Thursday, May 7, 2020

ചൊക്ളി 11





 
പതിനൊന്ന്.

വാരര് മാഷ് ഇല്യെങ്കിലും ഉണ്ടെങ്കിലും ആലൂര് ദേശത്ത് നേരം വെളുക്കാണ്ടിരിക്കില്ല..കിളികള് പാടാണ്ടിരിക്കില്ല… ഒക്കെ സാധാരണ പോലെ നടക്കും… ഓടും.

അത്രേള്ളൂ മനുഷ്യരുടെ കാര്യം.

ചൊക്ളി ദേവു അമ്മേടെ കടേല് വേണ്ട പണികൾ മുഴുവനും ചെയ്തു. ശരിക്കും അവരുടെ മാത്രം പണിക്കാരനായി .

ഗോപാലേട്ടൻ ചൊക്ളീടെ മുഖത്ത് നോക്കല് തന്നെ നിറുത്തീരുന്നു.

ദേവുഅമ്മേടെ കടേല് പണി ഒഴിവുള്ള നേരം നോക്കി ചൊക്ളി പാറപ്പൊറത്തേക്ക് ഒരു വഴി ശരിയാക്കീടുത്തു. ഒന്നുല്ല, ചൊറിയണത്തിൻറേം അപ്പേടേം തകരേടേം കാട് കുറെ പറച്ചു കളഞ്ഞു കുത്തീര്ന്ന്. ഇപ്പോ പാറേടെ പിന്നീന്ന് നേരേ ഒരു എടവഴീല്ക്ക് എറങ്ങിയ പോലെ തോന്നും.

പണീം കഴിഞ്ഞ്‌ വരണ ചെട്ടിച്ചികളും കച്ചോടം കഴിഞ്ഞു വരണ കുശത്തികളും പാറേടെ അടുത്തുള്ള ആ വഴിക്കൂടെ നടന്ന് നടന്ന് അവടെ ഒരു ആളനക്കായി. അങ്ങനാണല്ലോ. പാറേം കുന്നും കേറിമറിഞ്ഞ് പോകുമ്പോ ഇത്തിരി വഴി ലാഭണ്ടാവണ ഒരു എടവഴി കണ്ടാൽ അതിലേ നടക്കാൻ പൂതിണ്ടാവില്ലേ, സാധാരണ മനുഷ്യമ്മാര്ക്ക്.

അന്തോണി മാപ്ളക്ക് മാത്രം കഷ്ടം തോന്നി ചൊക്ളീടെ പാറേമ്മേള്ള ഒറ്റപ്പൊറുതി കണ്ടിട്ട്. അതിനു കാരണം തൃസ്സക്കുട്ട്യാരുന്നു. കൊച്ചുങ്ങളേം എളീല് വെച്ച് അതിലേം ഇതിലേം നടക്കുമ്പോളും ആടിനെ തീറ്റിക്കാൻ എടവഴിക്കോടെ പോവുമ്പളും ഒക്കെ ചൊക്ളിയെ കാണുമ്പോ തൃസ്സക്കുട്ടിക്ക് വെഷമാവും.

'ആച്ചെക്കന് വെള്ളം കുടിക്കാനൊരു കലങ്കെലും വെച്ച് കൊട്ത്ത്ല്ലെങ്കി മാതാവ് ചോദിക്കും.. ഇപ്പല്ലെങ്കി വയസ്സുകാലത്ത്..'

തൃസ്സക്കുട്ടീടെ പ് രാക്കാണ് അന്തോണി മാപ്ള ക്ക് എപ്പോളും മാതാവിന്റെ, മ്മ്‌ടെ ഈശോ കർത്താവിൻറമ്മേടെ മൊഴി.

ചൊക്ളിക്ക് കീറിയ മുണ്ടും, വക്ക് പൊട്ടിയ മൺകലോം ഒരു നീണ്ട കഷണം ചൂടിക്കയറും മാപ്ള കൊടുത്തു. ആസ്പത്രീന്ന് കിട്ടിയ ചൊമന്ന മിച്ചറ് മരുന്നുകുപ്പീടെ അടപ്പ് തൊളച്ച് വണ്ണത്തിലൊരു മുണ്ട് തിരീം എറക്കി കുപ്പീല് മണ്ണെണ്ണേം നെറച്ച് കൊടുത്തു ദേവുഅമ്മ.

കയറോണ്ട് ചൊക്ളി അയ കെട്ടി. മൺകലത്തില് വെള്ളം പിടിച്ച് വട്ടേടെ എല പറച്ച് അടച്ച് വെച്ചു. അത്യാവശ്യത്തിന് ഒരു വെളക്കായി. അന്തോണി മാപ്ളേടെ കടേന്ന് ഒരു പക് തി തീപ്പെട്ടി കൊണ്ടന്ന് വെച്ചു.

ആലൂര് സെൻററില് തുന്നക്കാരൻ ശങ്കരൻറെ കടേണ്ട്. തുന്നക്കാരൻ ശങ്കരൻ ന്ന് ആരും പറയില്ല. കുപ്പീന്നാണ് പറയാ. ന്ന് വെച്ചാ അതന്നെ.. കള്ളും കുപ്പി തന്നെ. വൈന്നേരം നാലുമണി ആയാ മതി ശങ്കരന് ആകെ ഒരു തൊയിരക്കേട് തൊടങ്ങലായി.. ഏഴു മണി വരെ എങ്ങനേങ്കലും ആ പഴേ തുന്നൽ മെഷീനും വെറപ്പിച്ച് ഇരിക്കും. പിന്നേ ഒറ്റ ഓട്ടാണ്. കല്ലെട്ടിപ്പാടത്തെ ഷാപ്പിലിക്ക്. നാലു കാലിലായാലേ ശങ്കരന് പൊറുതി വരൂ. കള്ള് അകത്ത് ചെന്നാ 'മോനേ എൻറെ മോനേ' ന്ന് ഏങ്ങിക്കരഞ്ഞൊടങ്ങും.

