അച്ഛനുമമ്മയും തമ്മില്‍ വഴക്കുണ്ടാവുമായിരുന്നു. ' കഴുവേറീടെ മോളെ ' എന്നതിനപ്പുറം ഒരു ചീത്ത വാക്ക് അച്ഛന്‍ അമ്മയെ വിളിച്ചിരുന്നില്ല. കാരണം അച്ഛന് വാക്കുകളുടെ ക്ഷാമമുണ്ടായിട്ടല്ല, വാക്കുകളുടെ കലഹത്തിനേക്കാള്‍ ശാരീരികമായ കലഹമായി അതു മാറുവാന്‍ ഒട്ടും സമയം വേണ്ടി വന്നിരുന്നില്ലല്ലോ.
എന്തായാലും ഞങ്ങള്‍ മൂന്നു മക്കളും തെറികളൊന്നും പഠിച്ചില്ല.
അമ്മ ജീവിതത്തിലിന്നു വരെ ഒരു ചീത്ത വാക്കുപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. 'അസത്ത്, അശ്രീകരം, ചെളുക്ക, ചേട്ട.. ..' ഇതില്‍ക്കൂടുതല്‍ ഒരു വാക്കു പോലും പറയാനറിയാത്ത ജീവിതമാണ് എന്റെ അമ്മയുടേത്. ചെളുക്ക എന്നാല്‍ മീന്‍ ചെകിള . അതെങ്ങനെയാണ് ഭയങ്കര ചീത്ത വാക്കായി അമ്മ കരുതിയിരുന്നത് എന്നെനിക്കിന്നും അറിയില്ല.
അമ്മീമ്മ അതിഭയങ്കരമായ കോപം വരുമ്പോള്‍ ' പട്ടി 'എന്ന് പറയുമായിരുന്നു. അത് മറ്റാരേയും കേള്‍പ്പിച്ചല്ല... എന്നാലും പല്ലുകള്‍ക്കിടയില്‍ അങ്ങനെ പിറുപിറുക്കുമായിരുന്നു. പട്ടിയെ സംബന്ധിച്ച് അമ്മീമ്മയ്ക്ക് ലിംഗഭേദമുണ്ടായിരുന്നില്ല.
എനിക്കറിയാവുന്നതും ഇതൊക്കെയാണ് .. പിന്നെ പന്നി എന്ന ജീവിയേയും അറിയാം.
അതുകൊണ്ട് കണ്ണ് പൊട്ടുന്ന കാതടപ്പിക്കുന്ന ഒച്ച നിലപ്പിക്കുന്ന തെറികള്‍ക്കിരയാകുമ്പോള്‍ ഞാന്‍ അസ്തപ്രജ്ഞയായി നിന്നു പോകും.
ഭാര്യയായി ജീവിയ്ക്കണമെങ്കില്‍ തെറികള്‍ കാണാതെ പഠിയ്ക്കണമെന്ന ജീവിത പരിതസ്ഥിതിയെ സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ ? അങ്ങനെ ജീവിക്കുന്നവരുണ്ട്. കാരണം ഭര്‍ത്താവിന്റെ ലൈംഗികത ഉണരുന്നത് ആ വാക്കുകളിലാണ്. അപ്പോള്‍ കുടുംബ ജീവിതം നന്നായിരിക്കാന്‍ , കുട്ടികള്‍ക്ക് മനസ്സമാധാനത്തോടെ ജീവിയ്ക്കാന്‍, അങ്ങനെ എന്തിനൊക്കെയോ വേണ്ടി തെറികള്‍ മന:പാഠമാക്കേണ്ടി വരുന്നു. ദിവസം തോറും പുതിയ തെറികള്‍ പഠിക്കുന്നു. കിടയ്ക്കക്കടിയില്‍ മന:പാഠമാക്കേണ്ട തെറി വാക്കുകളുടെ ശേഖരമിരിക്കുന്നു. ആ കിടപ്പറ ജീവിതത്തിന്റെ അറപ്പിനെയും കയ്പിനേയും പിന്നീട് പേസ്റ്റും ബ്രഷുമിട്ട് പല്ലു തേച്ചും കുലുക്കുഴിഞ്ഞും തുപ്പിക്കളയുന്നു.
ഭര്‍ത്താവിനെ വശീകരിയ്ക്കാന്‍ കിടപ്പറയില്‍ ഭാര്യ പാലിയ്‌ക്കേണ്ട നിയമങ്ങള്‍ എഴുതി പിടിപ്പിക്കുന്നവര്‍ക്ക് ഒരിയ്ക്കലും കാണാനോ രേഖപ്പെടുത്താനോ കഴിയാത്ത കടും നൊമ്പരങ്ങളുടെ ചിത്രമാണത്.
തെറി അതിഭയങ്കരമായി ഒതുക്കാനുള്ള ഭയപ്പെടുത്താനുള്ള ഒരു ആയുധമാണെന്ന് എനിക്ക് അറിയാം. ചിലപ്പോള്‍ ഒന്നും പറയാന്‍ അറിയാത്തതില്‍, ചെകിട് തരിയ്ക്കുന്നതു പോലെ പച്ചത്തെറി പറയാന്‍ കഴിയാത്തതില്‍ അതിയായ സങ്കടവും തോന്നിയിട്ടുണ്ട്.
ഈയിടെയും ഒരു തെറിയഭിഷേകത്തിന്റെ അതീവ വേദനാജനകമായ അനുഭവമുണ്ടായി.. . എനിക്കറിയാവുന്ന ചീത്ത വാക്കുകള്‍ ഒന്നിനും തികയുമായിരുന്നില്ല. പിന്നെ നമ്മള്‍ ഒരു കാലത്ത് ഒത്തിരി സ്‌നേഹിക്കുകയും ആദരിക്കുകയും ഭക്ഷണമുണ്ടാക്കി വിളമ്പുകയും ഒക്കെ ചെയ്ത് സ്വന്തമെന്ന് കരുതിയവര്‍ അങ്ങനെ പെരുമാറുമ്പോള്‍ .... നമ്മുടെ തൊണ്ടയില്‍ പൂട്ടു വീഴുന്നതും സ്വാഭാവികം. അറപ്പ് പ്രകടിപ്പിയ്ക്കാന്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പുകയും അല്‍പം ഒച്ചയുണ്ടാക്കുകയും ഒടുവില്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ചുറ്റും പരിഭ്രമിച്ച് നോക്കുകയും ചെയ്യുക മാത്രമാണ് എനിക്ക് സാധിച്ച ചില്ലറ പ്രതിരോധം..
എന്നാലും 'നീ കടന്നു പോടാ 'എന്ന് പറഞ്ഞു നോക്കി. പക്ഷെ, ബലം പോരായിരുന്നു. അതുകൊണ്ടാണ് എനിക്ക് പോലീസ് സ്റ്റേഷനിലും കയറേണ്ടി വന്നത്. പോലീസ് സ്റ്റേഷന്‍ മനുഷ്യര്‍ കയറിപ്പോകാന്‍ പാടില്ലാത്ത ഇടമാണെന്ന വിചാരം എനിക്കൊരിയ്ക്കലും ഉണ്ടായിട്ടുമില്ലെന്ന് കരുതിക്കൊള്ളൂ.
ഫോണിലൂടെ ഉണ്ടായ ഒരു തെറിയനുഭവവും മറക്കാന്‍ കഴിയില്ല. ആദ്യമാദ്യം അയാള്‍ പറയുന്നത് തെറിയാണെന്ന് പോലും എനിക്ക് മനസ്സിലായില്ല. തനി തിരുവനന്തപുരം ശൈലിയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അയാള്‍ മദ്യപിച്ച് സംസാരിക്കുകയാണെന്ന് ഞാന്‍ കരുതി. എന്റെ കൂട്ടുകാരന് ഫോണ്‍ കൈമാറിയപ്പോഴാണ് കാര്യം വ്യക്തമായത്. ആ വാക്കുകളുടെ വഴുവഴുപ്പ് ഇന്നും ചെവിയിലുണ്ട്.
ഒരിയ്ക്കലും ഒരു ചീത്ത വാക്കു പറയാത്ത ഒരാളാണ് എന്റെ കൂട്ടുകാരന്‍... ഞങ്ങള്‍ രൂക്ഷമായി വഴക്കിടുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രം ക്ഷോഭിക്കുന്ന ആള്‍. കാരണം വളരെ ലളിതമാണ്.. കൂട്ടുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍...
'ഞാന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചവനാണ്. മലയാളത്തിലെ ഒരുമാതിരി കല്ലുവെച്ച വാക്കുകള്‍ ഒക്കെ എനിക്കറിയാം. അബദ്ധത്തില്‍ ഒരു വാക്കു വായില്‍ നിന്നു വീണുപോയാല്‍ , എനിക്ക് നാളെയും നിന്റെ മുഖത്ത് നോക്കേണ്ടേ? '
തെറികള്‍ അറിയുന്നവര്‍ക്ക്, അത് കൂസലെന്യേ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്, അറിഞ്ഞാലും ഒന്നും പറയാത്തവര്‍ക്ക്, തെറികളേ അറിയാത്തവര്‍ക്ക് , തെറികള്‍ കേള്‍ക്കുക മാത്രം ചെയ്യുന്നവര്‍ക്ക് .. അവര്‍ക്ക് എല്ലാവര്‍ക്കുമായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു.
തെറികള്‍ പ്രപഞ്ചത്തിലെ ഏതു ഭാഷയുടേയും അവിഭാജ്യഘടകമാണെന്ന തിരിച്ചറിവോടെ..
1 comment:
തെറികൾ ഒരുതരത്തിലല്ലെങ്കിൽ
മറ്റൊരു തരത്തിൽ ആയുധങ്ങളാണ് .
പ്രത്യേകിച്ച് മറ്റൊരുതരത്തിൽ കരുത്ത് കുറഞ്ഞവർക്ക് ...
പബ്ലിക്കായി പറഞ്ഞിലിങ്കിലും ഉള്ളിൽ പറഞ്ഞാലും മാനസിക
ക്ഷോപങ്ങൾ കുറക്കാനും തെറി സഹായിക്കും ..അതുകൊണ്ട് കുറച്ച്
തെറികളെങ്കിലും പഠിച്ചിരിക്കണം കേട്ടോ
Post a Comment