ഫോണ്‍ നിറുത്താതെ ബെല്ലടിയ്ക്കുന്നത് കേട്ടാണ് വനിത വായിക്കുന്നിടത്ത് നിന്ന് എണീറ്റ് വന്നത്. കെ ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീയില്‍ മുഴുവനായും അലിഞ്ഞു പോയിരുന്നു. അമ്മയെ എങ്ങും കണ്ടില്ല. എപ്പോഴും അവര്‍ ധിറുതിയായി ചെന്നെടുക്കുകയാണ് പതിവ്. അകത്തളത്തിലിരിയ്ക്കുന്ന ഫോണ്‍, ബെല്ലടിയ്ക്കുന്നത് കേള്‍ക്കാന്‍ വേണ്ടി മാത്രമാണോ അവര്‍ക്ക് രണ്ടു ചെവികള്‍ ദൈവം കൊടുത്തതെന്ന് തോന്നിപ്പോകും. അത്രമാത്രം ശ്രദ്ധയാണ്. ആദ്യമൊക്കെ വലിയ അല്‍ഭുതമുണ്ടായിരുന്നു. ഇപ്പോള്‍ അല്‍ഭുതം ഒട്ടും ഇല്ല, പുച്ഛമേയുള്ളൂ.
സ്വന്തം മകളുടെ ഭര്‍ത്താവുമായി കൊഞ്ചിക്കുഴയാനാണ് ഈ തിടുക്കമെന്ന് ബോധ്യമായതു മുതല്‍ ആ സ്ത്രീയോട്, വല്ലാത്ത അറപ്പാണ് മനസ്സിലിഴയുന്നത്.
ഹലോ ....
ഒ. കെ. പറഞ്ഞേക്കാം.''
ഒറ്റയക്ഷരം കൂടുതല്‍ ചോദിച്ചില്ല. അതു തന്നെ. വല്യേച്ചിയുടെ ഭര്‍ത്താവാണ്. അവരിരുവരും ഒന്നിച്ച് ദില്ലിയ്ക്ക് പോവുകയാണത്രെ. പെട്ടെന്നുള്ള ടൂര്‍ ആണ്. പ്ലെയിന്‍ ടേക്കോഫ് ചെയ്യാന്‍ പോകുന്നു. ഇനി അങ്ങോട്ട് നാലഞ്ചു മണിക്കൂര്‍ ഫോണ്‍ ഓഫ് ആയിരിയ്ക്കും. അമ്മയോട് വിവരം പറഞ്ഞേക്കണമെന്ന്.......
സ്വരത്തിലെ അനിഷ്ടം പിടിച്ചെടുത്തു കാണുമോ അയാള്‍? അപാര ബുദ്ധിമാനാണ്...... ഫോറന്‍സിക് മെഡിസിനില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഡോക്ടര്‍. പോലീസ് സര്‍ജന്‍. പക്ഷേ, പോലീസുകാരുടെ ഒത്താശയോടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കള്ളത്തരം കാണിക്കുന്നത് പോലെയല്ല, ഇത്തരം ചീഞ്ഞ കാര്യങ്ങളൊന്നും അങ്ങനെ രഹസ്യമാക്കി വെയ്ക്കാന്‍ സാധിയ്ക്കില്ല. എത്ര മൂടിപ്പൊതിഞ്ഞുവെച്ചാലും അതിന്റെ നാറ്റമുയരുന്നത് എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ അറിയും.
എന്നാലും ഇങ്ങനെയൊരു വീട്ടിലേയ്ക്ക് തന്നെ മരുമകളായി വന്നു കയറേണ്ടിയിരുന്നുവോ? തലയിലെഴുത്ത്! അദ്ദേഹത്തെ എങ്ങനെയെങ്കിലും എന്തു സൂത്രമുപയോഗിച്ചായാലും കരഞ്ഞിട്ടായാലും പട്ടിണി കിടന്നിട്ടായാലും രോഗമഭിനയിച്ചായാലും ഇവിടെ നിന്ന് പറിച്ചുകൊണ്ട് പോയി മാറ്റിത്താമസിപ്പിയ്ക്കണം. അമ്മയെപ്പോലെ ദുര്‍വൃത്തയായ ഒരു സ്ത്രീ ഗൃഹനാഥയായിരിക്കുന്ന ഈ വീട്ടില്‍ ഇങ്ങനെ കണ്ണും കാതുമടച്ച് താമസിയ്ക്കാന്‍ കഴിയില്ല. കഠിനമായ വെറുപ്പാണ് മനസ്സു നിറയെ.......
ആര്‍ക്കും ഒരു കുറ്റവും പറയാന്‍ തോന്നാത്ത വിധം സന്തോഷഭരിതമായിരുന്നു ജിവിതം. ആയിരുന്നു എന്ന് ഭൂതകാലത്തില്‍ സങ്കടത്തോടെ പറയേണ്ട കാര്യമൊന്നുമില്ല, വര്‍ത്തമാന കാലത്തിലും അദ്ദേഹവുമൊത്തുള്ള ജീവിതം അനുഗൃഹീതമാണ്.. ആഹ്ലാദകരമാണ്.. സുന്ദരമാണ്...
ഈ സംശയമുദിക്കുന്നതു വരെ അമ്മയോടും ബഹുമാനക്കുറവൊന്നും തോന്നിയിട്ടില്ല. തോന്നാന്‍ അവര്‍ കാരണമുണ്ടാക്കിയിട്ടില്ല. മകന്റെ ഭാര്യ എന്നല്ല സ്വയം പ്രസവിച്ച മകള്‍ എന്ന നിലയിലാണ് അവര്‍ പെരുമാറുന്നത്.. അവര്‍ക്ക് ഒരു പരാതിയില്ല ... പരിഭവമില്ല..... കോപമില്ല. ... താരതമ്യങ്ങളില്ല.
ഇങ്ങനെയുമുണ്ടോ ഒരു അമ്മായിഅമ്മ... മുടി ചീകിത്തരുന്ന, മുടിക്ക് പുതിയ തരം കളര്‍ സ്റ്റ്രീക്‌സ് പരീക്ഷിക്കു എന്ന് നിര്‍ദ്ദേശിക്കുന്ന, നെയില്‍ പോളീഷിട്ടു തരുന്ന, ചോറുരുട്ടിത്തരുന്ന, ജീന്‍സും ലെഗ്ഗിന്‍സും സ്ലീവ് ലസ് ടോപ്പും ഒക്കെ ഇടൂ എന്ന് പറയുന്ന ദേഷ്യപ്പെടുകയോ ഒച്ച ഉയര്‍ത്തി സംസാരിക്കുകയോ ചെയ്യാത്ത ഒരു അമ്മായിഅമ്മ. കൂട്ടുകാരികള്‍ക്കും സഹോദരിമാര്‍ക്കും എന്തിനു പെറ്റമ്മയ്ക്ക് വരെ അസൂയ നിറഞ്ഞ ഒരേ പറച്ചിലാണ്
'മിനൂന്റെ ഭാഗ്യം.. എന്തു നല്ല സ്ത്രീയാ നിന്റെ അമ്മായിഅമ്മ..കുലീനയായ ആ അമ്മ വളര്‍ത്തിയതിന്റെ എല്ലാ ഗുണവുമുണ്ട് ഉണ്ണിയ്ക്ക്..'
അമ്മ വളര്‍ത്തിയതുകൊണ്ടാണ് ഉണ്ണ്യേട്ടന്റെ നന്മകളൊക്കെയുമെന്ന് സമ്മതിക്കാനാദ്യം വിഷമമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല.
അച്ഛന്റെ നന്മയാവും ഉണ്ണ്യേട്ടന് കിട്ടിയത്.
സ്വന്തം അമ്മയും ഒരു അമ്മായിയമ്മയാണ്. മുതിര്‍ന്ന രണ്ടു ചേച്ചിമാരും കല്യാണം കഴിച്ചപ്പോള്‍ രണ്ട് മരുമകന്മാര്‍ അമ്മയ്ക്ക് ആണ്‍മക്കളായി വന്നു. പിന്നെ ഉണ്ണ്യേട്ടന്‍ വന്നു.. അമ്മ മരുമകന്മാരെ വിരല്‍ കൊണ്ട് ഒന്നു സ്പര്‍ശിക്കുക പോലും ചെയ്യുന്നത് കണ്ടിട്ടില്ല. പരപുരുഷന്മാര്‍ എന്ന മട്ടിലേ അമ്മ അവരോട് ഇടപെടാറുള്ളൂ. ആഹാരം വിളമ്പി കൊടുക്കുക, എന്തെങ്കിലുമൊക്കെ വീട്ടുവിശേഷങ്ങള്‍ സംസാരിക്കുക, വരുമ്പോഴും പോകുമ്പോഴും സ്വാഗതവചനങ്ങളും യാത്രാമൊഴികളും പറയുക എന്നൊക്കെയല്ലാതെ....
ഉണ്ണ്യേട്ടന്റെ അമ്മ കാണിക്കുന്നതു മാതിരി ... ഒരു അടക്കവുമൊതുക്കവുമില്ലാതെ ...
അയ്യേ!
മോനേ .. മക്കളേ... ചക്കരേ എന്നൊക്കെ മരുമകനെ വിളിക്കുക.. തലമുടിയില്‍ വിരലോടിക്കുക... കവിളിലും നിറുകന്തലയിലും ഉമ്മ കൊടുക്കുക.... കെട്ടിപ്പിടിക്കുക ... ഉണ്ണ്യേട്ടന്റെ വല്യേച്ചിയുടെ ഭര്‍ത്താവിനോടാണ് അധികം കൊഞ്ചല്‍... വല്യേച്ചിയെ കാണുമ്പോഴും ഒരു നിധി കിട്ടിയ മാതിരിയാണ്. ചോറുരുട്ടിക്കൊടുക്കുക, മടിയില്‍ കിടത്തി തട്ടി ഉറക്കുക... ഇങ്ങനേയുമുണ്ടോ ഒരു വാല്‍സല്യ പ്രകടനം. വല്യേച്ചിയ്ക്കും അതൊക്കെ ഇഷ്ടം തന്നെ. ചിലപ്പോള്‍ അവര്‍ രണ്ട് പേരും കൂടി അമ്മയുടെ അപ്പുറത്തും ഇപ്പുറത്തുമായി കിടന്ന് സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.
അച്ഛനും ഉണ്ണ്യേട്ടനും ഒന്നും പ്രശ്‌നവും തോന്നാത്തതെന്താണാവോ?
ഉണ്ണ്യേട്ടന്റെ കുഞ്ഞേച്ചി ഇത്തിരി ഗൌരവക്കാരിയാണ്. അമ്മയെ ഇഷ്ടമൊക്കെയുണ്ട്. എന്നാലും അങ്ങനെ ഒരു വല്ലാത്ത കൊഞ്ചല്‍ ഇല്ല. പിന്നെ വന്നാലും എപ്പോഴും ലാപ് ടോപ്പിലും ഫോണിലും ഒക്കെയാവും. കുഞ്ഞേച്ചിയുടെ ഭര്‍ത്താവും ലാപ് ടോപ്പിലാണ് ജീവിക്കുന്നത്. അവരു തമ്മില്‍ത്തമ്മില്‍ മിണ്ടുന്നതും വഴക്കിടുന്നതും കെട്ടിപ്പിടിക്കുന്നതും വരെ അതില്‍ക്കൂടിയാണെന്ന് പറഞ്ഞു ഹ ഹ ഹ എന്ന് ചിരിക്കാറുണ്ട് അച്ഛന്‍. അമ്മയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിനും അച്ഛന്‍ ഈ ന്യായം തന്നെയാണ് പറയാറ്. പിന്നെ അമ്മ ചായയും ഭക്ഷണവുമൊക്കെ ഫോണിലൂടെ ആക്കി കളയുമെന്ന് അച്ഛന്‍ ഉറക്കെഉറക്കെ ചിരിക്കും.
അമ്മ കുഞ്ഞേച്ചിക്കും ഇടയ്ക്ക് മുടി ചീകികൊടുക്കലൊക്കെയുണ്ട്. ദോശ ചട്ണിയില്‍ മുക്കി വായില്‍ കൊടുക്കലും ഉണ്ട്. കുഞ്ഞേച്ചീടെ ഭര്‍ത്താവിന്റെ തല തോര്‍ത്തിക്കൊടുക്കുന്നതും കവിളില്‍ തട്ടുന്നതും ഒക്കെ കണ്ടിട്ടുണ്ട്. എന്നാലും വല്യേച്ചിയുടെ ഭര്‍ത്താവിനോടുള്ള എന്തോ ഒരു സ്‌പെഷ്യല്‍ കുഞ്ഞേച്ചിയുടെ ഭര്‍ത്താവിനോടില്ല.
അതുറപ്പാണ്.
അതൊരു നല്ല ബന്ധവുമല്ല. കുഞ്ഞേച്ചിയില്ലാതെ അവരുടെ ഭര്‍ത്താവ് ഒരിയ്ക്കലും ഇങ്ങോട്ട് വരാറില്ല. ചുമ്മാ ഫോണ്‍ വിളിയ്ക്കാറില്ല. എന്നാല്‍ വല്യേച്ചിയില്ലാതെയും അവരുടെ ഭര്‍ത്താവ് ഇവിടെ വരും. സാധിക്കുമ്പോഴെല്ലാം ഫോണ്‍ വിളിയ്ക്കും. ശരിയാണ്. പോലീസ് സര്‍ജനാണ്. വരവിനും ഫോണ്‍ വിളികള്‍ക്കും ആര്‍ക്കും കേട്ടാല്‍ തികച്ചും ന്യായമായി തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ പല ഔദ്യോഗിക ആവശ്യങ്ങളുമുണ്ടാവും. അകമ്പടിയായി ചില പോലീസുകാരും ചിലപ്പോള്‍ വരാറുണ്ട്.
വരും..ഊണു കഴിക്കും.. കുറച്ച് നേരം വിശ്രമിക്കും.. അപ്പോഴെല്ലാം അമ്മയോട് വാതോരാതെ സംസാരിക്കും. മരുമകനെന്നല്ല, അമ്മയെ ഒത്തിരി സ്‌നേഹിക്കുന്ന മകനാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ. ആരു തന്നെ ഉണ്ടായാലും അമ്മയെ കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാതെ അങ്ങേരിറങ്ങിപ്പോവില്ല.
' ഒന്ന് ഈ മോന്റെ വക... ഇത് അമ്മേടെ മോള്‍ടെ വക' എന്നൊക്കെ പറഞ്ഞാണ് ഉമ്മ കൊടുക്കുന്നത്.
അയ്യേ! എന്നായിട്ടുണ്ട് ഇപ്പോള്‍ ... അതൊരറപ്പായി അനുനിമിഷം വളരുകയാണ് . കാരണം ഈ അടുപ്പം അങ്ങേര് അച്ഛനോട് കാണിക്കുന്നില്ല. അച്ഛനു ഷേക് ഹാന്‍ഡ് കൊടുക്കും , ആരോഗ്യവിവരങ്ങള്‍ ഒക്കെ വലിയ താല്‍പര്യത്തോടെ അന്വേഷിക്കും. കൂടിപ്പോയാല്‍ വളരെ മെല്ലെ ഒന്ന് കെട്ടിപ്പിടിയ്ക്കും, അതും ഒരു അര്‍ദ്ധാലിംഗനം, അത്രേയുള്ളൂ.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, അമ്മ ഈ അറുപതാം കാലത്തും നല്ല സുന്ദരിയാണ്. നന്നേ കുറച്ചേ നരച്ചിട്ടുള്ളൂ. ആ ചാമ്പപ്പൂ നരയാണെങ്കില്‍ ബാക്കി മുടിയുടെ തിളക്കമുള്ള കറുപ്പ് എടുത്തുകാണിക്കും വണ്ണം സുന്ദരമാണ്. ഒട്ടും മേദസ്സ് വെച്ചിട്ടില്ലാത്ത ഇടിഞ്ഞു തൂങ്ങാത്ത ശരീരം. ബഹുമാനിച്ച് പറഞ്ഞാല്‍ ഒരു നാല്‍പതു വയസ്സ് തോന്നിക്കും. കണ്ണുകളും മുഖവും ചുണ്ടുകളും എല്ലാം തികച്ചും ആകര്‍ഷകമാണ്. വേണമെന്ന് വെച്ചാല്‍ എത്ര ഗൌരവക്കാരായ ആണുങ്ങളേയും ഇപ്പോഴും വശീകരിയ്ക്കാനൊക്കെ കഴിയും. അതിനുള്ളതൊക്കെ അവര്‍ക്കുണ്ട്. അങ്ങനെ ഓരോന്നോര്‍ക്കുമ്പോള്‍ അറപ്പ്, കേടു വന്ന ഉഴുന്നുമാവു പോലെ ദുര്‍ഗന്ധത്തോടെ നുരച്ചു പൊന്തുകയാണ്... .
വല്യേച്ചിയ്ക്ക് മാത്രമേ അമ്മയുടെ ച്ഛായ കിട്ടിട്ടുള്ളൂ. കുഞ്ഞേച്ചി അച്ഛന്റെ തനിപ്പകര്‍പ്പാണ്. ഉണ്ണ്യേട്ടന്‍ ഇരുവരുടെയും മിക്‌സും ...
അമ്മ അല്‍പം പരക്കം പായുന്നത് മാറി നിന്ന് കാണുമ്പോള്‍ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്. ഫോണ്‍ ഡയല്‍ ചെയ്യുന്നു... സ്വിച്ച് ഓഫ് എന്ന് കേള്‍ക്കുമ്പോള്‍ ചിന്താധീനയാകുന്നു. ഒരു പതിനാറുകാരിയുടെ പ്രണയ പാരവശ്യം പോലെയുള്ള ആ ലജ്ജയില്ലായ്മ സാകൂതം ശ്രദ്ധിച്ചുകൊണ്ട് എന്നാല്‍ ഒന്നുമറിയാത്ത മാതിരി മൌനമായിരിക്കുന്നത് രസകരമായ ഒരു അനുഭൂതിയായി തന്നെ തോന്നി .
സന്ധ്യയ്ക്ക് വിളക്ക് വെച്ചു.
വിളക്ക് വെച്ചതും ഉണ്ണ്യേട്ടന്‍ വന്നതും ഒന്നിച്ചായിരുന്നു.
ചായയും പലഹാരവും വിളമ്പി കൊടുക്കുമ്പോള്‍ അമ്മ ഫോണ്‍ സ്വിച്ച് ഓഫെന്ന ഉല്‍ക്കണ്ഠ പങ്കു വെയ്ക്കുന്നത് കേട്ടു.
ഒന്നും ഉത്തരമായി പറഞ്ഞില്ല. എങ്കിലും മുഖത്തൊരു പുച്ഛം സ്വയം അറിയാതെ കലര്‍ന്നിരിക്കണം. അതാവും ഉണ്ണ്യേട്ടന്‍ മുറിയിലേക്ക് വിളിച്ച് അങ്ങനെ ചോദിച്ചത്.
'എന്താ മീനുട്ടീ , മുഖത്തൊരു കള്ളലക്ഷണം...'
ചോദിച്ചതിനല്ല മറുപടി പറഞ്ഞത്.
'നമുക്ക് ഒരു ചെറിയ വാടക വീടെടുത്ത് മാറിത്താമസിക്കാം. ഉണ്ണ്യേട്ടന്റെ ഓഫീസിനടുത്ത്'
'കാരണം.. ഇപ്പോഴിങ്ങനെ ഒരു തോന്നലുണ്ടാവാനുള്ള കാരണം..... ഈ വീട്ടില്‍ നിന്നെങ്ങും പോവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്ന നിനക്ക് ഇങ്ങനെ തോന്നാന്‍ ഇപ്പോഴെന്തുണ്ടായി... '
ഉണ്ണ്യേട്ടന്റെ സ്വരം പ്രതീക്ഷിച്ചതിലധികം തീക്ഷ്ണമാണ്.
അല്‍പം ഭയം തോന്നി. അങ്ങനെ ഭയന്നാല്‍ ശരിയാവുകയില്ലല്ലോ. ഇമ്മാതിരി ഒരു അമ്മയുള്ള വീട്ടില്‍ താമസിക്കുവാന്‍ ഇഷ്ടമില്ലെന്ന് തുറന്ന് പറഞ്ഞേ പറ്റൂ.
'വളച്ചു കെട്ടാതെ കാര്യം പറയ് മീനു.'
ആ ശബ്ദത്തില്‍ മയം കുറയുന്നത് അപകടമാണെന്ന് ഒന്നുരണ്ട് തവണ മനസ്സിലാക്കിയിട്ടുണ്ട്. ആരോടൊ ക്ഷുഭിതനായപ്പോഴായിരുന്നു അത്.
അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ല.
അതുകൊണ്ട് വെട്ടിത്തുറന്ന് പറഞ്ഞു.
'ഉണ്ണ്യേട്ടന്റെ അമ്മയുടെ സ്വഭാവം ഒട്ടും ശരിയല്ല... ഒരു സല്‍സ്വഭാവമുള്ള കുടുംബത്തില്‍ പിറന്ന പെണ്ണിനു അവരുടെ ഇമ്മാതിരി ദു:ശീലങ്ങള്‍ സഹിയ്ക്കാന്‍ പറ്റില്ല. '
ഉണ്ണ്യേട്ടന്റെ ആകൃതി തന്നെ മാറിപ്പോയതു മാതിരി തോന്നി . കണ്ണുകളില്‍ നിന്ന് തീജ്വാല ഉയരുന്നു. കൈകള്‍ക്കും കാലിനും ഒക്കെ ഇരട്ടി വണ്ണവും നീളവും വെച്ചതു പോലെ. മീശയില്‍ നിന്ന് പോലും ആവി പറക്കുന്നതു കാണുന്നുണ്ട്.
ഭയം കൊണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചു.
അടി പൊട്ടുമെന്ന് സ്വന്തം കരണം കിലുകിലാന്ന് തുടിച്ചു...
കുറച്ചു മിനിറ്റുകള്‍ കണ്ണടച്ചു നിന്നെങ്കിലും ഒന്നും സംഭവിച്ചില്ല എന്നായപ്പോള്‍ കണ്ണു തുറന്നു നോക്കി.
ഉണ്ണ്യേട്ടന്‍ പ്രതിമ പോലെ അങ്ങനെ നില്‍ക്കുകയാണ്. ആ നില്‍പ് കണ്ടപ്പോള്‍ ശരിക്കും ക്ഷോഭം തോന്നി.
'നിങ്ങടെ വല്യേച്ചിയും ഭര്‍ത്താവും ദില്ലിയ്ക്ക് പോയിരിക്കുകയാണ്. അങ്ങേരു വിളിച്ചിരുന്നു. ഞാനാണ് ഫോണ്‍ എടുത്തത്. അത് അമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ല. അതാണ് അമ്മ ഫോണ്‍ സ്വിച്ച് ഓഫ് എന്ന് പരിഭ്രമിക്കുന്നത്.'
'നീ വിവരം പറയാത്തതെന്ത് ?' ഉണ്ണ്യേട്ടന്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഒന്നു ഞെട്ടിയെങ്കിലും വാശിയോടെ തുടര്‍ന്നു.
'ഉണ്ണ്യേട്ടന്‍ ഇങ്ങനെ പാവമായി മാറരുത്. അമ്മയ്ക്ക് വല്യേച്ചിയുടെ ഭര്‍ത്താവുമായി അരുതാത്ത ബന്ധങ്ങളുണ്ട്. എനിക്ക് നല്ല ഉറപ്പാണത്. ആ തെമ്മാടിത്തരവും സഹിച്ച് ഇവിടെ ജീവിയ്‌ക്കേണ്ട യാതൊരു ഗതികേടും എനിയ്ക്കില്ല..... നമുക്ക് പോവാം ഈ വൃത്തികെട്ട വീട്ടില്‍ നിന്ന്.. '
ഉണ്ണ്യേട്ടന്‍ അലറി
'മീനൂ.. കണ്‍ ട്‌റോള്‍ യുവര്‍ സെല്‍ഫ്. എന്നെ ഒരു ബീസ്റ്റാക്കി മാറ്റരുത്.'
എന്നിട്ട് അടക്കാനാകാതെ കിതച്ചു. സൈഡ് ടേബിളിലെ ജഗ്ഗില്‍ നിന്ന് വെള്ളമെടുത്ത് മടമടാന്ന് കുടിക്കുമ്പോള്‍ ഷര്‍ട്ടിലും തറയിലും വെള്ളം ചിതറി വീണു.
ഉണ്ണ്യേട്ടന്‍ വളരെ പണിപ്പെട്ട് സ്വയം നിയന്ത്രിയ്ക്കുകയാണെന്ന് മനസ്സിലായി. സ്വന്തം അമ്മയെ പറഞ്ഞാല്‍ ഏതൊരാള്‍ക്കും ഇങ്ങനെയൊക്കെയല്ലേ പ്രതികരിയ്ക്കാനാകൂ. അതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല. ഒന്നുകില്‍ ഇതെല്ലാം ഉണ്ണ്യേട്ടന് അറിയാമായിരിക്കാം. അത് ഭാര്യ അറിഞ്ഞതിലുള്ള ദണ്ണമായിരിക്കാം. അല്ലെങ്കില്‍ പെട്ടെന്ന് കേട്ടതിന്റെ ഷോക്കായിരിക്കും.
ഉണ്ണ്യേട്ടന്‍ ഒന്നും ഒളിച്ചു വെയ്ക്കുന്നുണ്ടെന്ന് ഇന്ന് ഈ നിമിഷം വരെ മനസ്സില്‍ കരുതിയിട്ടില്ല. അങ്ങനെ കരുതാനുള്ള ഒരു അവസരം അദ്ദേഹം ഉണ്ടാക്കിയിട്ടില്ല.
പക്ഷെ... ഇപ്പോള്‍ ...
പരവശനായി കട്ടിലില്‍ ചെന്നു കിടക്കുന്നത് കാണുമ്പോള്‍ സംശയത്തിന്റെ വലിയൊരു തീപ്പൊരി ഉള്ളില്‍ കനലായി എരിയുന്നു.
പറഞ്ഞത് സത്യമല്ലെങ്കില്‍, അതുമല്ലെങ്കില്‍ ഈ വിവരം ആദ്യമായി അറിയുകയാണെന്ന് വെച്ചാല്‍ സാധാരണ ഏതൊരു പുരുഷനെയും പോലെ കൈവീശി രണ്ടെണ്ണം കരണത്ത് തരികയല്ലേ വേണ്ടത്.?
പകരം ഇത്ര നിസ്സഹായത പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാവും?
അപ്രതീക്ഷിതമായി കള്ളം കണ്ടു പിടിയ്ക്കപ്പെട്ടതുകൊണ്ടാവില്ലേ...
ജനലിനരികേ ചെന്ന് മെല്ലെ മെല്ലെ ഇരുട്ട് പടര്‍ന്നു കയറുന്നത് കണ്ടു നിന്നു. സൂത്രത്തില്‍ ഒന്നു രണ്ടു തവണ കിടക്കുന്ന ഉണ്ണ്യേട്ടനെ കള്ളക്കണ്ണിട്ട് നോക്കി. ഒരു ഭാവഭേദവുമില്ലാതെ കറങ്ങുന്ന പങ്കയിലേയ്ക്ക് കണ്ണ് നട്ട് കിടക്കുകയാണ്.
എന്തെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു സമാധാനം കിട്ടുമായിരുന്നു. ഇതിപ്പോള്‍ എത്ര നേരമാണ് ഇങ്ങനെ നില്‍ക്കുക...
' മീനൂ , നീ ഇവിടെ വന്നിരിക്ക് ..' എന്ന് സാധാരണ മട്ടില്‍ ഉണ്ണ്യേട്ടന്‍ ക്ഷണിച്ചപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും കഠിനമായ ഒരു വേദന സഹിക്കുന്നവളെപ്പോലെ പരവശമായ മുഖത്തോടെ വളരെ മെല്ലെ നടന്ന് കട്ടിലില്‍ ചെന്നിരുന്നു.
തീരെ അപ്രതീക്ഷിതമായ ഒരു ചോദ്യമാണ് ഉണ്ണ്യേട്ടനില്‍ നിന്നുണ്ടായത്.
' കല്യാണത്തിനു മുന്‍പ് നിന്റെ അമ്മയും അച്ഛനും ഈ വീടിനെപ്പറ്റി ഒന്നും പറഞ്ഞു തന്നില്ലേ നിനക്ക് ?'
അല്‍ഭുതത്തോടെ മറുപടി നല്‍കി.
' നല്ലതല്ലാത്ത ഒരു കാര്യവും അവര്‍ പറഞ്ഞില്ല. നിങ്ങള്‍ മൂന്നു മക്കളും അമ്മയും അച്ഛനും അടങ്ങുന്ന ഈ വീടിനെപ്പറ്റി മോശമായി ഒന്നും പറയാന്‍ അവര്‍ക്കറിയില്ല. അവരൊക്കെ വെറും പാവങ്ങളാണ് ഉണ്ണ്യേട്ടാ. നേരേ വാ നേരെ പോ മട്ടുകാര്‍ '
കൂര്‍ത്ത മുന കൊണ്ട് കുത്തിയിട്ട് ഒന്നുമറിയാത്ത പാവത്തിനെപ്പോലെയിരുന്നു.
ഉണ്ണ്യേട്ടന്‍ ദീര്‍ഘമായി നിശ്വസിച്ചു.
പിന്നെ ശബ്ദം വളരെ താഴ്ത്തി മന്ത്രിക്കുമ്പോലെ പറഞ്ഞു.
'നിന്റെയും കുറ്റമല്ല മീനു. നിനക്കൊന്നുമറിയില്ല. അറിയുമായിരിക്കുമെന്ന് ഞാന്‍ കരുതിയതാണ് എന്റെ കുഴപ്പം.'
അപ്പോള്‍ കൂടുതല്‍ അരിശം തോന്നി.
'എന്താണ് ഈ വീടിനെ ചുറ്റി ഇത്ര വലിയ ഒരു രഹസ്യമുള്ളത്? പറഞ്ഞു തുലച്ചു കൂടെ ആ മഹാരഹസ്യം?'
'നിനക്കത് നിസ്സാരമാവാം മീനൂ. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ വലുതാകുന്നുള്ളൂ. ഞാന്‍ ഒരു കഥ പറയാം.. നീ കേള്‍ക്ക് ...
'ഒരിടത്തൊരിടത്ത് ഒരു അമ്മയും അച്ഛനും ഒരു മോളുമുണ്ടായിരുന്നു. പിന്നെങ്ങാണ്ടുമൊരിടത്ത് വേറൊരു അമ്മയും അച്ഛനും ഒരു മോളുമുണ്ടായിരുന്നു. ഒരു മോളുടെ അമ്മയും മറ്റേ മോളുടെ അച്ഛനും ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി. അങ്ങനെ ബാക്കിയായ അച്ഛനും അമ്മയും കല്യാണം കഴിച്ച് ജീവിച്ചപ്പോ അവര്‍ക്ക് ഒരു മോനുണ്ടായി...
അച്ഛന്‍ മരിച്ച മോളെ അവളുടെ അമ്മായി കൊണ്ടു പോയി വളര്‍ത്തി... അതും ദൂരെ ദൂരെ ഒരു ദേശത്ത്... മോളുടെ അമ്മ രണ്ടാമതും കല്യാണം കഴിയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് അമ്മായി ഉറച്ചു വിശ്വസിച്ചിരുന്നു. സ്വന്തം ആങ്ങളയുടെ കുട്ടിയെ വേറൊരു പുരുഷന്റെ സം രക്ഷണത്തിലാക്കില്ല എന്ന പെങ്ങളുടെ ഉറച്ച വാശിയായിരുന്നു അത്. പ്രസവിച്ച അമ്മയ്ക്ക് പിന്നെ ആ മോളെ കാണാനേ കഴിഞ്ഞില്ല.
അമ്മ മരിച്ച മോളുടെ അച്ഛനാവട്ടെ സ്വന്തം മോള്‍ ഒരു കുറവുമില്ലാതെ വളരണമെന്ന് മാത്രം മോഹിച്ചു. അച്ഛന്‍ അക്കാര്യത്തില്‍ തികഞ്ഞ സ്വാര്‍ഥനായിരുന്നു. അമ്മേടെ മാത്രം മോളെ അന്വേഷിക്കാനോ കാണാന്‍ സാധിക്കുമോ എന്നറിയാനോ ഒന്നും അച്ഛന്‍ ഒട്ടും പരിശ്രമിച്ചില്ല. അച്ഛന്റെ മോള്‍ക്ക് കിട്ടേണ്ട സുഖസൌകര്യങ്ങളും വാല്‍സല്യവും പങ്കുവെയ്ക്കപ്പെടേണ്ടെന്ന് അച്ഛന്‍ കരുതി. അങ്ങനെ അമ്മേടെ മാത്രം മോളെ എല്ലാവരും പതുക്കെപ്പതുക്കെ അങ്ങ് മറന്നു കളഞ്ഞു.
അച്ഛന്‍ സന്തോഷമായി അമ്മയ്‌ക്കൊപ്പം ജീവിക്കുന്നില്ലേ എന്ന് ബന്ധുക്കള്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ, അതിന്റെ അര്‍ഥമെനിയ്ക്ക് ഒരിയ്ക്കലും മനസ്സിലായിരുന്നില്ല. അങ്ങനെ ജീവിയ്ക്കാന്‍ പാടില്ലാത്ത വിധം എന്തു കുറവാണ് അമ്മയ്ക്കുള്ളതെന്ന് അല്ലെങ്കില്‍ എന്തു കൂടുതലാണ് അച്ഛനുള്ളതെന്ന് ഞാനോര്‍ക്കുമായിരുന്നു.
അമ്മയ്ക്ക് ഒരിയ്ക്കലും മോളെ മറക്കാന്‍ കഴിഞ്ഞില്ല. അമ്മ ഇരുപത്തിരണ്ട് വര്‍ഷം കാത്തിരുന്നു. മോളുടെ പേര് നാമം ചൊല്ലി ക്കൊണ്ട്... ഏതോ ശാപത്തില്‍ അപ്രത്യക്ഷയായ ഒരു ദേവിയാണ് മോളെന്ന് അമ്മ വിചാരിച്ചു... അക്ഷരലക്ഷം നാമം ചൊല്ലുമ്പോള്‍ അല്ലെങ്കില്‍ നൂറു കോടിയര്‍ച്ചന നാമം ചൊല്ലുമ്പോള്‍ ദേവി എന്നെങ്കിലും ഒരു ദിവസം പ്രത്യക്ഷപ്പെടുമെന്ന് അമ്മ കരുതി..
ഇതിനിടയ്ക്ക് അമ്മയെ ഉണ്ണ്യമ്മേ എന്ന് വിളിക്കണ അച്ഛന്റെ മോളേയും അമ്മേടേയും അച്ഛന്റേയും മോനെയും അമ്മ നല്ലോണം സ്‌നേഹിച്ചു വളര്‍ത്തി... വലുതാക്കി.. നല്ലപോലെ പഠിപ്പിച്ചു. അച്ഛന്റെ മാത്രം മോളെ വളരെ അന്തസ്സായിത്തന്നെ കല്യാണം കഴിപ്പിച്ചയച്ചു ...
അങ്ങനെയിരിക്കേ ഒരു ദിവസം ഉച്ചയ്ക്ക് ഒരു കാര്‍ തികഞ്ഞ അവകാശത്തോടെ ഗേറ്റ് കടന്നെത്തി . അതില്‍ നിന്ന് ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു. അമ്മ മാത്രമല്ല , ഈ വീടു മുഴുവന്‍ അവരുടെ ആത്മവിശ്വാസം കണ്ട് ആരായിരിക്കും അതെന്ന് അന്തം വിട്ട് നോക്കി നില്‍ക്കുമ്പോള്‍ ആ പുരുഷന്‍ അമ്മയുടെ മുമ്പില്‍ ആ സ്ത്രീയെ കൊണ്ടു വന്നു നിറുത്തിയിട്ട് ഒറ്റ വാചകത്തില്‍ ഇങ്ങനെ പരിചയപ്പെടുത്തി..
'അമ്മേ ... അമ്മേടെ മോള്‍...കഴിഞ്ഞ ഒരാഴ്ച മുമ്പ് എന്റെ ഭാര്യയുമായി... '
അമ്മ ആ പുരുഷന്റെ കാല്‍ തൊട്ട് വണങ്ങിയേനേ ... അതിനനുവദിയ്ക്കാതെ അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചു... ആ മകളും അമ്മയും അദ്ദേഹവും ഒന്നിച്ച് ഒരു ഗാഢമായ ആലിംഗനത്തില്‍ അമര്‍ന്നു. .... അവരെല്ലാവരും തേങ്ങിത്തേങ്ങിക്കരയുകയായിരുന്നു.
നിനക്കറിയുമോ എനിക്ക്... എനിക്ക് അന്നു മുതലാണ് വല്യേച്ചി ഉണ്ടായത്. ... '
ഞടുങ്ങിത്തെറിയ്ക്കുകയായിരുന്നു. ഉണ്ണ്യേട്ടന്റെ കണ്ണില്‍ നനവ് പൊടിഞ്ഞത് കാണാനായി . മാപ്പു പറയാന്‍ കൊതിച്ച് സ്വയം അറിയാതെ കൈകള്‍ ആ കാല്‍പ്പാദങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും വിചാരിച്ച പോലെ കൈകള്‍ക്ക് ചലിയ്ക്കാന്‍ കഴിഞ്ഞില്ല.
അമ്മയുടെ മുഖത്തിനി എങ്ങനെ നോക്കുമെന്ന ചോദ്യം കൂര്‍ത്തു മൂര്‍ത്ത ശരമായി മനസ്സിനെ കുത്തിക്കീറിക്കൊണ്ടിരുന്നു.
വരാന്തയില്‍ ആകാശം നോക്കിയിരിക്കുന്ന അമ്മയോട് പെട്ടെന്നോര്‍മ്മ വന്നതെന്ന നാട്യത്തോടെയും സ്വരഭേദത്തോടെയും വല്യേട്ടനും ചേച്ചിയും ദില്ലിയ്ക്ക് പോയിയെന്നും അവര്‍ വിളിച്ചിരുന്നെന്നും അമ്മയോട് പറയാന്‍ മറന്നതാണെന്നും വിക്കിവിക്കിപ്പറയുമ്പോള്‍ പൊട്ടി വന്ന കരച്ചില്‍ ഒതുക്കാന്‍ നന്നെ പണിപ്പെടേണ്ടി വന്നു.
അമ്മ ചിരിച്ചു... എപ്പോഴത്തേയും പോലെ വാല്‍സല്യവും സ്‌നേഹവും മാത്രം തുളുമ്പുന്ന ചിരി. .. എന്നിട്ട് സമാധാനിപ്പിച്ചു.
'സാരമില്ല...കുട്ടീ. മറവിയൊക്കെ മനുഷ്യനു സാധാരണയായി പറഞ്ഞിട്ടുള്ളതല്ലേ... അവര്‍ ദില്ലിയിലിറങ്ങുമ്പോള്‍ അമ്മയെ വിളിക്കാതിരിക്കില്ല.'
അമ്മ പറഞ്ഞത് ശരി വെയ്ക്കും പോലെ നിശ്ശബ്ദമായി തലയാട്ടി.
മനസ്സ് അലമുറയിടുകയായിരുന്നു...
അമ്മേ ... മാപ്പ്... അമ്മയുടെ ദൈവത്തിനെ തിരിച്ചറിയാന്‍ ഞാന്‍ വൈകി... എന്നോട് പൊറുക്കണം.
ആകാശച്ചെരുവില്‍ ഒരു ഒറ്റ നക്ഷത്രം ഉജ്ജ്വലമായി മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. .. അമ്മയുടെ മനസ്സു പോലെ.
( ഇത്തവണത്തെ Indiaree മാഗസിനില്‍ വന്ന എന്റെ ഒരു കഥ, എന്റെ കൂട്ടുകാര്‍ വായിച്ച് അഭിപ്രായം പറയുമല്ലോ )
1 comment:
കൊള്ളാം ...നന്നായിട്ടുണ്ട്
Post a Comment