Monday, May 4, 2020

മിനിമലിസം

22/03/2020
   

എല്ലാം കുറച്ചുപയോഗിക്കുന്നതാണ് നല്ലതെന്ന, അങ്ങനെയാണ് വേണ്ടതെന്ന വിചാരം, മനോഭാവം ആരാവും ആദ്യം വളർത്തി തന്നത്?

അമ്മീമ്മയാവാനാണ് വഴി...

വെള്ളമെന്ന അനുഗ്രഹം, ഇലക്ട്രിസിററി എന്ന ഭാഗ്യം അങ്ങനെ എല്ലാം, ആഹാരം, വസ്ത്രം, പാർപ്പിടം.. തുടങ്ങി എല്ലാം തന്നെ മിനിമം എന്ന ഉറപ്പിൽ നിറുത്താൻ അവർ പ്രേരിപ്പിച്ചിരുന്നു. അമ്മീമ്മ ഒരു പിശുക്കിയാണെന്നു കൂടി ഞങ്ങൾ കുട്ടികളെ തോന്നിപ്പിക്കുന്ന വിധത്തിൽ എല്ലാം ചുരുക്കി ഉപയോഗിച്ച് എന്നാൽ ഭംഗിയായിത്തന്നെ ജീവിക്കണമെന്ന് എന്നും പറഞ്ഞു തരുമായിരുന്നു. നമ്മൾ അധികം എടുത്താൽ വേറൊരാൾക്ക് കിട്ടില്ല എന്നായിരുന്നു അമ്മീമ്മ എപ്പോഴും പഠിപ്പിച്ചിരുന്നത്. ഒന്നും വേസ്റ്റ് ആക്കാൻ പാടില്ല എന്നത് അവരുടെ അയവില്ലാത്ത പട്ടാളച്ചിട്ട തന്നെയായിരുന്നു.

വില കൂടി എന്ന കാരണം കൊണ്ട് ദില്ലീൽ വെച്ചാണ് ഞാൻ ആദ്യമായി കാപ്പി ഉപേക്ഷിച്ചത്. എൻറെ മകൾ നഷ്ടപ്പെട്ട ആ കാലത്ത് കാപ്പിയും വേണ്ട എന്നു തീരുമാനിക്കേണ്ടി വന്നപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. ഇത്ര കഷ്ടപ്പാടു വന്നല്ലോ എന്ന് വല്ലാതെ വേദനിച്ചിട്ടുണ്ട്.

മകൾ അടുത്തില്ലാതിരുന്ന ആ കാലത്തെല്ലാം ഒരു നേരം മാത്രം ആഹാരം എന്ന രീതിയിലേക്ക് മാറാൻ
എനിക്ക് ഒട്ടും തന്നെ സമയം വേണ്ടി വന്നതുമില്ല. സങ്കടം കൊണ്ട് തൊണ്ട വഴി ആഹാരം ഇറക്കാൻ പററാതായിരുന്നു...

കണ്ണനെന്ന എൻറെ കൂട്ടുകാരൻ, ലാറിബേക്കർ പഠിപ്പിച്ച മിനിമലിസത്തിൻറെ പാഠങ്ങളെ കെട്ടിടനിർമ്മാണത്തിൽ മാത്രമായി ഒതുക്കി നിറുത്തുന്ന ഒരു ആർക്കിടെക്ട് അല്ല. ജീവിതത്തിൽ അപ്പാടെ പകർത്തുന്ന ഒരാളാണ്. മിനിമലിസം വ്രതമായി ശീലിക്കാൻ എനിക്ക് വലിയൊരു സമ്മർദ്ദമായിരുന്നു കണ്ണൻ. ധാർമ്മികമായി ഒപ്പം നില്ക്കാൻ പ്രയത്നിക്കണമായിരുന്നു, പലപ്പോഴും. പൊടുന്നനെ സമസ്തവും ഇല്ലാതായ ജീവിതപരിതസ്ഥിതിയും എന്നെ അത്യാവശ്യവും ആവശ്യവും തമ്മിലുള്ള ഭേദം പഠിപ്പിച്ചിട്ടുണ്ട്.

കണ്ണൻറെ നോട്ടത്തിൽ ചോറും ഒഴിച്ചുകറിയും തോരനുമായാൽ സദ്യ ആയി.

ചപ്പാത്തി ആയാലും കൂടുതൽ ഒന്നും ആവശ്യമില്ല.

ഒരു തരി പോലും ഭക്ഷണം എന്നു മാത്രമല്ല യാതൊന്നും വേസ്റ്റ് ആക്കാൻ പാടില്ല.

അഞ്ചാറു വസ്ത്രങ്ങളിൽ കൂടുതൽ വേണ്ട. കണ്ണൻറെ വസ്ത്രം പരുക്കൻ ഖാദി ജുബ്ബയാണ് എന്നും.. ദില്ലിയിലെ തിഹാർ ജയിലിൽ കുറെ വർക്കുകൾ ചെയ്തിട്ടുണ്ട്. ഡെൻറൽ ക്ളിനിക്ക് നിർമ്മിക്കുന്നതു പോലെ ചെറിയ ജോലികളാണ് ചെയ്തത്. തിഹാറിലെ ജയിൽപ്പുള്ളികൾ തയിക്കുന്നതായിരുന്നു ദില്ലി കൊണാട്ട് പ്ളേസിലെ ഖാദിയിൽ കിട്ടുന്ന ജുബ്ബകൾ. കണ്ണൻ ആ ജുബ്ബകൾ മാത്രം വാങ്ങി ധരിച്ചു. ഫാബ് ഇന്ത്യയുടെ ജുബ്ബകൾ സമ്മാനം കിട്ടാറുണ്ടെങ്കിലും ഒരിക്കൽ പോലും ഒരു ജുബ്ബ ഫാബ് ഇന്ത്യയിൽ നിന്ന് കണ്ണൻ വാങ്ങിയിട്ടില്ല. സമ്മാനമായി കിട്ടുന്ന ജുബ്ബകൾ എനിക്ക് തരും. ഫാബ് ഇന്ത്യയുടെ ജുബ്ബകൾക്ക് വില കൂടുതലാണ്. അനാവശ്യമായ കാര്യങ്ങൾ ചെയ്യരുതെന്നാണ് അതു വാങ്ങാത്തതിൻറെ ന്യായം.

ദില്ലിയിലെന്നല്ല , പറ്റുന്ന എല്ലായിടത്തും സൈക്കിളിൽ സഞ്ചരിക്കാം. പറ്റാത്തപ്പോൾ ആദ്യം പബ്ളിക് ട്രാൻസ്‌പോർട്ട്, പിന്നെ സ്കൂട്ടർ അല്ലെങ്കിൽ ബൈക്ക്, ഒടുവിൽ കാർ ഇങ്ങനെ വേണം യാത്ര.. ഒറ്റയ്ക്ക് ഒരാൾ ഒരു സ്വകാര്യവാഹനത്തിലിരുന്ന് പോകുന്നത് കഴിയുന്നത്ര ഒഴിവാക്കണം. അത് മറ്റുള്ള മനുഷ്യരോടും ഇന്ധനങ്ങളോടും പ്രകൃതിയോടും നമ്മൾ കാണിക്കുന്ന മര്യാദകേടാണ്.

എൻറെ അച്ഛൻ 1988 ൽ വാങ്ങിയ മാരുതിയാണ് ഞങ്ങളുടെ വീട്ടിലെ കാർ. നാലു പേരേ ഇരുത്തി തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ ആ കാർ ഒരു പ്രശ്നവുമുണ്ടാക്കാതെ ഒറ്റയടിക്ക് ഓടും. പിന്നേയും ഓടും. കാരണം അത്ര ഫിറ്റായാണ് ആ കാറിനെ കണ്ണൻ പരിപാലിക്കുന്നത്. അതിനെ കളഞ്ഞ് മറ്റൊരു പുതിയ കാർ വാങ്ങുന്നത് അനാവശ്യമാണ്, റിസോഴ്‌സസ് നശിപ്പിക്കലാണ്. വേസ്റ്റ് ഉണ്ടാക്കലാണ്.

സ്വന്തം വീട് ഇതുവരെ നിർമ്മിച്ചിട്ടില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അനവധി പേർക്ക് വീടുണ്ടാക്കിയെങ്കിലും... സഹോദരങ്ങളും ബന്ധുക്കളും മൂന്നും നാലും വീടുകളുടെ ഉടമസ്ഥരാകുമ്പോഴും വീട് പണി ഒട്ടും മുമ്പോട്ടു പോകുന്നില്ല. ചോദിച്ചാൽ ഉത്തരം കൃത്യമാണ്.. 'എത്ര വീടുകളാണ് ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുന്നത്.... അതിൽ ഒരു വീട് വാടകയ്ക്ക് എടുത്തു അങ്ങ് താമസിച്ചാൽ മതിയല്ലോ.'

എന്തിനാണ് ഇപ്പോൾത്തന്നെ ദുർലഭമായ കെട്ടിടനിർമ്മാണപദാർഥങ്ങൾ നമ്മളും സംഘടിപ്പിച്ച് വീടുണ്ടാക്കാൻ ശ്രമിക്കുന്നത്? നമ്മെക്കാൾ വീടിനാവശ്യമുള്ളവർ ഉണ്ടാക്കട്ടെ ആദ്യം..

ഇനി ഉണ്ടാക്കുകയാണെങ്കിൽ വല്ല ആണിയോ സ്ക്രൂവോ മറ്റോ കാണുമായിരിക്കും ആ വീട്ടിൽ പുതിയതായി... ബാക്കി എല്ലാ കെട്ടിടനിർമ്മാണപദാർത്ഥങ്ങളും പഴയതായിരിക്കും. മറ്റു കെട്ടിടങ്ങൾ പൊളിച്ചതിൽ നിന്ന് ശേഖരിച്ച് പുനരുപയോഗിക്കുന്നത്...അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.

തറയിൽ പുല്പായിൽ കിടക്കാൻ പറ്റുന്നിടത്തോളം അതുമതി. പറ്റാതാവുമ്പോൾ കട്ടിലും കിടക്കയും നോക്കാം.. അതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തീട്ടുണ്ട് ആ സൗകര്യം...

