ഇന്ന് കൊല്ലത്തൊരു കല്യാണം നടന്നിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ എഫ് ബീല് ധാരാളം... ടിവിയില്‍ ധാരാളം.. ഇനി നമ്മുടെ കേള്‍വി കേട്ട പത്രങ്ങളില്‍ നാളെയും വനിതാ മാസികകളില്‍ അടുത്ത ലക്കത്തിലും ധാരാളമായി വരും.. കണ്ണും തള്ളി വായും തുറന്നിരുന്ന് അതൊക്കെ വായിച്ച് തീര്‍ക്കാം... കണ്ടു തീര്‍ക്കാം.. കേട്ടു തീര്‍ക്കാം. അതിനുമാത്രം മുഴുപ്പുള്ളൊരു ഗമണ്ടന്‍ കല്യാണമാണത്.
ഞാനും ഒരു കല്യാണക്കാര്യം പറയാമെന്നു കരുതി...
ആനന്ദിയുടെ കല്യാണം..
ആരാണ് ആനന്ദി എന്നല്ലേ.. നാലു വര്‍ഷം എന്റെ അനിയത്തിയുടെ മകനെ സ്വന്തം കുഞ്ഞായിക്കരുതി വളര്‍ത്തിയവള്‍... മൂന്നു വര്‍ഷം എന്റെ അമ്മയെ സ്വന്തം അമ്മൂമ്മയായിക്കരുതി പരിചരിച്ചവള്‍.. പിന്നെ കുറെനാള്‍ എന്റെ അനിയത്തിയ്ക്കൊപ്പം എല്ലാ സങ്കടവും എല്ലാ വേദനയും എല്ലാ ദുരിതവും പങ്ക് പറ്റി കൂടെക്കഴിഞ്ഞവള്‍..
ഇക്കഴിഞ്ഞ നവംബര്‍ 18 നു അവള് വിവാഹിതയായി..
ഞങ്ങള്‍ മൂന്ന് സഹോദരിമാരും അവളെ ഞങ്ങളുടെ മകളായിക്കരുതി മനസ്സുകൊണ്ടും വപുസ്സുകൊണ്ടും ആ കല്യാണത്തില്‍ പങ്കു ചേര്‍ന്നു.
കാരൈക്കുടിയില്‍ മഴ പെയ്തു നിറയുന്ന ഒരു ദിവസമായിരുന്നു അത്. തണുത്ത ഈറന്‍ കാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. അവളുടെ അമ്മയെ അന്നും അവള് കാത്തിരുന്നു... പ്രതീക്ഷയോടെ... അമ്മയെ വേണ്ടാ എന്നു വെയ്ക്കുന്ന മക്കളോടെല്ലാം ആനന്ദി അവളുടെ അവസാനിയ്ക്കാത്ത കാത്തിരിപ്പിനെപ്പറ്റി പറഞ്ഞു കൊടുക്കാറുണ്ട്.. അതിങ്ങനെ..
അവളേയും ചേച്ചിയേയും വളര്‍ത്താനായി വീട്ടുജോലിയും നേടി സൌദി അറേബ്യയിലേയ്ക്ക് പോയ അവളുടെ അമ്മ ... പിന്നെ ഇന്നു വരെ മടങ്ങി വന്നിട്ടില്ല..
വേദനാനിര്‍ഭരമായ, കണ്ണീരുറയുന്ന ആ കാത്തിരിപ്പാണ് പിന്നീടുള്ള അവളുടെ ജീവിതം. അതിനിടയിലവള്‍ എങ്ങനെയൊക്കേയോ പത്താം ക്ലാസ് പാസ്സായി.. അവളെ രക്ഷിയ്ക്കാനുള്ള, ഒരു നെട്ടോട്ടത്തില്‍ ഒരിയ്ക്കല്‍ അവളെന്റെ അനിയത്തിയുടെ വീട്ടു വാതിലില്‍ മുട്ടി .. മുട്ടറ്റമുള്ള ഫ്രോക്കുമണിഞ്ഞ്..
അവളെ ഒപ്പം നിറുത്തുക മാത്രമല്ല, പ്ലസ് ടൂ പഠിപ്പിക്കുകയും ചെയ്തു എന്റെ അനിയത്തി. അനിയത്തിയുടെ മകന് അവളെ ആനന്ദി ദീദി എന്നു വിളിച്ചു ... ആനന്ദി ഇഗ്നോയുടെ ബി എ പാസ്സായപ്പോള്‍ അവളെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധയാക്കാനും എന്റെ അനിയത്തി മറന്നില്ല. അതുകൊണ്ടാണത്രേ എന്റെ അനിയത്തിയോട് അവള്‍ക്ക് എന്നും ഉരിമൈയുള്ളത്... ഉരിമൈ എന്നാല്‍ അവകാശം. അമ്മയെപ്പോലെയാകുന്നവരോട് നമുക്ക് ഉരിമൈ വരുമെന്ന് ആനന്ദി എന്നോട് കുസൃതിയോടെ പുഞ്ചിരിക്കും.
ആനന്ദിയുടെ വരന് മഹാഭാഗ്യവാനാണ്... കാരണം
വീട്ടു വേല ചെയ്ത് സമ്പാദിച്ച പണം കൊണ്ട് അവള് അവനു മാലയും ബ്രേസ് ലെറ്റും മോതിരവും തീര്‍പ്പിച്ചു. തികഞ്ഞ ആശയോടെ നിറഞ്ഞ അന്‍പോടെ ഏറ്റവും പ്രേമത്തോടെ അവനെ അണിയിച്ചു... അവളുടെ മാത്രം അദ്ധ്വാനത്തിന്റെ സുഗന്ധമുള്ള സ്വര്‍ണമാണത്. അതിനു പാരമ്പര്യത്തിന്റെയോ അല്ലെങ്കില്‍ ബിസിനസ്സിന്റേയോ അതുമല്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗത്തിന്റെയോ ഒന്നും തിളക്കമില്ലായിരിക്കാം. എങ്കിലും... എത്രയോ അമൂല്യമാണത്. സ്വന്തം കല്യാണച്ചെലവിലേയ്ക്ക് അന്‍പതിനായിരം രൂപ കൂടി വരനെ ഏല്‍പ്പിക്കാന്‍ കഴിവുള്ള, താന്‍പോരിമയുള്ള പെണ്ണ് കൂടിയായിരുന്നു അവള്. അവള്ക്കാരുമില്ലാത്തതുകൊണ്ട് വരന്റെ വീട്ടുകാരാണ് കല്യാണക്കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത്. ഞങ്ങള്‍ ഉള്‍പ്പടെ പതിനഞ്ചിലധികം പെണ്ണുങ്ങളുണ്ടായിരുന്നില്ല ആനന്ദിയ്ക്ക് ബന്ധുക്കളായി..
അവളെ മരുമകളായി കിട്ടിയതിലും ഭാര്യയായിക്കിട്ടിയതിലും അഭിമാനമുണ്ടാവണമെന്ന് അവളുടെ മാമിയാരോടും വരനോടും യാത്ര പറയുമ്പോള്‍ എന്റെ അനിയത്തിയുടെ മുഖത്ത് നിറഞ്ഞ അഭിമാനത്തിനു മഴവില്ലിന്റെ നിറങ്ങളായിരുന്നു.
കാരൈക്കുടിയില്‍ മഴ പെയ്തു നിറയുന്നൊരു പ്രഭാതത്തില്‍... വീശിയടിച്ചിരുന്ന ഈറന്‍ കാറ്റിനുള്ളില്‍ കുളിര്‍ന്ന്...
ആനന്ദി സുമംഗലിയായി.
4 comments:
മനസ്സില്‍ സന്തോഷം വന്നു നിറയുന്നത് പോലെ ഒരു തോന്നല്‍
എത്രയും സന്തോഷമുള്ള വാർത്ത.എന്നും നന്മ മാത്രം ആ കുട്ടിയ്ക്ക് ഉണ്ടാകട്ടെ.
ആനന്ദിയുടെ വരന് മഹാഭാഗ്യവാനാണ്...
കാരണം
വീട്ടു വേല ചെയ്ത് സമ്പാദിച്ച പണം കൊണ്ട് അവള്
അവനു മാലയും ബ്രേസ് ലെറ്റും മോതിരവും തീര്‍പ്പിച്ചു. തികഞ്ഞ
ആശയോടെ നിറഞ്ഞ അന്‍പോടെ ഏറ്റവും പ്രേമത്തോടെ അവനെ അണിയിച്ചു...
അവളുടെ മാത്രം അദ്ധ്വാനത്തിന്റെ സുഗന്ധമുള്ള സ്വര്‍ണമാണത്. അതിനു പാരമ്പര്യത്തിന്റെയോ
അല്ലെങ്കില്‍ ബിസിനസ്സിന്റേയോ അതുമല്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗത്തിന്റെയോ ഒന്നും തിളക്കമില്ലായിരിക്കാം.
എങ്കിലും... എത്രയോ അമൂല്യമാണത്. സ്വന്തം കല്യാണച്ചെലവിലേയ്ക്ക് അന്‍പതിനായിരം രൂപ കൂടി വരനെ
ഏല്‍പ്പിക്കാന്‍ കഴിവുള്ള, താന്‍പോരിമയുള്ള പെണ്ണ് കൂടിയായിരുന്നു അവള്. അവള്ക്കാരുമില്ലാത്തതുകൊണ്ട് വരന്റെ വീട്ടുകാരാണ് കല്യാണക്കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത്. ഞങ്ങള്‍ ഉള്‍പ്പടെ പതിനഞ്ചിലധികം പെണ്ണുങ്ങളുണ്ടായിരുന്നില്ല ആനന്ദിയ്ക്ക് ബന്ധുക്കളായി....!
കണ്ണുള്ളവര്‍ കാണുകയും കാതുള്ളവര്‍ കേള്‍ക്കുകയും ചെയ്യുന്നെങ്കിലും മനസ്സ് തന്നെ പ്രധാനം. ആ മനസ്സിന്റെ ഉടമകള്‍ക്ക് നന്മകള് ഭവിക്കട്ടെ..ധാരാളം...
Post a Comment