Sunday, June 17, 2018

ഇത്രയും കാലത്തിനിടയില്‍ ഇങ്ങനെ ഒരു പിറന്നാള്‍

fb


ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എന്റെ അമ്മയുടെ പിറന്നാള്‍.. ഇത്തവണ ആ പിറന്നാള്‍ ആഘോഷിക്കണമെന്ന് എന്റെ കൂട്ടുകാരന്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ ഒരാഘോഷത്തിനും നിര്‍ബന്ധം പിടിയ്ക്കാത്ത ഒരാള്‍ വേണം എന്ന് കട്ടായം പറയുമ്പോള്‍..

ശനിയാഴ്ച അനിയത്തിയ്ക്ക് ലീവ് കിട്ടില്ല. അവളുടെ ജീവിതം കേരളത്തിലെ ഒരു പ്രമുഖപത്രത്തിനു തീറെഴുതിയിട്ട് വര്‍ഷങ്ങളേറെ ആയി.. അതുകൊണ്ട് ശനിയാഴ്ചയ്ക്ക് പകരം ഞായറാഴ്ചയായിരുന്നു ആഘോഷം ..

ശനിയാഴ്ച എനിക്ക് വല്ലാതെ സങ്കടം വന്ന ഒരു ദിവസം കൂടിയായിരുന്നു. തിടം വെച്ച സൌഹൃദങ്ങള്‍ എന്ന് ഞാന്‍ കരുതുന്നത് എത്ര എളുപ്പത്തിലാണ് തെറ്റിദ്ധാരണകളില്‍ അമര്‍ന്ന് മാപ്പപേക്ഷിച്ചാല്‍ പോലും എന്നേയ്ക്കമായി ഇല്ലാതാവുന്നതെന്ന് ഞാന്‍ പിന്നെയും പഠിച്ച ഒരു ദിവസമായിരുന്നു ശനിയാഴ്ച.

അതുകൊണ്ട് അനിയത്തിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു ജോലിയും ഞാന്‍ പൂര്‍ത്തീകരിച്ചില്ല. അവള്‍ ദേഷ്യപ്പെട്ടുകൊണ്ട് രാത്രി വൈകിയാണെങ്കിലും കേക്ക് ഏര്‍പ്പാട് ചെയ്തു.

രാവിലെ അവള്‍ തന്നെ അമ്മയെ കുളിപ്പിച്ച് പുതിയ ഹൌസ് കോട്ടും ഒരു കറുത്ത പൊട്ടുമൊക്കെ ചാര്‍ത്തിച്ച് സുന്ദരിയാക്കി. പിന്നെ മാര്‍ക്കറ്റില്‍ പോയി വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങിക്കൊണ്ടു വന്നു.

ഞായറാഴ്ച ഉച്ചഭക്ഷണമായി നോര്‍ത്തിന്ത്യന്‍ രീതിയില്‍ വെജിറ്റബിള്‍ പുലാവും പഞ്ചാബി ഡിഷായ ദം ആലുവും ഞാന്‍ ഉണ്ടാക്കി. അനിയത്തിയുടെ മകള്‍ അവളുടെ അമ്മൂമ്മയ്ക്കായി ഗോബി മഞ്ചൂരിയനും സലാഡും ഉണ്ടാക്കി. പപ്പടവും അച്ചാറും ഉണ്ടായിരുന്നു.

ഞാനും കൂട്ടുകാരനും അനിയത്തിയും മകളും വീട്ടു ജോലികളില്‍ സഹായിയായ ചേച്ചിയും .. പിന്നെ ഞങ്ങളുടെ അമ്മയും. ദില്ലിയില്‍ പാര്‍ക്കുന്ന അനിയത്തിയ്ക്ക് വരാന്‍ കഴിഞ്ഞില്ല.

എന്റെ കൂട്ടുകാരന്റെ അമ്മ ഒരു മൃദുലമായ കമ്പിളിപ്പുതപ്പ് സമ്മാനമായി കൊടുത്തയച്ചു. അദ്ദേഹത്തിന്റെ അനിയത്തിയും ഭര്‍ത്താവും വന്ന് ഉച്ചഭക്ഷണത്തില്‍ പങ്കു കൊണ്ടു. അവള്‍ ലളിതാസഹസ്രനാമമാണ് അമ്മയ്ക്ക് സമ്മാനിച്ചത്..

അമ്മയുടെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പിറന്നാള്‍ ആഘോഷം.. രണ്ട് അതിഥികള്‍ വന്ന് സമ്മാനങ്ങള്‍ നല്‍കി …

കുറച്ചു നേരം തമാശകള്‍ പറഞ്ഞ് ചിരിച്ച്....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വിസ്മരിക്കാനാകാത്ത ഒരു 'അമ്മ പിറന്നാൾ ..