Monday, May 4, 2020

തൃക്കൂർ പഞ്ചായത്ത് സർവോദയ സ്കൂൾ..                                                                  27/03/2020

ഞാൻ അഞ്ചാം ക്ളാസ്സു മുതൽ എട്ടാം ക്ളാസ്സു വരെ പഠിച്ച സ്കൂളാണ്. അമ്മീമ്മ ജോലി ചെയ്ത സ്ക്കൂൾ.. അമ്മയുടേയും അമ്മീമ്മയുടേയും ബന്ധുവായിരുന്ന പഴയകാല കോൺഗ്രസ് നേതാവ് ശ്രീ ടി പി സീതാരാമൻ ആരംഭിച്ച സ്കൂൾ. പിന്നീട് തൃക്കൂർ പഞ്ചായത്ത് ഏറ്റെടുത്ത് അപ്ഗ്രേഡ് ചെയ്ത സ്കൂൾ.

1983 നു ശേഷം ഞാൻ അതുവഴി പോയിട്ടില്ല.

പിന്നെ പോയത് ഇക്കഴിഞ്ഞ മാസമാണ്. 2020 ഫെബ്രുവരി 23 ന്.. എൻറെ അമ്മീമ്മയുടെ പതിനേഴാം ചരമവാർഷികദിനത്തിൽ..

അന്നായിരുന്നു തൃക്കൂർ പോത്തോട്ടപ്പറമ്പിലെ വിനായകാഹാളിൽ വെച്ച് 'അമ്മീമ്മസ്പർശങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.

ഗംഭീരമായ പ്രകാശനം കഴിഞ്ഞ് ഞാനും ഭാഗ്യയും ഞങ്ങളുടെ സ്വന്തം മാതുവും കൂടെ സ്കൂളിൽ പോയി. അന്ന് അവിടെ ഒരു ക്ളാസ്സ്മേറ്റ്സ് മീറ്റ് ഉണ്ടായിരുന്നു. ടീച്ചർമാരെല്ലാം ആദരിക്കപ്പെടുന്നുണ്ടായിരുന്നു. എല്ലാവരേയും ഒന്നിച്ച് കാണാമെന്ന ദുരാഗ്രഹമായിരുന്നു അതിനു പുറകിൽ. സുഹൃത്തായ രാധാകൃഷ്ണൻ പ്രത്യേകം പറയുകയും ചെയ്തു.

എൻറെ ജൂനിയർ ബാച്ചുകാരുടേതായിരുന്നു ക്ളാസ്സ്മേറ്റ്സ് മീറ്റ്. അരവിന്ദാക്ഷൻ മാഷിന്റെ മകൻ ഗിരി എന്നെ ഏറെ ഉദാരമായി പരിചയപ്പെടുത്തി. പക്ഷേ, എഴുത്തുകാരി എന്ന് എന്നെ ആറിയുന്ന ആരും തന്നെ അവിടെ ഇല്ലായിരുന്നു.

മിക്കവാറും ടീച്ചർമാരേയും സാറുമാരേയും കണ്ടു. ആകെ ഒരു ടീച്ചർ മാത്രമേ ഞാൻ എഴുതിയ പുസ്തകങ്ങൾ ഏതൊക്കെ യാണെന്നും അത് ടീച്ചർക്ക് എങ്ങനെ ലഭിക്കും എന്നും ചോദിച്ചുള്ളൂ. എഴുത്തുകാരിയെന്ന പുതിയ അസ്തിത്വത്തെപ്പറ്റി അങ്ങനെ എനിക്കൊരു നല്ല ധാരണയായി.

ചില ടീച്ചർമാർ സംസാരിക്കാനും ചിരിക്കാനും പോലും മടിച്ചു. എനിക്കതിൽ തീരേ അൽഭുതമുണ്ടായില്ല. അതങ്ങനെയാണല്ലോ വേണ്ടത്. ഒന്നു രണ്ടു പേർ എന്നെ ആരെങ്കിലും പിന്നീട് വിവാഹം കഴിച്ചോ എന്നു ചോദിച്ചു. പ്രസവിച്ച മോള് അവളുടെ ഡാഡീടെ അടുത്തല്ലേ, വല്ലപ്പോഴും പോയി കാണാറുണ്ടോ എന്നും ചോദിച്ചു...

എനിക്ക് ഇതൊക്കെ കേട്ട് നല്ല ശീലമായതുകൊണ്ട് ഒരു പ്രശ്നവുമുണ്ടായില്ല. എൻറെ മുഖത്തുണ്ടായിരുന്ന ചിരിയോ ആത്മവിശ്വാസമോ അല്പം പോലും മങ്ങിപ്പോയില്ല.

നല്ല തിരക്കായിരുന്നു. എല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞില്ല.ആ ഒരു വിഷമം ബാക്കിയായി..

കോസ്റ്റ്ഫോർഡിൽ ജോലി ചെയ്യുന്ന, റാണിയുടെ സുഹൃത്തു കൂടിയായ ഇന്ദിരIndira Ponnani തന്ന പടമാണിത്..

കൂട്ടത്തിൽ പറയട്ടേ... അങ്ങനെ ഒരുപാടു മധുരസ്മരണകളൊന്നും ആ സ്ക്കൂൾ എന്നിലവശേഷിപ്പിച്ചിട്ടില്ല... ആ നാലു വർഷത്തെ പഠനകാലത്തു പോലും...

ഭേദപ്പെട്ട മാർക്കുകൾ ഞാൻ നേടിയിരുന്നു. വഴക്കാളിയായിരുന്നില്ല. മെറിറ്റ് സ്കോളർഷിപ്പ് ഒക്കെ ഉണ്ടായിരുന്നു..

എന്നാലും..

ജാതി, അമ്മീമ്മ ഞങ്ങളുടെ അമ്മയല്ല, ഞങ്ങളെ വാല്സല്യത്തോടെ നോക്കി വളർത്തിയിട്ട് എന്തു പ്രയോജനം?, അമ്മീമ്മക്ക് വയസ്സുകാലത്ത് ഞങ്ങൾ നാഴി വെള്ളം കൊടുക്കില്ല തുടങ്ങിയ പരാമർശങ്ങൾ എന്നേയും റാണിയേയും ഒത്തിരി വേദനിപ്പിക്കുന്നവയായിരുന്നു.

No comments: