ഉത്തരേന്ത്യയിൽ അനവധി കൂട്ടുകാരുണ്ട്. സമാനഹൃദയർ.. ദുരിതങ്ങളിൽ ആവും പോലെ ചേർത്തു പിടിച്ചവർ. ഒപ്പം നിന്നവർ...
അവരിൽ പലരും കരഞ്ഞു.. സങ്കടം കൊണ്ട് അവരുടെ തൊണ്ടയിടറി..
'കൊറോണ വന്നാലും സാരമില്ല.. പാവപ്പെട്ട മനുഷ്യരുടെ ഈ കൂട്ടപ്പലായനം കണ്ടു സഹിക്കാൻ വയ്യ ... നമ്മൾ എത്ര ഗതികെട്ട ജനതയാണ്.. '
അതേ..
അവർക്ക് ആ മനുഷ്യർക്ക് അവരവരുടെ ജുഗ്ഗിഝോപ്പടികൾ, സ്വന്തം ഗാവുകൾ കൂടുതൽ സുരക്ഷ നല്കുമെന്ന് തോന്നിയാൽ അതിൽ അൽഭുതമേയില്ല.
ജോലി അന്വേഷിച്ചു വരുന്ന അവരെ ദരിദ്രവാസികൾ,വൃത്തിയില്ലാത്തവർ, മടിയർ, മോഷ്ടാക്കൾ, കള്ളക്കടത്തുകാർ, കുറ്റവാളികൾ എന്നൊക്ക വിളിക്കുന്നവരാണ് അവർക്ക് ജോലി നല്കുന്ന മിക്കവാറും പേരും.. തരം കിട്ടിയാൽ അവരുടെ കൂലി പറ്റിക്കും. അവരെ താമസസ്ഥലത്ത് നിന്ന് ഇറക്കി വിടും.. അവർക്ക് ജോലി നല്കി നമ്മൾ എന്തോ ഔദാര്യം കാട്ടുന്നു എന്ന മട്ടാണ് പലർക്കും...
ഇന്ത്യയിൽ കൊറോണ ദുരന്തം ബാധിച്ചത് വീട്ടിലിരിക്കുന്നവരെ അല്ല, മെഡിക്കൽ പ്രൊഫഷണലുകളെയല്ല, രോഗികളെപ്പോലുമല്ല... ഒരു ഗതിയുമില്ലാതെ നടക്കുന്ന ഈ മനുഷ്യരെയാണ്. അവർക്ക് വണ്ടികളില്ല, പണമില്ല, ഭക്ഷണമില്ല, വെള്ളമില്ല, ഇടമില്ല, എന്തേ എന്ന് ചോദിക്കാൻ ആരുമില്ല...
കുഞ്ഞുവാവകളെ തോളത്തിരുത്തി പോകുന്നവർ, ചാക്കു ചുമക്കുന്ന വാവകൾ, ഇളയവരെ എടുത്തു നടക്കുന്ന വാവകൾ, മൊത്തം സമ്പാദ്യവും ഒരു തുണിക്കെട്ടിൽ പൊതിഞ്ഞ് തലയിൽ വെച്ചിട്ടുള്ളവർ...
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഒരു കൂട്ടപ്പലായനമുണ്ടായി. അതു നമ്മൾ നേരിട്ടറിഞ്ഞില്ല.. പക്ഷേ, ഇത്..ഇത്.. നമ്മുടെ കൺമുന്നിൽ നടക്കുകയാണ്..
ഇരുനൂറു രൂപ പോലും കൈയിലില്ലാത്തവരുണ്ട്.. അവർ ദില്ലീൽ നിന്ന് മീററ്റിലേക്ക് നടക്കുന്നു. കുഞ്ഞിനെ ചുമക്കാൻ വയ്യാതായ അമ്മയും നടക്കാൻ ശേഷിയില്ലാതായ കുഞ്ഞും റോഡരികേ തളർന്നിരിക്കുന്നു. പൈപ്പുവെള്ളം കുടിച്ച് പുരുഷന്മാർ നടക്കുന്നു. എടുത്താൽ പൊങ്ങാത്ത ഭാരമാണ് ആ സ്ത്രീ പുരുഷന്മാരുടേയും കുഞ്ഞുങ്ങളുടേയും ചുമലിൽ.. ഇന്ത്യാമഹാരാജ്യത്തിൻറെ കപട നിലപാടുകളുടേയും രാഷ്ട്രീയത്തിൻറേയും കെടുകാര്യസ്ഥതയുടെയും ഭാരം...
'ഇവർ ജീവിച്ചിരുന്നിടത്ത് തന്നെ ജീവിക്കണം. ഇങ്ങനെ കൂട്ടം കൂടി പോകരുത്. '
പറയാൻ എളുപ്പമാണ്.. അവർ ജനിച്ച ഇടത്തു പോലും ജീവിച്ചിട്ടില്ല...പിന്നെയാണ് അവർ ജോലി തേടി വന്ന നാട്ടിൽ ജീവിക്കുന്നത്. അവരെ എവിടെയും ജീവിക്കാൻ ഈ രാജ്യം അനുവദിക്കില്ല.
ഇന്ത്യ ധനികരെ മാത്രം പൗരരാക്കാൻ താത്പര്യമുള്ള രാജ്യമാണ്...
1 comment:
ഇന്ത്യ മാത്രമല്ല എല്ലാ രാജ്യക്കാരും ധനികരെ
മാത്രം പൗരരാക്കാൻ താത്പര്യമുള്ള രാജ്യങ്ങളാണ് ...
Post a Comment