ഒന്നൂല്യാ. മോനെ കാണാതെ പോയിട്ടൊന്നുമല്ല. അവൻ പേർഷ്യയിലുണ്ട്. പോയത് ആരോടും പറയാണ്ടേ ലോഞ്ചില് കേറിയാണ്.. അത് കടുപ്പം തന്നെയായിരുന്നു ശരിക്കും. അന്നൊക്കെ ശങ്കരൻറെ കരച്ചിലും നെലോളീം കണ്ടിട്ടും കേട്ടിട്ടും അമ്മമാര് പെണ്ണുങ്ങൾക്ക് തന്നെ തോന്നീട്ടുണ്ട്. സ്വന്തം അമ്മത്തം ഒട്ടും പോരാന്ന്..

ശങ്കരൻറെ മോൻ വിജയൻ ദാരിദ്ര്യം സഹിക്കാണ്ട് പേർഷ്യേ പോയതാ. വിജയന് താഴേ എട്ടു മക്കളുണ്ട്. ഒന്നും തെകയില്ല ഒരു സാധനോം ആരക്കും മതിയാവില്ല..

ചാവണെങ്കി ചാവട്ടെ ന്ന് വെച്ച് ലോഞ്ചില് കേറി വിജയൻ നാടുവിട്ടു. ആലൂര് നാട്ടീന്ന് ആദ്യം പേർഷ്യേപ്പോയത് വിജയനാണ്. പേർഷ്യേല് ഒരു നില്ക്കക്കളളിയായപ്പോ അവൻ അച്ഛന് എഴുതി..

ആ എയർ മെയില് വന്ന ദിവസം ശങ്കരൻ കുടിച്ച കള്ളിൻറെ കടം പിന്നെ വിജയൻ നാട്ടില് വന്നിട്ടാണ് വീട്ടീത്..

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് നാല് ദിവസം കഴിഞ്ഞിട്ടുണ്ടാവും അന്ന് ശങ്കരൻ മറിയപ്പാറ അങ്ങാടീൽക്ക് കെതച്ച് കെതച്ച് വന്നു.

മൊയ്തീൻറെ മോൻ നസീറ് പേർഷ്യേല്ണ്ട്. വിജയൻ കണ്ടു. കെട്ടിടം പണിയാണ് അവിടെ. നസീറും ലോഞ്ചില് തന്നെയാണ് നാടു വിട്ടത്.. ഒരു കാശുകാരനായിട്ടേ ഇനി മറിയപ്പാറേല് വരുള്ളൂ.

മൊയ്തീൻ ആദ്യം നെലോളിച്ചു. പിന്നെ ചിരിച്ചു. ശങ്കരൻറെ കൈയില്ണ്ടാര്ന്ന എയർ മെയിൽ കത്ത് മേടിച്ച് മുത്തി.. പ്രാന്ത് പിടിച്ച പോലെ ആയിരുന്നു മൊയ്തീന്…കണ്ട് നിന്നോര്ക്കും കരച്ചിലും ചിരീം ഒപ്പം വന്നു.

ചൊക്ളി എല്ലാം കണ്ടോണ്ട് നില്ക്കാരുന്നു. അവന് നെഞ്ചില് ഒരു പൊട്ടല് തോന്നി. നസീറിക്കേടേ വിവരം കിട്ടീത് നന്നായി.. ആ കുടുമ്മത്തില് ഒരു തെളിച്ചം വരൂലോ ഇനി. മൊയ്തീൻക്കയും മറിയംത്തയും മക്കളെ സ്നേഹിക്കണ കാണുമ്പോ ചൊക്ളിക്കും കൊത്യാവാറ്ണ്ട്. അങ്ങനെ ആരേലും അവനും ഇണ്ടാവാൻ..

അന്ന് രാതീല് നല്ല മഴ പെയ്തു. ചൊക്ളി രണ്ടു മുണ്ടും പൊതച്ച് പാറേടെ അകത്തേക്ക് നീങ്ങിക്കെടന്ന് തൂവാനടിക്കാണ്ട് ഒറങ്ങി.

തെരഞ്ഞെടുപ്പും വോട്ടും പറഞ്ഞ് ആൾക്കാരും ജീപ്പും ഒക്കെ വരുമ്പളേക്കും ചൊക്ളീടെ എടവഴീല് കൊറെ കുഞ്ഞു ചെടികള് മുളച്ച് വന്നിരുന്നു.
ചെട്ടിച്ചികള് മുടീല് ചൂടീരുന്ന ചെണ്ടുമല്ലീം വാടാമല്ലീം ഒക്കെ വഴീല് വീണ് കെടന്നേരുന്നത് പൊട്ടിമുളച്ചതാ..

ചെല വിത്തോള് അങ്ങന്യാണ്. ഏത് എടവഴീലാ ഏത് പാറേലാ ഒറങ്ങാ, എന്ത് വീണാ, എപ്പളാ മൊളച്ച് എല വിരിയാ എന്നൊന്നും അങ്ങനെ ആർക്കും അറിയാൻ പറ്റില്ല.

No comments: