Wednesday, May 6, 2020

ചുണ്ടലും കുണുക്കും...

                                              
നവരാത്രിക്കാലത്താണ് ഇവ ഒന്നിച്ചുണ്ടാക്കാറ്. വൈകുന്നേരത്ത് കുട്ടികൾ ബൊമ്മക്കൊലു കാണാൻ വരുമ്പോൾ ഒരു ദിവസം ചുണ്ടലും കുണുക്കുമായിരിക്കും പ്രസാദം.

ചുണ്ടലിനായി കറുത്ത കടല വെള്ളമൊഴിച്ച് കുതിർത്തു വെക്കുക. ഇതു കാലയിലേ ശെയ്യ വേണം. വൈകീട്ടാവുമ്പോൾ കടല ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുത്ത് കടുകും ചുവന്നമുളകും പച്ചമുളകും കറിവേപ്പിലയും വറുത്തിട്ട് അല്പം നാളികേരം ചിരവിയതും ചേർത്തിളക്കിയാൽ ചുണ്ടൽ ആയാച്ച്.

ചെറുപയർ, വൻപയർ എന്നിവയും ഇങ്ങനെ ചുണ്ടൽ ആക്കലാം. സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവയും ഇഷ്ടമാണെങ്കിൽ വറുത്തിടാം.

കുണുക്കിന്

പുഴുക്കലരി 200. ഗ്രാം
കടലപ്പരിപ്പ്. 100 . ഗ്രാം
തുവരപ്പരിപ്പ്. 100 . ഗ്രാം
ഉഴുന്ന് പരിപ്പ്. 1 വലിയ സ്പൂൺ
ചുവന്നമുളക് 6 എണ്ണം

ഇവയെല്ലാം 4 മണിക്കൂർ കുതിർത്ത് വെച്ച് തരുതരുപ്പായി അരക്കണം. ഒപ്പം രണ്ടു വലിയ സ്പൂൺ നാളികേരം ചിരവിയതും, നാലു പച്ചമുളകും, ആവശ്യത്തിനു കായപ്പൊടിയും ഉപ്പും ചേർക്കുക. അരച്ച മാവ് ചെറുനെല്ലിക്കാ വലുപ്പത്തിൽ തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക.

ചുണ്ടലും കുണുക്കും ഒന്നിച്ചു വിളമ്പണം.

കുണുക്കിൽ ആവശ്യം പോലേ ക്യാരറ്റ്, ബീൻസ്, ക്യാബേജ്, മല്ലിയില, കറിവേപ്പില ഇവയെല്ലാം പൊടിയായി അരിഞ്ഞു ചേർക്കാം. വെളുത്തുള്ളി, കുഞ്ഞുള്ളി, സവാള എന്നിവയും പോട്ടുക്കലാം. അപ്പോൾ കായം ചേർക്കേണ്ടതില്ല.

ഫോട്ടോ ഇല്ലൈ..

എല്ലാരും മന്നിച്ചിടുങ്കോ.. ശരിയാ..

( നാലുമണിച്ചായക്കും കാപ്പിക്കുമൊപ്പം കുണുക്ക് ശാപ്പടറുത് രൊമ്പ നല്ലാരുക്കും... )

No comments: