Saradakutty Bharathikutty ശാരദക്കുട്ടി ടീച്ചറാണ് ഈ ഓർമ്മകൾ ഇന്നലെ കുത്തിയിളക്കിയത്. അപ്പോൾ തോന്നി ഇങ്ങനെ അക്ഷരങ്ങളുടെ സൗഖ്യലേപനം പുരട്ടാമെന്ന്.. അതുമാത്രമാണ് ഈ കുറിപ്പിൻറെ പ്രേരണ.
തൃശൂർ സെൻറ് മേരീസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് മഹാകവി അക്കിത്തത്തിൻറെ മകൾ ലീല എൻറെ സുഹൃത്താവുന്നത്. അവൾക്കൊപ്പം കഥയും കവിതയും ചർച്ച ചെയ്യുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതകൾ അവളാണ് ആദ്യം എനിക്കു തന്നത്. അവളിൽ നിന്നാണ് ഞാൻ ആദ്യമായി ഹിരണ്യേട്ടനെന്നും ഗീതേടത്തിയെന്നും കേൾക്കുന്നത്. എന്നാൽ അതിൻറെ കാരണം എനിക്കിപ്പോൾ ഒട്ടും ഓർമ്മയിലില്ല.
പ്രീഡിഗ്രി കഴിഞ്ഞ് അധികവർഷങ്ങൾ കഴിയും മുമ്പേ ജോസഫുമായുള്ള ജീവിതം ആരംഭിച്ച ഞാൻ ആദ്യ ദിവസം താമസിച്ചത് ശ്രീ കേരളവർമ്മ കോളേജിലെ അധ്യാപകനായിരുന്ന നാരായണമേനോൻ മാഷിന്റെ അരിയന്നൂരുള്ള വീട്ടിലായിരുന്നു. പിറ്റേന്ന് മലപ്പുറത്തേക്ക് പോയി. ആ ബസ് യാത്രയിൽ ജോസഫ് സുഹൃത്തായ ഷൺമുഖദാസിനൊപ്പമാണ് ഇരുന്നത്. ഞാൻ അപരിചിതരായ സ്ത്രീകൾക്കൊപ്പം പെണ്ണുങ്ങളുടെ സംവരണ സീറ്റിലും..
ഭീകരമായ ഏകാന്തതയായിരുന്നു ആ യാത്രയിൽ എന്നെ വേട്ടയാടിയത്.
മലപ്പുറത്ത് ഞാൻ എത്തിച്ചേർന്നത് ഗീതേടത്തിയുടേയും ഹിരണ്യേട്ടൻറേയും വീട്ടിലായിരുന്നു. അവിടെ എത്തും മുമ്പേ അവരിരുവരേയും അതീവപ്രതിഭാശാലികൾ എന്ന് പരിചയപ്പെട്ടും കഴിഞ്ഞിരുന്നു. അല്പം ഭയന്നാണ് ഞാൻ ആ വീട്ടിൽ കാലുകുത്തിയത്.
സെറ്റുമുണ്ടുടുത്ത് ഇടയ്ക്കിടെ ഹരേ ഗുരുവായൂരപ്പാ എന്ന് വിളിച്ചിരുന്ന, ഒരു നാടൻ വീട്ടമ്മയെപ്പോലെ പെരുമാറുന്ന ഗീതേടത്തിയെ എനിക്കിഷ്ടമായി. ആ ഗുരുവായൂരപ്പാ വിളി എനിക്ക് അമ്മയുടേയും അമ്മീമ്മയുടേയും ഓർമ്മകൾ നല്കി.
ഒരു ദുബായിക്കാരൻറെ വീട്ടിലായിരുന്നു ഹിരണ്യേട്ടനും ഗീതേടത്തിയും വാടകയ്ക്ക് പാർത്തിരുന്നത്. കാശ് കോരിച്ചൊരിഞ്ഞ് ഒരുപാട് സൗകര്യങ്ങളോടെ പണിത വിശാലമായ ഒരു വീടായിരുന്നു അത്. അടുക്കളയിലും വർക്ക് ഏരിയയിലും ഉണ്ടായിരുന്ന രണ്ടു സിങ്കുകൾ കാണിച്ചു തരവേ ഗീതേടത്തി ചിരിച്ചു. 'അടുക്കളേല് നിന്ന് പാത്രം കഴുകി ബോറടിക്കുമ്പോൾ ഇവിടെ വന്നു നിന്ന് പാത്രം കഴുകാം.'
എനിക്ക് പേടി കുറഞ്ഞ് ചിരി വന്നു തുടങ്ങി.
ഹിരണ്യേട്ടൻറെ സത്യം പറച്ചിലായിരുന്നു ഏടത്തി വിളമ്പിയ അടുത്ത കഥ.
ആരോ അല്പം അകന്ന പരിചയക്കാർ സന്ദർശനത്തിനു വന്ന സമയമാണ്. വീട് ദുബായിക്കാരനിൽ നിന്ന് വാടകയ്ക്ക് എടുത്തിരിക്കയാണെന്നറിഞ്ഞപ്പോൾ, ഓവൽ ഷേപ്പിലുള്ള ഡൈനിങ് ടേബിൾ ചൂണ്ടിക്കാട്ടി പരിചയക്കാർ ഏടത്തിയോട് ചോദിച്ചു, 'ഇതും ദുബായിക്കാര് തന്നതാണോ അതോ ഗീത വാങ്ങിയതാണോ?'
ഏടത്തി ഒരു വീട്ടമ്മയുടെ അഭിമാനത്തോടെ ഉത്തരം നല്കി. 'ഞാൻ വാങ്ങീതാണ്. '
അന്നേരമാണ് ഹിരണ്യേട്ടൻ ഇടപെട്ടത്. അതും ഇങ്ങനെ.. 'ഏയ്, അല്ലല്ല, ഗീത വാങ്ങീതല്ല.'
ഗീതേടത്തിയെന്ന പൊങ്ങച്ചക്കാരിയെ കൈയും കളവുമായി പിടിച്ച പരിചയക്കാർ അമർത്തിയ പുഞ്ചിരിയോടെ വേഗം തന്നെ മലയാളകവിതയെപ്പറ്റി സംസാരിച്ചു തുടങ്ങി. ഹിരണ്യേട്ടനും ഉടനെ ആ കവിതാച്ചർച്ചയിൽ ആണ്ടുമുങ്ങി.
അതിഥികൾ പോയപ്പോൾ 'എന്തിനാണ് അങ്ങനെ ഗീത വാങ്ങീതല്ല 'എന്ന് പറഞ്ഞേന്ന് ഏടത്തി ഹിരണ്യേട്ടനെ ചോദ്യം ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെങ്കേമമായിരുന്നുവത്രേ!!
'അത് ഗീതയല്ലല്ലോ വാങ്ങിയത്. ഞാനല്ലേ, പേപ്പർ വാല്യുവേഷന് പോയിട്ടു വരുമ്പോൾ ഞാനല്ലേ വാങ്ങിക്കൊണ്ടു വന്നത്?'
പിന്നെ ഗീതേടത്തി ഒന്നും വിശദമാക്കാൻ പോയില്ല. ആ പരിചയക്കാർ ഗീതേടത്തിയെ പൊങ്ങച്ചക്കാരീന്ന് വിചാരിച്ചാലും യാതൊരു തരക്കേടുമില്ല എന്ന് കരുതി പോലും..
ഹിരണ്യേട്ടന് ഹിരണ്യകശിപു വിൻറെ ഒരു സ്വഭാവവുമില്ല. പിന്നെന്തിനാണ് ഹിരണ്യകശിപൂൻറെ പേരിട്ടതാവോ എന്ന് ഗീതേടത്തി അന്നേരം അൽഭുതം പ്രകടിപ്പിച്ചു.
ഞങ്ങൾ അങ്ങനെ പരസ്പരം അടുത്തു. അതുകൊണ്ടാണ് മൂന്നാമത്തെ ദിവസം വൈകുന്നേരം ഏഴുമണിയോടടുപ്പിച്ച് ഏടത്തിയെ കെട്ടിപ്പിടിച്ച് ഞാൻ ഉറക്കെ കരഞ്ഞത്. അപ്പോൾ ഞങ്ങൾ രണ്ടും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ എന്തിനാണ് കരയുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. മനസ്സ് അലമുറയിട്ടു കരയുകയായിരുന്നു. ഏടത്തി എന്നോട് 'ഭയപ്പെടേണ്ട' എന്ന് പറയുകയും ബോൺവിറ്റ കലക്കിത്തരികയും ചെയ്തു.
ഞാനും ജോസഫും അരിമ്പൂരിൽ വാടകയ്ക്ക് പാർക്കുന്ന കാലത്താണ് ഏടത്തിയും ഹിരണ്യേട്ടനും പിന്നീട് വരുന്നത്. ഞങ്ങൾ പരസ്പരം കണ്ടിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിരുന്നുള്ളൂ. ജോസഫിൻറെ സുഹൃത്ത് ഗണേശുമുണ്ടായിരുന്നു കൂടെ. ഗണേശ് എനിക്ക് അന്നൊരു പ്രസ്റ്റീജ് കുക്കർ സമ്മാനിച്ചു. അന്ന് ഗീതേടത്തി എന്നെ കുക്കറിൽ ചോറും സാമ്പാറും വെക്കാൻ പഠിപ്പിച്ചു തന്നു.
പിന്നെ ഞങ്ങൾ തമ്മിൽ കാണുമ്പോൾ ക്യാൻസർ ഗീതേടത്തിയെ വല്ലാതെ തളർത്തിയിരുന്നു. അമല ആശുപത്രിയിലായിരുന്നു അവർ. അവരെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഹിരണ്യേട്ടനും കരച്ചിലിൻറെ വക്കത്തായിരുന്നു. വിളിച്ചിട്ട് വിളി കേൾക്കുന്നുണ്ടായിരുന്നില്ല. ഏടത്തിയുടെ അച്ഛൻ പെങ്ങൾ ഡോ. ഉമാദേവി അന്തർജ്ജനം അവിടെ ഉണ്ടായിരുന്നു. അവർ എൻറെ അച്ഛന്റെ സീനിയർ ആയി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചിരുന്നുവെന്ന് ഞാൻ അന്നാണ് അറിഞ്ഞത്. ഗീതേടത്തി വേദനകൊണ്ട് കരയുന്നതു കാണുക എനിക്ക് കഠിനമായി തോന്നി. അവർ ജോസഫിനെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. എന്നെ ഓർമ്മയില്ലെന്നും ക്ഷമിക്കണമെന്നും ഏടത്തി പറഞ്ഞു. അന്ന് വല്ലാത്ത മനപ്രയാസത്തോടേയും സങ്കടത്തോടേയുമാണ് ഞാൻ മടങ്ങിയത്.
ഏടത്തി അസുഖം മാറി മിടുക്കിയായിട്ട് പാറമേക്കാവ് അമ്പലത്തിനടുത്തോ സെൻറ് തോമസ് കോളേജിനടുത്തോ കിഴക്കുമ്പാട്ടുകരയോ മറ്റോ ആണെന്ന് തോന്നുന്നു, തൃശൂരിൽ ഒരു വീടെടുത്ത് താമസിക്കുന്ന കാലത്താണ് ഞങ്ങൾ പിന്നെ കണ്ടത്. പ്രശസ്തയായ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിൻറെ ജന്മദിനാഘോഷത്തിനോ മറ്റോ തൃശൂരിലെ ഫൈൻ ആർട്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ഗീതേടത്തി സംസാരിക്കണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു. ഏടത്തി സമ്മതിച്ചു. വരാം എന്നുറപ്പു തന്നു. എങ്കിലും പരിപാടിക്ക് ഗീതേടത്തി വന്നില്ല. അച്ഛൻ പെങ്ങളെപ്പറ്റി സംസാരിക്കാമെന്ന് എന്തിനു സമ്മതിച്ചുവെന്ന് ഗീതേടത്തിയോട് സ്വന്തം അച്ഛൻ ചോദിച്ചു. വേണ്ട എന്നു വിലക്കി. അതാണ് ഏടത്തി വരില്ല എന്നുറപ്പിച്ചത്.
എനിക്ക് വിഷമമുണ്ടായിരുന്നു. അന്ന് ഫെമിനിസം കൊള്ളാമെന്ന് ആർക്കും തന്നെ തോന്നീരുന്നില്ല. സാറ ടീച്ചറുടെ മാനുഷി ആയിരുന്നു ഒരു ഫെമിനിസ്റ്റ് സംഘടന. തിരുവനന്തപുരത്ത് ശ്രീ ഭാസുരേന്ദ്രബാബുവിൻറേയും ശ്രീ മൈത്രേയൻറേയും നേതൃത്വത്തിലുണ്ടായിരുന്ന പ്രചോദനയും തൃശൂരിൽ എൻറേം ഒരു സഹപാഠിനിയുടേയും പുറം പരസ്യമുഖങ്ങളിലും ജോസഫിൻറേയും സിവിക്ചന്ദ്രൻറേയും ടോമിയുടേയും ഒക്കെ നിയന്ത്രണത്തിലും ആയിരുന്ന ചേതനയും, അങ്ങനെ മറ്റു രണ്ടു സംഘടനകൾ. ഗീതേടത്തി അന്ന് സ്ത്രീ വിമോചനവാദി എന്നൊന്നും അറിയപ്പെടാൻ ഒട്ടും തന്നെ ആഗ്രഹിച്ചിരുന്നില്ല.
ഫൈൻ ആർട്‌സ് സ്കൂൾ ഓഡിറ്റോറിയത്തിലെ പരിപാടിക്ക് വന്നത് കവയിത്രിയായ ശ്രീമതി വി. എം ഗിരിജ
Vm Girija ആണ്. അവർക്ക് അന്ന് തൃശൂർ ആകാശവാണിയിലായിരുന്നു ജോലി. അവർ ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിൻറെ ഒരു പ്രസംഗം കേൾപ്പിച്ചു. ശ്രീമതി ഗിരിജ തന്നെ എഴുതിയ രണ്ടു കവിതകൾ ചൊല്ലി.
എനിക്ക് ജീവിതം എല്ലാ അർഥത്തിലും മതിയായ ഒരു ദിവസത്തിലാണ് ഞാൻ പിന്നെ ഗീതേടത്തിയെ ചെന്നു കണ്ടത്. അന്ന് തൃശൂർ മ്യൂസിയത്തിനടുത്താണ് അവർ താമസിച്ചിരുന്നത്. പഴയ വീട്ടിൽ വലിയൊരു മോഷണം നടന്നതൊക്കെ ഞാനറിഞ്ഞിരുന്നു. പക്ഷേ,എൻറെ സങ്കടം പറച്ചിലും കണ്ണീരും ഏടത്തിക്ക് ഒട്ടും ഇഷ്ടമായില്ല. അവർ എൻറെ മഹാഭാഗ്യമെത്രയെന്ന്, എത്ര നല്ല മനുഷ്യനാണ് ഒപ്പം ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എന്നെ അടങ്ങിയൊതുങ്ങിക്കഴിയാനും പങ്കാളിയെ മതിമറന്നു സ്നേഹിക്കാനും ഉപദേശിച്ചു വിട്ടു. ഹിരണ്യേട്ടനുണ്ടായിരുന്നു വീട്ടിൽ. അദ്ദേഹം ഞങ്ങളുടെ സംഭാഷണത്തിൽ പങ്കെടുത്തതേയില്ല. എന്നാൽ അവിശ്വസനീയതയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
അന്ന് മടങ്ങിപ്പോരുമ്പോൾ എനിക്ക് അവരിരുവരും എന്നെ തീരെ പരിഗണിച്ചില്ലെന്ന് പിണക്കം തോന്നി. ഹിരണ്യേട്ടൻറെ ഇടതുപക്ഷ നിലപാടുകളെപ്പറ്റി എല്ലാവരും പുകഴ്ത്തിപ്പറയുന്നത് ഞാൻ ഏറെ കേട്ടിരുന്നു. കേരളവർമ്മ കോളേജിൽ എസ എഫ് ഐ ക്ക് വിജയം നേടിക്കൊടുത്ത തീപ്പൊരിയെന്നും അദ്ദേഹം എഴുതിയ ആ അതിഗംഭീര മുദ്രാവാക്യമെന്നും (ഇന്ത്യൻ രാത്രി കനക്കുമ്പോൾ, ഇന്ത്യൻ പകലു തിളക്കുമ്പോൾ ഇവിടെ ജനിച്ചു എസ് എഫ് ഐ) ഒക്കെ...എന്നിട്ട് എന്താണ് എൻറെ പകൽ തിളക്കുന്നതും രാത്രി കനക്കുന്നതും ഇല്ലാത്തതാണെന്ന്, തോന്നലുകളാണെന്ന് വിചാരിക്കുന്നതെന്ന് ഞാൻ സങ്കടപ്പെട്ടു. പിന്നെ, കുറച്ചു കഴിഞ്ഞു തന്നത്താൻ ആശ്വസിപ്പിച്ചു. ചെറുപ്രായത്തിൽ അത് താരതമ്യേന എളുപ്പമായ ഒരു കാര്യമാണ്.
