Monday, September 21, 2020

കളിമ്പങ്ങളിലെ പെരുംനോയ്


01/09/2020

അക്ഷരകൈരളി ഓണപ്പതിപ്പിൽ 2020...പ്രസിദ്ധീകരിച്ച ചെറുകഥ..

കളിമ്പങ്ങളിലെ പെരുംനോയ് (കഥ)

ഒരു സിനിമാ നടനാവുന്നത് അതികഠിനമായ ഏർപ്പാടാണ്.

നടനാവണമെങ്കിൽ, നല്ല പടം കിട്ടണമെങ്കിൽ, കിട്ടിയാൽ അത് ഭംഗിയായി പൂർത്തിയാകണമെങ്കിൽ, ആയാൽ തട്ടും പരിക്കും കേസും കുന്തവും കുടച്ചക്രവും ഇല്ലാതെ തിയേറ്ററിൽ ഹൗസ് ഫുള്ളായി ഒരു നൂറ് ദിവസം ഓടണമെങ്കിൽ, ഓവർസീസ് റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും ഭംഗിയായി ലഭിക്കണമെങ്കിൽ…

ഏറ്റവുമധികം വേണ്ടത് ഭാഗ്യമാണ്.

കുടവയറും തൂങ്ങിയ മസിലും ഒന്നും നടന് പാടില്ല. അമ്പത് വയസ്സിലും കൂടിപ്പോയാൽ മുപ്പതേ മതിക്കാവൂ. അതിന് ജിം, പേർസണൽ ട്രെയിനർ, കൃത്യം ഭക്ഷണം, സ്വന്തം ഡ്രസ്സ് ഡിസൈനർ, സ്വന്തം ഹെയർ സ്ററെലിസ്ററ്, സ്വന്തം മേക്കപ്പ് മാൻ ഇവരെയെല്ലാം കോ ഓർഡിനേററ് ചെയ്യാൻ മാനേജർ, ഫോണുകൾക്കും മെസ്സേജുകൾക്കും വാർത്തകൾക്കും മറുപടി നല്കാൻ ഒരു വക്താവ്, കഥ കേൾക്കാനും അത് അരിച്ചരിച്ച് തൻറടുത്തെത്തിക്കാനും മറ്റൊരു ബുദ്ധിമാനായ വിശ്വസ്തൻ… ചാർട്ടേഡ് എക്കൗണ്ടൻറ്സിൻറെ ടീം, ഡോക്ടർമാരുടെ ടീം...

ഇവരിൽ ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ മതി നടൻറെ കിങ് സൈസ് ജീവിതം കുഴപ്പത്തിലാവാൻ..

പറയുമ്പോൾ ഗ്ളാമറോട് ഗ്ളാമറാണ്. അതിൻറെ ഉള്ളിലെ നിലകിട്ടാത്ത അടിയൊഴുക്കുകൾ ആലോചിച്ചാൽ ഭ്രാന്തെടുത്തു പോകും.

ഭാര്യക്ക് സംശയം കൂടി ഉണ്ടെങ്കിൽ പിന്നെ ആത്മഹത്യ തന്നെയാണ് ഭേദം.

വലിയ നടന്മാർ പലരും കാലങ്ങളായി വിജയിച്ച് നില്ക്കുന്നത് എന്തുകേട്ടാലും കുലുക്കമില്ലാത്ത കുടുംബത്തിൻറെ പിന്തുണ കൊണ്ടാണ്.

ദേവിക്ക് ഇതുവരെ ഒര് പ്രശ്നവും ഉണ്ടായിരുന്നില്ല. വനിതയിലും ഗൃഹലക്ഷ്മിയിലും മറ്റു പെൺമാസികകളി ലും പത്രങ്ങളിലും മറ്റും 'കൃഷ്ണകുമാറിന്റെ സ്വന്തം ദേവി,' 'കൃഷ്ണൻറെ ദേവി,' 'കൃഷ്ണകുമാർ എന്നും ദേവിക്ക് സ്വന്തം'...എന്നൊക്കെ അടിച്ചു വരുന്ന ലേഖനങ്ങൾ, അവരുടെ ഫോട്ടോഷൂട്ടുകൾ ഒക്കെ വലിയ താത്പര്യമായിരുന്നു.

ബുട്ടീക്കുകളും കോഫി ടേബിൾ ബുക്ക് ഷോപ്പുകളും ജ്വല്ലറികളും ഉദ്ഘാടനം ചെയ്യാനും ആനീസ് കിച്ചണിലും ബേബി ഷോയ്ക്കും ഫ്ളവർഷോയ്ക്കും എല്ലാം ഉടുത്തൊരുങ്ങി പോകുമായിരുന്നു. ദേവി രണ്ടു പ്രസവിച്ചുവെങ്കിലും കണ്ടാൽ ഇപ്പോഴും ഒരു ഇരുപത്തഞ്ചേ മതിക്കൂ..

സിനിമയിൽ പെണ്ണുങ്ങൾക്ക് വേറെ സംഘടന വേണ്ട എന്നാണ് കൃഷ്ണ കുമാറിൻറെ ഇപ്പോഴത്തെ സുചിന്തിതമായ അഭിപ്രായം. മലയാള സിനിമക്ക് ഒഴിവാക്കാൻ ആവാത്ത താരമെന്ന നിലക്ക് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിൽ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല. സിനിമാക്കാർ - സെറ്റിലെ തൂപ്പുകാർ മുതൽ സുരേഷ് ഗോപിയും മോഹൻലാലും മമ്മൂട്ടിയുമടങ്ങുന്ന സൂപ്പർ മെഗാസ്റ്റാറുകൾ വരെ സിനിമയുടെ സ്വന്തം കുടുംബമാണ് എന്നാണ് അയാൾ പറയുക. എല്ലാവരും പരസ്പരം ഗാഢമായി സ്നേഹിക്കുന്നു. സിനിമയാണ് എല്ലാവരുടേയും ചോറ്. ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവർ എല്ലാവരും ഒന്നിച്ച് നിന്ന് അതു പരിഹരിക്കും. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചുമ്മാ അവർക്ക് വായനക്കാരെ കിട്ടാൻ ഓരോ ഇല്ലാക്കഥകൾ പടച്ചു വിടുകയാണ് എന്നായിരുന്നു പണ്ടേ കൃഷ്ണകുമാറിന്റെ പക്ഷം.

അയാൾ എന്നും സമവായത്തിൻറെ നിലപാട് വിശദീകരണത്തിൻറെ സ്നേഹത്തിൻറെ ശാന്തതയുടെ കാരുണ്യ ത്തിൻറെ ആളായിരുന്നു.

മമ്മൂട്ടി ഒരിക്കൽ ചോദിച്ചിട്ടു കൂടിയുണ്ട്.. 'ഇതെങ്ങനെ സാധിക്കുന്നു കിണ്ണാ, ഇത്ര സംയമനം പാലിക്കാൻ… എന്നെക്കൊണ്ടാണെങ്കിൽ പറ്റില്ല.'

മുകേഷ് ആണ് പറഞ്ഞത്, 'അത് മമ്മൂക്ക, കിണ്ണൻ പാലും പഴവും വെണ്ണയും പഞ്ചസാരയുമേ തിന്നത്തൊള്ളൂ.'

പെണ്ണുങ്ങളുടെ സംഘടന അങ്ങനെയുള്ള തനിക്കെതിരെ വന്നിരിക്കുന്നുവെന്ന് ലോകം അറിഞ്ഞാൽ, എത്ര ഭയങ്കര ചീത്തപ്പേരാവും ഉണ്ടാവുക…

ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. അവർ എന്തിനാണ് ദേവിയേയും തൻറെ ഒപ്പം വിളിച്ചിരുത്തി ആ പരാതി ചർച്ച ചെയ്തത്?

പൊതുവെ സിനിമാക്കാർ പുരുഷന്മാർ സ്ത്രീകളോട് ചില്ലറ കളിമ്പങ്ങൾ കാണിക്കാറുണ്ട്. അത് ആരും അങ്ങനെ വലിയ ഒരു പ്രശ്നമാക്കാറില്ല..

തലമുടിയിൽ തഴുകുന്നതു മുതൽ കവിളിൽ തട്ടുന്നതും കെട്ടിപ്പിടിക്കുന്നതും കൈപിടിച്ച് അമർത്തുന്നതും ഒക്കെ പോലെ മുലയിലും മൂട്ടിലും തട്ടുന്നതും ഒക്കെയുണ്ടാവാറുണ്ട്.

അങ്ങനെ ഒന്നും ചെയ്യാത്ത തനി പ്യൂരിട്ടൻ ഗൗരവക്കാരും നടന്മാരിലുണ്ട്. അവർക്ക് അവരുടെ ഭാര്യയേ മാത്രമേ ഈ പ്രപഞ്ചത്തിൽ പെണ്ണായി തോന്നുകയുള്ളൂ.

പെൺതാരങ്ങളിൽ ചിലർക്ക് എല്ലാം ഇഷ്ടമാണ്. കൊഞ്ചാതെ സംസാരിക്കില്ല.. ക്ഷണിക്കുന്ന പോലേയേ നോക്കൂ.. 'സാറ് മുറിയിൽ തനിച്ചാണോ… വല്ലാതെ സങ്കടം വരുന്നു സാർ… പത്തുമിനിറ്റ് അവിടെ വന്നിരുന്നോട്ടെ' എന്ന് ഗദ്ഗദത്തോടെ ചോദിച്ച് സീ ത്രൂ നൈറ്റിയുമിട്ട് വരും.. കണ്ണു നിറച്ചാണെങ്കിലും കൊത്തിവലിക്കുന്ന പോലെ നോക്കും.

പെൺതാരങ്ങളിലും ഉണ്ട് ഈ വക ഏർപ്പാടുകൾ ഒന്നും തീരെയില്ലാത്തവർ. അധികവും അങ്ങനെയാണ്.. വരുന്നു സ്വന്തം ജോലി ചെയ്യുന്നു.. മടങ്ങുന്നു. അല്പം ശൃംഗാരം അബദ്ധത്തിലെങ്ങാനും നമ്മുടെ നോട്ടത്തിൽ വന്നുപോയാൽ ആ സ്ത്രീകളുടെ കണ്ണുകൾ അഗ്നി പോലെ ജ്വലിക്കും.

എപ്പോഴാണ് തൻറെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളിമ്പം ഉണ്ടായതെന്ന് ഓർത്തെടുക്കാൻ അയാൾ വല്ലാതെ പാടുപെട്ടു. അന്ന് കഴിച്ച മദ്യമാണോ ഓർമ്മയെ വിലക്കുന്നത്?

എത്രയോ നടിമാർ, ജൂനിയർ ആർട്ടിസ്റ്റുമാർ, ഇവർക്ക് എല്ലാം ഒപ്പം ജോലി ചെയ്തു കഴിഞ്ഞു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. അനവധി വലിയ ബ്രാൻഡുകളുടെ അംബാസിഡർ ആയി. കുറെ അവാർഡുകൾ മേടിച്ചു. ലോകത്തെ മിക്കവാറും എല്ലാ വിദേശരാജ്യങ്ങളിലും പോയി. ഗവർണറും മുഖ്യമന്ത്രിയും ഡി ജി പിയും എന്നു വേണ്ട പ്രധാനമന്ത്രി വരെ എല്ലാവരേയും അറിയും. ഫാൻസ് അസ്സോസിയേഷനുകളുണ്ട്… ശരിക്കും ഏറെ ധനികനാണ്.. ഇഷ്ടം പോലെ ഭൂസ്വത്തുണ്ട്. വിലയേറിയ കാറുകളുടെ ഒരു ശേഖരമുണ്ട്.

ദേവിയെ അല്ലാതെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ലെന്നല്ല. തയാറായി വന്നവരെ വളരെ ഭംഗിയായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന സ്ത്രീകളുടെ ആരാധന, അവരുടെ ശരീരസമർപ്പണത്തിലൂടെ അനുഭവിക്കുന്നത് വല്ലാതെ ത്രസിപ്പിക്കുന്ന ഒരു കാര്യമാണ്. അവർക്ക് സന്തോഷം… തനിക്കും സന്തോഷം.. പണവും സമ്മാനങ്ങളും കൈനിറയെ നല്കീട്ടുണ്ട്. കൂടെ കിടന്നിട്ട് പണം കിട്ടാതെ പോയി എന്നാരും വേദനിക്കരുത്. അത് നിർബന്ധമാണ്. രണ്ടാമത് അവർ സ്വയം വരാതെ ഒരിക്കലും അങ്ങോട്ട് പോയി ക്ഷണിച്ചിട്ടില്ല. പിന്നീട് ഒരു പരിചയഭാവം പോലും മുഖത്ത് വെക്കാറുമില്ല.

എന്നിട്ടും ഈയൊരു പെണ്ണ് എവിടന്നു വന്നു?.

മദ്യപിക്കാറുണ്ട്… അങ്ങനെ അധികമൊന്നുമില്ല. മലയാള സിനിമ പാർട്ടികളിലൊന്നും ഒട്ടും മദ്യപിക്കാറില്ല. വിദേശത്തോ തെലുങ്ക് പടം ചെയ്യാനോ പോവുമ്പോൾ മാത്രം… അല്ലെങ്കിൽ ദേവിയുടെ മുന്നിൽ, സ്വന്തം വീട്ടിലെ ബാറിൽ..

മദ്യപിച്ച് നില തെറ്റിയ ഒരു നിമിഷം താനറിയാതെ കടന്നു വന്നിരുന്നോ ഗ്ളാമറസായ ആരും കൊതിക്കുന്ന ഈ ജീവിതത്തിൽ…

ജൂനിയർ ആർട്ടിസ്റ്റ് ആയ അവളെ മദ്യത്തിൻറെ ബലത്തിൽ കീഴ്പ്പെടുത്തി അമർത്തിവെച്ച ഫാൻറസികൾ വല്ലതും സാധിച്ചോ…

ഇത് രഹസ്യമായി ഒതുക്കി വെക്കാൻ ഒന്നും പറ്റില്ല. എല്ലാവരും ഇപ്പോൾ അറിയും. പെണ്ണുങ്ങളുടെ സംഘടനയിൽ കുറച്ച് പാരവെപ്പും അടിച്ചു പിരിയലും മുറുമുറുപ്പും ഒക്കെ ഉണ്ടെങ്കിലും ഇക്കാര്യം മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ലോകം മുഴുവൻ അറിയും..

കൃഷ്ണകുമാർ എന്ന വലിയ നടൻ എ സി മുറിയിലിരുന്നിട്ടും വെട്ടി വിയർത്തു.

എന്തായാലും ആദ്യം ദേവിയെ അനുനയിപ്പിക്കുക തന്നെ. അവൾ ഒപ്പം നിന്ന് 'എൻറെ ഏട്ടൻ ആരേം ചതിക്കി'ല്ലെന്ന് പറഞ്ഞാൽ പകുതി പ്രശ്നം തീരും.

ബാക്കി ആലോചിക്കാം..

പിറ്റേന്ന് പുലരേണ്ടി വന്നില്ല… ലോകം മുഴുവനും വാർത്ത പരന്നുകഴിഞ്ഞിരുന്നു.

ടിവിചാനലുകളാണല്ലോ പ്രധാന പ്രശ്‌നം.. എല്ലാവരോടും നിഷേധിച്ചു പറഞ്ഞു. ദേവി ഒപ്പം തന്നെ നിന്നത് ആശ്വാസമായി..

സൗന്ദര്യമുള്ള പൗരുഷമുള്ള മുഖം, അനുഗൃഹീതമായ ശബ്ദം, വികാരങ്ങളെ കൺകോണിൻറെ ഒരു നോട്ടത്തിലൂടെ പ്രതിഫലിപ്പിക്കാനുള്ള അസാധാരണമായ കഴിവ്, മുഴക്കമുള്ള വാക്കുകൾ, അതീവ ശാന്തമായ സംഭാഷണം.

നിഷ്കളങ്കനാണെന്നേ ആരും കരുതൂ..

ഓർമ്മ വന്നു.. ആ പെൺകുട്ടിയെ.. അസാധാരണമായ സൗന്ദര്യമായിരുന്നു. മനോഹരമായ എക്സ്പ്രഷനുകളായിരുന്നു. ആ സിനിമയിൽ ശരിക്കും അവളാണ് നായിക ആവേണ്ടിയിരുന്നത്.

സംസാരിച്ചിരുന്നു.. വൈകിട്ട് ഡിന്നറിന് ക്ഷണിച്ചു..

രുചിയേറിയ നല്ല ഭക്ഷണം കഴിച്ചപ്പോൾ തന്നെ അവൾക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.. പിന്നെ എല്ലാം എളുപ്പത്തിൽ നടന്നു.

പെൺസംഘടനകളാണ് കാര്യങ്ങൾ കുത്തിയിളക്കിയത്.

അവളുടെ പേരും കിട്ടി.. ഇടവും കിട്ടി.

അയാൾ എല്ലാം ഭംഗിയായി നിഷേധിച്ചു.. ആ കുട്ടിക്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായതിൽ കഠിനമായ നൊമ്പരമുണ്ടെന്ന് പറഞ്ഞു. എന്തു സഹായവും ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ നിഷ്കളങ്കത കണ്ട സ്ത്രീ പ്രേക്ഷകർ അധികവും ന്യൂസാണെന്ന് പോലും മറന്ന് കരഞ്ഞു പോയി.

'അവളും ഈ പെണ്ണുങ്ങളുടെ സംഘടനാന്നും പറഞ്ഞ് വീടും കുടുംബവും ഒന്നുമില്ലാത്ത മുടീം മുറിച്ച് നടക്കണ പെണ്ണുങ്ങളും കൂടി ഉണ്ടാക്കണ കള്ളത്തരമാണെന്നേയ്. ആ മനുഷ്യൻറെ മുഖത്തോട്ടൊന്ന് നോക്കിയേ.. ഒരു കള്ളത്തരമില്ലാത്ത മുഖം..കാശടിക്കാൻ വേണ്ടി ഓരോ അവളുമാരും പിന്നാലെ നടക്കാൻ കുറെ പെണ്ണുങ്ങളും. അല്ലെങ്കിലും മഹാലക്ഷ്മിയെപ്പോലെയാണ് അദ്ദേഹത്തിന്റെ ഭാര്യ ദേവി. അവര് വീട്ടിൽ കാത്തു കാത്തിരിക്കുമ്പോൾ അദ്ദേഹം എന്തിനാണ് ഈ നാണക്കേടിന് പോകുന്നത്? ഇനീപ്പോ അങ്ങേർക്ക് പെണ്ണിനെ വേണമെന്ന് തോന്നിയാൽ ഇവള് വേണോ.. ഒന്നു കൈ ഞൊടിച്ച് വിളിച്ചാൽ ആയിരം പേര് ആ കാലീ ചെന്ന് വീഴില്ലേ? '

മണിക്കൂറുകൾക്കുള്ളിൽ രണ്ടു തരം വാർത്തകൾ പരന്നു.. ഉണ്ടെന്നും ഇല്ലെന്നും.. എന്തായാലും കൃഷ്ണ കുമാറെന്ന സുമുഖനായ പ്രശസ്ത സിനിമാതാരത്തിൻറെ ജനസ്വാധീനത്തിനടുത്തൊന്നും വരില്ലല്ലോ ഒരു ജൂനിയർ ആർട്ടിസ്റ്റിന് സംഭവിച്ചെന്ന് പറയുന്ന ലൈംഗിക പീഡനത്തിൻറെ ചീള് വാർത്ത.

സിനിമയിലും പുറത്തുമുള്ള സ്ത്രീ സംഘടനകളുടെ സമരമൊന്നും എവിടെയും എത്താൻ പോകുന്നില്ലെന്ന് അയാൾക്കറിയാമായിരുന്നു. പോലീസും കാര്യമായി ഒന്നും ചെയ്യില്ല.

ഒരാഴ്ച ദേവിയ്ക്കൊപ്പം ചെലവാക്കീട്ട്, അവളാണ് തൻറെ ദേവിയെന്ന് പറ്റാവുന്ന അത്രയും ബോധ്യമാക്കീട്ട് അയാൾ അന്ന് അതിരാവിലെ തമിഴ്നാട് ബോർഡറിനടുത്തുള്ള മലയോര ഗ്രാമത്തിലേക്ക് കാറോടിച്ചു.

നാലഞ്ചു മണിക്കൂറിനുള്ളിൽ അവിടത്തെ പള്ളിയിൽ എത്തി..

സർവീസ് ഒന്നുമുണ്ടായിരുന്നില്ല.

വികാരിയച്ചൻ തുറന്നുപോയ വായ് അടയ്ക്കാൻ അല്പം വൈകിയോ?

അയാൾ ഹാർദ്ദമായി ചിരിച്ച് അച്ചന് കൈ കൊടുത്തു. അഭൗമമായ ആ പുരുഷസൗന്ദര്യത്തെ അത്ര അടുത്ത് കണ്ട അൽഭുതമായിരുന്നു അച്ചന്.

അയാൾ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി. കുരിശുവരച്ച് പ്രാർഥിച്ചു… അച്ചൻ അയാളുടെ തലയിൽ കൈവെച്ച് അനുഗ്രഹം ചൊരിഞ്ഞു.

പള്ളി മേടയിലിരുന്ന് സംസാരിക്കുമ്പോഴാണ് അയാൾ മനസ്സു തുറന്നത്.

ആ പെൺകുട്ടി ഈ ഇടവകയിലെ ആണെന്ന് അയാൾക്കെന്ന പോലെ അച്ചനും അറിയാമായിരുന്നു. ദൈവഭയമില്ലാതെ തമിഴ് , തെലുങ്ക് നാടകങ്ങളിലും സിനിമകളിലും മൂടും മുലയും കുലുക്കി ആടിയിട്ടാണ് ആരോ കള്ളോ മറ്റോ കൊടുത്ത് പണി പറ്റിച്ചത്.

അയാൾ അഗാധമായ വേദന ധ്വനിപ്പിക്കുന്ന സ്വരത്തോടെ തിരുത്തി.

'ദാരിദ്ര്യം ഒരു പ്രധാന കാര്യമാണ് ഫാദർ. ഇല്ലായ്മ അഭിമാനത്തെ നഷ്ടപ്പെടുത്തിക്കളയും.'

ഫാദർ അയാളേ കരുണയോടെ നോക്കി.

അയാൾ തുടർന്നു. 'ഈ ഇടവകയിലെ അല്ലെങ്കിൽ ഈ ഏരിയയിലെ വീടില്ലാത്തവർ, പരമ ദരിദ്രർ അവരെ യൊക്കെ സഹായിക്കാമെന്ന് കരുതുകയാണ് ഞാൻ… ഫാദർ അവരെ കാണിച്ചു തന്നാൽ ഞാൻ ചെറുതാണെങ്കിലും വീടുകളും ഒരു ചെറിയ ജീവിതമാർഗവും ചെയ്യാൻ ശ്രമിക്കാം ഫാദർ..

വലിയ പരസ്യം വേണ്ട… പെസഹാ വ്യാഴത്തിന്റെ അന്ന് സാധാരണ പുരുഷന്മാരുടെ കാലു കഴുകലല്ലേ പതിവുള്ളൂ. ഇത്തവണ സ്ത്രീകളുടെയും കാലു കഴുകൽ ഞാനും ദേവിയും വന്ന് ചെയ്യാം. ഉച്ചഭക്ഷണം, വീടുകളുടെ താക്കോൽ ദാനം, കോഴി ഫാം, ആടു ഫാം, ഓട്ടോറിക്ഷകൾ ഒക്കെ അന്ന് നല്കാം.

ഫാദർ ഒന്ന് മുന്നിൽ നിന്ന് നയിച്ചാൽ മതി..

ദാരിദ്ര്യമാണ് നമ്മുടെ പെൺകുട്ടികളെ ദ്രോഹിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പാണ്. '

ഫാദർ വികാരാധീനനായി.. അദ്ദേഹം എഴുന്നേറ്റു നിന്ന് ആ സിനിമാനടൻറെ നിറമാർന്ന് തിളങ്ങുന്ന ആത്മാർഥതക്ക് മുന്നിൽ കൈകൂപ്പി.

യേശുക്രിസ്തു ഹിന്ദുവായ ഒരു സിനിമാനടൻറെ രൂപത്തിലും വരുമെന്ന് ഫാദർ കണ്ടു.

തിരികെ കൊച്ചിയിലേക്ക് വരുമ്പോൾ കൃഷ്ണകുമാർ ഉല്ലാസവാനായിരുന്നു.

ദേവി എതിർത്തു..

'അവളുടെ, ആ നാശം പിടിച്ചവളുടെ കാല് കഴുകേണ്ടി വന്നാലോ.. അയ്യേ… '

അയാൾ പൊട്ടിച്ചിരിച്ചു.

'പൊന്നുമോളേ, അതോടെ എൻറെ പേരിലുള്ള എല്ലാ ചീത്തപ്പേരും പോവില്ലേ..
നീ നോക്കിക്കോ ഇത് വലിയൊരു സംഭവമായിരിക്കും. എൻറെ പ്രശസ്തി കുതിച്ചുയരും.. കാരുണ്യ പ്രവർത്തനത്തിൽ മമ്മൂട്ടി പോലും ഇനി എൻറടുത്ത് എത്തില്ല.

ദേവി പിറുപിറുത്തു.

'അങ്ങേര് എന്തായാലും ഈ ജന്മത്ത് നിങ്ങൾക്കൊപ്പം വരില്ല.'

ദേവിയുടേത് പരിഹാസമാണോന്നറിയാൻ പറ്റിയില്ല. അത്ര ശാന്തമായ ശബ്ദ മായിരുന്നു അവളുടേത്.

ജി. ശങ്കർ മതി ആർക്കിടെക്ട് എന്നായിരുന്നു കൃഷ്ണകുമാർ വിചാരിച്ചത്. മണ്ണ് വീട് പോര എന്ന് ഫാദർ ചൂണ്ടിക്കാട്ടി. അങ്ങനെ അതു നടന്നില്ല. അച്ചൻ വെറും പത്തു വീടുകളേ നിർദ്ദേശിച്ചുള്ളൂ. ഒന്ന് അവളുടെ അമ്മയ്ക്കായിരുന്നു. അയാൾ തമിഴ് നാട്ടിലെ ഒരു ബിൽഡറെ ഏർപ്പാടാക്കി.

പ്രശസ്തി വേണ്ട എന്ന് പറഞ്ഞെങ്കിലും അതിനായി എല്ലാം കൃത്യമായി ചെയ്യപ്പെട്ടിരുന്നു. ചാരിറ്റിക്കായി ചെലവിടുന്നതിൻറെ ടാക്‌സ് എക്സംപ്ഷൻ ചാർട്ടേർഡ് എക്കൗണ്ടൻറ് കണക്കു കൂട്ടി വെച്ചിരുന്നു.

പെസഹയുടെ അന്ന് രാവിലെ തന്നെ അയാൾ ദേവിയുമൊത്ത് അവിടെ എത്തി. ഒരുക്കങ്ങൾ എല്ലാം തികച്ചും ഭംഗിയായിട്ടുണ്ടെന്ന് സ്വയം നോക്കി തൃപ്തിപ്പെട്ടു. ചടങ്ങിനായി ലളിതമെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണവും ശ്രദ്ധാപൂർവം അശ്രദ്ധമാക്കിയ തലമുടിയും മേക്കപ്പും അയാൾ നിശ്ചയിച്ചിരുന്നു.

ഭിക്ഷക്കാരികളും കുഷ്ഠരോഗികളുമുൾപ്പടെ അനവധി സ്ത്രീകൾ ഉണ്ടായിരുന്നു. അവൾ വരില്ലെന്നാണ് അയാൾ കരുതിയിരുന്നത്. കൂസലില്ലാതെ അവൾ വന്നിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് പരിഭ്രമം തോന്നി.

ചടങ്ങുകൾ ലൈവ് ആയി പ്രസാരണം ചെയ്യപ്പെടുന്നുണ്ടായിരുന്നു, പല ചാനലുകളിലും..

ദേവി തട്ടം അതിഥികളുടെ കാൽക്കീഴിൽ വെച്ച് വെള്ളമൊഴിക്കുമ്പോൾ അയാൾ മയമുളള ടവൽ കൊണ്ട് വെള്ളം ഒപ്പി മാറ്റി. കാൽകഴുകൽ ശുശ്രൂഷ തീരുന്നതനുസരിച്ച് ആളുകൾ ഭക്ഷണത്തിനായി നീങ്ങിക്കൊണ്ടിരുന്നു.

അവളുടെ കാലിൽ വെള്ളമൊഴിച്ച് ദേവി പൊടുന്നനെ അടുത്തയാളുടെ അടുത്തേക്ക് നീങ്ങിയ ആ നിമിഷം പല്ലുകൾ കടിച്ചു പിടിച്ചു അവൾ പ്രാകി..

'കടങ്കാറാ, മഹാപാപീ.. പെരുംനോയ് വരുമെടാ ഒനക്ക്'

അയാൾ ആ ഒരു നിമിഷം ആയിരം തുണ്ടുകളായി ചിതറിപ്പോയി.

**************************************************

ഇപ്രാവശ്യത്തെ പെസഹ വന്നപ്പോൾ മാർപ്പാപ്പയുടെ പക്കൽ നിന്ന് കഴിഞ്ഞ വർഷം അയാൾക്ക് ലഭിച്ച വിലയേറിയ ആ സർട്ടിഫിക്കറ്റ് എല്ലാവരേയും കാണിക്കുന്ന തിരക്കിലായിരുന്നു ദേവി..

അയാൾ നിശ്ശബ്ദമായി അവളെ നോക്കിക്കൊണ്ടിരുന്നു.

കർദ്ദിനാൾ നേരിട്ടാണ് മാർപാപ്പയുടെ ആ സർട്ടിഫിക്കറ്റ് അയാൾക്ക് സമ്മാനിച്ചത്. ഒരു ഹിന്ദു മതവിശ്വാസിയായ അയാൾ ഭിക്ഷക്കാരികളുൾപ്പടെയുള്ള പാവപ്പെട്ട സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ ചെയ്തു ക്രിസ്തുവിൻറെ പ്രിയപുത്രനായിരിക്കുന്നുവെന്ന് മാർപ്പാപ്പ അനുഗ്രഹിച്ചിരുന്നു.

ലോകം മുഴുവനുമുള്ള ചാനലുകളിലും പത്രങ്ങളിലും അയാളുടെ നന്മ വാർത്തയായിരുന്നു. അയാളുടെ അരുമയായ മുഖം ആ മനസ്സിൻറെ കണ്ണാടിയാണെന്ന് എല്ലാവരും പറഞ്ഞു.

പ്രധാനമന്ത്രിയും പ്രസിഡന്റും അയാളെ വിളിച്ചു അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രിയായ അമിത്ഷാ അഭിനന്ദിച്ച് പറഞ്ഞത് ഇന്ത്യക്കാർ പുലർത്തുന്ന മതസൗഹാർദ്ദത്തിൻറെ ഉത്തമദൃഷ്ടാന്തമാണ് കൃഷ്ണകുമാറിന്റെ പ്രവൃത്തിയെന്നാണ്…

ഉറങ്ങാൻ കിടന്നപ്പോൾ ദേവി മെല്ലെ ചിരിക്കുന്നത് കേട്ടു.

'എന്തേ ഒരു ചിരി?'

'അതല്ല, കിച്ചേട്ടാ, ഈ കോവിഡ് കാലത്താരുന്നു ആ പെണ്ണിൻറെ ഇഷ്യൂ വന്നതെങ്കിൽ കിച്ചേട്ടൻ കുടുങ്ങിപ്പോയേനേ.. ഇത്ര വിപുലായിട്ട് ഇന്നസെൻസ് പ്രൂവ് ചെയ്യാൻ പറ്റില്ലാരുന്നു. കാര്യം അന്ന് ആ പെണ്ണ് കിച്ചേട്ടനെ പ്രാകീന്ന് വെച്ചാലും..

അതോർത്തപ്പോൾ ചിരിച്ചതാ..

ഉറങ്ങിയോ കിച്ചേട്ടാ.. '

1 comment:

© Mubi said...

പെരുംനോയ്....