Tuesday, May 12, 2020

മതി എന്ന ബലം

                                                                         
( സർക്കാർ ശമ്പളപ്പണം എടുക്കുന്നു.. അതെടുത്തു അനാമത്ത് ചെലവുകൾ ചെയ്യുന്നു.. ജീവനക്കാരെ സർക്കാർ പറ്റിക്കുന്നു..എന്നൊക്കെ പറയുന്ന ഈ കൊറോണ കാലത്തിനു മുമ്പേ തന്നേ..

മതി.. ഇത്രയും മതി എന്നു തീരുമാനിച്ചതിൻറെ ഒരു നേരനുഭവം..)

മതി എന്ന ബലം

ഞാനും കണ്ണനും തമ്മിൽ ഏറ്റവുമധികം തർക്കങ്ങളും പിണക്കവും ഉണ്ടായത് മതി എന്ന സങ്കല്പത്തിലായിരുന്നു.

കണ്ണൻ മതി എന്ന് തീരുമാനിച്ച ഒന്നും പോരാ എന്ന് മാറ്റിയെടുക്കാൻ എനിക്ക് ജീവിതത്തിൽ ഒരിക്കലും കഴിഞ്ഞതേയില്ല. കാരണം മതി എന്ന ബോധ്യം അത്ര ശക്തമായിരുന്നു കണ്ണനിൽ..

ഹഡ്കോയുടെ ജനറൽ മാനേജർ എന്ന ഉദ്യോഗപ്പദവി വേണ്ട എന്ന് വെക്കുന്നത് അങ്ങനെയാണ്. മോൾക്ക് ജോലി കിട്ടിയപ്പോൾ മുതൽ അമ്പതു വയസ്സു പോലും തികയാത്ത അച്ഛൻ കേന്ദ്ര ഗവൺമെന്റ് ജോലി രാജിവെക്കാൻ തീരുമാനിക്കുകയാണ്. എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞതേയില്ല…

ഞാൻ സംസാരിച്ചു.. പിണങ്ങി.. ഭക്ഷണം ഉണ്ടാക്കിയില്ല... തോരാതേ കരഞ്ഞു..പട്ടിണി കിടന്നു.. കണ്ണൻ തരിമ്പും വഴങ്ങിയില്ല.

അറുപതു വയസ്സിൽ പിരിയേണ്ട ജോലിയിൽ നിന്ന് അമ്പതെത്തും മുമ്പേ രാജിവെച്ച് ഒഴിയുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.ആ സങ്കട അവസ്ഥയിൽ എൻറൊപ്പം നില്ക്കാൻ ആരുമുണ്ടായില്ല.. പലകാരണങ്ങളാൽ ക്ഷീണിതയായിരുന്ന
എൻറെ അമ്മയൊഴികേ...

'എല്ലാം നഷ്ടപ്പെട്ടാലും പിടിച്ചു നില്ക്കുന്ന ഞാനെന്ന നഷ്ടങ്ങളുടെ ചക്രവർത്തിനിക്ക് ഹഡ്കോയുടെ ജോലി നഷ്ടപ്പെടുന്നതിൽ ഭയമോ' എന്ന് ചിലർ..

'എന്നെന്നും ഞങ്ങളുടെ കണ്ണൻ നിങ്ങൾ അമ്മക്കും മോൾക്കും ചെലവിന് തന്ന് പ്രയാസപ്പെടണോ ?കണ്ണന് ജോലി ചെയ്തു മതിയായെങ്കിൽ വീട്ടിലിരുന്ന് വിശ്രമിക്കട്ടെ. നിങ്ങൾക്കെന്ത് അവകാശം അതു തടയാൻ...'എന്ന് വേറെ ചിലർ.

'കണ്ണൻ ഇത്രകാലം നിങ്ങളേയും മോളേയും സഹിച്ച് സംരക്ഷിച്ചില്ലേ.. ഇപ്പോൾ ജോലി മതീന്ന് വെക്കുന്നതിൽ ആ സംരക്ഷിച്ചതിൻറെ നന്ദി ആയി നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കൂ 'എന്ന് മറ്റു ചിലർ…

ആറാം ശമ്പള കമ്മീഷൻ പാസ്സാവുന്നതു വരെ അങ്ങനെ അതികേമമായ വരുമാനമൊന്നും കണ്ണനുണ്ടായിരുന്നില്ല. ഒറ്റ മുറി വീട്ടിലെ താമസമാണ് കാര്യങ്ങൾ ഒരു വിധം ഭംഗിയായി കൊണ്ടു പോവാൻ ഞങ്ങളെ സഹായിച്ചത്. പിന്നെ ജീവിതത്തിൽ വളരേ അത്യാവശ്യം മാത്രം എന്ന അയവില്ലാത്ത നിലപാടും..

പ്രസവിച്ച മോളെ വളർത്താൻ എനിക്ക് പണമില്ല എന്ന ഭീഷണിപ്പെടുത്തൽ എൻറെ ആത്മാവിനെപ്പോലും ചിതറിച്ചു കളഞ്ഞിരുന്നു. ഭിക്ഷക്കാരിയായ അമ്മ പോലും സ്വന്തം കുഞ്ഞിനെ കൈമാറാൻ തയാറാവില്ല. എൻറെ അമ്മത്തത്തിൽ പലതവണ ഏറ്റ കാർക്കിച്ചുതുപ്പലുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നുവല്ലോ എൻറെ പണമില്ലായ്മ.

ജീവിതത്തിൽ എനിക്ക് കിട്ടിയ ഏററവും വലിയ സ്വന്തം വരുമാനം 2003 - 2004 കാലത്തിലെ ഏഴായിരത്തി അഞ്ഞൂറ് രൂപ ശമ്പളമായിരുന്നു. അതറിയാത്തവർ ആരുമുണ്ടായിരുന്നില്ല തന്നെ. സാധാരണ ഭാര്യമാർക്കും മക്കൾക്കും ഭർത്താക്കന്മാരും അച്ഛന്മാരും പണം സമ്പാദിച്ചു നല്കുന്നത് തികച്ചും ന്യായമായ കാര്യമാണെങ്കിലും എന്നോടു സാധിക്കുന്നവരെല്ലാം പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. കണ്ണൻ സമ്പാദിച്ച് എനിക്ക് തരുന്നത് അന്യായമാണ്.. അനർഹമാണ്..

'രണ്ടണ സമ്പാദിച്ചിട്ടുണ്ടോ സ്വന്തമായി? കണ്ണൻ സമ്പാദിക്കുന്നത് ചെലവാക്കി സുഖമായി ജീവിക്കുകയല്ലേ ? 'എന്ന് എല്ലാവരും ചോദിക്കും. മുതിർന്നവർ മാത്രമല്ല അവരുടെ കുട്ടികൾ പോലും..

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും പിടിച്ചിരിക്കുന്ന ബാഗിൻറെയും വില പോലും എൻറെ അനർഹതയായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. കണ്ണൻ എനിക്ക് കുപ്പിവളകളും കല്ലുമാലകളും മറ്റും വാങ്ങുന്നതും പലർക്കും അസഹിഷ്ണുതയുണ്ടാക്കുമായിരുന്നു. 'പാവത്തിൻറെ ഗതികേട് 'എന്ന് പലരും സഹതപിക്കാറുണ്ട്. എൻറെ ഇത്തരം ഭ്രാന്തുകൾക്ക് സമയം ചെലവാക്കാമോ കണ്ണൻ? എനിക്കതിന് എന്ത് അർഹതയുണ്ട്?

ഇവരെല്ലാവരും കണ്ണൻറെ അസാന്നിധ്യത്തിലാണ് കൊമ്പും തേറ്റയും പ്രദർശിപ്പിക്കുക എന്ന തമാശയും ഇതിനൊപ്പമുണ്ട്.

ഇവരെയൊക്കെ ഓർക്കുകയായിരുന്നു ഞാൻ, കണ്ണൻ ഉദ്യോഗം രാജിവെക്കാൻ തീരുമാനിക്കുമ്പോൾ..

ഞാൻ മാത്രമായിരുന്നു രാജിക്കെതിര്. ബാക്കി എല്ലാവരും കണ്ണനൊപ്പം നിന്നു..

മോൾക്ക് അവളുടെ അച്ഛൻ ഇഷ്ടം പോലെ ഇഷ്ടപ്പെട്ട ജോലി ചെയ്യട്ടെ എന്ന നിലപാടായിരുന്നു. എൻറെ വിഷമം ശരിക്കും അറിഞ്ഞിരുന്ന അവൾ ഒരു ദിവസം മർമ്മത്തിൽ തന്നെ അടിച്ചു.

'എൻറെ കസ്റ്റഡിക്കായി അമ്മ ഇനി ഈ ലോകത്തിലെ ഒരു കോടതിയിലും പോകേണ്ടി വരില്ല. അമ്മക്ക് എന്നെ വളർത്താൻ പണമില്ലെന്ന് ഈ പ്രപഞ്ചത്തിലാരും അമ്മയോടിനി പറയില്ല.'

അത് ശരിയാണ്.. എനിക്കറിയാം. പക്ഷേ.. എനിക്ക് അതൊരു വലിയ പക്ഷേ, ആയിരുന്നു.

പിന്നെ എൻറെ നേരേ ധനാശ, അധികാരമോഹം എന്നീ ആരോപണങ്ങളുയരാൻ തുടങ്ങി. ഉന്നയിച്ചവർക്കെല്ലാം സ്വിസ്സ് ബാങ്ക് എക്കൗണ്ടുകളും വലിയ ജോലികളും ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം..

ഹഡ്കോ ഓഫീസ്, സഹപ്രവർത്തകർ, മേലധികാരികൾ, കേരളത്തിൻറെ ചീഫ്‌സെക്രട്ടറി ആയിരുന്ന എസ്.എം വിജയാനന്ദ്, കോസ്റ്റ്ഫോർഡ് ഡയറക്ടർ ആയിരുന്ന ദത്ത്മാഷ്, റിട്ട. അഡീഷണൽ ചീഫ്‌സെക്രട്ടറി ആയിരുന്ന ജെ. ലളിതാംബിക, ചിത്രകാരിയും എൻറേം കൂടി സുഹൃത്തുമായ ശോഭാമേനോൻ ഇവരെല്ലാം കണ്ണനെ വിലക്കാൻ പരിശ്രമിച്ചു.. രാജി കൊടുക്കരുത്.. എന്ന് ഒത്തിരി തവണ പറഞ്ഞു.

ഏഴാം ശമ്പളക്കമ്മീഷൻ നിലവിൽ വരും മുമ്പേ രാജി പ്രാബല്യത്തിലാക്കാൻ കണ്ണൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വീട്ടു വാടകയുൾപ്പടെ മുപ്പതിനായിരം രൂപയിലധികം ഒരു രൂപ പോലും അധികം ആവശ്യമില്ല ഒരു മാസത്തെ ചെലവിന് എന്ന് കണ്ണൻ കണക്ക് കൂട്ടിയിരുന്നു. അതിൻറെ സ്ഥാനത്ത് കൂടുതൽ പണം സമ്പാദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് കണ്ണൻ തറപ്പിച്ചു പറഞ്ഞു. കണ്ണനായി ഇന്ത്യാ ഗവൺമെന്റ് അതിലുമധികം പണം ചെലവാക്കുന്നത് ഒട്ടും ശരിയല്ല. അത് മറ്റു മനുഷ്യരുടെ ആവശ്യങ്ങൾക്ക് ചെലവാക്കട്ടെ.

ഹഡ്കോ പെൻഷൻ ലഭ്യമാക്കുന്ന ഒരു ഓഫീസല്ല. അതിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് ലാഭമുണ്ടാവുക. ഇക്കാര്യം എന്നെ നല്ലപോലെ ഭീതിപ്പെടുത്തിയിരുന്നു. എന്നാൽ അത് ഒട്ടും സാരമില്ലെന്ന് കണ്ണൻ വിശ്വസിച്ചു.

മോളുടെ വിവാഹത്തിനു തൊട്ടു മുമ്പേ, അമ്പതു വയസ്സ് തികയും മുമ്പേ ഏഴാം ശമ്പളക്കമ്മീഷൻ പ്രാബല്യത്തിലാവും മുമ്പേ കണ്ണൻ ഹഡ്കോയുടെ പടിയിറങ്ങി.

കോസ്റ്റ്ഫോർഡിലും ലാറിബേക്കർ സെൻററിലും ജോലി ചെയ്ത് അത്യാവശ്യ വരുമാനത്തിൽ ജീവിച്ചാൽ മതിയെന്ന് കണ്ണൻ തീരുമാനിച്ചത് മതി എന്ന രണ്ടു അക്ഷരം അദ്ദേഹത്തിന് കൊടുത്ത ബലത്തിലാണ്…

മതി ഒരു വലിയ ബലമാണ്..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

'മതി' ഒരു വലിയ ബലമാണ്..
കൂടുതൽ ആർക്കും ഇല്ലാത്ത ബലമില്ലായ്‌മയുന്മാണിത്