പാചകം ഒട്ടുമറിയാത്ത ഒരുവളായി അധികകാലമൊന്നും ഞാന്‍ ജീവിച്ചിട്ടില്ല. ചെറുപ്പത്തില്‍ തന്നെ അമ്മയായതുകൊണ്ട് പാചകം പഠിച്ചേ തീരു... ചെയ്തേ തീരു എന്നൊരനിവാര്യത എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്റെ പാചകം കൊള്ളാമെന്ന് പ്രോല്‍സാഹിപ്പിക്കുവാന്‍ അങ്ങനെ ആരുമുണ്ടായിരുന്നില്ല. ഞാന്‍ ചെയ്യുന്നത് പാചകമാണെന്ന് സമ്മതിക്കാന്‍ കൂടി ആര്‍ക്കും മനസ്സുണ്ടായിരുന്നില്ല എന്നതാണ് സത്യം.
ഞാനുണ്ടാക്കിയതെല്ലാം കഴിക്കുമ്പോഴും ഇവിടെ ഈ വീട്ടില്‍ അങ്ങനെ പാചകമൊന്നുമില്ലല്ലോ എന്ന് പറയുന്നതും ഭാവിക്കുന്നതുമായിരുന്നു ഞാന്‍ താമസിച്ചിരുന്ന വീടിന്റെ അന്തരീക്ഷം. പിന്നെ കഴിയ്ക്കുക എന്നു പറഞ്ഞാല്‍ അവര്‍ തൊണ്ടവഴി ഞാനുണ്ടാക്കിയ വിഭവങ്ങള്‍ അതൃപ്തിയോടെ ഇറക്കി എന്നോട് ഔദാര്യമോ സൌജന്യമോ കാണിക്കും. ഇതാണോ ഭക്ഷണം എന്ന് എന്റെ മുഖത്ത് നോക്കി പുച്ഛിച്ച് ചോദിച്ചുകൊണ്ട്.... അപ്പോഴെല്ലാം ചട്ടുകം ചീനച്ചട്ടിയിലിട്ട് ഇളക്കുന്നതല്ല ഭക്ഷണമുണ്ടാക്കല്‍ എന്ന് എന്റെ മുഖത്ത് തുപ്പല് വീഴും.
ഒരു ആത്മവിശ്വാസവുമില്ലാത്ത ഞാന്‍ എനിക്ക് പാചകമറിയാം എന്ന് ആരോടും പറയാറില്ലായിരുന്നു.
ഭക്ഷണം കഴിയ്ക്കാന്‍ ഒരു വഴിയുമില്ലാത്ത ഭക്ഷണം എന്നതൊരു വിദൂരക്കിനാവു മാത്രമായ അനവധി മനുഷ്യര്‍ക്ക് ആഹാരം കൊടുക്കേണ്ടി വന്ന ദിവസങ്ങള്‍ , ഭോലയുടെ ഓണം പോലെയുള്ള ദിവസങ്ങള്‍ , ഫൂല്‍മതിയുടെ മക്കള്‍ക്ക് പൂരി കൊടുത്തതു പോലെയുള്ള ദിവസങ്ങള്‍, ചന്ദന്റെ കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്കിയതു പോലെയുള്ള ദിവസങ്ങള്‍ ജീവിതത്തില്‍ കടന്നു വന്നപ്പോഴാണ് ഭക്ഷണമെന്ന സ്നേഹത്തെപ്പറ്റി ഞാനാദ്യമായി അറിയുന്നത്.
വിശപ്പുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് പുണ്യമാണെങ്കില്‍ വിശപ്പില്ലാത്തവര്‍ക്ക് കടമയുടേയും ശീലത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ ഭക്ഷണം നല്‍കുന്നത് കൊടിയ പാപമാണെന്ന് എനിക്ക് മനസ്സിലായി. അവര്‍ ഭക്ഷണം വലിച്ചെറിയുകയും പാത്രങ്ങള്‍ തല്ലിപ്പൊട്ടിയ്ക്കുകയും ഭക്ഷണം ഉണ്ടാക്കുന്നവരെ നിന്ദിക്കുകയും മുളകു ചേര്‍ന്ന കറികള്‍ ഭക്ഷണം ഉണ്ടാക്കുന്നവരുടെ കണ്ണിലേയ്ക്ക് വലിച്ചെറിയുകയും ചെയ്യും. കൊടിയ പാപങ്ങള്ക്കിരയാവുന്നതില് നിന്ന് നമ്മള് തന്നെ നമ്മെ വിലക്കണം. ... ആ തീരുമാനം നമ്മള് എടുത്താലേ ശരിയാവൂ...
ഉണ്ട ചോറിനു നന്ദി എന്നതൊരു തേഞ്ഞ പ്രയോഗമാണ്. ഉണ്ട ചോറിനല്ല നന്ദി. ചോറിനു മുടക്കേണ്ട പണത്തിനോടാണ് നന്ദി പ്രകടിപ്പിക്കേണ്ടത്. അങ്ങനെയാണ് ചെലവിനു കൊടുക്കുന്നവര്‍ കേമത്തമുള്ളവരും വെച്ചു വിളമ്പുന്നവര്‍ മോശക്കാരായ അടുക്കളക്കാരുമാവുന്നത്. അലമാരിയിലോ പേഴ്സിലോ പോക്കറ്റിലോ ഒക്കെ ഇരിക്കുന്ന നോട്ടുകള്‍ വിശക്കുമ്പോള്‍ അവിടെ തന്നെ ഇരുന്ന് ചോറും കറിയുമൊന്നും ആയി രൂപാന്തരപ്പെടു കയില്ലല്ലോ. ഉണ്ട ചോറിനാണ് നന്ദിയെങ്കില്‍ വെച്ചുവിളമ്പുന്നവരെ നമ്മള് നിന്ദിച്ചു പഠിക്കുകയേ ഇ ല്ലായിരുന്നു. പാത്രങ്ങള്‍ വലിച്ചെറിയുകയും ഭക്ഷണം ചവിട്ടിത്തേയ്ക്കുകയും ചായ സിങ്കില്‍ കമിഴ്ത്തുകയും ചെയ്യുകയില്ലായിരുന്നു. നമ്മുടെ സിനിമകളിലും സീരിയലുകളിലും കണ്ടിട്ടുണ്ടോ... അത് ഓള്ഡായാലും ന്യൂ ആയാലും കൊള്ളാം... സങ്കടമോ കോപമോ വരുന്ന എന്തെങ്കിലും പറഞ്ഞാല്‍ മതി ഭക്ഷണപ്പാത്രം നീക്കി എഴുന്നേല്‍ക്കുന്നത് ഒരു ക്ലീഷെ ദൃശ്യമാണ്. ഭക്ഷണപ്പാത്രങ്ങളും വെള്ളം നിറച്ചു വെച്ച ഗ്ലാസുകളും എടുത്തെറിഞ്ഞു പൊട്ടിയ്ക്കുന്നത് ഒരു രീതിയാണ്. അടുക്കള ജോലി എടുത്ത് നടു ഒടിഞ്ഞ ഒരാള്‍ക്കും ആ തള്ളിമാറ്റലും നിരസിക്കലും സഹിക്കാന്‍ കഴിയില്ല.
ഭക്ഷണമെന്ന ഓര്‍മ്മ ഒരാളെ തെറ്റു ചെയ്യുന്നതില്‍ നിന്നു വിലക്കുമെന്ന് പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ആഹാരം തരുന്നവരോട് നമുക്ക് മോശമായി പെരുമാറാന്‍ കഴിയില്ലെന്ന് ഒരു വിശ്വാസം സ്ത്രീകള്‍ പൊതുവേ വെച്ചു പുലര്‍ത്താറുമുണ്ട്. അടുക്കളയിലെ രുചിയോര്‍മ്മകള്‍ ഭര്‍ത്താവിന്റെ ഉള്ളിലും മക്കളുടെ ഉള്ളിലും പച്ചപിടിച്ച് നില്‍ക്കുമെന്ന ഒരു ധാരണ. പൊതുവേ അമ്മയുണ്ടാക്കിയ പലഹാരവും കറികളും ഒക്കെയാണല്ലോ ഗൃഹാതുരതയുടെ രുചി മണങ്ങള്‍.
അമ്മമാരെ വേണ്ടെന്ന് വെയ്ക്കുന്ന ചെറുതും വലുതുമായ മക്കള്‍ക്ക് ഭക്ഷണത്തിന്റെ ഗന്ധമായും രുചിയായും എന്നല്ല... ഈ പ്രപഞ്ചത്തിലെ ഒരു നന്മയുമായും അവരെ ബന്ധപ്പെടുത്താനോ ഓര്‍മ്മിക്കാനോ ആദരിയ്ക്കാനോ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
സ്വന്തമെന്ന് സങ്കല്പിച്ച് സ്നേഹിച്ച് ഞാന്‍ കഴിയ്ക്കാനിഷ്ടപ്പെടാത്ത വിഭവങ്ങള്‍ പോലും വെച്ചു വിളമ്പിയതുകൊണ്ടൊന്നും എന്നെ വിചാരണ ചെയ്യേണ്ടെന്ന് ആരും കരുതിയില്ല. കാത്തിരുന്ന് വിളമ്പിക്കൊടുത്ത ഭക്ഷണത്തിന്റെ ഓര്‍മ്മയില്‍ കരണത്തടിയ്ക്കാതിരുന്നില്ല. അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പദങ്ങള്‍ ഉപയോഗിക്കാതിരുന്നില്ല. കുട്ടികളെ കൊണ്ട് കൂടി ആ പദങ്ങളെല്ലാം വിളിപ്പിക്കാതിരുന്നില്ല. ഞാനുണ്ടാക്കിയ ഭക്ഷണങ്ങള്‍ അവരുടെ ശരീരത്തില്‍ ഊര്‍ജ്ജമായി നിറഞ്ഞ് എന്നെ അപമാനിച്ചു രസിച്ചു.