വെള്ളം, വൈദ്യുതി, കുക്കിംഗ് ഗ്യാസ് എന്നു വേണ്ട എല്ലാത്തരം ഊർജ്ജോപഭോഗവും നിയന്ത്രിച്ചു മാത്രം ചെയ്യേണ്ടതാണ്. കാരണം ഇവയെല്ലാം ഒരുപാടു പേർക്കുകൂടി അവകാശപ്പെട്ടവയാണ്. ഉള്ളവർ ധൂർത്തടിക്കാൻ പാടില്ല. മുറിയിൽ ആരുമില്ലെങ്കിൽ ഫാനോ ലൈറ്റോ അവിടെ പ്രവർത്തിക്കേണ്ട. മേശയും കസേരയും ബുക്ക് റേക്കും വിയർക്കുന്നുവെന്നും ഇരുട്ടത്ത് കാഴ്ച യില്ലെന്നും പറഞ്ഞു തുടങ്ങീട്ടില്ലല്ലോ. പറഞ്ഞു തുടങ്ങുമ്പോൾ നോക്കിയാൽ പോരേ ?

മതി.. അല്ലേ?

പ്ളാസ്റ്റിക് കഴിയുന്നത്ര ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധ വെക്കും. ഹോട്ടലിൽ നിന്ന് ആഹാരം പാർസൽ വാങ്ങാതിരിക്കുന്നതും കുടിവെള്ളക്കുപ്പികൾ ഉപയോഗിക്കാതിരിക്കുന്നതും സ്വന്തം സഞ്ചിയുമായി ഷോപ്പിങ് ചെയ്യുന്നതും ഒക്കെ നമുക്ക് കഴിയുന്നത്ര പ്ളാസ്റ്റിക് ഉപഭോഗം സ്വയം കുറയ്ക്കണമെന്ന തീരുമാനത്തിലാണ്.

'എന്തിനാണിങ്ങനെ? നമ്മൾ മാത്രം ചെയ്തിട്ട് എന്താ കാര്യം?' എന്നീ ചോദ്യങ്ങളുടെ ഉത്തരം എന്നും 'ഇങ്ങനല്ലേ വേണ്ടത്... നമ്മൾ, ഞാനും നീയും എന്തായാലും ചെയ്യേണ്ടേ' എന്നായിരിക്കും..

മിനിമലിസം ഒരു കൃത്യമായ ജീവിതപദ്ധതിയാണ്. അതൊരിക്കലും ഒരു ഫാഷനല്ല. താത്കാലികമായി അനുഷ്ഠിക്കുന്ന ഒന്നും ജീവിതപദ്ധതി ആവില്ലെന്ന് എനിക്ക് ഇത്രയും കാലത്തെ ജീവിതംകൊണ്ട് മനസ്സിലായിട്ടുണ്ട്. നമ്മേക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്നവർ എമ്പാടുമുണ്ടെന്ന ബോധ്യത്തിലേക്ക് വളർന്നാൽ, എന്നും വളർന്നുകൊണ്ടിരുന്നാൽ മിനിമലിസം നമ്മെ വിട്ടുപോവില്ല.

ഈ കൊറോണകാലത്ത് എല്ലാറ്റിലും മിനിമലിസം പാലിക്കാൻ വേണ്ട പ്രേരണ നമുക്കുണ്ടാകട്ടെ. സാധിക്കുമെങ്കിൽ പറ്റാവുന്ന മേഖലകളിലെല്ലാം അതു നിലനിറുത്താനും നമുക്ക് കഴിയട്ടെ..

കൊറോണയിൽ നിന്ന് ലോകം രക്ഷപ്പെടട്ടെ.. അതിനായി പൊരുതുന്ന ഓരോരുത്തരോടും സ്നേഹം.. അവരെ ഓർത്ത് അഭിമാനം..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ണനെന്ന എൻറെ കൂട്ടുകാരൻ, ലാറിബേക്കർ പഠിപ്പിച്ച മിനിമലിസത്തിൻറെ പാഠങ്ങളെ കെട്ടിടനിർമ്മാണത്തിൽ മാത്രമായി ഒതുക്കി നിറുത്തുന്ന ഒരു ആർക്കിടെക്ട് അല്ല. ജീവിതത്തിൽ അപ്പാടെ പകർത്തുന്ന ഒരാളാണ്. മിനിമലിസം വ്രതമായി ശീലിക്കാൻ എനിക്ക് വലിയൊരു സമ്മർദ്ദമായിരുന്നു കണ്ണൻ. ധാർമ്മികമായി ഒപ്പം നില്ക്കാൻ പ്രയത്നിക്കണമായിരുന്നു, പലപ്പോഴും. പൊടുന്നനെ സമസ്തവും ഇല്ലാതായ ജീവിതപരിതസ്ഥിതിയും എന്നെ അത്യാവശ്യവും ആവശ്യവും തമ്മിലുള്ള ഭേദം പഠിപ്പിച്ചിട്ടുണ്ട്.