Monday, May 4, 2020

ഹരിയേട്ടാ... You left...

                      
ഇടശ്ശേരിയുടെ മകൻ.. അതിമനോഹരമായ കഥകളും നോവലുകളും ഒക്കെ എഴുതീരുന്ന പ്രശസ്ത എഴുത്തുകാരൻ ഇ ഹരികുമാർ നിര്യാതനായി..

അസുഖമാണെന്നറിഞ്ഞിരുന്നു. എന്നാലും ഇത്ര പെട്ടെന്ന് പോവുമെന്ന് വിചാരിച്ചില്ല..

ആകെ ഒന്നുരണ്ടു തവണയേ നേരിൽ കണ്ടിട്ടുള്ളൂ..

ഇടശ്ശേരിയുടെ ഭാര്യ 'കറുത്തചെട്ടിച്ചികൾ' ഒപ്പിട്ടു സമ്മാനിച്ച ദിവസം. .. ഹരിയേട്ടൻറെ അനിയൻ Divakaran Edasseriഡോ. ദിവാകരൻറെ വീട്ടിൽ വെച്ച്..

അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന എന്റെ കവിതകളോടുള്ള താത്പര്യം ഹരിയേട്ടനെ ചിരിപ്പിച്ചു.. ഞാൻ എന്തൊക്കേയോ പറഞ്ഞു.. കവിത ചൊല്ലി..

എൻറെ അച്ഛന്റെ ഒപ്പം ഒളരിക്കര ഇ എസ് ഐ ഹോസ്പിറ്റലിൽ ആയിരുന്നു അന്ന് ഡോ. ദിവാകരൻ ജോലി ചെയ്തിരുന്നത്.

പിന്നെ കാണുന്നത് ഞങ്ങൾ അച്ഛനും അമ്മയും ഞാനും ഭാഗ്യയും തിരുവനന്തപുരത്തേക്ക് പോവാൻ തൃശൂർ റെയിൽവേസ്റ്റേഷനിൽ നില്ക്കുമ്പോഴാണ്. അന്ന് അച്ഛൻ ഡി എം ഓ ആയിരുന്നു.

അനിയൻറെ കൂടെ ജോലി ചെയ്ത സീനിയർ ഡോക്ടർക്കും കുടുംബത്തിനും ഹലോ പറഞ്ഞ് രണ്ടു മിനിറ്റ് ഒപ്പം ചെലവാക്കി ഹരിയേട്ടൻ പോയി.

പിന്നെ ഞങ്ങൾ കണ്ടിട്ടില്ല..

പക്ഷേ, ഹരിയേട്ടൻ എഴുതിയതെല്ലാം ഞാൻ വായിച്ചു.. ചിലപ്പോൾ ഉറക്കെ കരഞ്ഞു.. ചിലപ്പോൾ ചിരിച്ചു.. ചിലപ്പോൾ സമാധാനിച്ചു.

എവിടേയോ ഉണ്ട് എന്നായിരുന്നു വിചാരം. പിന്നെ ജീവിതം തന്ന മുറിവുകൾ ഉണങ്ങാൻ സമയം വേണ്ടിയിരുന്നതുകൊണ്ട്... ഹരിയേട്ടൻ എന്നോടു മിണ്ടുമോ എന്ന് ഭയന്നിരുന്നതുകൊണ്ട് ... അതുകൊണ്ടൊക്കെ ഞാൻ തിരക്കിപ്പോയില്ല.

Geetha Suryan ഗീതാസൂര്യനാണ് പിന്നേം ആ വാതിലുകൾ തുറക്കാൻ കാരണമായത്.

Manohar Doha-Qatar മനോഹർ ദോഹ,Damodar Radhakrishnan ദാമോദർ രാധാകൃഷ്ണൻ എന്നിവർ സഹായിച്ചു..

ഡോ. ദിവാകരനോട് എനിക്ക് അനവധിക്കാലം കഴിഞ്ഞ് അങ്ങനെയാണ് സംസാരിക്കാൻ സാധിച്ചത്. അദ്ദേഹം എന്നെ ഓർക്കുന്നുവെന്നത് എനിക്ക് വലിയ അൽഭുതമായിരുന്നു. അച്ഛൻ ഒടുവിൽ കണ്ടപ്പോൾ ഓരോന്നു സംസാരിച്ച കൂട്ടത്തിൽ പറഞ്ഞിരുന്നു, ഡോ.ദിവാകരൻ അന്നത്തെ ആളല്ല.. ശസ്ത്രക്രിയകൾക്ക് മുമ്പ്‌ കുത്തിവെച്ച് ബോധം കെടുത്താൻ പഠിച്ച സ്പെഷ്യലിസ്റ്റ് ആണെന്ന്....

'ഹരിയേട്ടന് തീരെ വയ്യ.. എന്നാലും ഞാൻ പറയാം' എന്ന് ഡോ. ദിവാകരൻ എന്നോട് പറഞ്ഞു..

No comments: