും തമ്മിലുണ്ടായിരുന്ന അനിതരസാധാരണമായ സൌഹൃദത്തെപ്പറ്റിയും അമ്മീമ്മ തന്നെയാണ് എനിക്കാദ്യം പറഞ്ഞു തന്നത്. ഭൂനയ ബില്ല് പാസ്സാക്കി അമ്മീമ്മയെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രക്ഷിച്ചുവെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ ഒരേയൊരു ഭൂവുടമയായിരിക്കും ചിലപ്പോള്‍ അമ്മീമ്മ. സ്വന്തം പേരില്‍ അവരുടെ അപ്പാ എഴുതിക്കൊടുത്ത പാട്ടനിലങ്ങള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ക്ക് തെല്ലും ഖേദമില്ലായിരുന്നു. സര്‍ക്കാര്‍ അത് കുടിയാന്മാര്‍ക്ക് കൊടുത്തതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത് എന്ന് അമ്മീമ്മ കരുതി. അതികേമമായ പാട്ടവരവ് നിര്‍ബാധം തുടരുകയായിരുന്നുവെങ്കില്‍ അവരുടെ സഹോദരന്മാര്‍ പണത്തിന്റെ ധാരാളിത്തം നിമിത്തം അമ്മീമ്മയേയും അമ്മയേയും വകവരുത്താന്‍ പോലും മടിക്കുമായിരുന്നില്ല എന്ന ഉത്കണ്ഠ അമ്മീമ്മ ചിലപ്പോഴൊക്കെ സുഹൃത്തുക്കളോട് പങ്ക് വെച്ചിരുന്നു. ലാന്‍ഡ് ട്രെബ്യൂണല്‍ കോടതിയില്‍ നിന്ന് കിട്ടിയ തുച്ഛമായ നഷ്ടപരിഹാരത്തില്‍ പരാതിയുള്ള ജന്മിമാര്‍ക്കിടയില്‍ തികഞ്ഞ തൃപ്തിയോടെ അമ്മീമ്മ വേറിട്ട് നിന്നു. ഈ നഷ്ടപരിഹാരം കിട്ടുന്നത് വളരെ എളുപ്പമായിരുന്നു എന്ന് ധരിയ്ക്കരുത്. അതിനും അനവധി തവണ കോടതി കയറണമായിരുന്നു. എന്നാല്‍ എത്ര തവണ പോയിട്ടും എന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി യാതൊന്നും കിട്ടിയില്ല. അമ്മയുടെ കേന്ദ്ര ഗവണ്മെന്റ് ജോലിയും അച്ഛന്റെ ഡോക്ടര്‍ ജോലിയും അതിനു വിഘാതമായിത്തീര്‍ന്നു.


 

വിസ്തൃതമാവുന്ന വായനാ ചക്രവാളങ്ങള്‍
അടിയന്തരാവസ്ഥയ്ക്ക് ശേഷം പുറത്തിറങ്ങിയ ചില പുസ്തകങ്ങള്‍, (കിസ്സാ കുര്‍ സി കാ, ടൂ ഫേസസ് ഓഫ് ഇന്ദിരാഗാന്ധി, കുല്‍ദീപ് നയ്യാര്‍ എഴുതിയ സഞ്ജയ് മുതല്‍ രുക്‌സാന വരെ) , പോലീസ് മര്‍ദ്ദനത്തെപ്പറ്റിയുള്ള ചില സിനിമകള്‍, ബ്ലിറ്റ്‌സിന്റെ അനവധി ലക്കങ്ങള്‍, രാജന്‍ കേസ്, കാട്ടുകള്ളന്മാര്‍ എന്ന പുസ്തകം, നവാബ് രാജേന്ദ്രന്റെ ജീവിതം, അച്ഛന്‍ വരുത്തിയിരുന്ന ഇലസ്‌ട്രേറ്റഡ് വീക്കിലിയുടേയും കലാകൌമുദിയുടേയും ദേശാഭിമാനിയുടെയും കേരളശബ്ദത്തിന്റെയും ഒക്കെ വായനകള്‍….ഇന്ത്യന്‍ ചരിത്രത്തെപ്പറ്റി ഡിഡി കൊസാംബിയും റൊമീലാ ഥാപ്പറും ബിപന്‍ ചന്ദ്രയും ഇര്‍ഫാന്‍ ഹബീബും ഒക്കെ എഴുതിയ ലേഖനങ്ങള്‍, സെമിനാറിന്റേയും ഇ പി ഡബ്ലിയുവിന്റേയും ലക്കങ്ങള്‍…എന്റെ പുസ്തകലോകം വളര്‍ന്നു വിശാലമാകും തോറും ഞാന്‍ ഏകദേശം പൂര്‍ണമായും അമ്മീമ്മയുടെ ഗാന്ധിഭക്തിയില്‍ നിന്നും അകന്നു. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയം പറഞ്ഞു ഉഷാറായി വഴക്കിടുവാന്‍ തുടങ്ങി.

