Tuesday, May 12, 2020

അപ്പൂപ്പൻ

                                              
പ്രൊഫസർ ഹൃദയകുമാരി ടീച്ചർ എഴുതീട്ടുണ്ട്. പണം തൊട്ടാൽ അവർ ഉടനെ സോപ്പിട്ട് കൈ കഴുകുമായിരുന്നുവെന്ന്. അതുകൊണ്ടാവണം പണവും അവരോട് അത്ര സ്ഥായിയൊന്നും പുലർത്താഞ്ഞതെന്ന്..

ഇന്നു രാവിലെ പരിസരത്തെ വേണ്ട പ്പെട്ടവനായി മാറിയ അപ്പൂപ്പൻ എന്നോടത് പറഞ്ഞു. അപ്പൂപ്പൻ ഹൃദയകുമാരി ടീച്ചറെ വായിച്ചിട്ടില്ല. എനിക്കുറപ്പുണ്ട്.

കൊറോണക്കാലമാണ് അപ്പൂപ്പനെ എല്ലാവർക്കും വേണ്ടപ്പെട്ടവനാക്കിയത്. അതുവരെ വെറും ഒരു സാധാരണ വഴിപോക്കനായിരുന്നു അപ്പൂപ്പൻ. ആരുടേയും ആരുമല്ലാത്ത ഒരാൾ. എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു എവിടെ താമസിക്കുന്നു എന്നൊന്നും ആരും ഒരിക്കലും അന്വേഷിച്ചിട്ടില്ലാത്ത ഒരാൾ. ഇടയ്ക്കിടെ നടന്നു പോകുന്നത് കാണാം.. ഒരിക്കൽ അങ്ങോട്ട്.. പിന്നെ ഇങ്ങോട്ട്.. പലരും ആ അപ്പൂപ്പനെ ശരിക്കും കണ്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല.

വീട്ടുസഹായികൾ ആരും വരാത്ത കാലമാണ്. എല്ലാ വീട്ടുകാർക്കും കൊറോണയെ നല്ല ഭയവുമുണ്ട്. ആരും കഴിയുന്നത്ര പുറത്തിറങ്ങാറില്ല. ആരോഗ്യവകുപ്പിലുള്ളവർക്കും പോലീസിനും പോവാതേ വയ്യല്ലോ.

വീടുകളിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് എല്ലാവർക്കും പ്രശ്നമാണ്. ആരു പോകും? ക്യൂ നില്ക്കാൻ വയ്യ. കൊറോണപ്പേടിയും കലശലാണ്.

അങ്ങനെയാണ് അപ്പൂപ്പൻ റിക്രൂട്ട് ചെയ്യപ്പെടുന്നത്.

ആരാണ് റിക്രൂട്ട് ചെയ്തതെന്ന് അറിയില്ല.

സൈക്കിളിൽ പച്ചക്കറികളും പഴങ്ങളും അരിയും പലവ്യഞ്ജനങ്ങളുമായി അപ്പൂപ്പൻ വരുന്നു. എല്ലാ വീട്ടുകാരുടേയും ലിസ്റ്റ് അനുസരിച്ച് സാധനങ്ങൾ നല്കുന്നു. മൽസ്യവും മാംസവും കൊണ്ടു വരുന്നു .. നല്കുന്നു. ഇപ്പോൾ മീൻകാരി ചേച്ചി വന്നു തുടങ്ങി. അതുകൊണ്ട് അപ്പൂപ്പൻ മീൻ കൊണ്ടു വരുന്നില്ല.

എല്ലാ സ്ത്രീകൾക്കും സ്വന്തപ്പെട്ട പുരുഷന്മാരേ വീട്ടിനു പുറത്തു വിടാൻ പേടിയാണ്. പുരുഷന്മാർക്ക് സ്വന്തപ്പെട്ട സ്ത്രീകളെ പുറത്തു വിടാൻ പണ്ടേയുണ്ടായിരുന്ന ഇൻബിൽറ്റ് പേടി ഇപ്പോ ആയിരം മടങ്ങായി കൂടി.

അപ്പൂപ്പൻ ആർക്കും സ്വന്തമല്ല.. അപ്പോൾ പിന്നെ...

എല്ലാവരും അപ്പൂപ്പനു സർവീസ് ചാർജ് കൊടുക്കുന്നുവെന്ന് ഗേറ്റിങ്കൽ നിന്ന് ദയാപൂർവം കരുണപ്പെടും. അപ്പോൾ എല്ലാവരുടേയും മുഖങ്ങൾ സ്വയം ചൊരിയുന്ന അനുഗ്രഹവർഷമോർത്ത് പുളകം കൊള്ളുന്നുണ്ടാവും.

'അപ്പൂപ്പന് ഒരു വരുമാനമായല്ലോ.. '

എല്ലാവരും അങ്ങനാണ്. അപ്പൂപ്പൻ മടക്കിത്തരുന്നതെന്തെന്ന് പറയില്ല.. ഓർക്കില്ല.. രേഖപ്പെടുത്തില്ല....

ഞാനിന്ന് പാൽക്കാരന് പണം കൊടുക്കുകയായിരുന്നു. ചില്ലറ ശരിയാക്കാൻ അപ്പൂപ്പനാണ് സഹായിച്ചത്. അന്നേരമാണ് എന്നോട് അപ്പൂപ്പൻ പറഞ്ഞത്.

പണം എടുത്താൽ കൈ സോപ്പിട്ട് കഴുകണമെന്ന്.. അതുകൊണ്ട് പണം ഇത്തിരി പിണങ്ങിപ്പോയാലും സാരമില്ലെന്ന്..

അപ്പൂപ്പനെ കൊറോണക്കെന്നല്ല, സർവീസ് ചാർജ് കൊടുത്ത് കരുണപ്പെടുന്നവർക്കും ഭയപ്പെടുത്താൻ പറ്റില്ലെന്ന് എനിക്ക് ആ നിമിഷം ബോധ്യമായി..

No comments: