Monday, June 4, 2018

മധുവിധു

https://www.facebook.com/echmu.kutty/posts/493217544190878

അന്നും എന്റെ യാത്ര തനിച്ചായിരുന്നു. സത്യത്തില്‍ ഞാന്‍ തനിച്ചാവാന്‍ പാടില്ലാത്തതായിരുന്നു, ഞാനും കൂട്ടുകാരനും ഒന്നിച്ച് ഒരു യാത്രയാണ് പ്ലാന്‍ ചെയ്തിരുന്നത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ... ബസ്സൊരു ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ കോച്ചായിരുന്നു. യാത്ര തുടങ്ങുന്നതിന്റെ അവസാനനിമിഷം കൂട്ടുകാരന്‍ എന്നെ വിട്ടിട്ട് ദില്ലിയ്ക്ക് പറന്നു പോയി.

അങ്ങനെ സന്ധ്യ മയങ്ങുന്ന നേരം മുതല്‍ കോയമ്പേട് ബസ്റ്റാന്‍ഡില്‍ കുറെ സമയം കുത്തിയിരുന്നു. ബസ്സ് വൈകിയാണ് വന്നത്. നാരങ്ങാച്ചോറും പുളിയോദരയും ഇഡ്ഡലിയും ദോശയും വില്‍ക്കുന്ന കടകളില്‍ ഒക്കെ നല്ല തിരക്ക്. ഞാന്‍ ആഹാരം പൊതിഞ്ഞ് എടുത്തിരുന്നു. യാത്ര ചെയ്യുമ്പോള്‍, അതും രാത്രിയിലാണെങ്കില്‍ എനിക്ക് പെട്ടെന്ന് വിശക്കും. അതുകൊണ്ട് നാരങ്ങച്ചോറും അച്ചാറും ഒരു കുപ്പി വെള്ളവുമൊക്കെയായി നല്ല തയാറെടുപ്പിലായിരുന്നു എന്റെ യാത്ര.

പെട്ടികളും ബാഗുകളും പൊതികളുമായി ഒട്ടനവധി ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തിക്കിത്തിരക്കുന്നതിനിടയ്ക്ക് ബസ്സ് എന്നെ കയറ്റാതെ കടന്ന് പോകുമോ എന്ന ആധിയോടെ ഞാന്‍ അങ്ങുമിങ്ങും ശ്രദ്ധിച്ചുകൊണ്ട് അവിടെ പരുങ്ങിപ്പരുങ്ങി നിന്നു.

ഒടുവില്‍ ബസ്സ് നെറ്റിപ്പട്ടം കെട്ടിയ വലിയൊരു കൊമ്പനാനയെപ്പോലെ എഴുന്നള്ളി വന്ന് വട്ടത്തിലൊന്നു തിരിഞ്ഞപ്പോള്‍ എല്ലാവരും ഓടിക്കൂടി ... പിന്നെ തമിഴരല്ലേ അന്തസ്സായി ക്യൂ പാലിച്ചില്ലെങ്കില്‍ കേറാന്‍ പറ്റില്ല എന്ന് കട്ടായം പറഞ്ഞു. അതുകൊണ്ട് മലയാളികള്‍ ഗത്യന്തരമില്ലാതെ ക്യൂ ആയി അനുസരണ കാട്ടി.

അങ്ങനെ ഞാനും കയറി. ഞങ്ങള്‍ക്ക് ലോവര്‍ ബര്‍ത്തായിരുന്നു. ഞങ്ങള്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന വിധത്തില്‍ ഒരു കുഞ്ഞു ടി വിയുമുണ്ടായിരുന്നു. വലിയ ടി വി ബസിന്റെ മുന്‍വശത്ത് പിടിപ്പിച്ചിരുന്നുവെങ്കിലും ബര്‍ത്തുകളിലെല്ലാം പ്രൈവസിയ്ക്കായി കര്‍ട്ടണ്‍ ഇട്ടിരുന്നതുകൊണ്ട് ആ വലിയ ടി വി, ബര്‍ത്തില്‍ കിടക്കുന്ന ആര്‍ക്കും തന്നെ കാണാന്‍ സാധിക്കുമായിരുന്നില്ല. മറ്റൊരു സ്ത്രീ ഒറ്റയ്ക്ക് വരികയാണെങ്കില്‍ അവരെ ഞങ്ങളുടെ ബെര്‍ത്ത് ഷെയര്‍ ചെയ്യാന്‍ അനുവദിയ്ക്കണമെന്ന് ബസ്സിലെ അറ്റന്‍ഡന്‍ഡ് എന്നോട് പറഞ്ഞു. കൂട്ടുകാരന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരുന്നില്ല. ഞാന്‍ തല കുലുക്കി. എന്തായാലും ആരും വരികയുണ്ടായില്ല. അതുകൊണ്ട് രണ്ട് ബര്‍ത്തിന്റെ ഇടയ്ക്കുള്ള ചെറിയ പാര്‍ട്ടീഷന്‍ മാറ്റി വെച്ച് ഞാന്‍ വിശാലമായി കിടന്നു.

ബസ്സ് പുറപ്പെട്ടപ്പോള്‍ തന്നെ ഞാന്‍ പൊതിയഴിച്ച് ഭക്ഷണം കഴിച്ചു തീര്‍ത്തു. ജനല്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ആകാശത്ത് വെള്ളിപ്പുഞ്ചിരി പൊഴിച്ചുകൊണ്ട് ശീതളനായ ഒരു പ്രകാശസ്വരൂപനായി നില്‍ക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചന്ദ്രന്‍ അപ്പുറത്തെ ആകാശത്തിലായിരുന്നതുകൊണ്ട് കാണാന്‍ കഴിയുമായിരുന്നില്ല ആ വെണ്‍മുഖച്ചന്തം. എങ്കിലും ചന്ദ്രന്റെ ആത്മസഖിയായ നിലാവിനെ നോക്കി ഞാന്‍ ചിരിച്ചു. ചന്ദ്രന്‍ എന്റെ ഒരു വളരെ പഴയ സുഹൃത്താണ്. ഹൃദയം പൊട്ടിയിട്ടുള്ള , കണ്ണീരില്‍ കുതിര്‍ന്നിട്ടുള്ള എന്റെ പല ചോദ്യങ്ങള്‍ക്കും മനോഹരമായ പുഞ്ചിരിയോടെ സ്‌നിഗ്ദ്ധമായി മറുപടി തന്നിരുന്ന ഒരു പഴയ സുഹൃത്ത്. കണ്ണിറുക്കിക്കാട്ടി ഉറങ്ങൂ എന്ന് രാരിരാരീരംരാരോ എന്ന് താരാട്ടിയിരുന്ന സുഹൃത്ത്.

കൊച്ചു ടി വിയില്‍ സിനിമയായിരുന്നില്ല. പഴയതും പുതിയതുമായ തമിഴ് പ്രണയഗാനങ്ങളായിരുന്നു കണ്ണദാസരും വൈരമുത്തുവും താമരഭരണിയും എല്ലാം മനസ്സിനെ പ്രണയാര്‍ദ്രമാക്കിക്കൊണ്ടിരുന്നു.

ബസ്സില്‍ എല്ലാവരും കിടന്നു കഴിഞ്ഞിരുന്നു.അല്‍പം കഴിഞ്ഞപ്പോഴേയ്ക്കും ബസ്സ് നല്ല സ്പീഡില്‍ ഓടാനാരംഭിച്ചു. അപ്പോള്‍ ടി വിയിലെ ഗാനങ്ങളും നിലച്ചു.

ചന്ദ്രികയില്‍ അലിഞ്ഞ്, ഓരോന്നോര്‍ത്ത് അങ്ങനെ കിടക്കുമ്പോള്‍ അഭൌമമായ ഒരു ശാന്തിയുടെ വെള്ളിത്തൂവലുകള്‍ എന്നെ തലോടിക്കൊണ്ടിരുന്നു.

അപ്പോഴായിരുന്നു മുകളിലെ ബര്‍ത്തില്‍ നിന്ന് കുപ്പിവളകള്‍ ലജ്ജയില്‍ കുതിര്‍ന്ന് ചിരിച്ചത്. എനിക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.

മുകളിലേ ബെര്‍ത്തിലേയ്ക്ക് പോയത് ഗ്രാമീണനായ ദരിദ്രനെന്ന് പ്രത്യക്ഷത്തില്‍ തന്നെ തോന്നിപ്പിക്കുന്ന ഒരു തമിഴ് യുവാവും അയാളുടെ ഭാര്യയുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തു. ഭാര്യയുടെ കഴുത്തിലെ പുത്തന്‍ മഞ്ഞള്‍ച്ചരടില്‍ മിന്നുന്ന താലിയും പിന്‍ വശത്ത് ഞാന്നു കിടക്കുന്ന മുടിപ്പിന്നലില്‍ മരിക്കൊഴുന്തും കനകാംബരവും മല്ലികപ്പൂക്കളുമുണ്ടായിരുന്നു. അവളുടെ കാലിലെ നൂലു പോലുള്ള പാദസരവും ഞാന്‍ കാണാതിരുന്നില്ല.

അവര്‍ സ്വകാര്യ നിമിഷങ്ങളിലെ ശരീരലാളനകളില്‍ മുഴുകുകയാണെന്ന് എനിക്ക് മനസ്സിലായി.

അപ്പോഴാണ് അയാളുടെ അടക്കിപ്പിടിച്ച ശബ്ദം എന്റെ ചെവിയില്‍ വീണത്. അയാള്‍ പറയുകയായിരുന്നു.

' ഇത് താന്‍ നമ്മ ഹണിമൂണ്‍. ദോ അന്ത നിലവേപ്പാര്...'

കേട്ടുകൊണ്ടിരുന്ന എനിക്ക് ചിരി വന്നുവെങ്കിലും ഞാനത് ഒതുക്കിപ്പിടിച്ചു.

' നാളെ കാലയിലെ കേരളാവിലെ എത്തിന പെറക് നമ്മള്‍ നല്ലാ ഒഴച്ച് വെലൈ ശെയ്യണം. ഇന്നമേ ഇന്തമാതിരി ഒരു ബസ്സിലെ വരവും പോകവും ഒന്നും മുടിയാത്. നമക്ക് ഊട്ടിയും കൊടൈക്കനാലും കുട്രാലവും എല്ലാം ഇന്ത ബസ്സും ഇന്ത ഇരവും താന്‍.. എത്തന നാള്‍ ശേത്തുവെച്ച രൂപാ കൊടുത്ത് വാങ്കിന ടിക്കറ്റ് തെരിയുമാ.. ഇന്ത എ സി ബസ്സിലെ ഇപ്പടി പടുക്ക വെച്ച് ഉന്നെ മുതല്‍ ടൈം കേരളാവുക്ക് കൊണ്ട് പോണമെന്റ്ര്...... ഇന്നമേ നമുക്ക് ഇപ്പടി ഒണ്ണും വരമുടിയാത്...'

ആ ശബ്ദത്തിലെ ആത്മാര്‍ഥതയും സ്‌നേഹവും അറിയേ എന്റെ കണ്ണുകള്‍ നിറഞ്ഞു. കല്യാണ സ്‌പെഷ്യലുകളും ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുമൊക്കെ വര്‍ണിക്കുന്ന മാസികകളും വാരികകളും ഇവരെയൊന്നും ഒരിയ്ക്കലും അറിയാന്‍ വഴിയില്ല. ഇത്തരം ബസ്സുകളില്‍ പെണ്‍കുട്ടികള്‍ വ്യഭിചരിയ്ക്കുന്നതുകൊണ്ട് ബാംഗ്ലൂരിലും ചെന്നൈയിലുമൊന്നും പഠിച്ച പെണ്‍കുട്ടികളെ കല്യാണം കഴിയ്ക്കില്ലെന്ന് മകന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ടെന്ന് എന്നോട് അഭിമാനപുരസ്സരം പ്രഖ്യാപിച്ച പ്രമുഖ വനിതാ നോവലിസ്റ്റിനും ഇവരെയൊന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

ആഹ്ലാദത്തിന്റെ തീവ്രരോമാഞ്ചങ്ങളിലേയ്ക്ക് കയറിപ്പോവുന്ന അവരുടെ ജീവിതം എന്നെന്നും സന്തോഷകരമാവട്ടെ എന്ന് മനസാ ആശംസിച്ച് ഞാന്‍ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ശബ്ദത്തിലെ ആത്മാര്‍ഥതയും സ്‌നേഹവും
അറിയേ എന്റെ കണ്ണുകള്‍ നിറഞ്ഞു. കല്യാണ
സ്‌പെഷ്യലുകളും ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുമൊക്കെ
വര്‍ണിക്കുന്ന മാസികകളും വാരികകളും ഇവരെയൊന്നും ഒരിയ്ക്കലും
അറിയാന്‍ വഴിയില്ല. ഇത്തരം ബസ്സുകളില്‍ പെണ്‍കുട്ടികള്‍ വ്യഭിചരിയ്ക്കുന്നതുകൊണ്ട്
ബാംഗ്ലൂരിലും ചെന്നൈയിലുമൊന്നും പഠിച്ച പെണ്‍കുട്ടികളെ കല്യാണം കഴിയ്ക്കില്ലെന്ന്
മകന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ടെന്ന് എന്നോട് അഭിമാനപുരസ്സരം പ്രഖ്യാപിച്ച പ്രമുഖ വനിതാ
നോവലിസ്റ്റിനും ഇവരെയൊന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

പട്ടേപ്പാടം റാംജി said...

ആപ്രതീക്ഷിതമയ ചില പ്രയാസങ്ങളെ ഒതുക്കിക്കെട്ടുന്നത്‌ നിസ്സഹായവരുടെ ചെറിയ വലിയ സന്തോഷങ്ങളെ നേരാം വണ്ണം മനസ്സിലാക്കാൻ കഴിയുന്നവർക്കാനു. മനോഹരമായ ആഖ്യാനം