ഗാന്ധിജിയെ അളക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് തെറ്റു പറ്റിയെന്ന് അമ്മീമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ത്യയില്‍ നിലവിലുള്ള കോടാനുകോടി ജാതികളേയും അവയെ സര്‍വാത്മനാ പിന്‍പറ്റുന്ന അനവധി മതങ്ങളേയും ശരിയായി മനസ്സിലാക്കാതെ, കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയെ കണ്ടെത്താനാവുകയില്ലെന്നും, ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിയ്ക്കുകയും അതിനുവേണ്ട പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കുകയും വേണമെന്നും അതല്ലാതെ മറ്റു പാര്‍ട്ടിക്കാരെപ്പോലെ സ്ത്രീ പ്രശ്‌നമെന്നൊന്നില്ലെന്ന് ഭാവിക്കുകയല്ല കമ്യൂണിസ്റ്റുകള്‍ വേണ്ടതെന്നും പാര്‍ട്ടി വഴക്കിട്ടു പിരിഞ്ഞ് രണ്ടായത് തെറ്റായിപ്പോയെന്നും അത് കമ്യൂണിസ്റ്റുകളുടെ ബലം ദേശീയ തലത്തില്‍ ഗണ്യമായി കുറയ്ക്കുമെന്നും അമ്മീമ്മ വിലയിരുത്തുമ്പോള്‍ എനിക്ക് അനിയന്ത്രിതമായി കോപം വരുമായിരുന്നു.

എന്തും തുറന്നു പറയുവാനും വാദിക്കാനും അമ്മീമ്മ സ്വാതന്ത്ര്യം തന്നിരുന്നു. അമ്മീമ്മയുടെ മടിയില്‍ കിടന്നു പുസ്തകം വായിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളെ ഞാന്‍ രൂക്ഷമായി എതിര്‍ക്കുമ്പോഴും അവര്‍ക്ക് അല്‍പം പോലും കോപം വന്നിരുന്നില്ല. എന്റെ ബുദ്ധിയുടെയും മനസ്സിന്റെയും വളര്‍ച്ചയിലും അതനുസരിച്ച് മാറുന്ന അഭിപ്രായങ്ങളിലും അവര്‍ ആഹ്ലാദം കണ്ടെത്തുകയായിരുന്നു. അത്രയും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത തലങ്ങള്‍ മറ്റൊരാള്‍ക്ക് അനുവദിക്കുന്ന മനസ്സ് പിന്നീട് ഞാന്‍ അധികമാരിലും പരിചയിച്ചിട്ടില്ല….. ഇനി പരിചയിയ്ക്കാന്‍ കഴിയുമെന്നും എനിക്ക് തോന്നുന്നില്ല.


ബഹുമാനപോരായ്മയുടെ ചെയ്യാ കുറ്റവാളികള്‍
അമ്മയ്ക്കും അച്ഛനുമൊപ്പം നഗരത്തില്‍ താമസമാക്കി ഭ്രഷ്ട എന്ന പേരും സമ്പാദിച്ച് അമ്മീമ്മ തന്റെ ജന്മസ്ഥലത്തെ സ്‌കൂളില്‍ വന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു. കുറഞ്ഞ കാലത്തേക്ക് അവര്‍ ആ മാനേജ്‌മെന്റ് യു പി സ്‌കൂളില്‍ ഹെഡ് ടീച്ചറായും പ്രവര്‍ത്തിച്ചു. അപ്പോള്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട് ഹൈസ്‌കൂളാവുകയും അമ്മീമ്മയേക്കാള്‍ വളരെ ഏറെ വിദ്യാഭ്യാസയോഗ്യതകള്‍ നേടിയവര്‍ വന്ന് ഹെഡ്മാസ്റ്റര്‍മാരും ടീച്ചര്‍മാരും ആവുകയുമുണ്ടായി.

ഗ്രാമത്തില്‍ ചെറിയൊരു വീട് അമ്മീമ്മയുടെ പേരില്‍ അവരുടെ അപ്പാ തീറാധാരമാക്കിയിരുന്നുവെങ്കിലും ആ വീട് അപ്പാ തന്നെ വാടകയ്ക്ക് കൊടുത്തിരുന്നതുകൊണ്ടാണല്ലോ തറവാട്ടില്‍ നിന്ന് ഇറക്കി വിടപ്പെട്ടപ്പോള്‍ അവര്‍ തികച്ചും അശരണയായത്. ഗ്രാമത്തിലെ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടറായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിനു സ്ഥലം മാറ്റം കിട്ടും വരെ ആ വീട് ഒഴിയാന്‍ അദ്ദേഹം തയാറായില്ല . ഡോക്ടര്‍ക്ക് മാറ്റം കിട്ടി എന്നറിഞ്ഞ് അമ്മീമ്മയുടെ സഹോദരന്‍ വീട്ടിന്റെ താക്കോല്‍ ചോദിച്ചു ചെന്നുവെങ്കിലും ഡോക്ടര്‍ അത് കൊടുക്കാന്‍ വിസമ്മതിച്ചു . വീട്ടുടമസ്ഥയായ അമ്മീമ്മയ്ക്ക് മാത്രമേ താക്കോല്‍ കൈമാറൂ എന്ന ഉറച്ചതും ധീരവും അക്കാലത്ത് അല്‍പം അപൂര്‍വവുമായ നിലപാട് അദ്ദേഹം എടുത്തു. ജാത്യഭിമാനവും പുരുഷന്‍ എന്ന അഹന്തയും വ്രണപ്പെട്ട അമ്മീമ്മയുടെ സഹോദരന്‍ അവരെയും എന്റെ അമ്മയേയും ഒരു പാഠം പഠിപ്പിക്കുമെന്ന പ്രതിജ്ഞ ആ നിമിഷത്തില്‍ ഒന്നു കൂടി പുതുക്കി വെയ്ക്കാന്‍ മറന്നില്ല.

അമ്മീമ്മയെ ഒന്നിച്ചു താമസിപ്പിച്ചുവെങ്കിലും അവരെ അംഗീകരിക്കാന്‍ എന്റെ അച്ഛനും വലിയ വിമുഖത ഉണ്ടായിരുന്നു. അമ്മീമ്മ അടുക്കളപ്പണികളും ഒറ്റവര്‍ഷത്തെ ഇടവേളയിലുണ്ടായ അമ്മയുടെ രണ്ട് പ്രസവശുശ്രൂഷകളും എല്ലാം ഒരു വീട്ടുവേലക്കാരിയെപ്പോലെ ചെയ്തുവെങ്കിലും അവരെ ജീവിതകാലത്തിലൊരിക്കലും അച്ഛന്‍ വേണ്ട വിധം പരിഗണിക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പ്രായത്തെപ്പോലും ബഹുമാനിക്കാന്‍ അച്ഛന്‍ മടിച്ചു. അടുക്കളത്തളത്തില്‍ എന്നെയും മടിയിലിരുത്തി അരി പെറുക്കുകയായിരുന്ന അമ്മീമ്മ അച്ഛന്റെ ഒരു സുഹൃത്ത് ഡോക്ടര്‍ വന്നപ്പോള്‍ എണീറ്റ് നിന്ന് ബഹുമാനിച്ചില്ല, അല്ലെങ്കില്‍ ബഹുമാനിക്കുവാന്‍ അല്‍പം വൈകിപ്പോയി എന്നൊക്കെയുള്ള കാരണങ്ങള്‍ കണ്ടെത്തി അവരെ ശകാരിക്കുവാന്‍ അച്ഛന്‍ എപ്പോഴും മുതിര്‍ന്നിരുന്നു . ഇതായിരുന്നു എന്നും അച്ഛന്റെ വൈകാരികമായ ദുര്‍ബലത. അച്ഛന്‍ എന്തോ ഒരു പ്രത്യേക തരം ഡിഗ്രി കൂടിയ ബഹുമാനം അമ്മീമ്മയില്‍ നിന്നും അമ്മയില്‍ നിന്നും ഞങ്ങളില്‍ നിന്നും കാംക്ഷിച്ചിരുന്നു. എന്നാല്‍ അതെന്തെന്നും എങ്ങനെയെന്നും ശരിയായി പരിചയപ്പെടുത്തി തരാന്‍ അദ്ദേഹമൊരിക്കലും തയ്യാറായില്ല. അതുകൊണ്ട് ഞങ്ങള്‍ എപ്പോഴും ആ ബഹുമാനപോരായ്മയുടെ ചെയ്യാ കുറ്റവാളികളായി ജീവിയ്‌ക്കേണ്ടി വന്നു. ഇതിലും നല്ല ഭാര്യയും ഇതിലും നല്ല മക്കളും സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിനു ഇതിലും നല്ല ഭാര്യയുടെ ഇതിലും നല്ല ചേച്ചിയും ആവശ്യമായിരുന്നുവല്ലോ ….

അമ്മീമ്മയുടെ വ്യക്തിത്വം അച്ഛനെ ശരിക്കും ശല്യപ്പെടുത്തിയിരുന്നുവെന്നു വേണം കരുതാന്‍… അമ്മീമ്മയോട് ഒരുതരം വില കുറഞ്ഞ മല്‍സരബുദ്ധി അദ്ദേഹം എപ്പോഴും പ്രദര്‍ശിപ്പിച്ചിരുന്നു. അവസരത്തിലും അനവസരത്തിലും അമ്മീമ്മയെ പരിഹസിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും അദ്ദേഹം എന്നും ആനന്ദം കണ്ടെത്തി. അമ്മ അച്ഛനില്‍ നിന്നു കിട്ടാത്ത വൈകാരിക പിന്തുണയും സുരക്ഷിതത്വവും അമ്മീമ്മയില്‍ നിന്നും നേടുന്നുവെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. അങ്ങനെയുള്ള ഭര്‍ത്താക്കന്മാര്‍ പൊതുവേ വൈകാരികമായി വളരെ അരക്ഷിതരായി കാണാറുണ്ടല്ലോ…അവരെപ്പോഴും പറയും ' ഞാനും ഭാര്യയും തമ്മിലുള്ള ഇഷ്യൂസ് ഒക്കെ അവരുടെ കുടുംബക്കാര്‍ കാരണമാണ്.' ഞങ്ങളുടെ വീട്ടില്‍ ആദ്യം അത് അമ്മീമ്മ കാരണവും പിന്നീട് അത് ഞങ്ങള്‍ മൂന്നു പെണ്മക്കള്‍ കാരണവുമാണെന്ന് അച്ഛന്‍ ജീവിതകാലമത്രയും പറഞ്ഞു പോന്നു. അമ്മയെ പാഠം പഠിപ്പിക്കുവാന്‍ അമ്മീമ്മയേയും മക്കളേയും മക്കളേയും അമ്മീമ്മയേയും പാഠം പഠിപ്പിക്കുവാന്‍ അമ്മയേയും അദ്ദേഹം അതിസമര്‍ഥമായി ഉപയോഗിച്ചു. കൊഴിഞ്ഞു പോയത് ഞങ്ങളുടെ ജീവിതമാണ്..

അങ്ങനെ ജനിച്ചപ്പോഴേ ഒരു പ്രത്യേക രീതിയില്‍ അനാഥരാവാന്‍ വിധിയ്ക്കപ്പെടുകയായിരുന്നു ഞങ്ങള്‍. ജീവിതം മുഴുവനും ആ അനാഥത്വം എല്ലാ മേഖലയിലും ഞങ്ങളെ വിടാതെ പിന്തുടര്‍ന്ന് കഠിനമായി വേട്ടയാടുകയും ചെയ്തു.


അവളോട് രണ്ടിലെ ശുക്രന്‍
ഗ്രാമത്തിലെ വീട് ഒഴിഞ്ഞു കിട്ടിയപ്പോള്‍ അവിടെ ഒറ്റയ്ക്ക് താമസിച്ചുകൊള്ളാമെന്ന തീരുമാനം അമ്മീമ്മ എടുത്തു. അച്ഛനും അമ്മയും വിലക്കിയെങ്കിലും അമ്മീമ്മ കൂട്ടാക്കിയില്ല. ആ വീട് സ്വ ന്തം തറവാട്ടു മഠത്തിന്റെ അടുത്തായിരുന്നിട്ടും ഉഗ്രപ്രതാപിയായ സഹോദരന്‍ മഠത്തില്‍ വാഴുന്നുണ്ടായിരുന്നിട്ടും അമ്മീമ്മ ആ വീട്ടില്‍ തന്നെ താമസിക്കുവാന്‍ നിശ്ചയിച്ചു. അത് ഒരു ഉറച്ച തീരുമാനമായിരുന്നു. പുതിയതായി ഡിസ്‌പെന്‍ സറിയില്‍ വന്ന ഡോക്ടര്‍ക്ക് ആ വീട് വാടകയ്ക്ക് നല്‍കാമെന്ന അച്ഛന്റെ തീരുമാനം അമ്മീമ്മ അങ്ങനെ തിരുത്തി.

അമ്മീമ്മയെ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോള്‍ അവരുടെ അമ്മ നെഞ്ചത്തടിച്ചുകൊണ്ട് ആണ്മക്കളോട് പറഞ്ഞുവത്രെ. 'അവള്‍ക്ക് രണ്ടിലെ ശുക്രനാക്കും. അവളിരുക്കറ ഇടത്തിലെ എല്ലാം നിറഞ്ചു വഴിയും. അവളോട് രണ്ടിലെ ശുക്രനെ ഒങ്കളുക്ക് യാരുക്കും പിടുങ്ക മുടിയാത്.. '

ഹൃദയം തകര്‍ന്ന ആ അമ്മയുടെ വാക്കുകള്‍ ഭാവിയുടെ സത്യമായി തീരണമെങ്കില്‍ അമ്മീമ്മ സ്വന്തം വീട്ടില്‍ താമസിച്ചല്ലേ തീരു…

അമ്മയും അച്ഛനും ഞങ്ങള്‍ മൂന്നു മക്കളും ഒരു മണ്ണെണ്ണ സ്‌റ്റൌവും അല്‍പം അരിയും ഇത്തിരി പച്ചക്കറിയുമായി ആ വീട്ടിലേക്ക് താമസിക്കാന്‍ വന്ന ദിവസത്തെ അമ്മീമ്മ എപ്പോഴും ഓര്‍ക്കുമായിരുന്നു. സാധനങ്ങള്‍ വീട്ടില്‍ വെച്ച് ഞങ്ങള്‍ മടങ്ങിയപ്പോള്‍ അമ്മീമ്മ തനിച്ചായി.

അമ്മീമ്മ ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ത്രീപ്പെരുമയുടെ തുടക്കമായിത്തീര്‍ന്നത് അന്നു മുതലാണ്. ഒട്ടും എളുപ്പമായിരുന്നില്ല ആ ജീവിതം.

ആ വീടിന്റെ നേരെ മുന്നിലായിരുന്നു നാഗമ്മാമിയുടെ മഠം. ആരാണ് നാഗമ്മാമി എന്നല്ലേ? അവര്‍ അമ്മീമ്മയുടെ അനുജത്തീ ഭര്‍ത്താവിന്റെ ശ്വശ്രുവിന്റെ സഹോദരിയായിരുന്നു. അവരുടെ പക്കലാണ് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇരിപ്പുണ്ടായിരുന്നത്. തികഞ്ഞ യാഥാസ്ഥിതികയായ അവര്‍ അമ്മീമ്മയെ സഹായിക്കുമെന്ന് ഗ്രാമത്തില്‍ ആരും സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല. അമ്മീമ്മയും വിചാരിച്ചിരുന്നില്ല. ജായ്ക്കാള്‍ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചു കടത്തിയ കുറ്റത്തിനാണ് പുറത്താക്കപ്പെട്ടതെന്നു കൂടി അമ്മീമ്മ സത്യത്തില്‍ അറിഞ്ഞിരുന്നില്ല. പരസ്പരം എഴുത്തെഴുതുവാന്‍ ആ സഹോദരിമാര്‍ ഭയന്നു. പോസ്റ്റ്മാനെ ഭയപ്പെടുത്തി അമ്മീമ്മയ്ക്ക് വരുന്ന കത്തുകള്‍ പിടിച്ചെടുക്കാന്‍ അവരുടെ സഹോദരന്മാര്‍ക്ക് സാധിച്ചിരുന്നു. അമ്മീമ്മയുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കുഴപ്പമാകുമോ എന്ന് ഭയന്ന് ആ സഹോദരിമാര്‍ വളരെക്കാലം തമ്മില്‍ത്തമ്മില്‍ നിശ്ശബ്ദരായിരുന്നു.

ആ നാഗമ്മാമി ഒരു സന്ധ്യയ്ക്ക് വീട്ടിലേയ്ക്ക് വന്നു കയറിയപ്പോള്‍ അമ്മീമ്മ ഞെട്ടിപ്പോയി. ആ ദിവസങ്ങളിലൊന്നും തന്നെ അവര്‍ അമ്മീമ്മയെ കണ്ടഭാവം പോലും നടിച്ചിരുന്നില്ല. ഇരുട്ട് പരന്നു തുടങ്ങിയപ്പോഴാണ് കല്ലും മുള്ളും കുഴികളും നിറഞ്ഞ നാടന്‍ കുണ്ടനിടവഴിയിലൂടെ പതുങ്ങിപ്പതുങ്ങി നാഗമ്മാമി കയറി വന്നത്. പഴയ പുടവക്കഷണത്തില്‍ കര്‍പ്പുരമിട്ട് അവര്‍ പൊതിഞ്ഞുവെച്ചിരുന്നത് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകളായിരുന്നു.

ജായ്ക്കാളും ദില്ലിയില്‍ താമസമാക്കിയിരുന്ന അനുജത്തിയും ഇങ്ങേയറ്റത്ത് തികഞ്ഞ യാഥാസ്ഥിതികയായ നാഗമ്മാമിയും അടങ്ങുന്ന ബ്രാഹ്മണ സ്ത്രീകളുടെ അടഞ്ഞ ലോകം എന്റെ അമ്മയുടേ ജാതി മാറിയുള്ള കല്യാണത്തേയും അമ്മീമ്മയുടേ ഒറ്റപ്പെട്ട ജീവിതസമരത്തേയും എങ്ങനെയാണ് അവരവരുടേതായ രീതിയില്‍ നിശ്ശബ്ദമായി പിന്തുണച്ചതെന്ന് അന്നാണ് അമ്മീമ്മ അറിഞ്ഞത്. രക്തസാക്ഷികളും വിപ്ലവകാരികളും മാത്രമല്ല, അവരെ ഒളിച്ചു താമസിയ്ക്കാനും പട്ടിണിയില്ലാതെ പോറ്റാനും അദ്ധ്വാനിച്ചവരും വിപ്ലവത്തിന്റെ പങ്കുകാരാണ്. എല്ലാ വിപ്ലവപ്രസ്ഥാനങ്ങളും അവരെ എളുപ്പത്തില്‍ മറന്നു കളയാറുണ്ടെങ്കിലും.


പഴഞ്ചൊല്ലുകളിലെ പതിരുകള്‍
എന്റെ അച്ഛന്‍ വിലയിരുത്തപ്പെടേണ്ടത് സത്യത്തില്‍ ഈ പരിതസ്ഥിതികളെ വേണ്ടത്ര മൂല്യത്തോടെ പരിഗണിച്ചില്ല എന്ന നിലപാടിന്റെ പുറത്താണെന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. അച്ഛന്‍ മാത്രമല്ല, ഞങ്ങളുടെ ജീവിതത്തില്‍ കടന്നു വന്ന പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെയുള്ള പുതിയ ലോകം പോലും ആ നിലയില്‍ വിലയിരുത്ത പ്പെടേണ്ടതുണ്ടെന്ന് ഞാന്‍കരുതുന്നു. കാരണം നമുക്ക് ഏവര്‍ക്കും പരിചിതമായ പഴഞ്ചൊല്ലുകളില്‍ നിറയെ പതിരുകളായിരുന്നുവെന്ന് ജീവിതത്തിലെ അവസാനിക്കാത്ത ദൈന്യവും ഒറ്റപ്പെടലും നഷ്ടവും കൊണ്ട് തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍.

ജാതി, മതം, സ്വത്തിന്റേയും പണത്തിന്റേയും അളവിലെ സാമ്യം, കുടുംബ മാഹാത്മ്യം, വിദ്യാഭ്യാസം, ജോലി ഇതൊക്കെ നോക്കിയാണ് സ്ത്രീകളും അവരുടെ വീട്ടുകാരും ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന പൊതുചൊല്ലിനു കടകവിരുദ്ധമായിരുന്നു ഞങ്ങളുടെ വീട്ടിലെ വിവാഹങ്ങള്‍. അവയുടെ അതി ഭീമമായ പരാജയങ്ങളും അതിനോടനുബന്ധിച്ച കോടതിക്കേസ്സുകളും ജാതിയില്‍ ആഞ്ഞു തട്ടിയും മതത്തില്‍ കൊണ്ടു കയറി ഉഗ്രമായി മുറിഞ്ഞും ധനത്തില്‍ അവസാനിക്കാത്ത ആര്‍ത്തി പെരുക്കിയും ഞങ്ങള്‍ക്കിടയിലെങ്കിലും പുതിയ ചൊല്ലുകളെയാണ് സൃഷ്ടിച്ചത്.

പെറ്റമ്മയ്‌ക്കൊക്കുമോ പോറ്റമ്മയെന്ന്, പോറ്റമ്മ വെറും പേരിനെന്ന് ആരെല്ലാമോ എത്രയെത്ര തവണ പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ടെന്നറിയില്ല. എങ്കിലും അതൊരിക്കലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അമ്മീമ്മയായിരുന്നു ..ഞങ്ങള്‍ക്ക് വേണ്ടി മാത്രം മിടിച്ച ആ ഹൃദയമായിരുന്നു. അമ്മ എന്നു പറയുമ്പോള്‍ അല്ലെങ്കില്‍ ഓര്‍ക്കുമ്പോള്‍ പെറ്റമ്മയുടെ മുഖമല്ല അമ്മീമ്മയുടെ മുഖമാണ് മനസ്സില്‍ തെളിഞ്ഞു മിന്നുക..

രക്തത്തിനാണ് വെള്ളത്തേക്കാള്‍ കട്ടിയെന്നാണ് പറച്ചില്‍. എന്നാല്‍ സ്വത്ത് എന്ന ഒറ്റക്കാരണത്തിനായി രക്തബന്ധം എത്ര വേണമെങ്കിലും അധ:പതിക്കുമെന്നും അത് എടുത്താല്‍ പൊങ്ങാത്ത ഒരു തമാശയാകുമെന്നും കോടതി വരാന്തകളില്‍,ആശുപത്രി ഇടനാഴികകളില്‍ ഒക്കെ ചെലവഴിക്കേണ്ടി വന്ന ദീനകാലങ്ങള്‍ ഞങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് അച്ഛനോടാണ് കൂടുതല്‍ സ്‌നേഹമെന്നാണ് പഴയതും പുതിയതും ഒരുപക്ഷെ, നിത്യവുമായ ചൊല്ല്. അതിന്റെ ന്യായീകരണത്തിനായി ഫ്രോയിഡു തൊട്ടുള്ള മന:ശാസ്ത്രജ്ഞന്മാരെ എല്ലാവരും വരിവരിയായി കൂട്ടിക്കൊണ്ടു വരും. അച്ഛനുമമ്മയും തമ്മിലുള്ള അതികഠിനമായ ശാരീരിക കലഹങ്ങള്‍ കണ്ട് വളര്‍ന്നതു കൊണ്ട്, അടിയേല്‍ക്കുന്നതും പരിക്കു പറ്റുന്നതും എന്നും അമ്മയ്ക്കായിരുന്നതുകൊണ്ട്, അച്ഛനെന്ന പുരുഷനെ പരിചയപ്പെടേണ്ടി വന്നതുകൊണ്ട് മന:ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും പൊതുജനങ്ങളും പറയുന്ന പഴയതും പുതിയതും നിത്യവുമായ ആ ചൊല്ല് ഞങ്ങളുടെ വ്രണിത ജീവിതത്തില്‍ ഒരിയ്ക്കലും ഉണങ്ങാത്ത ഒരു രക്തബിന്ദുവായിത്തീര്‍ന്നു.

അച്ഛനോളം സ്‌നേഹം അച്ഛനല്ലാത്ത ഒരാള്‍ക്ക് ആ സ്ഥാനത്തെത്തിയാലും ഉണ്ടാവാന്‍ വയ്യ എന്ന പഴഞ്ചൊല്ല് തികഞ്ഞ പതിരായി ഞങ്ങളുടെ അനാഥത്വത്തില്‍ ഒരു വിളക്ക് പോലെ വിളങ്ങി. വളര്‍ത്തച്ഛന്‍ അച്ഛനും അമ്മയുമാവുമെന്ന് ആ സ്‌നേഹത്തിനു അച്ഛനായേ തീരു എന്ന മട്ടില്‍ യാതൊരു ഉപാധിയുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരുവാനും ഒരു നിറ ജീവിതമുണ്ടായി..

ഭര്‍ത്താക്കന്മാര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുമെന്ന സമൂഹ പൊങ്ങച്ചം വെറും ഭോഷ്‌ക്ക് ചൊല്ലായിരുന്നു ഞങ്ങള്‍ക്ക്. സ്ത്രീകളുടെയും അവരുടെ വീട്ടുകാരുടേയും വരുമാനത്തിലും ധനത്തിലും ജീവിക്കാനും ലജ്ജാലേശമെന്യേ സമ്മാനങ്ങള്‍ ആവശ്യപ്പെടാനും എന്നിട്ടും അവളെയും വീട്ടുകാരെയും അപഹസിക്കുകയും നിന്ദിക്കുകയും മാത്രമല്ല ക്രൂരമായി ദേഹോപദ്രവം ചെയ്യാനും പുരുഷന്മാര്‍ക്ക് യാതൊരു മടിയും ബുദ്ധിമുട്ടുമില്ലെന്നും പുരുഷന്റെ സ്വന്തം കാലില്‍ നില്‍ക്കുന്ന തന്റേടത്തിന്റെ അഭിമാനം എന്നത് സിനിമയിലും കഥയിലുമൊക്കെ കാണുന്ന ഊതിപ്പെരുക്കിയ ബലൂണാണെന്ന അതിശയമാണെന്നും ഉള്ള ഒരു സത്യമാണ് ജീവിതം ഞങ്ങളെ പഠിപ്പിച്ചത്.

