Sunday, May 10, 2020

ചൊക്ളി 14

                                     

 
പതിനാല്

കോടംകര ചന്തേന്ന് അന്തോണി മാപ്ളയാണ് ഒരു കൈക്കോട്ടിൻറെ നാക്ക് മേടിച്ച് ചൊക്ളിക്ക് കൊടത്തത്. അത് ന് മരത്തിന്റെ ഒരു കൈയ്യ് വേണല്ലോന്ന്ച്ച് കൊറേ നടന്ന്ട്ടും ചന്തേന്ന് അത് ഇടീപ്പിക്കാൻ മാപ്ളക്ക് പറ്റീല്യാ.. മുപ്പതുറുപ്പിയേല് ഒത്ക്കണ്ടേ ഒക്കേം..

പഴനിച്ചെക്കൻ കൈയിട്ട് കൊണ്ടരുന്ന് ചൊക്ളീം മാപ്ളേം വിചാരിച്ചില്ല്യ. അതങ്ങനേണ്.. ആരേലും എന്തേലും ഒക്കെ ചെയ്ത് തന്നിറ്റാണ് എല്ലാരും ഈ ഭൂമീല് കഴീഞ്ഞൂടി പോണത്. അതാരും തമ്മാമ്മില് സമ്മതിക്കൂല്യാന്ന്ച്ചാലും..സത്യങ്ങനേണ്.

ദേവുഅമ്മക്ക് കൈക്കോട്ട് കണ്ടപ്പോ കലി വന്നു..അവര് മാപ്ള്യോടും പഴന്യോടും ഒച്ചീം വിളീം ഇടുത്തു.

'അല്ലെങ്കിത്തന്നേ ചൊക്ളി നന്നീം നെറോല്യാണ്ട് പൂവ്വാൻ നിക്കാണ്. അവനെന്താണ്ട് കാക്ക്രി കോക്ക്രി വരച്ചേന് രാമേട്ടൻ ഒരു പാവായോണ്ടാ മുപ്പതുറുപ്പിയ പൊലിച്ചേ.. വേറെ വല്ലോരാച്ചാല് എണീച്ച് പോടാ, നെൻറെ ചണ്ണക്കാലും കൊണ്ട് ന്ന് ആട്ടിയാ ഓടിപ്പിക്കും..

കൈക്കോട്ട് ണ്ടായിട്ടെന്താ.. ഞാനല്ലാണ്ട് ആരേലും ഇബനെ പണിക്ക് നിറുത്താന്നും പറഞ്ഞ് തിന്നാൻ കൊടത്ത് വല്താക്കോ..

കൈക്കോട്ട് പണി നല്ല മല്ല്ള്ള പണ്യാ.. ചണ്ണക്കാലന് പറ്റ്യേ പണ്യല്ല.അടക്കളേല് പെണ്ണങ്ങള് ചെയ്യണ പണി പോല്യല്ലാ അത്.. രണ്ടു തേങ്ങ ചെരണ്ടേം നാഴി ഉഴന്നും അരീം അരക്കേം ഇച്ചിരി കൂട്ടാൻകഷണം മുറിക്കേം ചീതാ മതി, ചൊക്ളിക്ക് ഇബടെ..അ..അ..അതറിയോ ങ്ങക്ക്.. ?'

ദേവുഅമ്മ തൊള്ളയിടല് നിർത്തീപ്പോ ചൊക്ളിക്ക് വല്ലാണ്ട് വന്നു.. എത്തറ എളുപ്പത്ത് ല് കയിഞ്ഞു കണക്ക്.. രണ്ട് തേങ്ങേയ്.. ചെരകാൻ… അത് അഞ്ചാറു കൊല്ലം മുപ്പാടാരുന്നു.. ഇപ്പോ പത്തുപന്ത്രണ്ടു തേങ്ങ ചെരവണം..

അന്തോണി മാപ്ള ദേവുഅമ്മേ സമാധാൻപ്പിച്ചു..

'സാരല്യാന്നേയ്.. അവനൊര് കൈയ്യോട്ട് വേടിച്ചേന് ങ്ങള് തുള്ളണ്ടാ.. ഇപ്പളും ല്ലേ കൂട്ടാൻ കഷ്ണം മുറിക്കാൻ.. അത്ട്ത്ത് കൊട്ക്കോന്ന്.. അവനാ പണീട്ക്കട്ടെ..'

കൈക്കോട്ട് പണി വന്നാ പോണന്നൊറപ്പിച്ച് തന്നേണ് ചൊക്ളി ദേവുഅമ്മേടെ അട്ക്ക ളേല് കുത്തീര്ന്ന് പണീട്ത്ത്ത്.

രണ്ടീസം കഴിഞ്ഞ് സന്ധ്യാമ്പളത്തേക്കാണ് ലളിത ബസ്സീന്ന് ചൊമച്ചും തുപ്പീം ശാസം കിട്ടാണ്ട് ഏങ്ങീം വലിച്ചും എഴഞ്ഞും ഒരു ചടച്ച കോലം എറങ്ങി വന്നത്. മറിയപ്പാറ അങ്ങാടി ആകെ പ്രാന്തെടുത്തോണം പരക്കമ്പാഞ്ഞു.

രവി..

രവീണ് വന്നത്..

മുടിയൊക്കെ ചീവി വെച്ച് നല്ല വെളുത്ത മുണ്ടും ഷർട്ടും ഇട്ട് വാര്യംകെണറിൻറവടെ ബസ്സ് കാത്ത് രവി നിക്കണ കാണാൻ എന്തൊരയിശ്ശോര്യാര്ന്നു.. മറിയപ്പാറ അങ്ങാടീൽക്ക് നടന്ന് വരണ കാണാൻ എന്ത് ചേലാര്ന്നു..

ആ മൻഷനെ കണ്ടാ സഹിക്കില്ല്യ..

ഇപ്പോ പ്രാന്തൻറെ പോലേണ്ട്.. നടക്കുമ്പോ ചണ്ണക്കാല് വലിക്കണ പോലെ.. അതോ കവച്ച് വച്ച് ഏന്തണ പോല്യോ..

പോലീസാര് തല്ലിത്തവിട് പൊടിയാക്കീന്ന് എല്ലാര്ക്കും തിരിഞ്ഞു. ഇഞ്ഞീപ്പോ രവി നസ്കലേറ്റന്നെ ആരുന്നോന്നായി സംശ്യം..

ആയിക്കോട്ടെ.. ഇന്നാലും ഇങ്ങനെ ആക്കാൻ പാട്ണ്ടോ.. ഒരു മൻഷ്യനല്ലേ..

ഈ പോലീസാര്ക്കും കൂടപ്പെറപ്പോളും ആമ്മക്കളും ഒക്കെണ്ടാവില്ല്യേ..എങ്ങന്യാ ഇത്തറ കണ്ണീച്ചോരേല്ലാണ്ട് തല്ലണ്?

ചെട്ടിച്ച്യോളും കുശത്ത്യോളും ആണ് രവീടെ നടത്ത കണ്ട് ആദിക്ക് നെലോളിച്ച് കരഞ്ഞേ.. പിന്നെ അങ്ങാടീല് എല്ലാരും ഏറ്റ് പിടിച്ചു. രവി വീഴാമ്പോയപ്പോ രാമേട്ടനും മീങ്കാരൻ ചെറ്മൻ ചെക്കൂം കൂട്യാണ് താങ്ങീത്. ചെക്കു അങ്ങനെ ആരേം തൊടാറൊന്നൂല്യാ. ദേശവെളക്കിന് വെള്ള മുണ്ടും ചിറ്റി വരുമ്പളും ചെക്കു മാറി നിക്കും.. രാമേട്ടൻ പിന്നെ പാർട്ടിക്കാരനാണ്.. അങ്ങനത്തെ പേടിയൊന്നുല്യാ..

