Sunday, May 3, 2020

അമ്മീമ്മയുടേയും അമ്മയുടേയും അമ്മയും അപ്പാവും


                                                                           
                                                         
20/03/20

തൃക്കൂർ മഠത്തിൽ രുഗ്മിണി അമ്മാളും സുബ്ബരാമയ്യരും..

പഴയ പടങ്ങളാണ്..

അമ്മീമ്മ ഈ പടങ്ങൾ തൃക്കൂർ സർവോദയ സ്ക്കൂളിലെ സഹപ്രവർത്തകനായിരുന്ന രാഘവൻ മാഷെക്കൊണ്ട് വരപ്പിച്ചെടുത്തതാണ്. സ്വന്തം മാതാപിതാക്കളുടെ ഒരു ഫോട്ടോ പോലും കൈവശം വെക്കാൻ ഭാഗ്യമില്ലാതിരുന്ന മകളായിരുന്നുവല്ലോ, അവർ..

പടങ്ങൾ വരച്ചു കിട്ടിയപ്പോൾ അമ്മീമ്മ അത് അഭിമാനത്തോടേ എൻറെ അച്ഛനേയും അമ്മയേയും കാണിച്ചു.

അമ്മ കരഞ്ഞു.. ഏങ്ങലടിച്ചു കരഞ്ഞു.

അച്ഛൻ പടങ്ങളെ നിവർത്തിയും ചരിച്ചും ഒക്കെ പലപാട് സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു..

'അമ്മീമ്മയെ സമ്മതിച്ചിരിക്കുന്നു.. ഇങ്ങനെ യൊക്കെ വരച്ച് ഒപ്പിക്കാൻ മാത്രം രാഘവൻ സാറിന് അദ്ദേഹം ഒരിക്കലും കാണാത്ത രണ്ടു പേരെ പരിചയപ്പെടുത്തിക്കൊടുത്തല്ലോ..'

അമ്മീമ്മ ചിരിച്ചു.

എൻറെ അച്ഛൻ അമ്മീമ്മക്കു വളരെ കുറച്ചു നല്ല വാക്കുകളേ നല്കിയിട്ടുള്ളൂ.. അതിലൊന്ന് ഈ സന്ദർഭമാണ്.

എങ്ങനെയാവും കോലം വരക്കാൻ മാത്രം ചിത്രകല അറിഞ്ഞിരുന്ന, ചിലപ്പോൾ ചില വാട്ടർ കളർ പെയിന്റിങുകൾ ഭാഗ്യക്കൊപ്പം ചെയ്യാൻ പരിശ്രമിച്ചിരുന്ന അമ്മീമ്മ ഈ പടങ്ങൾ വരക്കാൻ രാഘവൻ മാഷെ മനസ്സിലാക്കിച്ചിട്ടുണ്ടാവുക..

അതോ അമ്മയച്ഛന്മാരുടെ രൂപം ഓർമ്മയിൽ നിന്ന് പകർത്താൻ ആർക്കും കഴിയുമായിരിക്കുമോ?

No comments: