മോൾക്ക് ഒരു ചെറിയ അസുഖം വന്നാൽ പോലും ഞാൻ വല്ലാതെ പരിഭ്രാന്തയാകുമായിരുന്ന ഒരു കാലമാണ്. അവൾക്ക് എന്നോട് അടുപ്പക്കുറവ് ഉണ്ടല്ലോ എന്ന് ഭയന്നു മാത്രം ജീവിച്ചിരുന്ന ഒരു ദയനീയ കാലം. അവളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാനെന്തു വേണ്ടൂ എന്നു ഞാൻ സദാ ആലോചിച്ചിരുന്ന കഷ്ടകാലം.
അങ്ങനൊരു ദിവസത്തിൽ കണ്ണൻ എൻ ടി പി സി(നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) യുടെ റിഹാന്ദ്, സിംഗ് റോളി, കോർബ സ്റ്റേഷനുകളിലേക്ക് ടൂർ പോയി. അവിടെ ലാറിബേക്കർ രീതിയിൽ കുറച്ച് നിർമ്മിതികൾ ഞങ്ങൾ ചെയ്തിരുന്നു. അതിൻറെ നിർമ്മാണമേൽ നോട്ടത്തിനായിരുന്നു ആ യാത്ര. അന്ന് നല്ല വേനലാണ് ദില്ലിയിൽ. മോളുടെ ഭാഷയിൽ പറഞ്ഞാൽ 'ഹൊറിബിൾ ടെറിബിൾ അൺ ബെയറബിൾ ഉഷ്ണക്കാലം'. അമ്മയും മോളും മാത്രമാണ് അന്നേരം ഒറ്റമുറി വീട്ടിൽ പാർക്കുന്നത്.
ആ ദിവസം രാവിലെ അവൾക്ക് ഒരു പനി വന്നു. ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി. നല്ല ചുമയുമുണ്ട്. പെട്ടെന്ന് ആരംഭിച്ചതാണ്, അസുഖം. മോൾക്ക് അസുഖം വന്നാൽ അതെത്ര നിസ്സാരമായാലും അവൾ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് എന്നെ ആദ്യം കീഴ്പ്പെടുത്തുക. ആ ഭീതിയെ കണ്ണനോടു പോലും പങ്കു വെയ്ക്കാതെ വലിഞ്ഞു മുറുകി ബലമായിരിക്കാൻ എപ്പോഴും ഞാൻ കഠിനമായി പരിശ്രമിക്കും. നഷ്ടപ്പെടൽ, മോൾ എന്നൊക്കെ ഉച്ചരിച്ചാൽ ആ മനുഷ്യൻ തകർന്നുതരിപ്പണമാകുമെന്ന് ഞാൻ കൃത്യമായി അറിഞ്ഞിരുന്നു.
ഡോ. കിരൺമാർട്ടിനാണ് മോളെ ആദ്യം നോക്കിയത്. ഞങ്ങളുടെ ഓഫീസ് ക്യാമ്പസ്സിൽ തന്നെയുള്ള ആശ ക്ളിനിക്കിൻറെ മേധാവി ആയിരുന്നു അവർ. പാരസെറ്റമോളും ബെനാഡ്രിലും ഡി കോൾഡും ഒക്കെ മരുന്നുകളായി കിട്ടി. എന്നെ നല്ല സംശയത്തിൽ തന്നെ നോക്കുകയും 'ഇത് വിഷമൊന്നുമല്ലല്ലോ അല്ലേ' എന്ന് ചോദിക്കുകയും ചെയ്തു എൻറെ കുഞ്ഞ്. ആ സംശയത്തിലും ചോദ്യത്തിലും നെഞ്ച് പൊട്ടിയെങ്കിലും ഏറെ കഷ്ടപ്പെട്ട് മരുന്നുകൾ ഞാൻ മോളെ കഴിപ്പിക്കാതിരുന്നില്ല.
അത്താഴം കഴിയും വരെ പ്രശ്നമൊന്നുമുണ്ടായില്ല. പനി കുറഞ്ഞു. അവൾ പൊടിയരിക്കഞ്ഞി കുടിച്ചു. എന്നോട് കുറേ നേരം സംസാരിച്ചു. റൂം കൂളറിൽ വെള്ളം നിറച്ച് അതും ഓൺ ചെയ്ത് കിടന്നുറങ്ങാം എന്നായി. അന്നേരമാണ് അവൾ വീർത്തുവരാൻ തുടങ്ങിയത്. കാണേക്കാണേ അവളുടെ ചുണ്ടുകൾ, കണ്ണ്, മൂക്ക്… അവൾ ഒരു ഫുട്‌ബോൾ പോലേ വീർത്ത് വീർത്ത് ഒടുവിൽ പൊട്ടിച്ചിതറിപ്പോകുമെന്ന് എനിക്കു തോന്നി.
കണ്ണൻറേയും എൻറേയും അടുത്തൊരു സുഹൃത്ത് നിസാമുദ്ദീനടുത്ത് സരായ് കലേഖാനിലുണ്ടായിരുന്നു. ഞാൻ ഭയന്നു വിറച്ചുകൊണ്ട് അദ്ദേഹത്തിനു ഫോൺ ചെയ്തു. ഞൊടിയിടയിൽ അദ്ദേഹം വന്നു. ബൈക്കിൽ മോളേയും കൊണ്ട് പറക്കുമ്പോൾ അവൾ കൈവിട്ടു പോകുമെന്ന തോന്നലിൽ ഞാൻ ഉരുകിത്തീർന്നുകൊണ്ടിരുന്നു.
വസന്ത് വിഹാറിലെ ഒരു ആശുപത്രിയിലാണ് പോയത്. വിവരങ്ങൾ അറിഞ്ഞ അവർ കുഞ്ഞിനെ കുത്തിവെച്ചു. അരമണിക്കൂറിൽ വീർപ്പ് കുറയാൻ തുടങ്ങി.
ഞങ്ങളുടെ സുഹൃത്തിനോട് വിശദമായി സംസാരിച്ച് ആശുപത്രിയിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിട്ടു.
എല്ലായിടത്തും അങ്ങനാണല്ലോ. പുരുഷന്മാരോടു മാത്രമേ വിശദവിവരങ്ങൾ പറയൂ. നമ്മൾ പെണ്ണുങ്ങൾ വേണം… മരുന്നുകൾ എടുത്തു കൊടുക്കാനും ശുശ്രൂഷിക്കാനും.. എന്നാലും നമ്മളോട് പറഞ്ഞു തരില്ല.. ആണുങ്ങളോടേ പറയൂ..
മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഗാഢമായ ഉറക്കം.
റൂമിലെത്തി അവളെ കിടത്തിക്കഴിഞ്ഞപ്പോൾ സുഹൃത്ത് യാത്ര പറഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അദ്ദേഹം കസേല വലിച്ചിട്ട് റൂമിൽ ഇരിപ്പായി. ഞാൻ അമ്പരന്നുപോയി അന്നേരം.
അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ്. എൻറെ അറിവിൽ ഡേറ്റ് അടുക്കാറായി. അവർ പ്രേമിച്ചും ജാതി മാറിയും കല്യാണം കഴിച്ചതുകൊണ്ട് ബന്ധുക്കൾ ആരും തന്നെയില്ല. സാരായ് കലേഖാനിലെ വീട്ടിൽ അവർ തനിച്ചാണ് കഴിഞ്ഞു കൂടുന്നത്.
വീട്ടിലേക്ക് മടങ്ങാതെ ഇദ്ദേഹം ഇവിടെ കുത്തിയിരിക്കുന്നതെന്ത്?
പ്രത്യേകിച്ച് വേറെ പുതിയ മരുന്നൊന്നും എഴുതീട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഡോ. കിരൺ മാർട്ടിൻ തന്ന മരുന്നുകൾ കൊടുക്കേണ്ട എന്നു മാത്രമേ വിലക്കുള്ളൂ. ചൂടുകാലത്ത് പനിയും വരണ്ട ചുമയും സാധാരണമാണ് ദില്ലിയിൽ. വെയിലത്ത് പോവരുത്. ധാരാളം വെള്ളം കുടിക്കണം എന്നതു മാത്രമാണ് ശ്രദ്ധിക്കാനുള്ളത്.
ഞങ്ങൾ ഇരുവരുടെയും സുഹൃത്താണ് അദ്ദേഹം. മൂന്നാലു വർഷത്തെ പരിചയമുണ്ട്. ചാർട്ടേഡ് എക്കൗണ്ടൻറായ അദ്ദേഹമാണ് എന്നെ എക്കൗണ്ടിംഗ് പഠിപ്പിച്ചത്. എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പരസ്പരം അറിയാം. അദ്ദേഹത്തിന്റെ ഭാര്യ എൻറെ അടുത്ത കൂട്ടുകാരിയുമാണ്..
എൻറെ മനസ്സിൽ ഭയവും ഉൽക്കണ്ഠയും നിറഞ്ഞു. എന്താണ് ഇദ്ദേഹം പോവാത്തത്? ആ രണ്ടേക്കർ ക്യാമ്പസ്സിൽ അധികം ആരുമില്ല താമസക്കാരായി എന്നതും അപ്പോൾ എന്നെ ഭയപ്പെടുത്താൻ തുടങ്ങി. എന്നാലും നല്ല മനസ്സാന്നിധ്യം പ്രദർശിപ്പിച്ച് ഞാൻ ആ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. രണ്ടു മൂന്നു തവണ ചായ ഉണ്ടാക്കിക്കൊടുത്തു. ഉറങ്ങുന്ന കുഞ്ഞിനേ എപ്പോഴും ശ്രദ്ധിച്ചു. അതേസമയം ഏതു നിമിഷവും ഞാൻ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും, എന്തിന് ആ കണ്ണിമ വെട്ടുന്നതിൽപ്പോലും ഏറെ ശ്രദ്ധാലുവായിത്തീർന്നു.
എത്ര ചൂടുകാലമായാലും രാത്രി മൂന്നു മണിയൊക്കെ ആവുമ്പോൾ ദില്ലിയിൽ ചെറിയൊരു തണുപ്പ് പടരും. ഞങ്ങളുടെ ക്യാമ്പസ്സിൽ ആലുകളും കള്ള ആര്യവേപ്പും ( ആര്യവേപ്പിൻറെ ഇല പോലെ ഇരിക്കും ഈ മരത്തിൻറെ ഇലയും. എന്നാൽ കയ്പില്ല. നിത്യഹരിതയായ ഒരു തണൽ വൃക്ഷമാണ്.)ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് ആ നേരമെടുക്കുമ്പോൾ ശരിക്കും സുഖകരമാവാറുണ്ട് ക്യാമ്പസ്സ്.
ആരും ഉറങ്ങിപ്പോവുന്ന നേരമായിട്ടും ഞാൻ ഉറങ്ങിയില്ല. അദ്ദേഹം മുറിയിൽ നിന്ന് പോകാതെ ഉറങ്ങാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു.
ഒടുവിൽ കാത്ത് കാത്ത് നേരം പുലർന്നു. അപ്പോഴും കുഞ്ഞുറങ്ങുകയാണ്. വീർപ്പെല്ലാം പോയിക്കഴിഞ്ഞിരുന്നു. പനി ലേശം പോലും ഉണ്ടായിരുന്നില്ല.
യാത്ര പറയുമ്പോൾ സുഹൃത്ത് ഷർട്ടിൻറെ പോക്കറ്റിൽ നിന്ന് പ്രിസ്ക്രിപ്ഷനുകൾ പുറത്തെടുത്തു.
'മോള് അടുത്ത മണിക്കൂറുകൾക്കുള്ളിൽ ച്ഛർദ്ദിച്ചാൽ ഉടൻ തന്നേ, ഒട്ടും സമയം കളയാതേ എയിംസിൽ കൊണ്ടു ചെല്ലണമെന്ന് ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചിരുന്നു. അതാണ് ഞാനിവിടെ കുത്തിയിരുന്നത്. ഈ പ്രിസ്ക്രിപ്ഷൻ വായിച്ചു നീ പേടിക്കണ്ടെന്ന് കരുതിയാണ് ഇത്ര നേരം ഇത് തരാതിരുന്നത്. മോൾക്ക് വിഷമം വരല്ലേ, അതേസമയം വീട്ടിൽ അവൾക്ക് പ്രസവവേദന തുടങ്ങല്ലേ എന്ന് ആധിപ്പെടുകയായിരുന്നു ഞാൻ..
നിങ്ങൾ അമ്മേം മോളും ഉറങ്ങൂ.. ഞാൻ ഇനി ഇറങ്ങട്ടെ.'
അപമാനം കൊണ്ട് എൻറെ തല മരവിച്ചു. ഞാൻ എന്തൊക്കെയാണ് ഭയന്നത്..
ക്ഷമിക്കണം എന്ന് മാപ്പിരക്കാനും എൻറെ മനസ്സു വെളിപ്പെടുത്താനും ഞാൻ അന്നേരം തയാറായി.
ഞങ്ങളുടെ സുഹൃത്ത് ഏറ്റവും ദയനീയമായി ചിരിച്ചു.. എന്നിട്ട് ഇത്രമാത്രം പറഞ്ഞു. ' ആണ്മയുടെ ഏറ്റവും വലിയ ഗതികേട്. '
ആ സൗഹൃദം യാതൊരു ശങ്കകളുമില്ലാത്ത മനോഹരകാലത്തേക്ക് രഥമേറിയതിൻറെ തുടക്കം ആ പ്രഭാതത്തിൽ നിന്നായിരുന്നു…
ഇപ്പോഴും തുടരുന്ന നിത്യമനോഹരമായ സൗഹൃദം .. കാലത്തിൻറേയോ സമയത്തിൻറേയോ സ്ഥലത്തിൻറേയോ ധനത്തിൻറേയോ സ്ഥാനമാനങ്ങളുടേയോ തടവുകളില്ലാത്ത പൂർണത.. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ കമ്പനി പറഞ്ഞയക്കുമ്പോഴും വിമാനമിറങ്ങി നേരെ ഞങ്ങളുടെ അടുത്ത് വരികയും കഞ്ഞിയും ചമ്മന്തിയും കഴിച്ച് രാത്രി മുഴവൻ വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാൻ ആ പൂർണതക്കാവുന്നതങ്ങനെയാണ്..
ഇന്നും രാം ഭൂപാൽ എന്നോടു സംസാരിച്ചിരുന്നു… അതിൻറെ ബാക്കിപത്രമാണ് എൻറെ ഈ കുറിപ്പ്..
1 comment:
ഇപ്പോഴും തുടരുന്ന നിത്യമനോഹരമായ സൗഹൃദം ..
കാലത്തിൻറേയോ സമയത്തിൻറേയോ സ്ഥലത്തിൻറേയോ
ധനത്തിൻറേയോ സ്ഥാനമാനങ്ങളുടേയോ തടവുകളില്ലാത്ത പൂർണത..
Post a Comment