ഒരു പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ഞാന്‍ രണ്ട് വര്‍ഷത്തോളം..പിന്നീട് അതി പ്രശസ്തകളായിത്തീര്ന്ന രണ്ട് കഥാകൃത്തുക്കള്‍ അന്ന് എന്റെ വിദ്യാര്ഥിനിമാരായിരുന്നു. അതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. സഹപ്രവര്‍ത്തകരിലൊരാള്‍ എന്നോട് മിണ്ടുകയൊന്നും ചെയ്യാത്ത ഒരു പത്രപ്രവര്‍ത്തകനാണ്.....
വലിയ വരുമാനമായിരുന്നു എനിക്ക്. അതായത് മുന്നൂറു രൂപ.
എന്നാലും ടീച്ചര്‍ ആവാനും കുട്ടികളെ സ്നേഹിക്കാനും അവര്‍ക്കൊപ്പം കളിയ്ക്കാനും അവരോട് പിണങ്ങാനും ഒക്കെ എനിക്കിഷ്ടമായിരുന്നു.
സ്വര്‍ണമോ വില കൂടിയ പട്ടു സാരികളോ വെളുത്തുതുടുത്ത നിറമോ പറയത്തക്ക സൌന്ദര്യമോ ഒന്നും ഇല്ലാത്തതിന്റെ പേരില്‍ അതി രൂക്ഷമായി ഞാന്‍ വിമര്ശിക്കപ്പെട്ടിട്ടുള്ള ഒരു ദുരിത വ്യക്തി ജീവിതമായിരുന്നു അന്നെന്റേത്. എന്നോട് പലരും ഒരു വാക്കു കൂടി സംസാരിച്ചിരുന്നില്ല. അവരില്‍ വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ പോലുമുണ്ടായിരുന്നു. എന്റെ കുപ്പി വളകള്‍ കണ്ട് അവര്‍ക്കൊക്കെ അടക്കാനാകാതെ ചിരി പൊട്ടും. കറുത്ത നിറമായതുകൊണ്ട് എന്നെ തൊട്ട് കണ്ണെഴുതാമെന്ന് പറഞ്ഞ് എല്ലാവരും പരിഹസിച്ചു ചിരിക്കും. പിന്നെ ജാതിക്കുറവും ഒരു വലിയ കുഴപ്പമായിരുന്നു. ആകെ ഒരു ബലമായി കൂടെ ഉണ്ടായിരുന്നത് മുട്ടൊപ്പം നീണ്ട തലമുടിയാണ്.
അക്കാലത്ത് എനിക്ക് പങ്കു കൂടേണ്ടതായ ഒരു കല്യാണം വന്നു കൂടി. കല്യാണത്തിന്റെ പല മുന്‍ ചടങ്ങുകളിലും നിന്ന് ഞാന്‍ സൌകര്യപൂര്‍വം ഒഴിവാക്കപ്പെട്ടിരുന്നു. പുറം പണിക്കാരിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരാളെ സദസ്സിലൊക്കെ എങ്ങനെ എഴുന്നള്ളിക്കും? കല്യാണത്തിനു പിന്നെ എല്ലാവരും വരില്ലേ പിച്ചക്കാരുള്പ്പടെ … എന്ന നിലയില്‍ അത് മാപ്പാക്കപ്പെടുമല്ലോ.
അതു പോട്ടെ..
പാരലല്‍ കോളേജില്‍ ഒരിയ്ക്കലും നേരത്തിനു ശമ്പളം കിട്ടീരുന്നില്ല. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളം കിട്ടും. അതായിരുന്നു സ്ഥിതി. കല്യാണത്തിനു മോശപ്പെട്ട സാരി ധരിച്ച് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യയാവാന്‍ പാടില്ലെന്ന് എനിക്ക് താക്കീതു കിട്ടിയിരുന്നു. അതുകൊണ്ട് ബുദ്ധിമതിയായ ഞാന്‍ പാരലല്‍ കോളേജ് അധികൃതരോട്, എന്റെ ശമ്പളം കൂട്ടി വെച്ച് കല്യാണമാസമായ ഏപ്രിലില്‍ തന്നാല്‍ മതി എന്ന് അറിയിച്ചു. ഒരു ആയിരത്തി എണ്ണൂറു രൂപ കൈവശം വരുമെന്നായിരുന്നു എന്റെ ആശ. എന്നിട്ട് ബിന്നി സില്‍ക് സാരിയും ബ്ലൌസും ധരിച്ച് മുട്ടറ്റം നീണ്ട മുടിയില്‍ മുല്ലപ്പൂവും ചൂടി അന്തസ്സായി നില്ക്കും എന്ന് ഞാന്‍ കിനാവ് കണ്ടു.
എന്റെ കിനാവല്ലേ..
ഏപ്രില്‍ മാസത്തില്‍ പാരലല്‍ കോളേജുകാര് കൈ മലര്‍ത്തി കാണിച്ചു. അവരുടെ കൈയില്‍ പണമില്ല. ആയിരത്തി എണ്ണൂറു രൂപ പോയിട്ട് അഞ്ഞൂറു രൂപ പോലും തരാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
ഞാന്‍ തകര്‍ന്നു പോയി. അമ്മ മരിച്ച കുഞ്ഞിനെപ്പോലെ ആ കോളേജിന്റെ ഓഫീസിലിരുന്നു ഞാന്‍ നെഞ്ചു പൊട്ടി ഏങ്ങലടിച്ചു കരഞ്ഞു. എന്റെ ആറുമാസത്തെ സ്വപ്നവും പ്രതീക്ഷയും ആഗ്രഹവും അദ്ധ്വാനവുമായിരുന്നു അത്...
പിന്നെ കല്യാണസമയത്തെ സങ്കടവും അപമാനവും എങ്ങനെ താങ്ങുമെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ബോധക്ഷയം വരുന്നതു പോലെ തോന്നി.
ഒരു ചമ്മിയ ചിരിയും മുഖത്ത് വാരിത്തേച്ച് എന്തു കേട്ടാലും ലജ്ജയില്ലാതെ … കോട്ടണ്‍ സാരിയും ധരിച്ച് കറുമ്പിയെന്ന അവഹേളനത്തില്‍ തലമുടിയുടെ ഗമയില്‍ ഞാന്‍ ആ കല്യാണവും കൂടി....
1 comment:
എന്റെ ആറുമാസത്തെ സ്വപ്നവും
പ്രതീക്ഷയും ആഗ്രഹവും അദ്ധ്വാനവുമായിരുന്നു അത്..!
Post a Comment