Thursday, May 7, 2020

ചൊക്ളി 13പതിമൂന്ന്.

മാങ്ങാക്കാരൻ രാമൻറെ മുന്നിലിക്കാണ് താടിയുള്ള മെലിഞ്ഞ മനുഷ്യൻ ചൊക്ളിയേം കൊണ്ടുപോയീത്.

'രാമേട്ടാ, ഇബനെക്കൊണ്ട് കാര്യണ്ടോന്ന് നോക്ക് '

അതും പറഞ്ഞ് മെലിഞ്ഞ മനുഷ്യൻ ആ ഓലപ്പെരേന്ന് എറങ്ങിപ്പോയി.

ഓലപ്പെര ചായക്കടേടെ അടുത്തന്നെയാണ്. കോടംകര ഭാഗത്തേക്ക് നീങ്ങിട്ടാന്ന് മാത്രം. അത് തെരഞ്ഞെടുപ്പായിട്ട് പൊട്ടിമൊളച്ചതാണ്. അവടേ ഓലപ്പെരേം കുടിശ്ശേം തേങ്ങേം ഒന്നുണ്ടാര്ന്നില്ല.അത് ചൊക്ളിക്ക് ഒറപ്പന്നെയാണ്.

ഓലപ്പെരേല് കൊറച്ച് പത്രക്കടലാസ്സ് വിരിച്ചട്ട്ണ്ട്. ഒന്നു രണ്ട് ബെഞ്ചും ണ്ട്. രാമേട്ടൻ ഒന്ന് ചിരിച്ചു. എന്ന്ട്ട് ക്ഷണിച്ചു..

ചൊക്ള്യേ, നീ ഇബടെ തറേലിരുന്ന് ഈ കടലാസ്സൊക്ക്യൊന്ന് നോക്ക്യേ…

ചൊക്ളി ഏന്തലുള്ള കാല് വശം ചെരിച്ച് ഠപ്പേന്ന് കടലാസ് വിരിച്ച തറേലിക്കിരുന്ന്..എന്തോ വട്ടത്തില് വട്ടത്തില് വരച്ച്ണ്ട്. കുനിപ്പും നീട്ടോം ഒക്കെണ്ട്..

ചൊക്ളി ചിരിച്ചു..

രാമേട്ടൻ ചകിരിത്തൂപ്പ് കെട്ടിയ കൊറച്ച് വടിക്കഷ്ണങ്ങളും ചെരട്ടോളില് നെറച്ച ചോന്ന ചായോം കൊറെ കടലാസ്സും മുന്നീ പരത്തീട്ട്.. ' നീയാ ചെയ്തോടാ.. ഞാനിത്തിരി ചായടെ വെള്ളം കുടിക്കട്ടേ'ന്ന് അങ്ങട്ട് എറങ്ങി..

ചൊക്ളി പെട്ടു..

ചെയ്യേ..

എന്ത് ചെയ്യണൂ.

ഇന്നത്തേ ദൂസം വരേ ചകിരിത്തൂപ്പിൻറെ വടിക്കഷ്ണം പിടിച്ച്ട്ട് ല്യാ. ചായം തൊട്ട് ട്ട്ല്ല.. എന്നട്ട് എന്ത് ചെയ്യാനാ..

ചൊക്ളി കൊറച്ച് നേരം അവടെ കുത്തിര്ന്നു. പിന്നെ പത്ക്കെ ചകിരിത്തൂപ്പ് കെട്ടിയ വടിക്കഷ്ണം ഒരെണ്ണട്ത്ത് ചോന്ന ചായത്ത്ല് മുക്കി ഒരു കടലാസ് എടുത്ത് നോക്കി നോക്കി വട്ടത്ത്ല് വട്ടത്ത്ല് വരച്ചു. നീട്ടോം കുനിപ്പും ഒക്കെ വരച്ചു.. ആ കടലാസ് ല് കണ്ടത് അതേ പോല്യങ്ങട് വരച്ചു..

ചായ കുടിച്ച് വന്ന രാമേട്ടൻ 'ടാ, ചൊക്ളീ നീയ്യ് ഇങ്ങന്യൊക്കെ എഴുതോ'ന്ന് ചോയിച്ചതിശയിച്ചു..

ചൊക്ളീടെ കണ്ണ് മിഴിഞ്ഞു.

എഴുതേ..ആരെഴ്തി.. എന്ത് തേങ്ങ്യാ എഴ്തീത്..രാമേട്ടൻ പറേണതൊന്നും ചൊക്ളീടെ തലേല് കേറില്ല.

എന്തായാലും കാര്യങ്ങള് അങ്ങന്യായി. ചൊക്ളിക്ക് ഒറ്റക്ഷരം എഴ്താൻ അറീല്ല..അക്ഷരം വരയ്ക്കാൻ അറീം.. നല്ല ഭംഗീലന്നെ വരക്കും.. അവൻറെ കൈയിമ്മേ ആ ലക്ഷണള്ള വരേണ്ടെന്ന് രാമേട്ടന് ഒറപ്പാണ്..

തെരഞ്ഞെടുപ്പ് തീരണ വരേ അവൻ അക്ഷരം വരക്കട്ടേന്ന് രാമേട്ടൻ നിശ്ചേച്ചു. പകല് ദേവുഅമ്മേടെ കടേല് പണീട്ക്കണം. രാത്രീല് ഓലപ്പെര ആപ്പീസില് വന്ന് വരക്കണം.

ചൊക്ളി ശരീന്ന് വെച്ചു. ആ പാറേമ്മേ ദൂസത്തില് കൊറച്ചേരം കെടന്നാ മതീലോ അപ്പോ..

ദേവുഅമ്മ മോറ് വീർപ്പിക്കാണ്ടിര്ന്നില്ല. എന്നാലും രാമേട്ടനോട് വിരോധൊന്നും കാണിക്കാമ്പറ്റ്ല്ല. അതോണ്ട് അവരത്ങ്ങട്ട് സഹിച്ചു..

ഇന്ദ്രാഗാന്ധി തൃശ്ശൂര് വന്നപ്പോ 'അവളാരെയൊന്ന് കാണാണ്ട് പറ്റ്ല്യാ'ന്ന് പറഞ്ഞ് ദേവുഅമ്മ പോയി.. പ്രവാഗരന്നായര് പോണ്ടാന്ന് പോണ്ടാന്ന് കൊറേ വട്ടം തടഞ്ഞോക്കി. എവടെ..? ദേവുഅമ്മ തീര്മാനിച്ചാ പിന്നെ തീര്മാനിച്ചതാ.. ആ പൊറം പൊളിയണ വെയ്ല്ത്ത് തേക്കുംകാട് മൈതാനത്ത് ചെന്ന് നിന്നു . ടവുസറ് ഇട്ട പോല്ലീസാരാര്ന്ന് മൈതാനം നെറയേ..അവര് തറേലിരുന്ന് കാലും പൊക്കിവെച്ച് തൊടേം കാട്ടി ഇര്ന്നത് ദേവുഅമ്മക്ക് തീരേ പിടിച്ച് ല്ല..ഇന്ദ്രാഗാന്ധി പ്രസംഗിച്ചതൊന്നും കേട്ട്ല്ല.. 'അവളാരേ ഒന്ന് കാണ്ണണന്നേണ്ടാര്ന്ന്ള്ളൂ. അവളാര് പറേണ നൊണോളൊന്നും നിക്ക് കേക്കണ്ടാന്നേ'ന്നും പറഞ്ഞോണ്ടാണ് സന്ധ്യാമ്പളത്തേ താമര ബസ്സിന് ദേവുഅമ്മ മറിയപ്പാറ അങ്ങാടീൽക്ക് വന്ന് കേറീത്..

എന്തനാത്ര ദണ്ണപ്പെട്ട് അവര് ഇന്ദ്രാഗാന്ധീന്നൊര് പെണ്ണൊര്ത്തീനെ കാണാമ്പോയേന്ന് ചൊക്ളിക്ക് തീരേ മൻസിലായില്ല.

ചൊക്ളി വരച്ചോണ്ടിരുന്നു.. ചായേം കടീം ഊണൂണ്ടാക്കിയോണ്ടിരുന്നു..

ഒരീസം രാമേട്ടൻ പറഞ്ഞു.. 'മതീടാ നിറുത്തിക്കോ.. 'എന്ന്ട്ട് പത്തുറുപ്പിയേടെ മൂന്ന് നോട്ട് അരേലേ ബെൾട്ടീന്ന് ഇടുത്ത് കൊട്ത്തു.

ചൊക്ളീടെ തല ചിറ്റി. മുപ്പതുറുപ്പിയ.. ആദ്യം ചിരി വന്നു.. പിന്നെ നെലോളിക്കാനാ തോന്നീത്.

രാമേട്ടൻ ചൊക്ളീടെ തലേല് തടവി.. ന്നട്ട് സമാധാൻപ്പിച്ചു.. 'വെഷമിക്കല്ലടാ.. ചൊക്ളി. ഞാനും മ്മടെ പാർട്ടീം എന്നുണ്ടാവുടാ നെനക്ക്..'

തെരഞ്ഞെടുപ്പിൻറെ വിവരങ്ങള് വന്നപ്പോ ദേവുഅമ്മ നെലോളിച്ചു.. ശൂലപാണി വാരര് രവീടെ കാര്യോം പറഞ്ഞ് ആവലാതീം കൊണ്ടോയ പഴേ മന്ത്രിയാത്രേ ഇഞ്ഞി മുക്കിയമന്ത്രി ആയിട്ട് വരാ.

'രവി ഇനി വരില്ല്യ..വരില്ല്യ..'എന്ന് പറഞ്ഞ് ദേവുഅമ്മ ഉര്കുമ്പളാണ് ബാലേന്ദ്രൻ വന്ന് കേറീത്.. ബാലേന്ദ്രൻ ചിരിച്ചു.. വിടർന്ന് ചിരിച്ചു.. ന്ന്ട്ട് പറഞ്ഞു..

'കര്ണാകരനേം നെലക്ക് നിർത്തും.. മൊറാർജി ദേശായിയാ മ്മടെ പ്രധാനമന്ത്രി. ആ ഇന്ദിരേനെ കുടുമ്മത്തിരുത്തീലേ ചൊണേള്ള വടക്കമ്മാര്..ഇയ്യ് കേരളനാട്ടിലെ കെഴങ്ങമ്മാരാ അവളാര്ടെ ആള്ളോൾക്ക് ഓട്ട് ചെയ്തത്..'

ചൊക്ളി ബാലേന്ദ്രനെ മിഴിച്ചോക്കി. എന്ത്ന്നാ പറേണ് ..

രവി വരോ.. ചൊക്ളിക്ക് അതാരുന്നു അറിയണ്ടേ…

No comments: