ഞാനങ്ങനെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച്, ഇഷ്ടം പോലെ പച്ചവെള്ളം കുടിച്ചു, കെട്ടിടനിർമ്മാണത്തൊഴിലാളികൾ സങ്കടം തോന്നി ഇടയ്ക്ക് വാങ്ങിത്തരുന്ന ചായയും കുടിച്ച് ജീവിക്കുന്ന പട്ടിണിക്കാലമാണ്.
കരച്ചിലാണ് പ്രധാന പരിപാടി. ഒരുറുമ്പ് പോവുന്നത് കണ്ടാൽ മതി, എനിക്ക് കരച്ചിൽ വരികയായി. വർക്സൈറ്റിൽ കുറെ സ്ത്രീകളും പല വലിപ്പത്തിലുള്ള കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ആ കഞ്ഞുങ്ങളെയൊക്കെ ഞാനെടുത്ത് കൊഞ്ചിക്കും. എന്നിട്ട് കുറേ കരയും. പിന്നെ കണക്ക് എഴുതും…
ഞാൻ കരയുന്നതെന്താണെന്ന് ആരും ചോദിക്കില്ല..
അങ്ങനെ ഒരു ദിവസം ജമ്മു കാശ്മീരിൽ നിന്ന് രണ്ട് ആർക്കിടെക്ടുമാർ വന്നു. ലാറിബേക്കർ ടൈപ്പ് വാസ്തുവിദ്യാ പരിശീലനമായിരുന്നു അവരുടെ ലക്ഷ്യം..
അവർ പ്രൊജക്ട് മാനേജർ ആയിരുന്ന കണ്ണന് സമ്മാനിക്കാൻ ഒരു കിലോ കാശ്മീരി സുഗന്ധി അരി കൊണ്ടു വന്നിരുന്നു.
എസ്. കെ പൊറ്റെക്കാട്ടിൻറെ ഹിമാലയൻ പര്യടനം വായിച്ചാണ് ആദ്യമായി സുഗന്ധി അരി എന്ന് ഞാൻ അറിയുന്നത്.
ആദ്യമായി കാണുന്നത് ആ ദിവസമായിരുന്നു. അതിന് ഭയങ്കര വിലയാണത്രെ. പിന്നെ പാകം ചെയ്യുമ്പോൾ പരിസരമെല്ലാം അതീവഹൃദ്യമായ നറുമണം പരക്കുമത്രെ. കാശ്മീരി പുലാവിൻറെ യഥാർത്ഥ രുചി അറിയണമെങ്കിൽ കാശ്മീരി സുഗന്ധി അരി തന്നെ വേണം.
പകുതി അരി എനിക്ക് കിട്ടി.
ഞാൻ കല്ലുപോലെ ജീവിക്കയല്ലേ.. എന്നെ തൊടുമോ കാശ്മീരി സുഗന്ധി അരി?
അരി കളയാൻ പാടില്ല.
അങ്ങനെ ഒരു ഞായറാഴ്‌ച അവധി ദിനത്തിൽ ഞാൻ സുഗന്ധി അരി വെച്ചു. അക്കാലത്ത് അരിയുടെ കണക്ക് ഒന്നും നോക്കാറില്ല ഞാൻ, അതുകൊണ്ട് വെന്തു കഴിഞ്ഞപ്പോൾ കുറെ ചോറായിപ്പോയി.
എനിക്ക് സുഗന്ധം അനുഭവപ്പെട്ടു എന്നതല്ലാതെ, നല്ല നീളമേറിയ വറ്റുകളാണെന്ന് മനസ്സിലായി എന്നതല്ലാതെ വേറേ പ്രത്യേകതയൊന്നും തോന്നിയില്ല.
രസമൊഴിച്ചും തൈരു ചേർത്തും ഞാൻ ആ ചോറ് ഉണ്ടു. അന്നേരം കൊള്ളാമല്ലോ എന്ന് തോന്നി. ഉടനെ കരച്ചിലും വന്നു. അക്കാലത്ത് വിശേഷപ്പെട്ട എന്തെങ്കിലും കിട്ടിയാൽ എൻറെ കുഞ്ഞിനു കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്ന വിചാരത്തിൽ കണ്ണുകൾ കവിഞ്ഞൊഴുകും.
പുളിയോദരൈ ഉണ്ടാക്കി പിറ്റേന്നും ഒരു വറ്റു പോലും കളയാതെ ഞാൻ സുഗന്ധി അരിയുടെ ചോറ് ഭക്ഷിച്ചു തീർത്തു.
സുഗന്ധി അരി ദില്ലിയിൽ കിട്ടും. നല്ല വിലയാണ്. കാപ്പിക്ക് വില കൂടിയതുകൊണ്ട് കാപ്പി ഉപേക്ഷിച്ചവളാണ്. ആ ഞാനുണ്ടോ സുഗന്ധി അരി വാങ്ങാൻ പോകുന്നു!!!
ഇല്ല.
എൻറെ കുഞ്ഞിന് നല്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ആത്മാർഥമായ സങ്കടം ഉണ്ടായിരുന്നു എനിക്ക്….
പിന്നെ ഇടയ്ക്കിടെ ഞാൻ കാശ്മീരിൽ പോവുക പതിവായി. സുഗന്ധി അരീ വിളയുന്ന നെല്പാടങ്ങൾ കാണുക പതിവായി…മോൾക്ക് സുഗന്ധി അരിയുടെ പുലാവ് കൊടുക്കണമെന്ന അത്യാഗ്രഹമായി.
അക്കാലത്ത് എൻറെ നെഞ്ചിൽ ഒരു ഏക്കം വരും… ഉള്ളിലേക്ക് കയറിയ ശ്വാസം പുറത്തേക്ക് പോവാത്തതു പോലെ.. ഇനി ജീവിതത്തിലൊരിക്കലും എൻറെ കുഞ്ഞിനെ കാണാൻ പറ്റില്ലേ എന്ന ആധി ഭ്രാന്ത് ആയി കയറുമ്പോൾ…
അതൊരു അന്തരാളഘട്ടമായിരുന്നു. സുബോധത്തിനും ഭ്രാന്തിനും ഇടയിലെ ആ നേർത്ത വരമ്പായിരുന്നു.
അന്നേരം കണ്ണനോടും ദിലീപിനോടും ശശിയോടും ദിനേശിനോടും അനിൽ ജേക്കബ് വർഗീസിനോടും ജയ്ഗോപാലിനോടും സാജനോടും എല്ലാം ഞാൻ ഈ ചോദ്യം ചോദിക്കും…
എനിക്ക് ജീവിതത്തിലൊരിക്കലും എൻറെ കുഞ്ഞിനെ കാണാൻ കഴിയില്ലേ…
അവർ ഇടിവെട്ടിയ കൊന്നത്തെങ്ങുകളായി നില്ക്കും… ഉത്തരവും ഞാൻ തന്നെ പറയും… 'മോഹിക്കണം. ഉത്ക്കടമായി മോഹിക്കണം. ഉത്ക്കടമായി മോഹിച്ചാൽ വാവ വരും. നിങ്ങളെല്ലാവരും എൻറൊപ്പം ഉൽക്കടമായി മോഹിക്കണം.'
കണ്ണീരൊതുക്കിയ മിഴികളുമായി എല്ലാ കൊന്നത്തെങ്ങുകളും തലയാട്ടും...
ഒടുവിൽ എൻറെ കുഞ്ഞ് എൻറടുത്തെത്തുന്ന കാലം വന്നു. സുഗന്ധി അരി സ്വപ്നത്തിൻറെ തേരേറി വരാൻ തുടങ്ങി. ആ സുഗന്ധം എൻറെ മൂക്കിലടിച്ചു തുടങ്ങി…
ഒര് തണുത്ത പുലർ കാലത്ത് രണ്ടു കാശ്മീരി മുസ്ലീം വ്യാപാരികൾ വന്ന് മുറിയുടെ വാതിലിൽ തട്ടി. മയിലാഞ്ചി ചുവപ്പുള്ള താടിയുള്ളവർ. ചൗക്കിദാറിൻറെ കണ്ണിൽപ്പെടാതെ ഓഫീസ് മുറിയിലേക്ക് പോവാതേ, അവരെങ്ങനെ നേരേ ഞങ്ങളുടെ മുറിവാതില്ക്കൽ എത്തി എന്നെനിക്കറിയില്ല.
ഒരു വലിയ ചാക്ക് കാശ്മീരി സുഗന്ധി അരി അവർ എനിക്ക് തന്നു. വെറും അഞ്ഞൂറു രൂപയ്ക്ക്. ഈ അരി വിറ്റു പോയില്ലെന്നും ഇനി ഇതും ചുമന്ന് ശ്രീ നഗറിലേക്ക് മടങ്ങിപ്പോവാൻ വയ്യെന്നും പറഞ്ഞാണ് അവർ ആ കച്ചവടം ചെയ്തത്…
അതു കഴിഞ്ഞ് അവർ തിടുക്കത്തിൽ മടങ്ങിപ്പോയി.
അതൊരു സ്വപ്‌നം ആയിരുന്നില്ല… സത്യമായിരുന്നു. അവർ.. ഒരുപക്ഷേ, അല്ലാഹു അയച്ച മലക്കുകളായിരിക്കാം.
തീത്തുള്ളികളിൽ വെന്തു പോയ ഒരമ്മയ്ക്കും കുഞ്ഞിനും ഒരു സമ്മാനം നല്കാൻ ഏല്പിച്ചതായിരിക്കാം.
പൈനാപ്പിൾ കഷണങ്ങളും മാതളനാരങ്ങ യുടെ അല്ലികളും ചേർത്ത് , നറും മണത്തിൽ രുചികരമായ പുലാവ് എൻറെ മോളുടെ കുഞ്ഞുവായിൽ സ്പൂൺ കൊണ്ട് കോരിക്കൊടുത്ത ആ ദിവസത്തിൻറെ മാധുര്യം…. ഇന്നും എന്നെ വിട്ടു പോയിട്ടില്ല…
Thursday, September 24, 2020
കനവ് ചെപ്പിൻറെ നാലാമത്തെ അറ 6
Labels:
സ്വപ്‌നം
Subscribe to:
Post Comments (Atom)
2 comments:
നിങ്ങളും, വെന്തുരുകിയപ്പോഴും സുഗന്ധം പരത്തിയവൾ. സ്നേഹം എചമുക്കുട്ടീ ♥️
ചില ജീവിതാനുഭവങ്ങൾ
Post a Comment