ആണ്‍കുട്ടികള്‍ അമ്മമാരെ അധികം ഇഷ്ടപ്പെടുമെന്ന പൊതു തത്വവും തെറ്റായിത്തീര്‍ന്നു ഞങ്ങളുടെ അനുഭവങ്ങളില്‍. അച്ഛന്‍ അമ്മയെ അടിക്കുമ്പോള്‍ അത് ശരിയാണെന്ന് വിചാരിക്കുന്നില്ലെങ്കിലും ആണ് എന്ന നിലയില്‍ താന്‍ അച്ഛനാണ് പിന്തുണ നല്‍കേണ്ടതെന്ന് കരുതുന്ന മകന്റെ അമ്മയാകുന്നത് കഠിനവും ദയനീയവുമാണ്. അമ്മയുടെ വരുമാനത്തെപ്പറ്റിയും ധനത്തെപ്പറ്റിയും മാത്രം ആ മകന്‍ വാചാലനാകുമ്പോള്‍…അമ്മ ഒരു എ ടി എം മെഷീനാണെന്ന് കരുതുമ്പോള്‍ … അമ്മയേക്കാള്‍ വലിയ ലോകം അച്ഛനാണെന്ന് വിശ്വസിക്കുമ്പോള്‍…..

ജീവിതത്തെ നേരിടാന്‍ പഠിപ്പിച്ചത്, എന്നും കൂട്ടിനു ധൈര്യവും പിന്തുണയുമായെത്തിയത് , അനാഥത്വത്തിന്റെ മുഖത്തു നോക്കി ചിരിക്കാന്‍ പഠിപ്പിച്ചത് സുഹൃത്തുക്കള്‍ മാത്രമായിരുന്നു. അവര്‍ തന്നതാണ് ജീവിതം, സിരകളില്‍ ഒഴുകുന്ന രക്തം, മുറിവുകളിലെ ലേപനങ്ങള്‍… കഴിക്കാന്‍ ആഹാരം, കിടക്കാനൊരു മുറി, വക്കീലിനും ഡോക്ടര്‍ക്കും ഫീസായി കൊടുക്കാന്‍ പണം.. അവരൊരിക്കലും വെറും ആണുങ്ങളും വെറും പെണ്ണുങ്ങളുമായിരുന്നില്ല. അവര്‍ എന്നും ജീവനുള്ള മനസ്സുള്ള ആത്മാവുള്ള സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

നിലനിന്നു പോരുന്ന എല്ലാ പൊതുചൊല്ലുകളും വിശ്വാസങ്ങളും തത്വങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ ഹിമാലയന്‍ ബ്ലണ്ടറുകളായിരുന്നു.

ഞങ്ങള്‍ അപൂര്‍വ നഷ്ടങ്ങളുടെ അധിദേവതമാര്‍ … പലപ്പോഴും നെഞ്ചകം കലക്കുന്ന വിലാപങ്ങളുടെ ഉറ്റ ബന്ധുക്കള്‍. ഈ ലോകത്തിന്റെ സാമാന്യ നിയമങ്ങളില്‍ ഞങ്ങള്‍ക്ക് ഇടമില്ല… ഞങ്ങളുടെ ഒപ്പം നില്‍ക്കുന്നവര്‍ക്കും ചിലപ്പോഴൊന്നും ഇടമുണ്ടാകാറില്ല…

എങ്കിലും  ഞങ്ങളുടെ സമരങ്ങള്‍ വിട്ടുവീഴ്ചകളില്ലാതെ മുന്നോട്ടു പോകുന്നു. കാരണം ആത്മാഭിമാനമാണ് ജീവിതം എന്ന്  പഠിപ്പിച്ചു തന്ന അമ്മീമ്മയാണ്  ഞങ്ങളുടെ ഊര്‍ജ്ജം… ഞങ്ങളുടെ ശക്തി. അതുകൊണ്ട് ഞങ്ങള്‍ക്ക്  തളരുവാന്‍  കഴിയില്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അന്ന് അഴിമുഖത്തിൽ വായിച്ചതായി ഓർക്കുന്നു ..