ഇതൊരു പാചകക്കുറിപ്പാണ്..ഗദ്ഗദത്തോടെ 'മാഡം ജീ, മാഡം ജീ' എന്ന് ഇടക്കിടെ വിളിച്ചുകൊണ്ട് എന്നോടു പങ്കുവെച്ച ഒരു പാചകക്കുറിപ്പ്..
ഇതിൽ ഒരു അമ്മസ്സുഗന്ധമുണ്ട്.. ഒരു കൊതിയാവലും കരച്ചിലും ദാരിദ്ര്യവും നിസ്സഹായതയുമുണ്ട്.
ഓറഞ്ച് നിറമുള്ള മസൂർപരിപ്പും ചെറുപയറുപരിപ്പും ഓരോ പിടി വീതം മൂന്നാലു മണിക്കൂർ കുതിർത്തിട്ട് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
എന്തിനാണ് കുതിർക്കുന്നത്?
പെട്ടെന്ന് വേവാൻ...
പ്രഷർകുക്കറിൽ ഇട്ടാൽ പോരേ..
അതില്ല, അമ്മേടടുത്ത്..
പകുതി സവാളയും പകുതി തക്കാളിയും വിരലിൽ വഴുപ്പായി പൊതിയുന്ന കുറച്ച് പച്ചമുളകും മല്ലിയിലയും അരിഞ്ഞുവെക്കുക.
പരിപ്പ് വെന്താൽ, മറ്റൊരു കുഞ്ഞിപ്പാത്രത്തിൽ അല്പം കടുകെണ്ണ ഒഴിച്ച് ഇത്തിരി പാഞ്ച് ഫോരൻ( കടുക്, ഉലുവ, പെരുഞ്ചീരകം, എള്ള്, സാധാരണ ജീരകം) വറവിടുക. എന്നിട്ട് സവാളയും തക്കാളിയും വഴറ്റുക, അല്പം ഗരം മസാലപ്പൊടി ചേർത്ത് കുഞ്ഞിപ്പാത്രത്തിലെ വറവ് വെന്ത പരിപ്പിൽ ചേർക്കുക. മല്ലിയിലയും തൂകുക. ചൂടു ചോറിൻറെ കൂടെ കഴിക്കുക...
പരിപ്പുകറിയിൽ ചൂടുവെള്ളം ചേർത്ത് എത്ര വേണമെങ്കിലും നീട്ടാൻ അമ്മയ്ക്കറിയാം.
അരി വേവിച്ച വെള്ളത്തിൽ ഉപ്പിട്ട് ഇങ്ങനെ വറവിട്ട് തക്കാളിയും സവാളയും ചേർത്ത് ഗരംമസാലയും മല്ലിയിലയും തൂവിയും അമ്മ കറിയാക്കിത്തരും.
ഇത് ദരിദ്രനായ ഒരു ആസ്സാംകാരൻറെ വർത്തമാനമാണ്.
അമ്മ ഉണ്ടാക്കി വിളമ്പും. പലപ്പോഴും റോഡരികിലെ വെളിച്ചത്തിലാണ് അവർ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത്...അമ്മയുണ്ടാക്കുന്ന ആഹാരത്തിൻറെ രുചി ...ഓർക്കുമ്പോൾ അവിടെ പറന്നെത്താൻ തോന്നുന്നു.
ഇപ്പോൾ ഇവിടെ ഈ ആഹാരം ഉണ്ടാക്കി കഴിക്കാൻ പറ്റും.. വിഷമമൊന്നുമില്ല.. എന്നാലും വീട്ടുകാർ എങ്ങനെ കഴിയുന്നുവെന്ന് ഓർക്കുമ്പോൾ കരച്ചിൽ വരും.
ഇവിടത്തെ പോലെ അല്ല, അവിടെ ചികിത്സ... മറ്റു സൗകര്യങ്ങൾ...ഒന്നും കേരളത്തിലെ പോലെ അല്ല.. ഇവിടെ വന്ന് ജോലി എടുക്കുന്നതുകൊണ്ട് കുറേശ്ശേ കുറേശ്ശേയായി ജീവിതം ഭേദപ്പെട്ടു വരികയായിരുന്നു.
കൊറോണക്കാലം കഴിഞ്ഞാലല്ലേ ഇനി പോയി വരാൻ കഴിയൂ..
ഓർക്കുമ്പോൾ പിന്നേം പിന്നേം കരച്ചിൽ വരുന്നു മാഡം ജീ..
ചില ദിവസങ്ങളിൽ വല്ലാത്ത വിഷമം വരും..
No comments:
Post a Comment