ഞാന്‍ ഇന്നൊരു ജ്ഞാനസ്‌നാന കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. കഴിഞ്ഞു പോയ ജീവിതത്തിന്റെ ഒരു കാലത്ത് എനിക്ക് അങ്ങനെ ഒരു നേരനുഭവമുണ്ടാകുമെന്ന് വളരെക്കാലം ഞാന്‍ പ്രതീക്ഷിച്ച ഒരു കാര്യം കൂടിയായിരുന്നുവല്ലോ അത്.
എന്റെ അമ്മയെ പരിചരിയ്ക്കാന്‍ നില്‍ക്കുന്ന ചേച്ചി സ്വന്തം ജീവിതദുരിതങ്ങള്‍ക്ക് ഒരു അത്താണിയായി യേശുവിനെ കാണുകയും ആ തോളില്‍ തല ചായിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍, മക്കളും ഭര്‍ത്താവുമുണ്ടായിട്ടും തികച്ചും അനാഥമായ അവരുടെ ജീവിതത്തിലെന്ന പോലെ ഇക്കാര്യത്തിലും അവര്‍ക്ക് കൂട്ടായി പോകാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ അനിയത്തി കൂട്ടു പോകാമെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷെ, പത്രമാപ്പീസില്‍ ഉത്തരവാദപ്പെട്ട ജോലിയെടുക്കുന്ന അവളുടെ ജോലിത്തിരക്കുകള്‍ അവളെ അതിനു അനുവദിച്ചില്ല.
ഞാന്‍ എത്തിപ്പെട്ടത് കൊടും ദാരിദ്ര്യത്തിലും രോഗങ്ങളിലും കോടതിക്കേസ്സുകളിലും മറ്റും അകപ്പെട്ട് വേദനകള്‍ കൊണ്ട് അരിപ്പ പോലെ തുളഞ്ഞു പോയ ശരീരവും മനസ്സുമുള്ള ഒരു കൂട്ടം പാവപ്പെട്ട മനുഷ്യര്‍ക്കിടയിലേയ്ക്കായിരുന്നു. അവരെല്ലാവരും കറുത്ത നിറമുള്ളവരായിരുന്നു. അവരിലാര്‍ക്കും ഒരു സൈക്കിള്‍ പോലും സ്വന്തം വാഹനമായി ഉണ്ടായിരുന്നില്ല. അവരുടേ മുഖങ്ങള്‍ വാടിയും കണ്ണുകള്‍ നീര്‍ നിറഞ്ഞും കാണപ്പെട്ടു.
അതീവ മൃദുലമായിരുന്നു അവരോട് സംസാരിച്ച ആ സഭാശുശ്രൂഷകന്റെ ശബ്ദം. ഒരു പക്ഷെ, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് എന്ന് ഈശോ നിങ്ങളോട് പറയുന്നുവെന്നാവര്‍ത്തിക്കപ്പെട്ട ആ ശബ്ദം കേള്‍ക്കുമ്പോള്‍ വേദന കൊള്ളുന്ന ആ മനുഷ്യര്‍ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള ആശ്വാസം ലഭിക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നി. ഈശോയുടെ നാമത്തില്‍ പരസ്പരം കൈവെച്ച് അനുഗ്രഹിക്കു പരസ്പരം തലയില്‍ സ്പര്‍ശിച്ചു കൊണ്ട് പ്രാര്‍ഥിക്കു എന്നു പറയുമ്പോള്‍ മനുഷ്യന്റെ സ്പര്‍ശനത്തില്‍ നിന്നു മാത്രം മനുഷ്യനു ലഭ്യമാകുന്ന പ്രത്യേകമായ ആ തുണബോധം പാവപ്പെട്ട മനുഷ്യരില്‍ കളിയാടി. വിറയ്ക്കുന്ന വിരലുകളുള്ള ഒരു അമ്മൂമ്മ എന്റെ തലയില്‍ കൈവെച്ച് പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു. എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ നിറഞ്ഞു.
വെള്ളരിക്കഞ്ഞിയും കടല മെഴുക്കുപുരട്ടിയും നാരങ്ങാ അച്ചാറുമായിരുന്നു ഉച്ചഭക്ഷണം. എനിക്കുറപ്പുണ്ട് അവിടെ വന്ന മനുഷ്യരൊന്നും തന്നെ മൂന്നു നേരം പശിയടങ്ങേ ഭക്ഷണം കഴിക്കുന്നവരല്ലെന്ന്... ആര്‍ത്തിയോടെ അവര്‍ കിണ്ണം നിറയെ കഞ്ഞി കുടിയ്ക്കുന്നത് ഞാന്‍ നിറമിഴികളോടെ കണ്ടുകൊണ്ടിരുന്നു.
സഭാശുശ്രൂഷകന്‍ എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാന്തത കളിയാടുന്ന മുഖവും മൃദുലമായ വാക്കുകളും മാത്രമല്ല തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ കിട്ടുന്ന കൈപ്പടത്തിന്റെ ഇളം ചൂടും മനുഷ്യരെ കരയിച്ചുകൊണ്ടിരുന്നു. പലരും അദ്ദേഹത്തിന്റെ കൈ പിടിച്ച് ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. അദ്ദേഹം സ്വന്തം കൈകള്‍ വലിച്ചെടുക്കുകയോ ആരേയും ഉന്തിമാറ്റുകയോ ചെയ്തില്ല. അപാരവും ദൈവികവുമായ ക്ഷമ അദ്ദേഹത്തില്‍ കളിയാടി. അദ്ദേഹം എന്തു പറഞ്ഞാലും അവിടെ ഉണ്ടായിരുന്ന ദരിദ്രമനുഷ്യര്‍ കേള്‍ക്കുമെന്ന് എനിക്ക് മനസ്സിലായി.
വിശ്വാസം സ്ഫുരിയ്ക്കുന്ന സ്പര്‍ശനത്തില്‍ നിന്ന് മനുഷ്യനു കിട്ടുന്ന ആശ്വാസത്തെപ്പറ്റി ഹിന്ദുമതം ഒരിയ്ക്കലും മനസ്സിലാക്കിയിട്ടില്ല. അത് എന്നും മനുഷ്യരില്‍ നിന്ന് ജാതിയുടേയും വൃത്തിയുടേയും മറ്റൊരുപാട് അനാവശ്യങ്ങളുടേയും പേരില്‍ അകന്നു നിന്നു. തലയില്‍ കൈവെച്ച് അനുഗ്രഹിക്കാനോ പ്രസാദം കൈയില്‍ വെച്ചു തരുവാനോ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിയ്ക്കാം എന്നൊരു ആശ്വാസവാക്ക് പറയുവാനോ ഹിന്ദു പുരോഹിതര്‍ക്ക് സ്വശരീരം വഴങ്ങുകയില്ല. മനുഷ്യരെ ശുദ്ധിയുടെ പേരില്‍ അകറ്റി മാറ്റി പുരോഹിതര്‍ സ്വയം ദന്തഗോപുരത്തില്‍ പ്രതിഷ്ഠ നേടുന്നു.
വാല്‍ക്കഷണം
ജാതിയില്‍ താഴ്ത്തപ്പെട്ട സ്ത്രീയാണെങ്കിലും അമൃതാനന്ദമയി എന്ന അമ്മ നെഞ്ചോടടുക്കിപ്പിടിയ്ക്കുമ്പോള്‍ മനുഷ്യര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടാവാം... ആരറിഞ്ഞു? അവിടെ ആളുകള്‍ തിക്കിത്തിരക്കുന്നത് മറ്റു പല കാരണങ്ങള്‍ക്കൊപ്പം താല്‍ക്കാലികമായ ഈ വൈകാരിക സുരക്ഷിതത്വം തേടിക്കൊണ്ടു കൂടിയാവാം..
3 comments:
ഹിന്ദു പൗരോഹിത്യം ഹിന്ദുക്കള്‍ക്ക് തന്നെ നാശം.
ദന്തഗോപുരങ്ങളിൽ ഇരുന്ന് അവർ ചാതുർവർണ്യത്തെ ഉദ്‌ഘോഷിക്കുന്നു.
ഇന്ത്യയെന്തെന്നറിയാന്‍..എന്ന്തുടങ്ങുന്ന സിനിമ ഡയലോഗ് ഓര്‍മ്മ വരുന്നു. ആലിംഗനം എന്തെന്നറിയാന്‍... ലൈംഗികതയുടെ മുഖച്ഛായയുമായി മാത്രം ഇന്നും കഴിയുന്ന ആലിംഗനം അവിടെ നിന്നും സ്വതന്ത്രമാകേണ്ടിയിരിക്കുന്നു. സിയാഫ് സൂചിപ്പിച്ച വൈകാരികമായ സുരക്ഷിതത്വം നല്‍കുന്ന ആത്മബന്ധം അപ്പോള്‍ കണ്ടെത്താന്‍ എല്ലാര്‍ക്കും പറ്റും. ഒരുപരിധി വരെ തൊടീലും തീണ്ടലും നല്‍കിയ ശീലങ്ങള്‍ മനുഷ്യരെ തമ്മില്‍ അകറ്റി തന്നെ നിര്‍ത്താന്‍ ഇന്നും പര്യാപ്തമല്ലേ. പക്ഷെ തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഇത്തരം അതിസൂക്ഷ്മമായ മനുഷ്യമനസ്സിന്റെ ചലനങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നിടത്താണ് പരിഹാരങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണം സമര്‍ത്ഥമായി അവതരിപ്പിച്ചിരിക്കുന്നു.
Post a Comment