അല്പാല്പമായി വല്ലതുമൊക്കെ എഴുതുന്നതിൻറെ സ്നേഹം എന്നെ ഇന്നലെ തേടി വന്നു. ഗീതേടത്തിയുടെ മോൾ മണിക്കുട്ടിയുടെ രൂപത്തിൽ.. അവൾ വന്നു..
എന്നോടു സംസാരിച്ചു...
എന്നിൽ നിന്ന് അകറ്റപ്പെട്ടിരുന്ന എനിക്ക് നഷ്ടപ്പെട്ടുപോയ എൻറെ മകളുടെ കുഞ്ഞുകാലത്തെപ്പറ്റി പറഞ്ഞു. മോൾക്ക് മംപ്സ് പിടിച്ച ആ കാലത്തെപ്പറ്റി പറഞ്ഞു. ഗീതേടത്തിയുടെ മനസ്സിൽ ഞാൻ ആരായിരുന്നുവെന്ന് പറഞ്ഞു.. ഹിരണ്യേട്ടനെക്കുറിച്ച്, എല്ലാവരേയും കുറിച്ച് മണിക്കുട്ടി എന്നോടു പറഞ്ഞു..
എൻറെ മനസ്സിൽ കണ്ണുനീർ തിങ്ങി.. സ്നേഹത്തിൻറെ.. ആഹ്ളാദത്തിൻറെ.. തിരിച്ചറിയലിൻറെ.. വേദനയുടെ, നഷ്ടങ്ങളുടെ...
അവൾ വിളിച്ചിട്ടുണ്ട്.. പോകണം.. എൻറെ മോളേയും കൂട്ടി പോകണം.. അവൾക്കും മണിക്കുട്ടിയെ ഓർമ്മയുണ്ടല്ലോ...
ഹിരണ്യേട്ടനെ കാണണം..
കേരളവർമ്മ കോളേജിൽ എന്നെ പഠിപ്പിച്ച അധ്യാപകർ വിളിക്കുമ്പോൾ, സംസാരിക്കുമ്പോൾ അവരെ കാണുമ്പോൾ ഒക്കെ മനസ്സ് ഇങ്ങനെ തിങ്ങിവിങ്ങാറുണ്ട്.
അമ്മയേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണം തികയാതെ വരികയും 'എച്മു അമ്മയെ കൊണ്ടു പോകൂ. നാളേയോ മറ്റന്നാളോ വന്ന് പണമടച്ചാൽ മതി'യെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടുകയും ചെയ്ത ദിവസവും ഇങ്ങനെ ആയിരുന്നു...
ഗീതേടത്തി എന്നെ വെറുത്തിരുന്നു വെന്ന് എന്നോട് പറഞ്ഞവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. ജീവിതത്തെ ഭയന്ന് ഏടത്തിയുടെ മുന്നിൽ തലതല്ലിക്കരഞ്ഞ എന്നെ അവർ വെറുത്തുപോയോ എന്നൊരു സങ്കടം, ഇത്രയും കാലം മനസ്സിൽ അലിയാത്ത കല്ലായി കിടന്നിരുന്നു. അത് മുഴുവൻ മണിക്കുട്ടി ഇന്നലെ ചോർത്തിക്കളഞ്ഞു.
അവൾക്ക് എന്നുമെന്നും നല്ലതുമാത്രം വരട്ടേ...
എൻറെ അവാർഡുകൾ, അംഗീകാരങ്ങൾ ഒക്കെ ഇങ്ങനെയാണ്.. ഇത്തരം അവാർഡുകൾക്കും അംഗീകാരങ്ങൾക്കും തുല്യമായി മറ്റൊന്നും തന്നെയില്ല...
No comments:
Post a Comment