ഗീതേടത്തിയും ഹിരണ്യേട്ടനും ജോസഫിൻറെ വീടു പണി കാണാൻ വന്ന കാലത്താണ് സ്ഥലവില്പനയുടെ സംസാരമുണ്ടായത്. ഗീതേടത്തിക്ക് തൃശൂർ ടൗണിലെ സ്ഥലമായിരുന്നു ഇഷ്ടം. ടൗണിൽ നിന്ന് അകലത്താവാൻ ഏടത്തി താത്പര്യപ്പെട്ടില്ല. അവർ അടുത്തു വരുന്നതിൽ എനിക്ക് ഒത്തിരി സന്തോഷമായിരുന്നു. ആ പരിസരത്ത് ഞാൻ പൂർണമായും ഒറ്റപ്പെട്ടു പോകുമെന്നും ഏടത്തി ഉണ്ടാവുന്നത് നല്ലതായിരിക്കുമെന്നും കരുതാനുള്ള ബുദ്ധിയിലേക്ക് ഞാൻ അപ്പോഴേക്കും വളർന്നിരുന്നു. അക്കാലത്ത് അവരിരുവരും അയ്യന്തോളിൽ എൻറെ വീടിനടുത്തുള്ള സിവിൽ ലൈൻസ് ക്വാർട്ടേഴ്സിലാണ് പാർത്തിരുന്നത്. ചെക്ക് വാങ്ങാൻ ആ വീട്ടിൽ പോവുകയും പകൽ മുഴുവനും അവിടെ ചെലവാക്കി ഏടത്തി തന്ന അടമാങ്ങ അച്ചാറ് കൂട്ടി ഊണുകഴിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഏടത്തിയുടെ അനിയത്തി ഒരു ആർമി ഓഫീസറുടെ ഭാര്യയായിരുന്നു. അവരുടെ അക്ഷരങ്ങൾ 'കണ്ടോ, തോക്കു പിടിച്ച പട്ടാളക്കാരെപ്പോലെ എണീറ്റ് നില്ക്കുന്ന'തെന്ന് അവരയച്ച കത്ത് ചൂണ്ടിക്കാട്ടി ഏടത്തി തമാശ പറഞ്ഞു.
അങ്ങനെ അതു നടന്നു. ആ സ്ഥലവില്പനയുടെ സകല കുറ്റപ്പെടുത്തലും നഷ്ടമെന്ന പണക്കരച്ചിലുകളും ഒരുപാട് ചീത്തവാക്കുകളും എൻറെ മാത്രം തലയിൽ വന്നു വീണു. എന്നാലും ഏടത്തി അടുത്തു വരുന്നത് എനിക്ക് ആഹ്ളാദമായിരുന്നു.
വെള്ളക്കുഴിയായ പറമ്പിൽ മണ്ണിട്ട് നികത്താൻ ഒരിക്കൽ ഹിരണ്യേട്ടൻ വന്നിരുന്നു. അന്ന് ഞങ്ങൾ ഒന്നിച്ചാണ് ലോറിക്കാരനോട് തർക്കിച്ചത്. ഞാനാണ് നേരത്ത മണ്ണിട്ട് നികത്തിയതിൻറെ അനുഭവപരിചയത്തിൽ അധികം തർക്കിച്ചത്. ഹിരണ്യേട്ടൻ ഒടുവിൽ പറഞ്ഞു. 'ഞാൻ വിചാരിച്ചതിലും അധികം സാമർത്ഥ്യമുണ്ടല്ലോ'. അത് ഒരു അഭിനന്ദനവും അംഗീകാരവും ആയി കരുതി ഞാൻ വിടർന്നു ചിരിച്ചു.
ഗീതേടത്തിയുടെ അച്ഛൻ പെങ്ങളാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പലും ആർക്കിടെക്ചർ ഡിപ്പാർട്ട്‌മെന്റ് ഹെഡ്ഡുമായിരുന്ന ശ്രീമതി ആശാലതാ തമ്പുരാൻ. അവർക്ക് ലാറിബേക്കർ രീതികളും കോസ്റ്റ് ഇഫക്ടീവ് നിർമ്മിതികളുമൊന്നും ഒട്ടും താത്പര്യജനകമായിരുന്നില്ല. ഞാനാണ് ഗീതേടത്തിക്കും ഹിരണ്യേട്ടനും അവർക്കും ഏടത്തിയുടെ മാതാപിതാക്കൾ ക്കുമൊപ്പം നല്ലങ്കരയിലെ, കോസ്റ്റ്ഫോർഡ് കെട്ടിടങ്ങളായ ബാങ്ക് ക്വാർട്ടേഴ്സും മറ്റും കാണാൻ
അകമ്പടി പോയത്.
എന്തായാലും കോസ്റ്റ്ഫോർഡിലെ
Hary Lal ഹരിലാൽ എന്ന ആർക്കിടെക്ട് വരച്ച പ്രാഥമിക സ്കെച്ചിനപ്പുറം ഏടത്തിയുടെ വീടു പണി ഞാനവിടെ ഉള്ളപ്പോൾ മുൻപോട്ടു പോയിരുന്നില്ല. ഹരിലാൽ ഒന്നോരണ്ടോ സൈറ്റ് വിസിറ്റുകൾക്ക് വന്നിട്ടുണ്ട്.
അവസാനമായി അവരിരുവരേയും കണ്ടത് പിന്നീട് ഞാനുപേക്ഷിച്ച ആ വീട്ടിൽ പാർത്തിരുന്ന കാലത്താണ്. ഒരു വൈകുന്നേരമാണ് അവർ വന്നത്. ഉടനെ വീടുപണി ആരംഭിക്കുമെന്ന് അവർ പറഞ്ഞു. കുളിക്കാനായി ഞാൻ തലയിൽ എണ്ണവെച്ചിരുന്നു. കുളിച്ചു വരാൻ നിർദ്ദേശിച്ച് അവർ ആ വീടിന്റെ ചന്തം ആസ്വദിച്ചിരുന്നു.
പിന്നീട് ഒരിക്കലും ഞങ്ങൾ പരസ്പരം കണ്ടതേയില്ല.
എൻറെ മോൾക്ക് മണിക്കുട്ടിയെന്ന ഗീതേടത്തിയുടെ മകളെക്കുറിച്ച് ഓർമ്മകളുണ്ട്. അവരൊന്നിച്ച് കളിച്ചിരുന്നുവത്രേ.
ഗീതേടത്തി ഒരിക്കൽ എൻറെ മോളേയും കൊണ്ട് എൻറെ അച്ഛനുമമ്മയും പാർത്തിരുന്ന അയ്യന്തോളിലുള്ള വീട്ടിൽ വന്നിട്ടുണ്ട്. എൻറെ മോളെ കാണാൻ അവളുടെ സ്കൂളിൽ ഞാൻ ചെല്ലുകയും അവിടത്തെ അധ്യാപകരാൽ അപമാനിക്കപ്പെടുകയും മോളാൽ തന്നെയും നിരാകരിക്കപ്പെടുകയും ചെയ്ത ആ അതിഭയങ്കര ദിവസത്തിൻറെ പിറ്റേന്നായിരുന്നു അത്.
ഞാൻ ദില്ലിക്ക് മടങ്ങിയിരുന്നതുകൊണ്ട് ഞങ്ങൾ തമ്മിൽ കണ്ടില്ല. വീടുവരെ വന്നിട്ടും കൂടുതൽ അന്വേഷണമൊന്നും പിന്നീട് ഒരിക്കലും ഗീതേടത്തിയുടെ
ഭാഗത്തു നിന്നുണ്ടായതുമില്ല.
ഗീതേടത്തി ഈ ഭുവനത്തോട് യാത്ര പറയുന്ന ദിവസം ഞാൻ അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുകയായിരുന്നു... മുറിയിലെ ടി വി ആ വാർത്തയറിയിച്ചപ്പോൾ എനിക്ക് വല്ലാത്ത വ്യസനം തോന്നി. ഞാൻ തീരേ പ്രതീക്ഷിക്കാത്ത ഒരു ചീത്തവാർത്തയായിരുന്നു അത്.
മണിക്കുട്ടിക്ക് അനിയനുണ്ടെന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്.
ഗീതേടത്തിയുടെ 'ഒറ്റസ്നാപ്പിൽ ...., അസംഘടിത ' എന്നീ പുസ്തകങ്ങൾ ഞാൻ ദില്ലിയിൽ നിന്ന് വൈകാതെ കരസ്ഥമാക്കി. അതിനിടെ ജോസഫ് എഴുതിയ ഒരു സ്മരണയും ഞാൻ വായിച്ചു. ഗീതേടത്തി വിളമ്പീരുന്ന ഏറ്റവും രുചികരമായ ഭക്ഷണത്തെപ്പറ്റി അതിലുണ്ടാരുന്നു. തന്നെയുമല്ല, അദ്ദേഹത്തിന്റെ കഠിനവ്യഥകളിലും സ്നേഹനിരാസങ്ങളിലും ആത്മസഹനമുപദേശിച്ച് ഗീതേടത്തി ഒപ്പം നിന്നുവെന്നുമുണ്ടായിരുന്നു. എം. കൃഷ്ണൻ നായർ വാരഫലത്തിൽ എഴുതിയിരുന്നതും എനിക്ക് വായിക്കാൻ കഴിഞ്ഞു . ഏടത്തിയെ കൊണ്ടു പോകാനുള്ള അടയാളം അയക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹത്തോട് ഏടത്തി തന്നെ പറഞ്ഞുവെന്ന് ഞാൻ ആ പംക്തിയിൽ കണ്ടു. അത് വായിച്ച ദിവസം എനിക്ക് വല്ലാതെ കരച്ചിൽ വന്നു.
ഗീതേടത്തിക്കും ഹിരണ്യേട്ടനും എന്നെപ്പറ്റി ഒട്ടും നല്ല അഭിപ്രായമായിരുന്നില്ലത്രേ. എൻറെ തനിമ അവർ കണ്ടിട്ടുണ്ട് എന്നായിരുന്നു അവരെ ഉദ്ധരിച്ച് പലരും എന്നോട് ബലം പിടിച്ചിരുന്നത്. ഒരുപാട് കഥകൾ അങ്ങനെ എൻറെ മുറ്റത്ത് കടന്നു വന്നിട്ടുണ്ട്.
എനിക്ക് സംശയം തോന്നും..അങ്ങനെ അവർ എന്നെപ്പറ്റി കരുതുമോ? പിന്നെ സമാധാനിക്കും. ഇല്ല.. ഒരിക്കലും ഇല്ല.. അവർക്ക് അങ്ങനെ വിചാരിക്കാൻ കഴിയില്ല.
എഴുതുവാൻ തുടങ്ങിയപ്പോഴാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിൽ ഒരു വർഷത്തെ ഗീതാഹിരണ്യൻ സ്മൃതി യിൽ പങ്കെടുത്തു സംസാരിക്കാൻ കഴിഞ്ഞത്. അന്ന് ഞാൻ ഏടത്തിയെപ്പറ്റി ഒന്നും പറഞ്ഞില്ല. എനിക്കതിനുള്ള ബലമുണ്ടായിരുന്നില്ലെന്നതാണ് സത്യം.
പ്രശസ്ത സാഹിത്യകാരൻ ശ്രീ
Susmesh Chandroth സുസ്മേഷ് ചന്ദ്രോത്ത് മണിക്കുട്ടിയുടെ കല്യാണത്തിനു പോയിരുന്നുവെന്ന് എഴുതിയത് വായിച്ചപ്പോഴാണ് ആ കല്യാണത്തിൻറെ വിവരം എനിക്ക് കിട്ടിയത്.
അവൾ എം ഡി എസ് പഠിച്ച ദന്തഡോക്ടറാണെന്നും ഞാൻ അറിഞ്ഞു.
ഹിരണ്യേട്ടൻറെ അസുഖവിവരവും അദ്ദേഹം ബന്ധുക്കൾക്കൊപ്പമാണെന്ന കാര്യവും ഞാനിങ്ങനെ കേട്ടറിഞ്ഞതാണ്. ഇന്നലെ കാരശ്ശേരി മാഷ് എഴുതിയത് വായിച്ച് ഞാൻ ആശ്വസിച്ചു.
ഹിരണ്യേട്ടൻ മകൾക്കൊപ്പമാണ്. മെല്ലെ മെല്ലെ ആരോഗ്യം വീണ്ടെടുക്കുന്നു.
എല്ലാം ശരിയാവട്ടെ. എല്ലാം നന്നാവട്ടെ. ഹിരണ്യേട്ടനെയെങ്കിലും ഒന്നു കൂടി കാണാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ.