Monday, September 21, 2020

ബാലചന്ദ്രൻ ചുള്ളിക്കാട് ചത്തൊഴിയുന്ന കാലം... ആ ലോകം..


28/08/2020

പൊതുജനാഭിപ്രായം മാനിച്ച് , മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോൾ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

-ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലൻ എനിക്ക് വാട്സ്ആപിൽ തന്ന സന്ദേശമാണ്. എല്ലാവർക്കും കൊടുത്തതാണ്. കൂട്ടത്തിൽ എനിക്കും കിട്ടി.

ബാലൻ ഒരു നന്മമരമാണെന്നൊന്നും ഞാൻ സാക്ഷ്യം പറയില്ല. എനിക്ക് അല്പം മാത്രം അറിയാവുന്ന ആ മനുഷ്യൻ എന്നോട് സ്വയം സമ്മതിച്ചിട്ടുള്ളത് ലോകത്തിൽ അദ്ദേഹം ഏറ്റവുമധികം ദ്രോഹിച്ചിട്ടുള്ളത് എന്നെയാണെന്നാണ്.

മറ്റൊരു സ്ത്രീ ബാലൻ കള്ളനാണ്, നുണയനാണ്, ചതിയനാണ്, എന്നെ കേറിപ്പിടിച്ചവനാണ് എന്നൊക്കെ പറഞ്ഞാൽ അവരെ വിശ്വസിക്കാനാണ് സ്ത്രീ എന്ന നിലയിൽ എനിക്ക് ആദ്യം തോന്നുക. എനിക്ക് തോന്നിയിട്ടുള്ളതും അങ്ങനെയാണ്.

സ്വപ്നത്തിൻറെ കൊടികൾ ഞാനിന്ന് താഴ്ത്തിക്കെട്ടുന്നു എന്നെഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചിരുന്നു. ഒരു പതിനെട്ടു വയസ്സിൽ. ആ വരികൾ ബാലൻ ആ ആൾക്ക് എഴുതിയതാണെന്നും അത് ആ ആൾ കോപ്പിയടിച്ച് എനിക്ക് തരികയാണുണ്ടായതെന്നും അറിഞ്ഞപ്പോഴേക്കും എൻറെ സ്വപ്‌നത്തിൻറെ കൊടികളെല്ലാം കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു.

ബാലൻ കള്ളുകുടിയനാണ് എന്ന് ഞാൻ കേട്ടും കണ്ടും അറിഞ്ഞിട്ടുണ്ട്. എന്നാൽ കള്ളു കുടിച്ച് കടന്നു പിടിക്കുകയോ ഉമ്മ വെക്കുകയോ വീടു മുഴുവനും ഛർദ്ദിച്ചിട്ട് അതെല്ലാം വെള്ളമൊഴിച്ച് അടിച്ചുകഴുകി വൃത്തിയാക്കേണ്ട സ്ഥിതിയിലേക്ക് എന്നെ എത്തിക്കുകയോ ഒരിക്കലും ചെയ്തിട്ടില്ല. മഹാനായ ഫിലിം മേക്കർ ജോൺ എബ്രഹാമിൻറെ അടക്കം അനവധി പേരുടെ മദ്യത്തിൽ കുതിർന്ന നാറുന്ന ച്ഛർദ്ദി കഴുകി വെടിപ്പാക്കിയിട്ടുള്ളവളാണ് ഞാൻ..

അത് ചെയ്യിക്കാത്തതിൽ എനിക്ക് ബാലനോട് ഒത്തിരി ബഹുമാനമുണ്ട്.

ആദ്യം ബാലന് എന്നോട് കടുത്ത വെറുപ്പായിരുന്നു. എല്ലാവരേയും പോലെ ചെറുപ്പക്കാരികളായ പെണ്ണുങ്ങൾ കണ്ണു കാണിച്ചാൽ എട്ടൊമ്പത് വർഷം സൗഹൃദവും പ്രണയവും പുലർത്തിയ സ്ത്രീയെ വേണ്ട എന്ന് വെയ്ക്കുന്ന അബദ്ധം നിഷ്കളങ്കരായ പുരുഷന്മാർക്ക് എളുപ്പത്തിൽ പറ്റും എന്ന് കരുതിയിരുന്ന ഒരാളായിരുന്നു ബാലനും.. ഉപേക്ഷിക്കപ്പെട്ട സ്ത്രീ യാണെങ്കിൽ ബാലൻറെ വരികൾ തന്നെ നിങ്ങളുടെ സുഹൃത്ത് എൻറെ ശവശരീരം തോണിയാക്കി ജീവിതത്തിൻറെ മറുകരയിലേക്ക് തുഴഞ്ഞുപോയി എന്ന് ചുവന്ന മഷിയിൽ എഴുതി അയച്ചപ്പോൾ ബാലൻ എന്നെ അടിമുടി വെറുത്തു. കേരളവർമ്മ കോളേജിലെ ഫിലോസഫി അധ്യാപകനായിരുന്ന ഗോപിമാഷും അങ്ങനെ വെറുത്ത ഒരാളാണ്.

ഞാനും ബാലനെ വെറുത്തിരുന്നു. ബാലൻ വിജിയെ ബെൽറ്റ് കൊണ്ട് തല്ലും എന്നാണ് ഞാൻ എൻറെ ഇരുപതു വയസ്സു കാലങ്ങളിൽ കേട്ടിരുന്നത്. അപ്പുവിന്റെ കണ്ണിൽ മുളക് എഴുതും എന്നും ഞാൻ അക്കാലത്ത് കേട്ടിട്ടുണ്ട്. സ്ത്രീ വിമോചനം എന്ന വാക്കിനെപ്പോലും എതിർക്കുന്ന പാട്രിയാർക്കാണ് ബാലൻ എന്നും എല്ലാ വനിതാ വിമോചകപ്രവർത്തകരും പറഞ്ഞിരുന്നു. കവിയാണെങ്കിലും ഒര് രാക്ഷസനാണ് ബാലനെന്ന് എൻറെ സഹപാഠിനിയായിരുന്ന അക്കിത്തത്തിൻറെ മകൾ ലീലയോട് ഞാൻ ഇതൊക്കെ വിശ്വസിച്ച് തർക്കിച്ചിട്ടുണ്ട്. സതീഷ് ബാബു പയ്യന്നൂർ ആണെന്നാണ് എൻറെ ഓർമ്മ ബാലനേം വിജിയേം കഥാപാത്രങ്ങളാക്കി ഒരു ചെറുകഥ എഴുതീരുന്നു. അതിലും ബാലൻ അങ്ങനെ നല്ലവനായി ചിത്രീകരിക്കപ്പെട്ടിരുന്നില്ല. ഇതൊക്കെ എന്നെ ശരിക്കും പേടിപ്പിച്ചു.

പിന്നീട് തൃശൂർ വിട്ട് പോകും മുമ്പേ ബാലനും വിജിയും അപ്പുവും കൂടി ആ വീട്ടിൽ വന്നപ്പോഴാണ് ബാലൻ വിജിയെ അടിക്കില്ലെന്ന് എനിക്ക് തോന്നിയത്. വിജി അതീവ സന്തോഷവതിയായിരുന്നു. ഇഷ്ടം പോലെ പൊട്ടിച്ചിരിച്ചിരുന്നു. കവിത ചൊല്ലി കേൾപ്പിച്ചിരുന്ന ബാലൻറെ നെഞ്ചിൽ കിടന്നാണ് അപ്പു ഉറങ്ങീരുത്. ഇമ്പമുള്ള ഒരു കുടുംബമാണതെന്ന് എനിക്ക് തോന്നി.

പിറ്റേന്ന് ആ വലിയ തറവാട്ടിൽ ഞാൻ വേർതിരിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും കണ്ടപ്പോൾ വിജി പറഞ്ഞു. ബാലയുടെ വീട്ടിൽ എന്നോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ ബാല മഹാഭാരതയുദ്ധം നടത്തും അവിടെ. എന്നെ ആരും അപമാനിക്കാൻ ബാല സമ്മതിക്കില്ല.

ഞാൻ വെറുതെ ചിരിച്ചു.

ബാലൻ അടിമുടി ശരിയാണ്. പറയുന്നതും എഴുതുന്നതും ചിന്തിക്കുന്നതും ഒക്കെ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതാണ് എന്നൊന്നും ഞാൻ ഒരിക്കലും അഭിപ്രായപ്പെടുകയില്ല.

എന്നാലും....

ഇങ്ങനെ ചത്തൊഴിഞ്ഞുകൊള്ളാം എന്നൊരു കുറിപ്പ് ബാലൻ എഴുതുമ്പോൾ എനിക്ക് ഒത്തിരി വിഷമമാകുന്നുണ്ട്.

ഒരു എഴുത്തുമൽസരത്തിലും പങ്കെടുക്കുകയില്ലെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. എൻറെ രണ്ട് സുഹൃത്തുക്കൾ ഒരു കഥയും ആദ്യം ഇറങ്ങിയ പുസ്തകമായ അമ്മീമ്മക്കഥകളും ഓരോ മൽസരങ്ങൾക്ക് അയച്ചുകൊടുത്തതൊഴിച്ചാൽ ഇന്നേവരെ ഒരു മൽസരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. ഇനി ഒരിക്കലും പങ്കെടുക്കുകയുമില്ല. എൻറെ ഈ നിലപാടിൻറെ വഴികാട്ടി ബാലനാണ്.

എൻറെ ജീവിതത്തിൻെറ എൻറെ എഴുത്തിൻറെ ഏറ്റവും വലിയ നോബൽ സമ്മാനം 'എനിച്ച് നിന്നെ അറച്ചണു' എന്നു പറഞ്ഞിരുന്ന എൻറെ മകൾ , 'അമ്മയുടെ മകളായിപ്പിറന്നതാണ് എൻറെ ഏറ്റവും വലിയ ഭാഗ്യം' എന്ന് അവൾക്ക് പറ്റുമ്പോഴെല്ലാം വിളിച്ചുപറയുന്നതാണ്.

അതിലും വലിയ എന്ത് അവാർഡാണ് എനിക്ക് വേണ്ടത്?.

വർഷങ്ങൾ എൻറെ പൊന്നുമോളെ ഒന്നു കാണാതെ, ഒന്നു തൊടാതേ, അവളുടെ ശബ്ദം കേൾക്കാതെ ജീവിച്ച എൻറെ നെഞ്ചിൻറെ പൊരിച്ചിൽ, എൻറെ കണ്ണിലെ തീത്തുള്ളികൾ, തലച്ചോറിൽ ഇന്നും തിരിയുന്ന തീച്ചക്രം ഇതൊക്കെ എത്ര പേർക്ക് മനസ്സിലാവും എന്ന് എനിക്കറിയില്ല.

എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയപ്പോൾ എൻറെ കുഞ്ഞിനെ എൻറെ കണ്മുന്നിൽ കൊണ്ടു നിറുത്തി തന്ന ബാലൻ എനിക്ക് ദൈവത്തേക്കാൾ ഉയരത്തിലുള്ളവനാണ്. കണ്ണൻറെ കാൽപ്പൊടി എടുക്കാൻ ബാലന് അർഹതയില്ലെന്ന് എന്നോട് പൊട്ടിക്കരഞ്ഞ ബാലനെ എൻറെ ചേട്ടൻ എന്ന് ഞാൻ പറഞ്ഞതിന് ധാരാളമായി അധിക്ഷേപിച്ച എല്ലാ വനിതാ പുരുഷ എഴുത്തുകാരോടും ആക്ടിവിസ്റ്റുകളോടും സൈദ്ധാന്തിക രോടും എനിക്ക് ഒന്നും പറയാനില്ല.

ഞാൻ എൻറെ ചേട്ടൻ എന്ന് ഉറപ്പായി കരുതുന്ന ബാലൻ ഇല്ലാത്ത ഈ ഭൂമിയിൽ തുടരണമെന്ന് എനിക്ക് വലിയ മോഹവുമില്ല.

2 comments:

© Mubi said...

രണ്ടുപേരെയും നഷ്ടപ്പെടാൻ വയ്യ... :(

Muralee Mukundan , ബിലാത്തിപട്ടണം said...

കവി കലഹങ്ങൾ