രവീടെ എടത്തേ കണ്ണ് കലങ്ങിച്ചോന്നിര്ന്നു.. തുടുതുടേന്ന്ള്ള കശുമാങ്ങേടന്തി.. പഴുത്ത പോല്യാ തോന്നാ..

അന്തോണി മാപ്ളേടേ കടത്തിണ്ണേമ്മേ രവ്യേ ഇര്ത്തീപ്പളേക്കും ദേവുഅമ്മ ചായേം കൊണ്ട് ചെന്നു. ചൊക്ളി അദന്നെ നോക്കി നിക്കാരുന്നു . രവീടെ വായ കോടീര്ന്നു. ചായ മുക്കാലും തുണീൽക്കാണ് വീഴണത്. കണ്ടട്ട് ഒറക്കെ നെലോളിക്കാനാ അവന് തോന്നീത്…

കൊറേ നേരം കടത്തിണ്ണേലിര്ന്നിട്ട് രവി എണീച്ച് നിന്നു.. വാര്യത്തേക്ക് പൂവ്വാനേരിക്കും.. നടക്കാൻ പറ്റ്ല്യാ.. അത് ഒറപ്പന്നെയാണ്.. രവി എന്ത്നാ അങ്ങാടീല് എറങ്ങിയേന്ന് ഗോപാലേട്ടൻ ചോയ്ക്കാണ്ടിര്ന്ന്ല്യ.

അപ്പളല്ലേ.. രവിക്ക് ബീഡി വേണന്ന്.. 'ഓരോ ശീലങ്ങള് പഡിച്ചൂ ല്ലേ 'ന്ന് ഗോപാലേട്ടന് ഈറ വര്ണ്ടാര്ന്നു.

രവി ചിരിച്ച പോലെ തോന്നി ചൊക്ളിക്ക്.

രാമേട്ടനാണ് രവ്യോട് 'വാര്യത്ത് ആരൂല്ല.. അവിടാകെ കാട് കേറി കെട്ക്കാണ് 'ന്ന് പറഞ്ഞേ..പറേമ്പോ നല്ല ചങ്കൊറപ്പുള്ള മാർക്കിസ്റ്റ് രാമേട്ടനും സങ്കടം വന്നു.

രവി മിനുമിനാന്ന് നോക്കീപ്പോ രാമേട്ടൻ വെലക്കീ.

രവി അവടെ കെടക്കണ്ട..ഒന്ന് അടിച്ചെളിച്ചീട്ട് മതീ..വല്ല എഴേണോറ്റേം ഇണ്ടാവും..വെഷമാവും..

രവി ചോര കങ്ങണ മാതിരി ചിരിച്ചു.. രാമേട്ടൻ റെ കൈയുമ്മേ പിടിച്ചട്ട് കോട്യ ചുണ്ടൊന്നനക്കി..

'ഇനി എന്ത് വെഷമം.. '

അങ്ങന്യാണ് ചൊക്ളിക്ക് അന്ന് കാട് കേറികെടക്കണ വാര്യത്ത് കെടക്കേണ്ടി വന്നേ.രാത്രി മുഴുവനും രവി കൊക്കിക്കൊരക്കണ ഒച്ചീം കേട്ട് ചൊക്ളി കണ്ണും മിഴിച്ച് കെടന്നു. എടക്ക് എണീറ്റ് ചെന്ന് രവീടെ നെഞ്ചും പൊറോം ഉയിഞ്ഞു..

ആ നെഞ്ചും കൂട്ട് ലെ പെടപ്പ് ഇപ്പോ നിക്കുന്ന് ഓരോ ചൊമപ്പടക്കം പൊട്ടിത്തീരുമ്പളും ചൊക്ളി വെറച്ചോണ്ടിര്ന്നു

No comments: