Monday, September 21, 2020

ഓണമാണ്... തിരുവോണം.


31/08/2020              



കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഓണം വിഷമത്തിലായിരുന്നു.

അമ്മ പോയി, പ്രളയം വന്നു, ഇത്തവണ കൊറോണയുണ്ട്..

മോൾ കൂടെയില്ലാതിരുന്ന കാലത്തെ ഓണങ്ങൾ പോലേ, ഒരു ഓണം.

എന്നാലും നോർത്ത് ഇന്ത്യയിൽ പണിയെടുത്ത കാലത്തെല്ലാം ഞാനും കണ്ണനും സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും ഗംഭീരമായി ഓണസ്സദ്യ വിളമ്പുമായിരുന്നു.

എന്നെ സഹായിക്കും ആർക്കിടെക്ട്മാരും ജോലിക്കാരും എല്ലാവരും തന്നെ..

ഇഞ്ചിത്തൈര് മുതൽ പാലടപ്രഥമൻ വരെ എല്ലാ വിഭവങ്ങളും ഒരുക്കി ഒരു ഫുൾ ഓണസദ്യയാണ് വിളമ്പുക. ഞങ്ങൾ വിളമ്പിക്കൊടുക്കുന്നത് അവർക്കൊക്കെ വളരെ വലിയ കാര്യമായിരുന്നു.

ഇഷ്ടിക ഉരച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി 'മാഡം ജി കി ഭഗ് വാൻ 'എന്ന് ബഹുമാനത്തോടെ കൊണ്ടു വന്നു വെക്കും. അതിരാവിലെ തന്നേ. ചുരയ്ക്ക കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി കാവി പൂശിത്തന്നിരുന്നവരും ഉണ്ടായിരുന്നു. പൂക്കൾക്കും അതും നോർത്ത് ഇന്ത്യൻ ഗ്രാമപരിസരങ്ങളിലെ കാട്ടുപൂക്കൾക്കും പ്രയാസമുണ്ടായിട്ടില്ല.

കണ്ണൻ ഡബിൾ മുണ്ടും ഖാദി കുർത്തയുമാണ് ധരിക്കുക. അങ്ങനെയുള്ള കണ്ണനെ കാണുന്നത് എല്ലാവർക്കും വലിയ കാര്യമാണ്. സാബിൻറെ ഉൽസവവസ്ത്രമാണതെന്ന് അവരൊക്കെ വിശ്വസിച്ചിരുന്നു. ഓണത്തിന് മാത്രം ഞാൻ പുത്തൻ വസ്ത്രം ഇടണമെന്ന് കണ്ണൻ ശാഠ്യം പിടിക്കും. അതറിഞ്ഞ ദിവസം എൻറെ അമ്മ കരഞ്ഞുകൊണ്ട് എന്നെ മാറോടണച്ചു. 'ഒനക്ക് എന്നയ്ക്കും അന്ത ഭാഗ്യം ഇരുക്കട്ടും' എന്ന് അനുഗ്രഹിച്ചു.

ഓഫീസിൻറെ വലിയ അങ്കണത്തിൽ നാല് വരിയായി ഇലയിട്ട് സദ്യ വിളമ്പും. പരിപ്പ്,നെയ്യ്, പപ്പടം, പൈനാപ്പിൾ പച്ചടി, പയറു മെഴുക്കുപുരട്ടി,സാമ്പാർ, പാലടപ്രഥമൻ ഇവരായിരുന്നു സദ്യയിലെ താരങ്ങൾ. എല്ലാവരും നല്ല ഭംഗിയായി ഭക്ഷണം കഴിക്കും.

ഒടുവിലാണ് ഞാനും കണ്ണനും കഴിക്കുക. അന്നേരം വിളമ്പാൻ ഒരു തിരക്ക് ഉണ്ടാവും..

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളിലേയും കുറച്ച് കെട്ടിട നിർമ്മാണ ജോലിക്കാർക്ക് ഞാൻ ഓണസദ്യ വെച്ചുവിളമ്പിയിട്ടുണ്ട്.

ഊണുകഴിയുമ്പോൾ 'കലാ, യൂ ആർ നെക്സ്റ്റ് ടു ഗോഡ് ' എന്ന് ആർക്കിടെക്ട്മാരും എൻജിനീയർമാരും പറയും.

ഇംഗ്ലീഷ് അറിയാത്ത കെട്ടിട നിർമ്മാണ ജോലിക്കാർ 'മാഡം ജി, ആപ് ദേവി ഹോ' എന്നു പറയും.

ഈ മോട്ടാ ചാവൽ (നമ്മുടെ ചുവന്ന മട്ടയരി) വെക്കണ്ട എന്ന് ചിലർ പറയാറുണ്ട്. അത് കഴിച്ചാൽ പിന്നെ നാളേയേ വിശക്കൂ എന്നാണ് അവരുടെ അഭിപ്രായം.

ഊണു കഴിഞ്ഞാൽ ഓണത്തിൻറെ കഥ പറഞ്ഞുകൊടുക്കും. മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയ കഥ. പലരും കഥ കേട്ട് ഉറങ്ങാറുമുണ്ട്. ചിലർ കള്ളവും ചതിയുമില്ലാത്ത രാജ്യമോ എന്നന്തം വിടും. ഒടുവിൽ ചോദിക്കും. 'മാഡം ജി, ചുമ്മാ കഥ പറയുകയല്ലേ, അങ്ങനത്തെ രാജ്യമൊന്നുമില്ലല്ലോ ശരിക്കും?'

കഥ ആണെന്ന് ഞാൻ സമ്മതിക്കും.

വിശക്കുന്ന ആ പാവപ്പെട്ടവർക്ക് ഓണസ്സദ്യ ഉണ്ടാക്കി വിളമ്പിയും ചപ്പാത്തിയും പൂരിയും ഒക്കെ ഉണ്ടാക്കിക്കൊടുത്തുമാണ് നല്ലൊരു പാചകക്കാരിയാണെന്ന ആത്മവിശ്വാസം ഞാൻ മെല്ലെ നേടിയെടുത്തത്.

എൻറെ എല്ലാ കൂട്ടുകാർക്കും സുരക്ഷിതമായ ഒരു ഓണം ആശംസിക്കട്ടെ...