ധൃതരാഷ്ട്രര്‍ക്ക് മഹാഭാരതയുദ്ധം വിവരിച്ചു കൊടുത്ത ദിവ്യചക്ഷുസ്സുണ്ടായിരുന്ന സഞ്ജയനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ കുട്ടികള്‍ മാത്രമല്ല, അടുക്കളകളില്‍ നമ്മള് പാകം ചെയ്യുന്ന ഭക്ഷണങ്ങളും നമ്മുടെ കഴിഞ്ഞ ജന്മങ്ങളിലെ ശത്രുക്കളാണെന്ന്...
ഭക്ഷണമെന്നത് ഈ ലോകത്തില്‍ ഏറ്റവും ആവശ്യമായ എന്നാല്‍ ഏതു നിലയ്ക്കും ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്. ഒരു പിടി ആഹാരം മുമ്പില്‍ വെച്ച് മനുഷ്യര്‍ മറ്റു മനുഷ്യ ജീവിതങ്ങളെ ഏതളവ് വരെയും നികൃഷ്ടമായി ചൂഷണം ചെയ്യാന്‍ തയാറാകും. ഞാന്‍ ആഹാരം നല്കി .. ചെലവിനു നല്കി ... ജീവിതം നല്കി എന്നിട്ടും നന്ദിയില്ലെന്ന് പഴഞ്ചൊല്ലുകളും കവിതകളും കഥകളുമുണ്ടാക്കും. ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാക്കും.
പാകപ്പെടുത്തിയ ഭക്ഷണമെന്ന അദ്ധ്വാനം മറ്റൊരാളുടെ ശരീരത്തില്‍ അപ്രത്യക്ഷമാകുന്നതോടെ അതിന്റെ മൂല്യം ഇല്ലാതാകുന്നു. അതുണ്ടാക്കിയ ആളുടെ അദ്ധ്വാനവും ആ നിമിഷം ഇല്ലാതാകുന്നു. മറ്റൊരാളുടെ കൈവശമായ നമ്മുടെ അദ്ധ്വാനം ഒരിയ്ക്കലും ഒരു പട്ടികയിലും നമ്മുടേതായി അറിയപ്പെടുകയില്ല. ഇത് കുടുംബങ്ങളില്‍ മാത്രമല്ല, ലോകം മുഴുവനുള്ള എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെയാണ്... സമരങ്ങള്‍ ആരംഭിക്കുന്നത് ഈ സഹനത്തിന്റെ പരിധി ഇനിയൊരി ക്കലും തിരിച്ചു പിടിയ്ക്കാനാവാത്തവിധം കടന്നു പോകുമ്പോഴാണ്.
അതുകൊണ്ട് ചൂഷണങ്ങള്ക്കെതി രായ സമരങ്ങള്‍ അവ കുടുംബത്തിനകത്തായാലും പുറത്തായാലും വിജയിക്കട്ടെ... നേതാക്കളില്ലെങ്കിലും ഉണ്ടെങ്കിലും സമരങ്ങള്‍ ഉണ്ടാകട്ടെ....
3 comments:
super- enn bhakshanamundakki thalaRnnu poya oru rogi
ഭക്ഷണമെന്നത് ഈ ലോകത്തില്‍ ഏറ്റവും
ആവശ്യമായ എന്നാല്‍ ഏതു നിലയ്ക്കും ദുരുപയോഗം
ചെയ്യപ്പെടുന്ന ഒന്നാണ്. ഒരു പിടി ആഹാരം മുമ്പില്‍
വെച്ച് മനുഷ്യര്‍ മറ്റു മനുഷ്യ ജീവിതങ്ങളെ ഏതളവ് വരെയും
നികൃഷ്ടമായി ചൂഷണം ചെയ്യാന്‍ തയാറാകും. ഞാന്‍ ആഹാരം നല്കി ..
ചെലവിനു നല്കി ... ജീവിതം നല്കി എന്നിട്ടും നന്ദിയില്ലെന്ന് പഴഞ്ചൊല്ലുകളും
കവിതകളും കഥകളുമുണ്ടാക്കും. ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാക്കും....
ഇന്നത്തെ സാഹചര്യത്തില്‍ (മൂന്നാര്‍) ഒന്നുകൂടി വളരെ പ്രസക്തമായി കുറിപ്പ്.
Post a Comment