ചുമ്മാ കല്ലെടുത്തെറിഞ്ഞാൽ ഒരു ഡോക്ടറുടെ ദേഹത്തുകൊള്ളുമെന്ന മട്ടിലുള്ള ഒരു കോളനിയിലാണ് തിരുവനന്തപുരത്ത് വന്നപ്പോൾ പാർത്തു തുടങ്ങിയത്.
തന്നേന്ന്.. ഡോക്ടർമാരെ ഇടിച്ചിട്ട് നടക്കാൻ വയ്യാത്ത സ്ഥിതി..
മുറ്റം തൂക്കുന്ന കൂട്ടുകാരി അമ്മൂമ്മ ഇല്ലല്ലോ ഇപ്പോൾ.. മിക്കവാറും എല്ലാ വീടുകളിലും ഇതാണ് അവസ്ഥ. വീട്ടു സഹായികൾ ആരും തന്നെ ഇല്ല.
ഞാനാണ് ഇപ്പോൾ കോളനിയിലെ റോഡ് കുറച്ചു ഭാഗം തൂക്കുന്നത്. അധികമൊന്നുമില്ല. ഒരു ആറേഴു വീടുകളുടെ മുന്നിലൂടെ പോകുന്ന റോഡ്. ഞങ്ങൾ പാർക്കുന്ന വീട്ടിലെ മാവുകളും പ്ളാവുകളും ആ റോഡിലേക്ക് ഉണക്കയിലകളും പച്ചയിലകളും മാങ്ങകളും ചക്കകളും ഇങ്ങനെ ആരേയും ഭയപ്പെടാതെ വീഴ്ത്തിക്കൊണ്ടിരിക്കും. ആ മരങ്ങളെ വെട്ടിക്കളയണമെന്നാണ് പൊതുവെ എല്ലാവർക്കും അഭിപ്രായം. അവ ഉണ്ടാക്കുന്ന ശല്യങ്ങൾ മറ്റുള്ളവരെ കഴിയുന്നത്ര കുറച്ചല്ലേ കഷ്ടപ്പെടുത്താവൂ എന്ന മനോഭാവത്തിൽ, ഞാൻ റോഡ് തൂത്തിടും..
അന്നേരത്താണ് ആളൊഴിഞ്ഞ റോഡിലൂടെ കൊട്ടാരം പോലത്തെ കാറുകൾ ഇരച്ചുകയറി വരിക. എന്തൊരു കാറ്റാണെന്നോ ആ കൊട്ടാരഭീമന്മാർ പോകുമ്പോൾ.. ഞാൻ തന്നെ പറന്നു പോകും... പിന്നെയാണ് തൂത്തൊതുക്കുന്ന പെരുവഴിയിലെ പാവം കരിയിലകൾ.. അവയും ആലംബമില്ലാതെ പറക്കും...
അമ്മൂമ്മ റോഡ് തൂക്കുന്നേരം, നല്ല വേഗതയിൽ പറക്കുന്ന വണ്ടി ഓടിപ്പുകാരേ നോക്കി 'യെവനൊക്കെ എവിടെ പോണത്.. ചാകാൻ തന്നേ?... തൂക്കണത് കണ്ടൂടിയേ?' എന്ന് പിറുപിറുക്കുമായിരുന്നു..
അതങ്ങനെയാണല്ലോ...
അനുതാപവും പരിഗണനയും എല്ലാവർക്കും ആവശ്യമാണ്.. എനിക്ക് കിട്ടീല്ല എന്ന് സങ്കടപ്പെടുന്നവർക്കും പലപ്പോഴും സമഗ്രമായ വീക്ഷണം ഇക്കാര്യത്തിൽ ഉണ്ടാവാറില്ല..
അതുകൊണ്ടാണ് മറ്റൊരാളുടെ ജോലിയെ ഒട്ടും തന്നെ കാണാതെ കരിയിലകളെ നമ്മൾ പറപ്പിക്കുന്നത്. അതിനു ന്യായമായി ഞാൻ ഡ്യൂട്ടി അല്ലെങ്കിൽ കഷ്ടപ്പെട്ട ജോലി കഴിഞ്ഞ് വരികയാണെന്ന് പറയുന്നത്.
കൊറോണ ചേരികളിലാണ് ആദ്യം പടർന്നു പിടിച്ചിരുന്നതെങ്കിൽ ... ഒരുപാട് മനുഷ്യർ ഇന്ത്യയിൽ മരിക്കുമായിരുന്നെന്നാണ് ഇന്നലെ ദില്ലിയിൽ നിന്ന് വിളിച്ച കൂട്ടുകാരി കരഞ്ഞത്...
ശരിയായിരിക്കും..
തെരഞ്ഞെടുക്കപ്പെടുന്ന അനുതാപം, പരിഗണന ഇവയിൽ സമർത്ഥരല്ലോ നമ്മൾ...
18/04/2020
No comments:
Post a Comment