Sunday, September 6, 2020

ചൊക്ളി 31




പപ്പിനീരെ ലോഗവസാനിച്ചില്യാന്ന് ആ തളള ചത്ത് ഒര് മാസത്തിന് മുപ്പാട് ചൊക്ളിക്ക് മൻസ്സിലായി. അവള് ഒരീസം മണല് വഞ്ചിക്കാരടെ ഒപ്പം കടവില് വന്നു. ചോറും പൊതീം കൊണ്ടന്നു. കൊറേ ചോറും അയലക്കറീം പോത്തെറച്ചീം വെള്ത്തുള്ളീരേ അച്ചാറും..

ഒരു കറ്ത്ത ചരടില് കെട്ട്യ ഒറ്റത്താക്കോല് നീട്ടീട്ട് പറേണ് പെണ്ണ്.. ഇത് നീയാ വെച്ചോ.. ഞാൻ എരിഞ്ഞിലാക്കൊടാന്ന് ഒര് നാട്ട് ല് പണീട്ക്കാൻ പോണ്. കുടുമ്മത്തെ പണിയാ.. ജോനോമ്മാരാ.. അതോണ്ട് കൊശത്തി കൊഴപ്പല്യാ..അട്ക്കളേല് പണീണം. മ്മ്ടെ മൊയ്തീൻേക്കരെ സൊന്തക്കാര് താൻ. ഇങ്കെ പട്ത്ത് ഉറങ്ക പറ്റില്ല.. തൊന്തരവ് പണ്ണറാ..

പപ്പിനി വഞ്ചീല് പോയി.

ചൊക്ളിക്ക് വല്ലാണ്ട് വന്നു.. അവളരെ വീട് ൻറെ താക്കോല് അവൻറെ കൈയിമ്മേ ഇര്ന്ന് വെറച്ച് ..

അവന് ഒറക്കൊറക്കെ നെലോളിക്കാൻ തോന്നി. അവളും പോയ്യാപ്പിന്നെ ഇന്നാട്ടില് എന്തിറ്റാ ബാക്കീള്ളത്..

കടവിൻറെ പിന്നില് വെല്യോരു മുള്ളൻ കൈനീണ്ട് .. അവടെ പത്ങ്ങീറ്റ് ആ ചോറ് മുഴോൻ ത് ന്നു. ഇഞ്ഞി പപ്പിനീനെ കാണ്ണാമ്പറ്റ്ല്ലാന്നാ ചൊക്ളിക്ക് തോന്ന്യേ.. എന്നാലും ആ ഒറ്റത്താക്കോല് അവള് തന്നതെന്ത് നാവും...അവളടെ വീടല്ലേ..താക്കോല് കൈയ്യീപ്പിടിച്ച് ...ഇര്ന്ന് ചൊക്ളി മത്യാവോളം നൊലോളിച്ചു..

അദികം നേരൊന്നും അങ്ങനെ പറ്റ്ല്യാ..ഏങ്ങപ്പിശാശ് ലള്തമ്മ്യാര് വട്ടക്കണ്ണാടേം വെച്ച് വന്നോക്കും.

ചൊക്ളി ഏണ്ച്ച് പണി തൊടങ്ങി. ചോറും സ്രോന്ന്ള്ള സാമ്പാറും വേടിക്കാൻ പോയില്യ.. ഇഞ്ഞിപ്പൊ എന്ത്നാ അതിന് പോണ്. പപ്പിനീരെ താക്കോലുമ്മേ എണ്ണപെരട്ടി ഒരു വല്ല അടപ്പനിലും എണ്ണ ഒഴിച്ച് അതിലടണം. തുര്മ്പ് ഇടുക്കാണ്ട് വെക്കണം. അവള് വന്നാ കൊട്ക്കണ്ടേ…പൂട്ടൊറന്ന് കേറണ്ടേ.. ?

വിശ്ശൊനാദസ്സാമീരെ മഡത്തില് ചെല സന്യാസോളും സുകുമാഷും ബാലേന്ദരനും ഒക്കെ എടയ്ക്ക് വര്ലണ്ട്. ഇന്തുക്കള് നന്നാവ്ണ്ണ കാര്യേണ് പറേണത് എപ്പളും. തൃശ്ശൂര് നാട്ട്ലപ്പടി ജോനോമ്മാര് കൂടി വര്ണ്ണ്.. ഇന്തുക്കള് കൊറഞ്ഞ് വരണ്ണ്.. മറിയപ്പാറേരെവ്ടെ ഒക്കെ മേത്തമ്മാരായി. വാറോട്ട് മനക്കാര് മൊയ്തീൻ മേത്തന് സ്തലം കൊട്ത്തതാ കൊഴപ്പായീത്. മനയ്കേന്ന് വേറേം മേത്തമ്മാര് സ്തലം വേടിച്ചു..

ചൊക്ളിക്ക് ഈറ വന്നൊടങ്ങും. ഏതേലും പണ്ടാറം എവിട്യേലും സ്തലം വാങ്ങേ കൊട്ക്കേ ചിയ്യട്ടേ.. അയിന് ഇബര്ക്കെന്ത് തേങ്ങ്യാന്ന്..

പറഞ്ഞോണം പറഞ്ഞ നേരത്ത്ല് മറിയപ്പാറ അങ്ങാടീന്ന് ആലൂര് സെൻറര് വരെ ബസ്സോടണ വഴീരേ എതക്കേ അക്കലിഷ മരോം ഊക്കാലീം മരോം വന്നെറഞ്ഞു. എന്ത്റ്റായാലും തണല് വരട്ടെന്നാ വിജാരിച്ച് ചൊക്ളി.. ഉള്ളോട്ടെ നാട്ടെടവഴിയോളീല് പറ്റീതൊക്കെ നട്ടു. മാവ്, പിലാവ്, കൈനി, മൂക്കളപ്പഴച്ചെടി, പേര...അവന് കൈയീ കിട്ടീതൊക്കേ. നാളും പേരും ജാതീം ഒന്നും ചൊക്ളിക്ക് അറീല്യാ. രവ്യേട്ടനും പപ്പിനീമാണ് ചെടിയോളക്കേം. അങ്ങനെ എല്ലാറ്റിനും രവ്യേട്ടാന്നും പപ്പിനീന്നും പേരും വിളിച്ചു..

മ്മ്ടെ നാട്ട്ലെ തലേമ്മേ തല തെറിച്ച പിള്ളേരല്ലേ.. ചണ്ണേരെ പൂന്തോട്ടന്ന് കള്യാക്കലും ചെടി വലിച്ച് കളേലും ചണ്ണേ ചണ്ണേന്ന് വിളിച്ച് പിന്നാലെ ഓടലും ണ്
അവ്റ്റോളരെ പണി.

ചൊക്ളി കാലും വല്ച്ച് ചെല്ല്മ്പളക്കും ആ കുട്ടിപ്പിശാശ്കളാ ഓടും.

സുകുമാഷ് ണ് ഒര് വഴി തെളിച്ചത്. എല്ലാ വീട്ടാരോടും എല്ലാ കുട്ടിപ്പിശാശ്കളോടും ശരിക്കും അങ്ങട്ട് പറഞ്ഞാ കേപ്പിച്ച്.. 'മരംമുറീ ഉല്സവാണ്. മുറിക്കാൻ മരം വേണെങ്കി ആരേലും ആദിക്ക് അത് വെച്ച് പിടിപ്പിക്കണം. ങാ..

ഇതൊക്കെ മ്മള് ഇന്തുക്കള്ടെ മരങ്ങളാണ്. വേലി കെട്ടി എന്നും നാഴി വെള്ളം കമത്താ. അവറ്റ വെല്തായി വരും.'

ചൊക്ളി കണ്ടു, എല്ലാ വീട്ടാരും കോല് കുത്തി വേലിണ്ടാക്കീ അവരാരെ വീട്ട് പേര് എയ്തി വേച്ചേക്കണത്. നന്നാവട്ടെ എന്ന് വിചാരിച്ചു ചൊക്ളി . പപ്പിനീം രവ്യേട്ടനും എല്ലാരടേം വീട്ടാരായില്ലോ എന്നും സന്തോഷ്ച്ചു.

അന്ന് വൈന്നാരം വിശ്ശൊനാദസ്സാമ്യാ ചൊക്ളിയോട് ചോദിച്ചേ… ലള്തമ്മ്യാരും ഉഷമ്യാരു്‌ ഡോക്കട്ടറും രാമേന്ദരൻ ഡോക്കിട്ടറും ഒക്കെണ്ടാര്ന്നു. പൂമോത്ത്. വലിയ നെലവെളക്ക് അഞ്ചു തിരീറ്റ് കത്തിച്ചണ്ടാര്ന്ന്.

സാമി ചോയിച്ചു.. 'ചൊക്ള്യേ നിനക്ക് ആ ജാനൂനെ അങ്ങട് കല്ല്യാണം കയിച്ചൂടെടാ?.നീയിങ്ങനെ ഒറ്റാങ്കുറ്ക്കനായിറ്റ് കഴീണെന്തിനാ എൻ്റെ വിജാരം…'

ചൊക്ളി ആകനെ അങ്ങ്ട് കീട്ങിപ്പോയി ..